July 10, 2025 |
Share on

എന്താണ് ഗൂഗിള്‍ മാപ്പ് പുതുതായി അവതരിപ്പിക്കുന്ന ‘ലൈവ് വ്യൂ’?; ലോകത്ത് ഏത് കോണിലും ഇനി വഴി തെറ്റാതെ പോകാം

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗൂഗിളിന്‍റെ പ്രാദേശിക ഗൈഡുകളും പിക്‌സൽ കമ്മ്യൂണിറ്റി അംഗങ്ങളും ഈ ഫീച്ചര്‍ പരീക്ഷിച്ചു നോക്കുന്നുണ്ട്

ലോകത്ത് എവിടെ പോവാനും നേരായ ദിശ കാണിച്ചു കൊടുക്കുന്ന ഗൂഗിള്‍ മാപ്പിന്റെ സംഭാവനകളില്‍ ഒരു കാര്യം കൂടി ചേര്‍ക്കപ്പെടുന്നു. പ്രതീതി യാഥാര്‍ഥ്യത്തിലേക്ക് (Augmented Reality) ചുവടുമാറ്റാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്പ്. ലോകത്തിന്റെ ഏത് മൂലയിലേക്കും വഴി തെറ്റാതെ പോകാൻ അല്‍പംകൂടി ആത്മവിശ്വാസം പകരുകയാണ് ഈ പുതിയ ഫീച്ചറിലൂടെ ഗൂഗിള്‍.

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സ്ഥലങ്ങള്‍ നോക്കി പോകുന്നവര്‍ക്ക് പലപ്പോഴും വഴിതെറ്റി പണി കിട്ടാറുണ്ട്. ദിശ തെറ്റുകയോ, റോഡുകള്‍ മാറിപ്പോവുകയോ ഒക്കെ സംഭവിക്കാം, പ്രത്യേകിച്ചും തീരെ പരിചയമില്ലാത്ത സ്ഥലങ്ങളില്‍. എന്നാല്‍ ഗൂഗിള്‍ മാപ്പ് പുതുതായി അവതരിപ്പിക്കുന്ന ‘ലൈവ് വ്യൂ’ എന്ന പുതിയ സംവിധാനം ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും.

വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇനിമുതല്‍ പോകേണ്ട ദിശകളും വഴികളും കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ട് ‘സമീപയാഥാര്‍ഥ്യ’ത്തിന്റെ യുഗത്തിന് വഴിമാറുകയാണ് ഗൂഗിള്‍ മാപ്പ്. യാഥാര്‍ഥ്യവുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്ന പുതിയ അനുഭവതലമാണ് സാമീപയാഥാര്‍ഥ്യം നല്‍കുക.

അത് എങ്ങനെ ഉപയോഗിക്കും എന്ന് ആലോചിച്ചൊന്നും സമയം കളയേണ്ട. സംഗതി വളരെ എളുപ്പമാണ്. നിങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ ഏതെങ്കിലും ഒരു സ്ഥലം തിരയുക. തുടർന്ന് സ്‌ക്രീനിന്റെ ചുവടെയുള്ള ദിശകൾ കാണിക്കുന്ന നീല നിറത്തിലുള്ള ബട്ടണിൽ പ്രസ് ചെയ്യുക. ശേഷം ഏത് ദിശയിലേക്കാണ് പോവേണ്ടത് എന്ന് തീരുമാനിക്കുക. സ്‌ക്രീനിന്റെ ചുവടെ കൊടുത്തിട്ടുള്ള ലൈവ് വ്യൂ ഓപ്ഷന്‍ അമര്‍ത്തുക. അതോടെ നിങ്ങള്‍ സമീപയാഥാര്‍ഥ്യത്തിന്‍റെ ലോകത്തെത്തും. ആ പ്രദേശത്തിലൂടെ നമ്മള്‍ ഇറങ്ങി നടക്കുന്ന അതേ അനുഭവമായിരിക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗൂഗിളിന്‍റെ പ്രാദേശിക ഗൈഡുകളും പിക്‌സൽ കമ്മ്യൂണിറ്റി അംഗങ്ങളും ഈ ഫീച്ചര്‍ പരീക്ഷിച്ചു നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×