UPDATES

യാത്ര

റഷ്യയിലേക്ക് ടിക്കറ്റ് എടുത്തവരെ, വേള്‍ഡ് കപ്പ് മാത്രം കണ്ട് തിരിച്ച് പോരരുത്; മോസ്‌കോയും ഒന്ന് കണ്ടോളൂ

800 വര്‍ഷം പഴക്കമുള്ള ഈ നഗരത്തില്‍ നിരവധി കോട്ടകളും, കത്ത്രീഡലുകളും ഉണ്ട്.

                       

നിങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഫിഫ വേള്‍ഡ് കപ്പ് 2018 കാണാന്‍ റഷ്യയിലുണ്ടോ? ആവേശഭരിതമായ ഈ ടൂര്‍ണമെന്റ് കാണുന്നതോടൊപ്പം ഒഴിവു സമയങ്ങളില്‍ ഇവിടുത്തെ മനോഹരമായ സ്ഥലങ്ങളും കൂടി കാണാന്‍ മറക്കരുത്. റഷ്യയില്‍ എത്തുമ്പോള്‍ ആരാണ് ഈയൊരു അവസരം ഒഴിവാക്കുന്നത് ?.

യൂറോപ്പിലെ ഏറ്റവും വലിയ നഗരമായ മോസ്‌കോയില്‍ പ്രശസ്തമായ സ്ഥലങ്ങളും, അംബര ചുംബികളായ കെട്ടിടങ്ങളും ഒക്കെയാണ് പ്രധാന ആകര്‍ഷണം. 800 വര്‍ഷം പഴക്കമുള്ള ഈ നഗരത്തില്‍ നിരവധി കോട്ടകളും, കത്ത്രീഡലുകളും ഉണ്ട്. റഷ്യയിലെ ഏറ്റവും തിരക്കേറിയ നഗരമായ മോസ്‌കോ രാഷ്രീയം, സാമ്പത്തികം, സാംസ്‌കാരികം, ശാസ്ത്രം എന്നിവയുടെ കേന്ദ്രമാണ്.

മോസ്‌കോയെ പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

* 1990 ജനുവരി 31 ന് ആണ് മോസ്‌കോയിലെ പുഷ്‌കിന്‍ സ്‌ക്വയറിലാണ് റഷ്യയിലെ ആദ്യത്തെ മക്‌ഡൊണാള്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്.

* ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി കെട്ടിടം മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടേതാണ്.

* 1862-ല്‍ മോസ്‌കോയില്‍ സ്ഥാപിച്ച റഷ്യന്‍ സ്റ്റേറ്റ് ലൈബ്രറി യൂറോപ്പിലെ ഏറ്റവും വലിയതും, ലോകത്തെ രണ്ടാമത്തെ വലിയ ലൈബ്രറിയുമാണ്. യുഎസ്എയിലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസാണ് ലോകത്തെ ഏറ്റവും വലിയ ലൈബ്രറി.

* ലോകത്തെ മറ്റ് സബ്‌വേയെ അപേക്ഷിച്ച് മോസ്‌കോയില്‍ ഇടവേളകളില്ലാതെ ട്രെയിനുകള്‍ ലഭ്യമാണ്. തിരക്കുള്ള സമയത്ത് ഒന്നര മിനിട്ട് മാത്രമാണ് ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള.

* നഗരത്തിലൂടെ ഒഴുകുന്ന മോസ്‌ക്വ നദിയില്‍ നിന്നാണ് മോസ്‌കോ എന്ന പേര് ഈ നഗരത്തിന് ലഭിച്ചത്.

* ഫോബ്‌സ് മാസിക അനുസരിച്ച് ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ളത് മോസ്‌കോയിലാണ്.

* ലോകത്തിലെ മൂന്നാമത്തെ തിരക്കേറിയ മെട്രോയും മോസ്‌കോയാണ്.



വിനോദ സഞ്ചാരമേഖലകള്‍

സെന്റ് ബേസില്‍സ് കത്ത്രീഡല്‍

റെഡ് സ്‌ക്വയറിലാണ് സെന്റ് ബേസില്‍സ് കത്ത്രീഡല്‍ സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ ഡോം സവാളയുടെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1600-ല്‍ ഇവാന്‍ ദി ഗ്രേറ്റ് ബെല്‍ ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതു വരെ നഗരത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായിരുന്നു സെന്റ് ബേസില്‍സ് കത്ത്രീഡല്‍.

ലെനിന്‍സ് മസോലിയം

റെഡ് സ്‌ക്വയറിലാണ് ലെനിന്‍സ് മസോലിയം സ്ഥിതി ചെയ്യുന്നത്. ലെനിന്‍സ് ടോമ്പ് എന്നും ഇത് അറിയപ്പെടുന്നു. സോവിയറ്റ് നേതാവ് വ്ളാഡിമിര്‍ ലെനിന്റെ ശവകുടീരമാണ് ഇത്. 1924-ല്‍ മരിച്ച അദ്ദേഹത്തിന്റെ ശരീരം ഇന്നും പൊതുദര്‍ശനത്തിന് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

മോസ്‌കൊ ക്രെംലിന്‍

യൂറോപ്പിലെ ഏറ്റവും വലിയ കോട്ടയായ ഇത് മോസ്‌കോയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്നു. അഞ്ചു സ്‌ക്വയറുകള്‍, 20 ടവറുകള്‍, ലോകത്തിലെ ഏറ്റവും വലിയ മണി, പീരങ്കി എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.

സ്റ്റേറ്റ് ഹിസ്റ്റോറിക്കല്‍ മ്യൂസിയം

നിയോ റഷ്യന്‍ ശൈലിയില്‍ രൂപകല്‍പന ചെയ്ത ഈ മ്യൂസിയത്തില്‍ അതിപ്രാചീനമായ വസ്തുക്കള്‍, രാജ്യത്തെ ഏറ്റവും വലിയ നാണയ ശേഖരം, ആറാം നൂറ്റാണ്ടിലെ ഹസ്തലിഖിതങ്ങള്‍, രാമനോവ് വംശത്തിന്റെ കല ശേഖരങ്ങള്‍ എന്നിവ കാണാം.

ഗം ഷോപ്പിംഗ് മാള്‍

ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഗം ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കുക. റഷ്യയിലെ പ്രധാനപ്പെട്ട ഒരു ഷോപ്പിംഗ് കേന്ദ്രമാണ് ഇത്. ആകര്‍ഷണമായ അകത്തളങ്ങള്‍, ഗ്ലാസ് റൂഫ്, എല്ലാത്തരം ബ്രാന്‍ഡുകള്‍, മികച്ച ഭക്ഷണശാലകള്‍ എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്.

ഗോര്‍ക്കി പാര്‍ക്ക്

ഗോര്‍ക്കി സെന്‍ട്രല്‍ പാര്‍ക്ക് ഒരു അമ്യൂസ്മെന്റ് പാര്‍ക്കാണ്. ബീച്ച് വോളീബോള്‍, സ്‌കേറ്റ്ബോര്‍ഡിങ്, യോഗ, ഔട്ഡോര്‍ ഡാന്‍സിംഗ് സെഷനുകള്‍, ഓപ്പണ്‍ എയര്‍ മൂവീ തിയേറ്റര്‍ എന്നിവ ഇവിടെയുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍