ഈ വിനോദസഞ്ചാരവ്യവസായത്തിൽ ചെറു ഗ്രാമങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള വലിയ പദ്ധതികളാണ് തായ് സർക്കാർ ഇപ്പോൾ മിനഞ്ഞുകൊണ്ടിരിക്കുന്നത്.
തായ്‌ലൻഡിലെ ഉൾഗ്രാമങ്ങളിലൂടെ ചുറ്റിനടന്നാൽ മാത്രം മതി. കാഴ്ചകൾ കണ്ട് രസിച്ച് ഇവിടങ്ങളും വിനോദസഞ്ചാരയോഗ്യമെന്ന് വിളിച്ചുപറഞ്ഞാൽ മാത്രം മതി. നിങ്ങളെത്തേടി കൃത്യസമയത്ത് വരുമാനമെത്തും. ഹോ എത്ര സുന്ദരമായ ജോലി അല്ലെ. പക്ഷെ ഈ ജോലിക്ക് പോകാൻ വേണ്ട ഏക യോഗ്യത കുറച്ച് പ്രശ്‌നമാണ്. 18 വയസ്സ് പൂർത്തിയായ തായ്‌ലൻഡ് പൗരന്മാർക്ക് മാത്രമേ തായ് ഉൾഗ്രാമങ്ങളിൽ ചുറ്റിത്തിരിഞ്ഞ് വരുമാനം നേടാനാകൂ. വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തായ്‌ലൻഡിലെ ഉൾഗ്രാമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തായ്‌ലൻഡ് സർക്കാർ ഈ പദ്ധതി ഒരുക്കുന്നത്.
ബാങ്കോക്ക് പോലുള്ള ഇടങ്ങൾ ലോകത്തെമ്പാടുമുള്ള സഞ്ചാരികളുടെ ഇഷ്ടപ്പെട്ട പറുദീസയാണെങ്കിലും തായ്‌ലൻഡിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത നിരവധി മനോഹരമായ പ്രദേശങ്ങൾ ഉണ്ടെന്നും അവയെ സഞ്ചാരയോഗ്യമാക്കണമെന്ന ഉദ്ദേശത്തോടെയാണ് സർക്കാർ തായ് പൗരന്മാരോട് ഈ സ്ഥലങ്ങളൊക്കെ ഒന്ന് കണ്ടു വരൂ എന്ന നിർദ്ദേശിക്കുന്നത്. ഇത്തരത്തിൽ അർഹിക്കുന്ന ശ്രദ്ധ കിട്ടാത്ത 55 സ്ഥലങ്ങളാണ് പ്രാരംഭഘട്ടത്തിൽ സർക്കാർ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങൾ വെറുതെ സന്ദർശിച്ച് അനുഭവങ്ങൾ പങ്കുവെച്ചാൽ മാത്രം മതിയോ, അതല്ലാതെ ഈ തിരഞ്ഞെടുക്കപ്പെടുന്ന യാത്രികർ പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നതിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തായ് സർക്കാർ ഉടൻ പുറത്തുവിടും.
ബാങ്കോക്കും ഫെക്കെട്ടും പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കാനായി 30 മില്യണിലധികം സഞ്ചാരികളാണ് വർഷാവർഷം തായ്‌ലണ്ടിലേക്കെത്താറുള്ളത്. സഞ്ചാരികൾ മികച്ച റേറ്റിങ് അടയാളപ്പെടുത്തിയിട്ടുള്ള, സഞ്ചാരസൗഹൃദ രാജ്യമാണ് തായ്‌ലൻഡ്. ഈ വിനോദസഞ്ചാരവ്യവസായത്തിൽ ചെറു ഗ്രാമങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള വലിയ പദ്ധതികളാണ് തായ് സർക്കാർ ഇപ്പോൾ മിനഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനായി മൂന്നു കോടിയിലധികം രൂപയാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പൗരന്മാർക്ക് യാത്രകൾക്കും ചിലവുകൾക്കുമായി ഒരു നിശ്ചിത തുക അനുവദിക്കുമെന്നാണ് സർക്കാരിന്റെ ഉത്തരവ്.