മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ നിരോധിച്ചുകൊണ്ടുള്ള തന്റെ ഉത്തരവിനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ച ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി ക്യൂ യേറ്റ്‌സിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തല്‍സ്ഥാനത്തുനിന്നും നീക്കി. ട്രംപിന്റെ ഉത്തരവിനെതിരെ ഉയര്‍ന്നുവരുന്ന നിയമപ്രശ്‌നങ്ങളില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിലെ അഭിഭാഷകര്‍ പിന്തുണയ്ക്കില്ലെന്ന സാലി ക്യൂ യേറ്റ്‌സിന്റെ പ്രസ്താവന ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിനെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. ബരാക് ഒബാമയുടെ ഭരണകാലത്ത് ഡപ്യൂട്ടി അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് സാലി ക്യൂ യേറ്റ്‌സ്.
വിര്‍ജീനിയ സംസ്ഥാനത്തിന്റെ അറ്റോര്‍ണിയായ ഡാന ജെ ബോയെന്റെയെ പുതിയ അറ്റോര്‍ണി ജനറലായി നിയമിച്ചിട്ടുണ്ട്. അലബാമയില്‍ നിന്നുള്ള സെനറ്റര്‍ ജെഫ് സെഷന്‍സിന്റെ നിയമനം കോണ്‍ഗ്രസ് അംഗീകരിക്കുന്നത് വരെ ഡാന പുതിയ തസ്തികയില്‍ തുടരും. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ഡാന ചുമതലയേറ്റെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നതെങ്കിലും ചടങ്ങിന്റെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യേറ്റ്‌സിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വൈറ്റ് ഹൗസ് ഉന്നയിച്ചത്. അതിര്‍ത്തികളെ കുറിച്ചും അനധികൃത കുടിയേറ്റത്തെ കുറിച്ചും വളരെ ഉദാരമായ സമീപനങ്ങള്‍ ഉള്ള വ്യക്തിയാണ് യേറ്റ്‌സെന്ന് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ ആക്ഷേപം ഉന്നയിച്ചു.
ലോകത്തെമ്പാടുമുള്ള യാത്രക്കാരെ പ്രതികൂലമായി ബാധിക്കുകയും രാജ്യത്തെമ്പാടും ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധങ്ങള്‍ അലയടിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ ഉത്തരവിനെതിരെ യേറ്റ്‌സ് പരസ്യമായി രംഗത്തുവന്നതിനെ തുടര്‍ന്ന് ട്രംപും സഹായികളും മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുതിയ തീരുമാനത്തില്‍ എത്തിയത്. എക്‌സിക്യൂട്ടീവ് ഉത്തരവ് നിയമപരമാണെന്ന് താന്‍ കരുതുന്നില്ലെന്ന് തുറന്നടിച്ച യേറ്റ്‌സ്, ഉത്തരവിനെ നിയമപരമായി സംരക്ഷിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വങ്ങളുടെ പരിധിയില്‍ വരില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന് ഉള്ളില്‍ തന്നെ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ സൃഷ്ടിക്കാന്‍ യേറ്റ്‌സിന്റെ പ്രസ്താവന കാരണമായിട്ടുണ്ട്.
അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയെ കരുതി കൈക്കൊണ്ട നിയമപരമായ നടപടിയെ പിന്തുണയ്ക്കുക എന്ന അവരുടെ ചുമതല നിര്‍വഹിക്കുന്നതില്‍ യേറ്റ്‌സ് പരാജയപ്പെട്ടതായി സ്‌പൈസര്‍ പറഞ്ഞു. രാജ്യത്തെ . സംരക്ഷിക്കുന്ന കാര്യത്തില്‍ ഗൗരവതരമായ നടപടികള്‍ക്ക് സമയമായതായും അദ്ദേഹം പറഞ്ഞു. ഏഴ് അപകടകരമായ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ നിയന്ത്രിക്കുന്നത് കടുത്ത നടപടിയല്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത് അത്യന്താപേക്ഷിതമാണെന്നും സ്‌പൈസര്‍ കൂട്ടിച്ചേര്‍ത്തു..
അധികാരമേറ്റ് വെറും പത്തു ദിവസത്തിനുള്ളില്‍ മറ്റൊരു പ്രക്ഷുബ്ദമായ ദിനമാണ് ഇന്നലെ ട്രംപിന് കടന്നുപോയത്. ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍, ട്രംപിന്റെ നയങ്ങളെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ജോലി ഉപേക്ഷിച്ച് പോകണമെന്ന് നിര്‍ദ്ദേശിക്കാനും സ്‌പൈസര്‍ മടിച്ചില്ല. എന്നാല്‍ യേറ്റ്‌സിന്റെ തീരുമാനത്തെ ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റ് മറികടക്കുകയും ഉത്തരവിന് മാന്യതയും നിയമ പിന്തുണയും നല്‍കുകയും ചെയ്തിട്ടുണ്ട്. താന്‍ വിശാല അര്‍ത്ഥത്തിലാണ് ഉത്തരവിനെ ന്യായീകരിക്കാന്‍ തയ്യാറാവാതിരിക്കുന്നതെന്നാണ് യേറ്റ്‌സിന്റെ വിശദീകരണം. ഉത്തരവ് നിയമപരമാണോ എന്ന ചോദ്യത്തിനൊപ്പം തന്നെ അത് ബുദ്ധിപൂര്‍വവും നീതിയുക്തവുമായ തീരുമാനം ആണോ എന്ന ചോദ്യവും ഉയരുന്നതായി അവര്‍ ചൂണ്ടിക്കാണിച്ചു. ഉത്തരവില്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ നിന്നും പുറത്തുവന്ന ചില പരാമര്‍ശങ്ങളെയും അവര്‍ ഇതിനോട് കൂട്ടി വായിക്കുന്നുണ്ട്.
രാത്രി 7.45 ഓടെ യേറ്റ്‌സിനുള്ള മറുപടിയായ ട്രംപിന്റെ ട്വീറ്റ് വന്നു. വെറും രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ തന്‍റെ കാബിനറ്റ് അംഗങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത് ഡെമോക്രാറ്റുകള്‍ വൈകിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. തടസങ്ങള്‍ സൃഷ്ടിക്കുക എന്ന ഒറ്റ ഉദ്ദേശമേ അവര്‍ക്കുള്ളുവെന്നും ഇപ്പോള്‍ ഒരു ഒബാമ എജിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെ്ന്നും അദ്ദേഹം ആരോപിച്ചു. നിയമസംവിധാനത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് യേറ്റ്‌സിന്റെ നടപടിയെന്നാണ് ട്രംപ് അനുകൂലികള്‍ ആരോപിക്കുന്നത്.
എന്നാല്‍ ഏതാനും ചില ഭീകരരെ തടയുന്നതിന് വേണ്ടി ഏകദേശം 200 ദശലക്ഷം ജനങ്ങളെ തടയുന്നത് ദേശത്തിന്റെ സുരക്ഷ ഉറപ്പാക്കില്ലെന്നും ഭീഷണി വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുകയേ ഉള്ളുവെന്നും വിശദീകരിക്കുന്ന ഒരു ഭിന്നാഭിപ്രായ കുറിപ്പ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. നിരോധനത്തെ കുറിച്ചുള്ള ഭീതി പെരുപ്പിച്ചു കാണിക്കുന്നതാണെന്നും ഇപ്പോഴത്തെ നടപടികള്‍, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന ട്രംപിന്റെ പ്രതിജ്ഞ നടപ്പിലാക്കാന്‍ സാഹിക്കുകയേ ഉള്ളൂവെന്നാണ് സ്‌പൈസര്‍ ഇതിനോട് പ്രതികരിച്ചത്. ഇപ്പോള്‍ തന്റെ രാഷ്ട്രീയ നയതീരുമാനങ്ങളുമായി അതിവേഗം മുന്നോട്ട് പോകാന്‍ കൊതിക്കുന്ന ഒരു പ്രസിഡന്റും ഭരണമാറ്റത്തോടും നയവ്യതിയാനങ്ങളോടും പെട്ടെന്ന് പ്രതികരിക്കാനാവാതെ കുഴങ്ങുന്ന ഒരു ഉദ്യോഗസ്ഥ വൃന്ദവും തമ്മിലുള്ള പോരാട്ടമാണ് അമേരിക്കയില്‍ അരങ്ങേറുന്നത്.