July 12, 2025 |
Share on

വിജയ് മല്യയെ ഇന്ത്യക്ക് വിട്ടു നൽകൽ: യുകെ കോടതി ഇന്ന് തീരുമാനമെടുക്കും

കഴിഞ്ഞവർഷത്തിൽ വിജയ് മല്യയെ കയറ്റിവിടുന്നതിനായി കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പിന് അന്വേഷണം നേരിടുന്ന വിവാദ വ്യവസായി വിജയ് മല്യയെ വിട്ടുനൽകണമോയെന്ന കാര്യത്തിൽ യുകെ കോടതി ഇന്ന് വിധി പറയും. ഈ കോടതിവിധി എതിരാകുകയാണെങ്കിൽ വിജയ് മല്യ മേൽക്കോടതിയെ സമീപിക്കാനാണ് സാധ്യത. ഇന്ത്യക്കെതിരാകുകയാണെങ്കിൽ 14 ദിവസത്തിനകം അപ്പീൽ ഫയൽ ചെയ്യാനുള്ള സൗകര്യമുണ്ട്.

കഴിഞ്ഞവർഷത്തിൽ വിജയ് മല്യയെ കയറ്റിവിടുന്നതിനായി കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ് മല്യ ഇപ്പോൾ. താൻ ഒരു രൂപപോലും കടമെടുത്തിട്ടില്ലെന്നും കടമെടുത്തത് കിങ്ഫിഷർ എയർലൈൻസാണെന്നുമുള്ള വാദമാണ് മല്യ ഉയർത്തുന്നത്. ബസിനസ്സ് പരാജയപ്പെട്ടതു കൊണ്ടാണ് പണം നഷ്ടമായതെന്നും മല്യ പറയുന്നു.

ഇന്ത്യയിലേക്ക് കയറ്റിവിടുന്നതിനെതിരെ മല്യയുടെ അഭിഷാഷകർ ഉയർത്തുന്ന വാദങ്ങളിലൊന്ന് ഇന്ത്യൻ ജയിലുകളിലെ സൗകര്യക്കുറവും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുമാണ്. വായുവും വെളിച്ചവുമില്ലാത്ത മുറികളാണ് ഇന്ത്യൻ ജയിലുകളിലുള്ളതെന്നും മല്യ പറയുന്നു. ഇതെത്തുടര്‍ന്ന് ഇന്ത്യക്ക് സ്വന്തം ജയിലുകളുടെ സൗകര്യങ്ങൾ യുകെ കോടതിയോട് വിശദീകരിക്കേണ്ടി വന്നു. ആർതർ റോഡ് ജയിലിന്റെ ബാരക്ക് 2 വീഡിയോയിൽ പിടിച്ച് കോടതിയിൽ ഹാജരാക്കി.

ഇന്ത്യൻ ജയിലുകളുടെ സൗകര്യങ്ങളെക്കുറിച്ച് ബ്രിട്ടീഷുകാർ ചോദിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തു വരികയുണ്ടായി. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു എന്നീ ഉന്നത ഇന്ത്യൻ നേതാക്കളെ ബ്രിട്ടീഷുകാർ തടവിലിട്ട ജയിൽമുറികൾ ഇപ്പോഴും രാജ്യത്തുണ്ടെന്ന് മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് പറയുകയുണ്ടായി.

ഇതിനിടയിൽ സ്വിസ് ബാങ്കായ യുബിഎസ്സും വിജയ് മല്യക്കെതിരെ യുകെ കോടതിയിൽ സമീപിച്ചിട്ടുണ്ട്. ലണ്ടനിലെ തന്റെ വീട് പണയം വെച്ച് വാങ്ങിയ 88,000 പൗണ്ട് തിരിച്ചു കിട്ടണമെന്നാണ് ബാങ്കിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

×