UPDATES

യാത്ര

“അവരവിടം വൃത്തികേടാക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല”; ആര്‍ട്ടിക്കിനെ നശിപ്പിക്കുന്ന ക്രൂയിസ് ഷിപ്പ് ടൂറിസം

“ക്രൂയിസ് കപ്പലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് പ്രധാന പ്രശ്‌നം. കപ്പലുകളുടെ വലിപ്പം കൂടുംതോറും അതുണ്ടാക്കുന്ന ആഘാതവും വലുതായിരിക്കും”

                       

ആര്‍ട്ടിക് സമുദ്രത്തിലെ ക്രൂയിസ് ഷിപ്പ് ടൂറിസത്തിന്റെ സ്‌ഫോടനാത്മക വളര്‍ച്ചയ്ക്കെതിരെ മുന്നറിയിപ്പുമായി പ്രമുഖ ധ്രുവ പര്യവേക്ഷകനായ അര്‍വേഡ് ഫ്യൂച്ചസ് രംഗത്ത്. ഇത് പരിസ്ഥിതിക്കും പ്രാദേശിക നിവാസികള്‍ക്കും ദോഷം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. ജര്‍മ്മനിയില്‍ നിന്നുള്ള ധ്രുവ പര്യവേക്ഷകനായ ഫ്യൂച്ചസ് ഒരു വര്‍ഷത്തിനുള്ളില്‍ കാല്‍നടയായി ഉത്തര-ദക്ഷിണ ധ്രുവങ്ങളില്‍ എത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയ ആളാണ്.

‘ക്രൂയിസ് കപ്പലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് പ്രധാന പ്രശ്‌നം. കപ്പലുകളുടെ വലിപ്പം കൂടുംതോറും അതുണ്ടാക്കുന്ന ആഘാതവും വലുതായിരിക്കും. ആഡംബര നൗകകള്‍ക്ക് ആര്‍ട്ടിക്കിള്‍ ഒരു സ്ഥാനവുമില്ല’- അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആഗോളതാപനത്തെക്കുറിച്ച് യൂറോപ്യന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി വാര്‍ഷിക കാലാവസ്ഥാ ക്യാമ്പ് നടത്തുന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ഫ്യൂച്ചസ്. ക്രൂയിസ് കപ്പലുകളില്‍ നിന്നുള്ള ആളുകളെകൊണ്ട് ഗ്രീന്‍ലാന്‍ഡിലും മറ്റ് പടിഞ്ഞാറന്‍ ആര്‍ട്ടിക്കിലുമായി കാണപ്പെടുന്ന ആദിവാസി ഗ്രാമങ്ങള്‍ നിറഞ്ഞു കവിയുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

‘അവരവിടം വൃത്തികേടാക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. സന്ദര്‍ശകരെക്കൊണ്ട് അവര്‍ക്ക് യാതൊരു പ്രയോജനവുമില്ല. പ്രധാന വിനോദ സഞ്ചാര കമ്പനികളെല്ലാം ആര്‍ട്ടിക് സമുദ്രത്തിലേക്ക് യാത്രകളോ പര്യവേഷണങ്ങളോ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ വിനോദ സഞ്ചാരികള്‍ ഇതുവരെ സന്ദര്‍ശിക്കാത്ത പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുമെന്നാണ് പലരുടേയും വാഗ്ദാനം. കൂടാതെ അപൂര്‍വ വന്യജീവികളെ കാണാനുള്ള അവസരം, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, മഞ്ഞു പാളികള്‍ ഉരുകുന്നത് കാണാനുള്ള അവസരം എന്നിവയൊക്കെയാണ് അവര്‍ മുന്നോട്ടുവെക്കുന്ന ‘ആകര്‍ഷകമായ’ വാഗ്ദാനങ്ങള്‍. അതൊക്കെയാണ് ക്രൂയിസ് കപ്പലുകളുടെ എണ്ണം വര്‍ദ്ധിക്കുവാനും കാരണമാകുന്നത്.

ലോകമെമ്പാടുമുള്ള വാര്‍ഷിക ക്രൂയിസ് കപ്പല്‍ യാത്രക്കാരുടെ എണ്ണം 2009-ലെ 11 ദശലക്ഷത്തില്‍ നിന്ന് 2018-ല്‍ എത്തുമ്പോള്‍ 28.5 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. അതാണ് ടൂര്‍ കമ്പനികളെ ആവേശം കൊള്ളിക്കുന്നതും. ഗ്രീന്‍ലാന്‍ഡും വടക്കന്‍ കാനഡയുമാണ് സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നത്. വെനീസ്, ഡുബ്രോവ്നിക് തുടങ്ങിയ സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്നതിനാലാണ് കപ്പലുകള്‍ ഈ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. കൂടാതെ തുര്‍ക്കി, വടക്കന്‍ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തീവ്രവാദത്തെ ഭയക്കുന്നതും ഈ പ്രദേശത്തേക്ക് കൂടുതല്‍ ആളുകളെ അടുപ്പിക്കുന്നതായും ടൂറിസം വ്യവസായ നിരീക്ഷകര്‍ പറയുന്നു.

Read: ഉഷ്ണക്കാറ്റാഞ്ഞു വീശി: 6 കോടി വർഷത്തെ ചരിത്രത്തിലാദ്യമായി തുടപ്പനകളിൽ ആൺപൂവും പെൺപൂവും വിരിഞ്ഞു

Share on

മറ്റുവാര്‍ത്തകള്‍