UPDATES

യാത്ര

ആരും ദേഷ്യപ്പെടാത്തൊരു നഗരമുണ്ടോ? മെക്‌സിക്കോ സിറ്റി അങ്ങനെയാണത്രെ

മെക്‌സിക്കോ സിറ്റിയിലെ കുട്ടികളോട് ചെറുപ്പം മുതലേ ആരോടും ദേഷ്യപ്പെടരുത് എന്ന് പറഞ്ഞാണ് വളര്‍ത്തുന്നത്. ദേഷ്യപ്പെടുന്നവര്‍ പരാജയപ്പെടുമെന്നാണ് മെക്‌സിക്കോക്കാര്‍ പറയുന്ന പഴഞ്ചൊല്ല്.

                       

ഏതെങ്കിലും വികാരങ്ങള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്നവരാണ് നമ്മളില്‍ പലരും. അതില്‍ ദേഷ്യവും സങ്കടവുമായിരിക്കും മുന്‍പന്തിയില്‍ നില്‍ക്കുക. എന്നാല്‍ മെക്‌സിക്കോ സിറ്റിയെ കുറിച്ച് പറയുകയാണെങ്കില്‍ അവിടെയുള്ള ആളുകള്‍ തികച്ചും വ്യത്യസ്തരാണ്. ഇവിടെ ആരും ദേഷ്യപ്പെടാറില്ല. ബിബിസിയില്‍ നല്‍കിയ യാത്രാക്കുറിപ്പില്‍ മെക്‌സിക്കോ സിറ്റിയില്‍ താമസിച്ച അനുഭവം മേഗാന്‍ ഫ്രെയിം എന്ന യുവതി പങ്കുവെച്ചിരുന്നു. ”കഴിഞ്ഞ ആറ് മാസം മുമ്പ് വരെ ഞാന്‍ മെക്‌സിക്കോയില്‍ താമസിച്ചിരുന്നു. എന്നാല്‍ ഇവിടെ പൊതുസമൂഹത്തില്‍ ആരും ദേഷ്യപ്പെടാറില്ലെന്നാണ് ഇവര്‍ പറയുന്നത”.

മേഗന്‍ ജോലി കഴിഞ്ഞ് കഫേയില്‍ പോയപ്പോള്‍ അവിടെ കടയിലെ കാഷ്യറുമായി ഒരാള്‍ വഴക്കുണ്ടാക്കുന്നത് കണ്ടു. നിങ്ങളെന്നെ പിടിച്ചുപറിക്കാന്‍ ശ്രമിക്കുന്നു എന്ന് സ്പാനിഷ് ഭാഷയില്‍ അയാള്‍ കാഷ്യറോട് ബഹളം വെച്ചു. കാഷ്യറിന് 500 പെസോസ് (ഏകദേശം 1721രൂപ) കൊടുത്തു. എന്നാല്‍ ബാക്കി 200 പെസോസ് ഏകദേശം 688 രൂപ) മാത്രമേ ബാക്കി കിട്ടിയുള്ളൂ എന്ന് അയാള്‍ പറഞ്ഞു. കാഷ്യര്‍ ആകെ അപമാനിക്കപ്പെട്ടു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ആളുകള്‍ സഹതാപപൂര്‍വം അയാളെ നോക്കി. അയാള്‍ പിന്നെയും എല്ലാവരോടും ബഹളം വെച്ചു കൊണ്ടിരുന്നു.

കാഷ്യറിനെ സഹായത്തിന് ആരും എത്തിയില്ല. കാഷ്യറും തിരിച്ച് ആക്രോശിക്കുമെന്ന് ആളുകള്‍ കരുതി. എന്നാല്‍ കാഷ്യര്‍ വീണ്ടും കടയ്ക്കുള്ളിലേക്ക് കയറി പോയ ശേഷം ബഹളം വെച്ചയാള്‍ പോയപ്പോള്‍ കാഷ്യര്‍ തിരികെ വന്നു. തുടര്‍ന്ന് ആളുകളുടെ ഇടയില്‍ നിന്ന് ഓര്‍ഡര്‍ എടുത്തു കൊണ്ട് തന്റെ ജോലി തുടര്‍ന്നു. ബഹളം വെച്ച ആള്‍ എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. എന്തായാലും മെക്‌സിക്കോ സിറ്റിയിലെ ഒരാള്‍ പൊതുസമൂഹത്തില്‍ ബഹളം വെയ്ക്കില്ലെന്ന് മേഗന്‍ പറയുന്നു.

മെക്‌സിക്കോ സിറ്റിയിലെ കുട്ടികളോട് ചെറുപ്പം മുതലേ ആരോടും ദേഷ്യപ്പെടരുത് എന്ന് പറഞ്ഞാണ് വളര്‍ത്തുന്നത്. ദേഷ്യപ്പെടുന്നവര്‍ പരാജയപ്പെടുമെന്നാണ് മെക്‌സിക്കോക്കാര്‍ പറയുന്ന പഴഞ്ചൊല്ല്. എല്ലാ സാഹചര്യത്തിലും ശാന്തമായി വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് കുട്ടികളോട് പറഞ്ഞ് വളര്‍ത്തുന്നതെന്ന് എലിയസാര്‍ സില്‍വസ്റ്റര്‍ എന്ന മെക്‌സിക്കന്‍ യുവതിയെ ഉദ്ധരിച്ച് മേഗന്‍ പറയുന്നു. ലാറ്റിന്‍ അമേരിക്കയുടെ കോസ്‌മോപൊളിറ്റന്‍ നഗരമായ മെക്‌സിക്കോ സിറ്റിയിലെ പൊതുവെയുള്ള ആളുകളുടെ സ്വഭാവ രീതി ഇങ്ങനെയാണ്.

മെക്‌സിക്കോയുടെ അത്രയും പരിഷ്‌കാരങ്ങളുള്ള മറ്റ് രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും മെക്‌സിക്കോയിലെ ആളുകളുടെ അത്രയും വിനയം മറ്റ് ഒരു രാജ്യത്തിലെ ആളുകളുടെ സമീപനത്തിലും കണ്ടിട്ടില്ലെന്ന് മേഗന്‍ പറയുന്നു. 25 മില്യണ്‍ ആളുകള്‍ ദിവസവും മെക്‌സിക്കന്‍ നഗരത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ പലരും അപരിചിതരെ സംബോധന ചെയ്യുന്നവരാണ്. ഇത് തന്നെയാണ് മെക്‌സിക്കന്‍ സിറ്റിയെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതെന്ന് മേഗന്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇവിടുത്തെ സംസ്‌കാരം പാരമ്പര്യമായി കിട്ടിയതാണ് (ഇപ്പോഴത്തെ നൗഹാസിന്റെ തലമുറക്കാരായ ആസ്‌ടെക്). തുടര്‍ന്ന് 1519 കാലത്ത് ഹെര്‍മന്‍ കോട്ടേഴ്‌സും അനുയായികളും മെക്‌സിക്കോ കൊള്ളയടിക്കാന്‍ എത്തിയപ്പോള്‍ അവര്‍ അവരുടെ സ്പാനിഷ് സംസ്‌കാരവും കൂട്ടിച്ചേര്‍ത്തു. 300 വര്‍ഷത്തെ സ്പാനിഷ് ഭരണവും 100 വര്‍ഷത്തെ മെക്‌സിക്കന്‍ ആധിപത്യവുമാണ് ദക്ഷിണ മെക്‌സിക്കോയിലെ സംസ്‌കാരത്തെ സ്വാധീനിച്ചത്. വെറും 1.5മില്യണ്‍ ആളുകള്‍ മാത്രമേ നഹൗട്ടില്‍ ഭാഷ ഇന്ന് സംസാരിക്കുന്നുള്ളൂ. രണ്ട് വര്‍ഷം ഞാന്‍ മെക്‌സിക്കോയില്‍ താമസിച്ചതു കൊണ്ട് താനിപ്പോള്‍ അവരുടെ സംസ്‌കാരം പിന്‍തുടരുന്നെന്ന് മേഗന്‍ പറയുന്നു. ഇന്നും അപരിചിതരെ കാണുമ്പോള്‍ മേഗന്‍ സംബോധന ചെയ്യാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share on

മറ്റുവാര്‍ത്തകള്‍