UPDATES

വിദേശം

പെഗാസസിനെ പൂട്ടാനൊരുങ്ങി അമേരിക്ക

ഇന്ത്യയില്‍ ഉള്‍പ്പെടെ ഭരണകൂടങ്ങള്‍ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ചാര സോഫ്റ്റ്‌വെയര്‍

                       

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും, മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്താന്‍ ഉപയോഗിച്ച പെഗാസസ് സോഫ്റ്റ്‌വെയറിനെ പൂട്ടാനൊരുങ്ങി അമേരിക്ക. നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനോട് സ്‌പൈവെയറിന്റെ കോഡ് മെറ്റ ഉടമസ്ഥതയിലുള്ള കമ്മ്യൂണിക്കേഷന്‍ ആപ്പായ വാട്‌സ് ആപ്പിന് കൈമാറാന്‍ ഉത്തരവിട്ടിരിക്കുകയാണ് യുഎസ് കോടതി. ലോകത്തിലെ ഏറ്റവും അത്യാധുനിക സൈബര്‍ ആയുധങ്ങളുടെ നിര്‍മാതാക്കളോട് പെഗാസസിനൊപ്പം കമ്പനിയുടെ നിലവിലുള്ള വ്യവഹാരത്തിന്റെ ഭാഗമായി മറ്റ് സ്‌പൈവെയര്‍ ഉത്പന്നങ്ങള്‍ക്കുമുള്ള കോഡും കൈമാറാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.്

തങ്ങളുടെ 1,400 ഓളം ഉപയോക്താക്കള്‍ക്കെതിരേ ഇസ്രയേലി കമ്പനി അവരുടെ സ്പൈവെയര്‍ ആഴ്ച്ചകളോളം ഉപയോഗിച്ചുവെന്നാരോപിച്ച് 2019 മുതല്‍ എന്‍എസ്ഒയ്ക്കെതിരേ വാട്‌സ് ആപ്പ് നടത്തിവരുന്ന നിയമപരമായ പോരാട്ടത്തിന്റെ വിജയമാണ് ജഡ്ജി ഫില്ലിസ് ഹാമില്‍ട്ട് പുറപ്പെടുവിച്ച വിധി. എന്‍എസ്ഒ ഗ്രൂപ്പിന്റെ ചാരവൃത്തി ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പെഗാസസിന്റെയും കമ്പനി വില്‍ക്കുന്ന മറ്റ് നിരീക്ഷണ ഉത്പന്നങ്ങളുടെ കോഡും സുപ്രധാനമായ രാജ്യ രഹസ്യമായാണ് കണക്കാക്കപ്പെടുന്നത്. എന്‍എസ്ഒയെ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം കര്‍ശനമായി നിയന്ത്രിക്കുന്നുണ്ട്. കമ്പനി അതിന്റെ ചാര ഉപകരണങ്ങള്‍ മറ്റ് വിദേശ രാജ്യത്തെ സര്‍ക്കാരുകള്‍ക്ക് വില്‍ക്കുന്നത് ഇസ്രയേല്‍ സര്‍ക്കാര്‍ അവലോകനം ചെയ്യും. തുടര്‍ന്ന് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ വില്പന തുടരാനാകു.

യുഎസും ഇസ്രയേല്‍ സര്‍ക്കാരും ഏര്‍പ്പെടുത്തിയ നിയമങ്ങളും പരിമിതികളും കാരണം എന്തെങ്കിലും തെളിവുകളോ വിവരങ്ങളോ കേസില്‍ പങ്കുവെക്കാന്‍ സാധിക്കില്ലെന്ന് എന്‍എസ്ഒ വാദിച്ചിരുന്നു. എന്‍എസ്ഒയുടെ ഈ അപേക്ഷ ഹാമില്‍ട്ടണ്‍ പരിഗണിച്ചിരുന്നു. എന്നാല്‍ വാട്‌സ് ആപ്പിന്റെ വാദം ശരിവച്ച കോടതി വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ ഹാക്ക് ചെയ്യപ്പെട്ടതായി കരുതുന്ന രണ്ടാഴ്ചയ്ക്ക് മുമ്പും ശേഷവും കമ്പനി പ്രവര്‍ത്തിപ്പിച്ചിരുന്ന എല്ലാ സ്പൈവെയറുകളുടെ വിവരങ്ങളും പങ്കുവെക്കാന്‍ ആവശ്യപ്പെട്ടു. അതായത് 2018 ഏപ്രില്‍ 29 നും 2020 മെയ് 10 നും ഇടയിലുള്ള വിവരങ്ങളാണ് കൈ മാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, സ്പൈവെയര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും എന്‍എസ്ഒ വാട്‌സ് ആപ്പിന് നല്‍കണം. അതേ സമയം എന്‍എസ്ഒ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച കോടതി നിലവില്‍ കമ്പനിയുടെ ക്ലയന്റുകളുടെ പേരുകളോ അതിന്റെ സെര്‍വര്‍ ആര്‍ക്കിടെക്ചറിനെക്കുറിച്ചുള്ള വിവരങ്ങളോ വെളിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടില്ല.

”നിയമവിരുദ്ധമായ ആക്രമണങ്ങളില്‍ നിന്ന് വാട്സ് ആപ്പ് ഉപയോക്താക്കളെ സംരക്ഷിക്കുക എന്ന ഞങ്ങളുടെ ദീര്‍ഘകാല ലക്ഷ്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് സമീപകാല കോടതി വിധി. സ്പൈവെയര്‍ കമ്പനികളും മറ്റ് ചാരവൃത്തിയില്‍ ഏര്‍പ്പെടുന്നവരും എല്ലാ കാലത്തും നിയമത്തെ കബളിപ്പിക്കാന്‍ കഴിയില്ലെന്ന വസ്തുത അംഗീകരിക്കണം,” കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച വാട്സ ്ആപ്പ് വക്താവ് പറയുന്നു. കോടതി ഉത്തരവിനെ കുറിച്ച് ദി ഗാര്‍ഡിയനോട് പ്രതികരിക്കാന്‍ എന്‍എസ്ഒ തയ്യാറയിട്ടില്ല.

പെഗാസസ് ഹാക്ക് ചെയ്ത് ഒരു മൊബൈല്‍ ഫോണില്‍, കോളുകള്‍, ഇമെയിലുകള്‍, ഫോട്ടോഗ്രാഫുകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍, എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ എന്നിവയിലേക്ക് ഉപയോക്താവിന്റെ അറിവില്ലാതെ അനിയന്ത്രിതമായ ആക്സസ് നേടാന്‍ സോഫ്റ്റ്വെയറിന് കഴിയും. ‘യുഎസിന്റെ വിദേശ നയത്തിനും ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമായി’ പ്രവര്‍ത്തിച്ചുവെന്ന് നിര്‍ണയിച്ചതിന് ശേഷം 2021 ല്‍ ബൈഡന്‍ ഭരണകൂടം എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്‍എസ്ഒ അതിന്റെ സ്‌പൈവെയര്‍ ലോകമെമ്പാടുമുള്ള ഗവണ്‍മെന്റ് ക്ലയന്റുകള്‍ക്ക് വില്‍ക്കുന്നുണ്ട്. എന്നാല്‍ കമ്പനി ക്ലയന്റുകളുടെ പേരുകള്‍ വെളിപ്പെടുത്തുയിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി നടക്കുന്ന ഗവേഷണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും ഇന്ത്യയ്ക്ക് പുറമെ പോളണ്ട്, സൗദി അറേബ്യ, റുവാണ്ട, ഹംഗറി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലെ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സിവില്‍ സമൂഹത്തിലെ മറ്റ് അംഗങ്ങളെയും നിരീക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍