UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രതിരോധ കുത്തിവെപ്പ്; ട്രംപിന്‍റെ ശാസ്ത്ര വിരുദ്ധ നിലപാടില്‍ പേടിച്ച് ആരോഗ്യമേഖല

ശൈശവകാലത്തെ പ്രതിരോധ കുത്തിവെപ്പുകള്‍ ഓട്ടിസത്തിന് കാരണമായേക്കാം എന്നു ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പറഞ്ഞിരുന്നു

                       

പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വീക്ഷണങ്ങള്‍ ശാസ്ത്രവുമായി ഒത്തുപോകുന്നതായിരുന്നില്ല. ശൈശവകാലത്തെ പ്രതിരോധ കുത്തിവെപ്പുകള്‍ ഓട്ടിസത്തിന് കാരണമായേക്കാം എന്ന് 2012, 2014 വര്‍ഷങ്ങളിലും 2015ലും അദ്ദേഹം ആവര്‍ത്തിച്ചു. പ്രത്യേകിച്ച് ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെയാണ് ട്രംപ് ഇങ്ങനെയൊരു വീക്ഷണം അവതരിപ്പിച്ചത്. ഇപ്പോള്‍ യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനപ്പുറമുള്ള ചില നടപടികളിലേക്ക് അദ്ദേഹം നീങ്ങുന്നു. ‘പ്രതിരോധ കുത്തിവയ്പ്പും ശാസ്ത്രിയ ആര്‍ജ്ജവും’ അന്വേഷിക്കുന്ന ഒരു കമ്മീഷനെ നയിക്കാന്‍ അദ്ദേഹം മറ്റൊരു കടുത്ത പ്രതിരോധ കുത്തിവെപ്പ് വിരോധിയായ റോബര്‍ട്ട് കെന്നഡി ജൂനിയറിനെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ചില പ്രതിരോധ മരുന്നുകള്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് ഒരു തെളിവുമില്ലാതെ വിശ്വസിക്കുന്ന വ്യക്തിയാണ് റോബര്‍ട്ട് കെന്നഡിയും എന്നതാണ് കൗതുകകരം. നിരാകരിക്കപ്പെട്ട ഒരു സിദ്ധാന്തത്തെ രണ്ട് സമാനമനസ്‌കര്‍ പിന്തുണയ്ക്കുന്നത് മാത്രമല്ല ഇതിന്റെ അപകടം. യുഎസിലെന്ന പോലെ ലോകത്തെമ്പാടും പ്രതിരോധ മരുന്നുകളുടെ അപകടങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നിരവധി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാന്‍ വിസമ്മതിക്കുന്ന ഒരു കാലഘട്ടമാണിത്. അതിന്റെ ഫലമായി വസൂരി പോലെയുള്ള തടയാവുന്ന രോഗങ്ങള്‍ മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. പ്രതിരോധ കുത്തിവെപ്പ് വിരുദ്ധ പ്രതിഷേധങ്ങളുടെ കേന്ദ്രമായ ടെക്‌സാസില്‍ 2003ന് ശേഷം പ്രതിരോധ കുത്തിവെപ്പുകളെടുക്കാത്തവരുടെ എണ്ണം 20 മടങ്ങ് കണ്ടുവര്‍ദ്ധിച്ചിട്ടുണ്ട്.
പ്രധാന പകര്‍ച്ച വ്യാധികള്‍ക്കെതിരെ കുത്തിവെപ്പുകള്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന സര്‍ക്കാര്‍ നിബന്ധനയില്‍ വെള്ളം ചേര്‍ക്കാനും ട്രംപിന്റെയും കെന്നഡിയുടെയും നടപടികള്‍ കാരണമായേക്കാം. മതവിശ്വാസങ്ങളുടെ പേരില്‍ കുത്തിവെപ്പുകള്‍ നടത്താതിരിക്കുന്നതിനുള്ള അനുമതി മിക്ക സംസ്ഥാനങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ വ്യക്തിവപരമായ വിശ്വാസത്തിന്റെ പേരില്‍ ഇളവ് നല്‍കുന്നത് 18 സംസ്ഥാനങ്ങള്‍ മാത്രമാണ്. ഇതില്‍ ഒരു സംസ്ഥാനമായ ടെക്‌സാസ് തങ്ങളുടെ നിയമം കൂടുതല്‍ ശക്തിപ്പെടുത്തന്നതിനുള്ള വഴികള്‍ ആലോചിച്ചുകൊണ്ടിരിക്കുകയുമാണ്.

പ്രതിരോധ മരുന്നുകള്‍ സുരക്ഷിതമാണെന്ന് നിരവധി പഠനങ്ങളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. പ്രതിരോധ കുത്തിവെപ്പുകള്‍ ഓട്ടിസത്തിന് കാരണമായേക്കാം എന്ന് സ്ഥാപിക്കുന്ന ഒരേ ഒരു പഠനം വ്യാജമാണെന്ന് കണ്ടെത്തുകയും അതിന്റെ രചയിതാവിനെ അതൂര ശിശ്രൂഷയില്‍ നിന്നും വിലക്കിയിട്ടുമുണ്ട്. ശിശുക്കള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന കുത്തിവെപ്പ് സമയക്രമം ട്രംപ് ആരോപിക്കുന്നതുപോലെ വളരെ നേരത്തെയോ തിരക്കിട്ടുള്ളതോ അല്ലെന്ന് ശാസ്ത്രജ്ഞന്മാര്‍ തെളിവ് സഹിതം വാദിക്കുന്നു. വില്ലന്‍ ചുമ, ഡിഫ്ത്തീരിയ തുടങ്ങിയ രോഗങ്ങള്‍ വരാതിരിക്കാന്‍ വളരെ ചെറുപ്പത്തിലെ പ്രതിരോധ മരുന്ന് നല്‍കുന്നതാണ് ഉത്തമമെന്നും അവര്‍ വാദിക്കുന്നു. ‘നമ്മള്‍ ശാസ്ത്രം പഠിക്കുകയും നമ്മള്‍ ശാസ്ത്രത്തെ സംവാദങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യണം,’ എന്നാണ് താനും പ്രസിഡന്റും വിചാരിക്കുന്നതെന്ന് കെന്നഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ഒരു വിഷയമായി മാറുകയേ ഇല്ലായിരുന്നു എന്നാണ് ബ്ലൂംബര്‍ഗ് തങ്ങളുടെ മുഖപ്രസംഗത്തില്‍ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍