UPDATES

സൈറ മുഹമ്മദ്

കാഴ്ചപ്പാട്

ശലഭജന്മങ്ങള്‍

സൈറ മുഹമ്മദ്

നിന്നെ കണ്ടതല്ല, നിന്നെ കാണാനായി നടത്തിയിരുന്ന യാത്രകള്‍; അതായിരുന്നു ജീവിതം

കാണുന്ന കാഴ്ചകളിലൊക്കെ വണ്ടി നിര്‍ത്തി ഗ്രാമങ്ങളിലെ കുഞ്ഞു ചായക്കടകളില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരു റോഡ് യാത്ര എന്നുമെന്റെ മനസിലുണ്ടായിരുന്നു.

                       

യാത്ര എന്നു പറയുമ്പോള്‍ സ്കൂളില്‍ നിന്നു പോയ എസ്കര്‍ഷനുകളാണ് ഓര്‍മ വരിക. യാത്രാവിവരണം എന്നു പറയുമ്പോള്‍ ഭാരത് സര്‍ക്കസ് കാണാന്‍ നാലാം ക്ലാസ് കാലത്ത് പോയ കോഴിക്കോട് യാത്രയെ കുറിച്ച് മലയാളം നോട്ടു പുസ്തകത്തിന്റെ അവസാന താളില്‍ എഴുതി വെച്ച യാത്രാകുറിപ്പും. ആരും കാണാതെ ഒളിപ്പിച്ചു വെച്ച ആ കുറിപ്പ് കട്ടെടുത്തു വായിച്ച അനിയത്തി എല്ലാവരോടും പോയി പറഞ്ഞതും അതു വായിച്ച് എല്ലാവരും കളിയാക്കി ചിരിച്ചപ്പോള്‍ കണ്ണടച്ചു പിടിച്ചു നിന്നു കരഞ്ഞതുമാണ് ഓര്‍മവരിക. പിന്നീട് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ നിന്നു പോയ തൃശൂര്‍ യാത്രയെ കുറിച്ചെഴുതിയപ്പോഴും അതു തന്നെയാണ് സംഭവിച്ചത്. അന്നു തൃശൂരില്‍ മാതാ മെഡിക്കല്‍സ്, മാതാ ബേക്കറി എന്നൊക്കെ കണ്ടതിനെ കുറിച്ച് എഴുതിയത് നന്നായോര്‍മയുണ്ട്.

അന്നു പാടത്തും അടുക്കളയിലും ജോലി ചെയ്യുന്ന ആദിവാസികള്‍ക്കിടയില്‍ മാത എന്നു പേരുള്ളവര്‍ ഉണ്ടായിരുന്നു. അന്നത്തെ കുട്ടിക്കാലത്ത് അതുപോലൊരു പേരാണ് ആ കടയുടെ ഉടമസ്ഥരുടെ മക്കള്‍ക്കെന്ന രീതിയില്‍ എന്തോ ഞാന്‍ എഴുതിയതായിരുന്നു എല്ലാവരേയും ചിരിപ്പിച്ചത്. ഇടക്ക് കുറുമ്പ് പിടിച്ചിരിക്കുമ്പോള്‍ നല്ലതാണെങ്കില്‍ ഞങ്ങള്‍ നല്ല കൂട്ടക്കാരാണെ കുത്തിപൊട്ടിച്ചാല്‍ കുപ്പിച്ചില്ലാണേ എന്നു പാടി എന്നെ കളിയാക്കിയിരുന്ന നാടിച്ചിയുടെ മകള്‍ മാത എന്റെ കൂട്ടുകാരിയായിരുന്നു. അവളോട് ഞാനങ്ങനെ പറയുകയും ചെയ്തിരുന്നു.

യാത്രകള്‍ പുസ്തകം പോലെയാണ്. ഓരോ പുസ്തകത്തിനും ഓരോരോ വായനാനുഭവമാണ്. ചില വായന നമ്മുടെ നെഞ്ചിന്‍ കൂടിനുള്ളില്‍ പതിഞ്ഞു പോവും. പാചകം ചെയ്യുമ്പോഴും പാട്ടു കേള്‍ക്കുമ്പോഴും അലസമായി വെറുതെയിരിക്കുമ്പോഴുമൊക്കെ പുഞ്ചിരിയായി നേര്‍ത്ത ഒരു നഷ്ടപ്പെടലിന്റെ വേദനയായി ഇടക്കിടെ ഞാനിവിടെയുണ്ടെന്ന് ഓര്‍മിപ്പിച്ചു കൊണ്ടേ ഇരിക്കും.

അതു പോലൊരു യാത്രയായിരുന്നു ഞങ്ങള്‍ കൂട്ടുകാരികള്‍ പോയ ആ ഗോവന്‍ യാത്ര. എവിടെയൊക്കെയോ ഉള്ള ഞങ്ങളെ ഒരു യാത്രയിലൂടെ അഗാധമായ ഒരു സൗഹൃദത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ യാത്ര. കൂട്ടുകാരികളോടൊപ്പം പോയ എല്ലാ യാത്രകളും ഏറെ മുന്നൊരുക്കങ്ങളിലൂടെ ഉണ്ടായതായിരുന്നു. വീട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള കാര്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്ത യാത്രകള്‍.

എന്നാല്‍ ഇപ്രാവശ്യത്തെ യാത്രക്ക് യാതൊരു മുന്നൊരുക്കങ്ങളുമുണ്ടായിരുന്നില്ല. കാണുന്ന കാഴ്ചകളിലൊക്കെ വണ്ടി നിര്‍ത്തി ഗ്രാമങ്ങളിലെ കുഞ്ഞു ചായക്കടകളില്‍ നിന്ന് ഭക്ഷണം കഴിച്ച് ഒരു റോഡ് യാത്ര എന്നുമെന്റെ മനസിലുണ്ടായിരുന്നു.

നമ്മള്‍ ഗോവയിലേക്ക് പോവുന്നു. അതും റോഡ് വഴി എന്നു പറഞ്ഞ് മുല്ല വിളിച്ചപ്പോള്‍ എവിടെയെല്ലാം പോവുന്നു, എന്തൊക്കെയാണ് പരിപാടി എന്ന ചോദ്യത്തിന് നമ്മള്‍ പോവുന്നു, കാണുന്നതെല്ലാം തന്നെയാണ് കാഴ്ച, എവിടെയാണോ ഇരുട്ടുന്നതിനു മുന്‍പ് എത്തുന്നത് അവിടെ തങ്ങുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്കു ചിരിയാണ് വന്നത്. എന്റെ മകനും കൂട്ടുകാരും പോവുന്ന പോലെയൊരു യാത്ര. അങ്ങനേയും പോവാമല്ലോ എന്നൊരു ചിരിയോടെ ഫോണ്‍ വെച്ചപ്പോള്‍ വീട്ടിലറിഞ്ഞാല്‍ സമ്മതിക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു. ഈ ചൂടുകാലത്താണോ ഗോവയിലേക്ക് പോവുന്നതെന്നൊക്കെ ചോദിച്ചെങ്കിലും അവസാനം സമ്മതം കിട്ടി.

പക്ഷേ ഈ യാത്ര കാഴ്ചകള്‍ കാണാന്‍ വേണ്ടി മാത്രമുള്ള യാത്രയായില്ല. മറിച്ച് അഗാധമായ ഒരു കൂട്ടുകെട്ടിലാണത് അവസാനിച്ചത്. കേരളത്തിനോട് ഏറേ സാമ്യമുള്ള ഭൂ പ്രകൃതിയാണ് ഗോവയുടേത്. ഉത്സവ പറമ്പുകള്‍ പോലെ തിരക്കാര്‍ന്ന ബീച്ചുകളില്‍ നനഞ്ഞു കുതിര്‍ന്നും വാസ്കോയിലെ തിരക്കു പിടിച്ച രാത്രി തെരുവിലൂടെ നടന്ന് ഗോവന്‍ ഭക്ഷണത്തിന്റെ രുചിയറിഞ്ഞും പ്രതാപം വിളിച്ചറിയിക്കുന്ന വെള്ള പൂശിയ പള്ളികളില്‍ പോയി മുട്ടുകുത്തി നിന്ന് അള്‍ത്താരയിലെ വാസ്തുവിദ്യയുടെ ഭംഗി നോക്കി അന്തം വിട്ടു നിന്നും കൈത്തണ്ടയില്‍ കഴുകിയാല്‍ പോവുന്ന റ്റാറ്റൂ ചെയ്തു തരാമെന്ന് പറഞ്ഞ പെണ്‍കുട്ടിക്കു മുന്‍പില്‍ കൈ നീട്ടി കൊടുത്തപ്പോള്‍ മാങ്ങയുടെ ചിത്രമാണെന്ന് വിചാരിച്ച് ഓം കുത്തിച്ചതും അതു പറഞ്ഞ് എല്ലാവരും ചിരിച്ചപ്പോള്‍ ചമ്മി നിന്നതും ഓര്‍ക്കുമ്പോള്‍ അറിയാതെ ഒരു മന്ദഹാസം വരുന്നത് എന്റെ സൗഹൃദങ്ങളെ ഓര്‍ക്കുമ്പോഴാണ്.

വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായ കാസാ പ്രൊഫസ്സാ ബോം ജീസസ് എന്ന കത്തീഡ്രലിലെ ഫ്രാന്‍സിസ് സേവ്യറിന്റെ മുന്നൂറു വര്‍ഷം പഴക്കമുള്ള മൃതശരീരം സൂക്ഷിക്കുന്ന പള്ളിയിലെ മാസിലേക്ക് സഞ്ചാരികളെ അനുവദിക്കില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ ശ്രദ്ധിക്കാതെ എന്റെ കൈത്തണ്ടയില്‍ പിടിച്ച് മുന്‍പോട്ട് നടന്ന കൂട്ടുകാരിയെ അവര്‍ തടയാതിരുന്നത് എന്നും വരുന്ന ഏതെങ്കിലും നാട്ടുകാരായിരിക്കും എന്നു വിചാരിച്ചാവണം.

പാട്ടുകള്‍ പാടിയും സംഗീതത്തെ കുറിച്ചും ഇമോഷണലുകളെ കുറിച്ചും ദൈവവിശ്വാസത്തെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം തര്‍ക്കിച്ചും അഭിപ്രായം പറഞ്ഞും രാത്രിയിലെ നീണ്ട ഡ്രൈവിങ്ങിന്റെ വിരസത ആഘോഷമാക്കിയ യാത്ര അവനവനെ തന്നെ ഒരു തിരിച്ചറിവിലേക്കുള്ള യാത്ര കൂടിയായി മാറി. എങ്ങനെയാണ് ഞാന്‍, ഇങ്ങനെയല്ല ഞാനാവേണ്ടത്, ഇങ്ങനെ ആവേണ്ടിയിരുന്നില്ല എന്നൊക്കെയുള്ള തിരിച്ചറിവു കൂടിയായിരുന്നു അത്.

ആരോടും പറയാനിഷ്ടപെടാതെ മനസ്സില്‍ പൂട്ടിവെച്ച സങ്കടങ്ങളുടെ കിളിവാതില്‍ അവര്‍ക്കു മുന്‍പില്‍ തുറന്നത് ആ സൗഹൃദം അത്രക്ക് അഗാധമായി പോയതിനാലാവണം. ബന്ധങ്ങളെ ഇത്രയും തീക്ഷ്ണമാക്കാന്‍ യാത്രക്കേ കഴിയൂ. കാണാം, ഇനിയും നമുക്കിങ്ങിനെ ഒത്തു ചേരണം എന്നൊക്കെ പറഞ്ഞ് ആലിംഗനം ചെയ്തു പിരിയുമ്പോള്‍ ആയിടെ വായിച്ച പുസ്തകത്തിലെ വരികളോര്‍മ വന്നു. ഇനി ഞങ്ങള്‍ എന്നാണ് കാണുന്നത്. അല്ലെങ്കില്‍ തന്നെ ചങ്ങാതിമാര്‍ എന്തിനാണ് കാണുന്നത്. വെറുതെ കണ്ണു പൊത്തിയിരുന്നാല്‍ മതി. അകത്തുള്ളയാള്‍ മിണ്ടി തുടങ്ങും. നിന്നെ കണ്ടതല്ല. നിന്നെ കാണാനായി നടത്തിയിരുന്ന യാത്രകള്‍ അതായിരുന്നു ശരിക്കുള്ള ജീവിതം; കൂട്ട്.

 

സൈറ മുഹമ്മദ്

സൈറ മുഹമ്മദ്

ചുറ്റുപാടുമുള്ള ലോകവും മനുഷ്യരുമാണ് സൈറയുടെ എഴുത്തുകളില്‍ വരുന്നത്. കുഞ്ഞുങ്ങളും പ്രകൃതിയും മനുഷ്യ ബന്ധങ്ങളും സ്നേഹവും സന്തോഷവും കണ്ണീരും യാത്രകളുമൊക്കെ അവിടെ കടന്നു വരുന്നു. ഇതൊക്കെ ചേര്‍ന്നതാണ് ജീവിതം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ശലഭജന്മങ്ങള്‍.

More Posts

Follow Author:
Facebook

Related news


Share on

മറ്റുവാര്‍ത്തകള്‍