കൈകളിലും കാലുകളിലൂടെയും തണുപ്പ് പതുക്കെ അരിച്ചു കേറുന്നത് അറിയുന്നുണ്ടായിരുന്നു. ആളുകള്‍ മഞ്ഞിലൂടെ തെന്നി കളിച്ചു നടക്കുന്ന കണ്ടപ്പോള്‍ നമുക്കും എടുത്തു ചാടാന്‍ തോന്നി.
കോടമഞ്ഞൊക്കെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് മഞ്ഞുമലകളും മഞ്ഞും എന്നും കൊതിപ്പിക്കുന്ന കാഴ്ച തന്നെ ആണ്. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ഇടങ്ങളിലൂടെ ഉള്ള യാത്രകള്‍ നമ്മളെ സ്വപ്നത്തിലൂടെ വന്നു കൊതിപ്പിക്കും. അങ്ങനെ മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ച വന്നെത്തി. ഉത്തരഖഖണ്ഡിലെ ഔലിയില്‍ പോകണം എന്നാണ് വിചാരിച്ചിരുന്നത്. ജോഷിമഠിനു അടുത്തുള്ള ഈ സ്ഥലം, പക്ഷെ കയ്യില്‍ മൂന്നു ദിവസം ഉണ്ടെങ്കില്‍ മാത്രമേ ഡല്‍ഹിയില്‍ നിന്നും പോയി വരാന്‍ പറ്റൂ എന്ന് തോന്നിയത് കൊണ്ട് ഇങ്ങനെ ആലോചിച്ചു ഇരിക്കുമ്പോള്‍ ആണ് സുഹൃത്തും അവന്റെ ഹൈദരാബാദില്‍ ജോലി ചെയ്യുന്ന വേറെ ഒരു സുഹൃത്തും മണാലി പോകുന്നുണ്ട്, കൂടെ വാ എന്ന് പറയുന്നത്.
മുന്‍പ് പോയിട്ടുണ്ടെങ്കിലും മണാലി എങ്കി മണാലി എന്ന് ഉറപ്പിച്ചു. അവര്‍ വ്യാഴാഴ്ച വൈകിട്ട് പോയി. ഞാന്‍ വെള്ളിയാഴ്ച രാത്രി മണാലിയിലേക്ക് ബസു കേറി. വൈകിട്ട് ഏഴു മണിക്ക് എടുത്ത ബസ് രാവിലെ എട്ടരക്ക് എത്തും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒമ്പതര കഴിഞ്ഞിരുന്നു മണാലി എത്തിയപ്പോള്‍. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു ഇതേ ദിവസം ഞാന്‍ മണാലിയില്‍ ആയിരുന്നു എന്ന് ഫേസ്ബുക്ക് ഓര്‍മിപ്പിച്ചപ്പോള്‍ കൗതുകം തോന്നി. ഇതിനിടയില്‍ സങ്കടകരമായ കാര്യം ഒന്നുണ്ടായി മനസ്സില്‍. സര്‍ പാസ് ട്രെക്കിങ്ങിനു ഞാന്‍ പോകേണ്ട ദിവസം ആയിരുന്നു ഇന്ന്. ജോലി സംബന്ധമായ തിരക്കുകള്‍ കാരണം ബുക്ക് ചെയ്ത ട്രെക്കിംഗ് ക്യാന്‍സല്‍ ചെയ്യുക ആയിരുന്നു. സുഹൃത്തുക്കള്‍ രണ്ടും അവിടെ കറങ്ങാന്‍ വേണ്ടി ഒരു ടാക്‌സി വാടകയ്ക്ക് എടുത്തു എത്തി. അധികം സമയം കളയാതെ ഞാന്‍ വണ്ടിയില്‍ കേറി.
ഞങ്ങള്‍ പോകുന്നത് മഡിയിലേക്ക് ആണ്. അവിടെ ആണ് മഞ്ഞു കാണാന്‍ പറ്റുക. രോഹ്താങ്ങ് പാസ് പോകുന്ന വഴി ആണ് ഇത്. അതെ മണാലിയില്‍ നിന്നും ലേ- ലഡാക്കിലേക്ക് സഞ്ചാരികള്‍ പോകുന്ന മണാലി ലഡാക്ക് ഹൈവേ. മഞ്ഞു മൂടി കിടക്കുന്നതിനാല്‍ രോഹ്താങ്ങ്പാസ് തുറന്നിട്ടില്ല. നമുക്ക് മഡി വരെ പോകാനേ പറ്റുക ഉള്ളൂ. മഡി എന്നുള്ളത് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ Marhi എന്നാണ് എന്നത് ശ്രദ്ധിക്കണം. ഉച്ചാരണം മഡി എന്നത് ആണ്. മണാലിയില്‍ നിന്നും 36 കിലോമീറ്റര്‍ ഉണ്ട് മഡിയിലേക്ക്. ഒരു മുഴുവന്‍ ദിവസം കറങ്ങാന്‍ നമ്മുടെ കാറിന്റെ ഡ്രൈവര്‍ ചോദിച്ചിരിക്കുന്നത് 2500 രൂപ ആണ്. മണാലി ലഡാക്ക് ഹൈവേയില്‍ ഗുലാബ എത്തുമ്പോള്‍ അടക്കേണ്ട 500 രൂപ അടക്കം ആണ് അത്. വളരെ ചെറുപ്പക്കാരനായ ഡ്രൈവര്‍ ആണ് കൂടെ ഉണ്ടായത്. നിനക്ക് സത്യത്തില്‍ ലൈസന്‍സ് ഉണ്ടോ എന്ന് വരെ കളിയായി ഞാന്‍ അവനോടു ചോദിക്കുക ഉണ്ടായി.
പോകും വഴി മഞ്ഞില്‍ ഇടാന്‍ ഉള്ള വസ്ത്രങ്ങളും ബൂട്ടുകളും വാടകയ്ക്ക് എടുത്തു. ഗുലാബ കഴിയുമ്പോള്‍ തന്നെ വഴിയില്‍ മഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായി. രാവിലെ ആയതു കൊണ്ട് മഡിയില്‍ കുറെ വണ്ടികള്‍ ഉണ്ടായിരുന്നു. കനത്ത ട്രാഫിക്ക് കുരുക്കു കാരണം നടന്നു മുകളിലേക്ക് പോകാന്‍ തീരുമാനിച്ചു. റോഡിലൂടെ നടക്കാതെ മലകളിലൂടെ ഞങ്ങള്‍ മുകളിലോട്ട് നടന്നു കേറി. പല പല ഇടങ്ങളില്‍ വിശ്രമിച്ചു പതുക്കെ ആണ് ഞങ്ങള്‍ മുകളിലോട്ട് കേറിയത്. അവിടെ ചെന്നപ്പോള്‍ താഴോട്ട് നോക്കുമ്പോള്‍ ഉള്ള കാഴ്ച്ചയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. വളഞ്ഞു പുളഞ്ഞു പോകുന്ന പാതകള്‍. അതില്‍ നുരയും പതയും കിടക്കുന്ന പോലെ തോന്നുന്ന മഞ്ഞ്. കൈകളിലും കാലുകളിലൂടെയും തണുപ്പ് പതുക്കെ അരിച്ചു കേറുന്നത് അറിയുന്നുണ്ടായിരുന്നു. ആളുകള്‍ മഞ്ഞിലൂടെ തെന്നി കളിച്ചു നടക്കുന്ന കണ്ടപ്പോള്‍ നമുക്കും എടുത്തു ചാടാന്‍ തോന്നി. ഇനി വൈകീട്ട് ആകുമ്പോ തിരിചു പോയാല്‍ മതി. മഞ്ഞു പുതഞ്ഞു കിടക്കുന്ന സ്ഥലത്ത് എത്ര നേരം ചിലവഴിച്ചു എന്നറിയില്ല.
അതിനു ശേഷം കുറച്ചു കൂടി മുന്നോട്ട് നടക്കുമ്പോ ആണ് ഒരു തടാകം പോലെ വെള്ളം കെട്ടി കിടക്കുന്ന സ്ഥലം കണ്ടത്. അതിനു അടുത്തുള്ള പാറയില്‍ ആരോ ത്രിശൂലം കുത്തിവെച്ചിരിക്കുന്നു. നടന്നും കിടന്നും തുള്ളിചാടിയും വൈകുന്നേരം വരെ ആയി അതിനിടയില്‍ കടുത്ത മഞ്ഞില്‍ ചൂട് ചായയും നൂഡില്‍സും കഴിച്ചു. തിരച്ചു നടക്കുമ്പോ ഷൂവിന്റെ ഉള്ളില്‍ ചാടി മറിയുമ്പോള്‍ കയറികൂടിയ മഞ്ഞു ഇടക്കൊക്കെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഉല്ലസിച്ചു നടക്കുന്ന മനസിന് അതൊന്നും വലിയ പ്രശ്‌നം ആയി തോന്നിയില്ല. ഞങ്ങളുടെ ഡ്രൈവര്‍ താഴ്വരയില്‍ ഒരിടത്തായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. തിരിച്ചു പോകും വഴി ഞങ്ങള്‍ oyo ഇലൂടെ റൂം ബുക്ക് ചെയ്തിരുന്നു. ബ്രേക്ക്ഫാസ്റ്റ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് 900 രൂപക്ക് അടുത്തെ ആയുള്ളൂ റൂമിന്. പക്ഷെ മണാലിയിലെ മാള്‍ റോഡിനു അടുത്തുള്ള ആ റൂം കണ്ടു പിടിക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെട്ടു. അവിടത്തുകാരനായ ഡ്രൈവര്‍ക്ക് പോലും ആദ്യം ഞങ്ങളെ സഹായിക്കാന്‍ പറ്റിയില്ല. ഹോട്ടലിലെ ആള്‍ പറയുന്ന ലൊക്കേഷന്‍ അവസാനം എങ്ങനെയോ കണ്ടു പിടിച്ചുറൂമില്‍ കേറി. അങ്ങനെ ഒരു ദിവസം അവസാനിക്കുന്നു. ഞായറാഴ്ച വൈകീട്ട് ആറു മണി ആകുമ്പോ ആണ് ഞങ്ങളുടെ ബസ്.
പിറ്റേന്ന് രാവിലെ ബ്രേക്ഫാസ്റ്റ് കഴിച്ചു ഇറങ്ങി, ഹിഡിംബ ടെമ്പിള്‍ ആണ് പോയത്. ഹിഡിംബി ദേവിയുടെ പേരിലുള്ള അമ്പലം ആണ് അത്. മഹാഭാരതത്തില്‍ ഉള്ള അതേ ഹിഡിംബി തന്നെ; ഭീമന്റെ കാമുകി, ഘടോല്‍കചന്റെ അമ്മ. പതിനാറാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചിട്ടുള്ള ക്ഷേത്രം ആണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. യാക്കിന്റെ പുറത്തു കേറി ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നവര്‍, പല ഗെയിമുകള്‍ നടത്തുന്നവര്‍, കുങ്കുമപ്പൂ വില്‍ക്കുന്നവര്‍ എന്നിവരെ അമ്പലത്തിലേക്ക് വരുന്ന വഴിക്ക് കാണാം. നവരാത്രി സമയത്ത് ഇവിടെ ഭയങ്കര ആഘോഷം ആണെന്നാണ് കേള്‍ക്കുന്നത്. അമ്പലം കണ്ടു ഇറങ്ങി, നേരെ ക്ലബ് റോഡിലോട്ട് ഇറങ്ങി, അവിടെ നദി ഒഴുകുന്ന ഇടങ്ങളില്‍ പല പല വിനോദങ്ങള്‍ കാണാം. നദിക്കു കുറുകെ കയറില്‍ തൂങ്ങി പോവുക എന്നിങ്ങനെ പലതും. ഭക്ഷണം കഴിക്കാന്‍ ഒരു നല്ല ഇടം അന്വേഷിച്ചു അവസാനം നല്ല ഒരിടം കണ്ടെത്തി. ഒരുപാട് വില കൂടുതല്‍ ഇല്ല, അവിടെ ഇരിക്കുമ്പോള്‍ ഉള്ള വ്യൂ ആണ് ഇഷ്ടപ്പെട്ടത്.
തൊട്ടു അരികിലൂടെ ബ്യാസ് നദി ഒഴുകുന്നു, അകലെ മലകള്‍. ഇതിനിടയില്‍ മഴയും പെയ്തു. അതൊരു ഒന്നൊന്നര കാഴ്ച തന്നെ ആയിരുന്നു. മഴയും കണ്ടു ഇരിക്കല്‍. മഴ തോര്‍ന്നപ്പോള്‍ നേരെ മാള്‍ റോഡിലോട്ടു പോയി. അവിടെ അങ്ങോടും ഇങ്ങോടും നടന്നു സമയം പോയത് ഞങ്ങള്‍ അറിഞ്ഞേ ഇല്ല. അഞ്ചു മണി ആയപ്പോള്‍ ഒരു ഓട്ടോയും പിടിച്ചു നേരെ മണാലി ബസ് സ്റ്റാന്‍ഡില്‍ പോയി. അടുത്ത് കണ്ട ഒരു കടയില്‍ നിന്നും ഭക്ഷണം കഴിച്ചു നേരെ ബസില്‍ കേറി ഇരുന്നു. ചില്ല് ജാലകത്തിലെ തുണി ശെരിക്കും മാറ്റി ഇട്ടു. കാഴ്ചകള്‍ ശെരിക്കും കാണാന്‍ ഉള്ളതാണ്. ഇനി വരും വരെ ഓര്‍മയില്‍ സൂക്ഷിക്കാന്‍ വേണ്ടി എല്ലാം മനസ്സില്‍ നന്നായി പതിപ്പിച്ചു. കാലത്തിന്റെ ചക്രം കറങ്ങുമ്പോള്‍ ഇനി ഏതെങ്കിലും ഏപ്രില്‍ മെയ് മാസങ്ങളില്‍ ഞാന്‍ വീണ്ടും ഇവിടെ വന്നേക്കാം. പുതിയ കാഴ്ചകള്‍ അന്ന് എനിക്ക് വേണ്ടി ഒരുക്കി വെച്ച് മണാലി കാത്തിരിക്കുന്നുണ്ടാകും.. ബൈ പറയുന്നില്ല, പകരം വീണ്ടും കാണാം എന്നു പറഞ്ഞു കൊണ്ട് പോകുന്നു..
.
photos courtesy – Sachu Sam, Amal Raj Mavelikara