തീരുമാനവുമായി മുന്നോട്ട് പോയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യ
ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തില്‍ തങ്ങളുടെ പക്കല്‍ എല്ലാ തെളിവുകളുമുണ്ടെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷ്ണര്‍ അബ്ദുള്‍ ബാസിത്. ജാദവിന് അപ്പില്‍ നല്‍കാന്‍ എല്ലാ അവസരവുമുണ്ടെന്നും പാക്കിസ്ഥാന്‍ നിയമപരമായല്ല പ്രവര്‍ത്തിച്ചതെന്ന് പറയുന്നത് ശരിയല്ലെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാസിത് പറഞ്ഞു.
ഇന്ത്യന്‍ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) ഉദ്യോഗസ്ഥനാണ് ജാദവെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. 2016 മാര്‍ച്ചില്‍ ഇറാനില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായതെന്നാണ് പാക്കിസ്ഥാന്റെ വാദം. ബലൂചിസ്ഥാന്‍ മേഖലയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചു. ശിക്ഷാ വിധിയുമായി മുന്നോട്ടു പോയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ജാദവ് ഇന്ത്യന്‍ ചാരനാണെന്നതിന്റെ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണ് അബ്ദുള്‍ ബാസിത് പറയുന്നത്. 2003 മുതല്‍ യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും എന്നാല്‍ അത് യഥാര്‍ത്ഥ പേരിലല്ലെന്നും ബാസിത് ആരോപിച്ചു. സിവില്‍ കോടതിയില്‍ വിചാരണ നേരിടാനുള്ള കുറ്റങ്ങളല്ല ചെയ്തത് എന്നതു കൊണ്ടാണ് സൈനിക കോടതിയില്‍ വിചാരണ നടത്തിയത്. അദ്ദേഹത്തിന് നിയമസഹായവും ഏര്‍പ്പെടുത്തിയിരുന്നു. ജാദവ് സാധാരണ പൗരനല്ലെന്നും സൈനിക ഉദ്യോഗസ്ഥനാണെന്നും തങ്ങള്‍ക്കറിയാമെന്നും അതിനാല്‍ 1952-ലെ പാക്കിസ്ഥാന്‍ സൈനിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തി വധശിക്ഷ വിധിക്കുകയായിരുന്നുവെന്നും ബാസിത് പറഞ്ഞു.
എന്നാല്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള വഴിയായാണ് ജാദവിനെ ഉപയോഗിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഇരു സഭകളും പാക് നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ജാദവ് വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.