UPDATES

സയന്‍സ്/ടെക്നോളജി

വാട്സ് ആപ്പിന് പകരം കൊണ്ടുവന്ന ബാബ രാംദേവിന്റെ കിംഭോ ആപ്പ് ഏറ്റില്ല; പ്ലേ സ്റ്റോറുകളില്‍ നിന്ന് പിന്‍വലിക്കുന്നു

കിംഭോയില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ആധാർ കാര്‍ഡിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്ന അനോണിമസ് ഹാക്കറായ എലിയറ്റ് ആൽഡേഴ്സൺ രൂക്ഷമായ ആരോപണങ്ങളാണ് കിംഭോ ആപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

                       

വാട്സ് ആപിനെ വെല്ലുവിളിച്ചുകൊണ്ട് ബാബാ രാംദേവ് പുറത്തിറക്കിയ കിംഭോ ആപ്, പ്ലേ സ്റ്റോറുകളില്‍ നിന്നും പിന്‍വലിച്ചു. ആപ്പിനേയും അതിന്‍റെ സുരക്ഷയേയും സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ പിന്മാറ്റം. പുറത്തിറക്കി മണിക്കൂറുകള്‍ക്കകം തന്നെ ആപ്പും അതിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ അടിത്തറയും വരെ ഹാക്കര്‍മാരും ടെക് വിദഗ്ധരും കണ്ടെത്തി സോഷ്യൽ മീഡിയകളിലൂടെ പുറത്തുവിട്ടിരുന്നു.

ആപ്ലിക്കേഷനിലേക്ക് സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അതിനാല്‍ തങ്ങളുടെ സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയാണെന്നും ആപ്ലിക്കേഷന്‍ താമസിയാതെ തിരികെ വരുമെന്നും കമ്പനിയുടെ വക്താവ് എസ്.കെ. ടിജരാവാല ട്വിറ്ററിലൂടെ അറിയിച്ചു. സുഖമാണോ അല്ലെങ്കില്‍ എന്തുണ്ട്? എന്നര്‍ത്ഥം വരുന്ന സംസ്‌കൃത വാക്കാണ് ‘കിംഭോ’ whatsapp എന്ന വാക്കിനര്‍ത്ഥവും അത് തന്നെയാണ്.

അതേസമയം, കിംഭോയില്‍ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ആധാർ കാര്‍ഡിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്ന അനോണിമസ് ഹാക്കറായ എലിയറ്റ് ആൽഡേഴ്സൺ രൂക്ഷമായ ആരോപണങ്ങളാണ് കിംഭോ ആപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന എല്ലാവരുടെയും മെസേജുകളും വിഡിയോയും തനിക്ക് കാണാൻ സാധിക്കുമെന്ന് വീഡിയോ സഹിതം എലിയറ്റ് തെളിയിച്ചിരിക്കുന്നു. ബാബാ രാംദേവിന്‍റെ സ്വദേശി വാദവും ആന്‍ഡേസണ്‍ പൊളിക്കുന്നുണ്ട്. അമേരിക്കയില്‍ നിന്നുള്ള ‘ബോലോ മെസഞ്ചര്‍’ എന്ന ചാറ്റ് ആപ്പിന്‍റെ തനിപകര്‍പ്പാണ് കിംഭോ. സോഴ്സ് കോഡുകളിൽ പല സ്ഥലങ്ങളില്‍നിന്നും ‘ബോലോ’ നീക്കം ചെയ്യാൻപോലും ആപ്പ് നിർമാതാക്കൾ മറന്നുപോയി.

ആയുര്‍വേദ, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളും കടന്ന് ഐടി ടെലികോം മേഖലയിലേക്ക് വ്യവസായം വ്യാപിപ്പിച്ചിരിക്കുകയാണ് രാംദേവിന്‍റെ പതഞ്ജലി. ബിഎസ്എന്‍എലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് സ്വദേശി മെസേജിംഗ് ആപ്പും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നോട്ടുനിരോധനത്തിനും ജി എസ് ടിക്കും ശേഷവും കഴിഞ്ഞ സാമ്പത്തിക വര്‍ഷവും കമ്പനി ലാഭത്തില്‍ തന്നെയായിരുന്നുവെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞിരുന്നു. എന്തായാലും കിംഭോ വൻ ദുരന്തമാണെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ ജനങ്ങളുടെ വ്യക്തി വിവരങ്ങളും മറ്റു ഡേറ്റകളും തന്ത്രപരമായി ചോർത്തുകയെന്നതാണ് വ്യക്തമായ മുന്നൊരുക്കങ്ങളില്ലാതെ ഒരു മെസേജിങ് ആപ്പ് അവതരിപ്പിച്ചതിന് പിന്നിലെ ലക്ഷ്യമെന്നും ആരോപണമുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍