UPDATES

പ്രവാസം

ടയര്‍ 2 വിസ; യു കെ തങ്ങളെ വഞ്ചിച്ചെന്ന് ഇന്ത്യന്‍ റസ്റ്റോറന്‍റ് ഉടമകള്‍

ഷെഫുകളുടെ അഭാവം മൂലം ബ്രിട്ടണിലെ പല ഇന്ത്യന്‍ റസ്റ്റോറന്റുകളും അടച്ചു പൂട്ടുന്നതിന്റെ വക്കിലാണ്

                       

ടയര്‍ 2 വിസ വാഗ്ദാനങ്ങളില്‍ യുകെ സര്‍ക്കാര്‍ നടത്തിയ മലക്കം മറിച്ചില്‍ ബ്രിട്ടണിലെ ഇന്ത്യന്‍ റസ്റ്റോറന്റുകളെ പ്രതികൂലമായി ബാധിക്കും. ബ്രക്‌സിറ്റിലൂടെ യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കപ്പെടുമ്പോള്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ടയര്‍ 2 വിസകള്‍ കൂടുതലായി അനുവദിക്കാന്‍ സാധിക്കുമെന്നായിരുന്നു ബ്രക്‌സിറ്റിന് മുമ്പ് അനുകൂലികള്‍ നടത്തിയ പ്രചാരണം. ഇതില്‍ തങ്ങള്‍ വഞ്ചിതരായിരിക്കുകയാണെന്ന് പ്രതിവര്‍ഷം നാല് ബില്യണ്‍ യൂറോ വിറ്റുവരവുള്ള ഇന്ത്യന്‍ റസ്‌റ്റോറന്റുകള്‍ പറയുന്നു.

ഈ വാഗ്ദാനത്തിലൂടെ ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ വിസകള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഷെഫുകളുടെ അഭാവം മൂലം ബ്രിട്ടണിലെ പല ഇന്ത്യന്‍ റസ്റ്റോറന്റുകളും അടച്ചു പൂട്ടുന്നതിന്റെ വക്കിലാണ്. എന്നാല്‍ ഇപ്പോള്‍ ടയര്‍ 2 വിസകളുടെ കാര്യത്തില്‍ മാത്രമല്ല കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുന്നത്. തൊഴിലുടമകള്‍ക്ക് ടയര്‍ 2 വിസ സ്‌പോണ്‍സര്‍ഷിപ്പിനുള്ള പരിധിയും വെട്ടിക്കുറച്ചിരിക്കുയാണെന്ന് ബംഗ്ലാദേശ് കാറ്ററേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പാഷ ഖണ്ഡേക്കര്‍ ചൂണ്ടിക്കാട്ടുന്നു.

പോയിന്റ് അടിസ്ഥാന സംവിധാനം തള്ളിക്കളയപ്പെട്ടതാണ് തൊഴിലുടമകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. യുകെയില്‍ പ്രവേശിക്കുന്നതിന് ടയര്‍ 2 വിസകള്‍ ലഭിക്കാന്‍ ഷെഫുമാര്‍ക്ക് വലിയ ബുദ്ധിമുട്ടാവുമെന്ന് വര്‍ക്ക് പെര്‍മിറ്റ് പറയുന്നു. ബ്രിട്ടണില്‍ ജനിച്ച ഇന്ത്യക്കാര്‍ ഇത്തരം റസ്റ്റോറന്റുകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യപ്പെടാത്തതിനാല്‍ വലിയ തൊഴിലാളി ക്ഷാമമാണ് അവര്‍ അനുഭവിക്കുന്നത്. ഓസ്‌ട്രേലിയയിലെ പോലെ യുകെയിലും പോയിന്റ് അടിസ്ഥാനത്തില്‍ വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കണമെന്നത് ബ്രക്‌സിറ്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാന പ്രചാരണമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തെരേസ മേ ഈ സംവിധാനത്തെ കര്‍ക്കശമായി എതിര്‍ക്കുകയാണ്. ഇത്തരം ഒരു നിയന്ത്രണം കൊണ്ടുവന്നാല്‍ അതിര്‍ത്തികളുടെ പൂര്‍ണനിയന്ത്രണം ബ്രിട്ടണ് തിരികെ ലഭിക്കില്ലെന്നാണ് പ്രധാനമന്ത്രി പ്രധാനമായും വാദിക്കുന്നത്. പ്രധാനമന്ത്രിയുടെ വാദത്തോട് യുകെയിലെ ഇന്ത്യന്‍ സാങ്കേതിക കമ്പനികളും കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. ഇതോടൊപ്പം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളവര്‍ തന്നെ കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനെ ആശങ്കയോടെയാണ് ഇന്ത്യക്കാരും മറ്റും വീക്ഷിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍