UPDATES

ഇന്ത്യ

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇതുവരെയും ശ്രേഷ്ഠ പദവി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; നല്‍കുന്നതിനെപ്പറ്റി ആലോചിച്ചിട്ടേയുള്ളൂ

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം വിദ്യാഭ്യാസ രംഗത്തെ വലിയ അഴിമതിയാണെന്ന് ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് ടീച്ചേഴ്‌സ് അസോസിയേഷന്ഡ പ്രസിഡന്റ് രജീബ് റേ അഭിപ്രായപ്പെട്ടു.

                       

റിലൈന്‍സിന്റെ ഇതുവരെ തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ സ്ഥാപന പദവി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ്) നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദമായിരിക്കെ വിശദീകരണവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരത്തില്‍ ഒരു സാധ്യത തുറന്നിട്ട്, ഉദ്ദേശമറിയിച്ചുകൊണ്ടുള്ള കത്ത് നല്‍കുക മാത്രമാണ് ചെയ്തതെന്നും. പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷത്തിനകം മികവ് തെളിയിക്കാനായാല്‍ മാത്രമേ ഐഒഇ സ്റ്റാറ്റസ് നല്‍കുന്ന കാര്യം പരിഗണനയിലുള്ളൂ എന്നുമാണ് മാനവവിഭവ ശേഷി മന്ത്രാലയ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം പ്രസ്താവനയില്‍ പറഞ്ഞത്.

വിദഗ്ധ സമിതി പരിശോധിച്ച ശേഷം മാത്രമേ ഇത്തരത്തില്‍ അംഗീകാരം നല്‍കൂ. മാനദണ്ഡങ്ങള്‍ പാലിക്കാത്ത പക്ഷം നല്‍കിയ ഐഒഇ ടാഗ് തിരിച്ചെടുക്കാന്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റിക്ക് അധികാരമുണ്ടെനനും സുബ്രഹ്മണ്യം പറഞ്ഞു. ഐഐടി ഡല്‍ഹി, ഐഐടി ബോംബെ, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങി രാജ്യത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പമാണ് മുകേഷ് അംബാനിയുടെ ഇതുവരെ തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. മാനവ വിഭവശേഷി മന്ത്രി പ്രകാശ് ദാവദേക്കര്‍ അടക്കമുള്ളവര്‍ ഐഒഇ പദവി നേടിയ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം വിദ്യാഭ്യാസ രംഗത്തെ വലിയ അഴിമതിയാണെന്ന് ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് ടീച്ചേഴ്‌സ് അസോസിയേഷന്ഡ പ്രസിഡന്റ് രജീബ് റേ അഭിപ്രായപ്പെട്ടു. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സല്‍പ്പേര് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ലെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന അധ്യാപകരിലൊരാളായ വിവേക് ചൗധരി ചൂണ്ടിക്കാട്ടി. പലപ്പോഴും ഒരു സ്ഥാപനം ഈ മികവും പേരും നേടിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. ഇത് പരിഹാസ്യമാണെന്നും വിവേക് ചൗധരി പറഞ്ഞു.

ഇന്ത്യക്ക് അംബാനിയുണ്ട്; അംബാനിക്ക് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും: ബനാന റിപ്പബ്ലിക്കിലെ കാഴ്ചകള്‍

Share on

മറ്റുവാര്‍ത്തകള്‍