UPDATES

അദാനി ഗ്രൂപ്പിനും ഗൗതം അദാനിക്കുമെതിരേ അമേരിക്കയുടെ അന്വേഷണം

കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമെന്ന് റിപ്പോര്‍ട്ട്

                       

അദാനി ഗ്രൂപ്പിനും ഗൗതം അദാനിക്കുമെതിരേ അന്വേഷണം വ്യാപിപ്പിച്ച് അമേരിക്ക. അദാനി ഗ്രൂപ്പ് അതിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കൈക്കൂലി നല്‍കിയോ തുടങ്ങിയ കാര്യങ്ങളില്‍ വിപുലമായ അന്വേഷണം അമേരിക്ക ആരംഭിച്ചതായി മാര്‍ച്ച് 15 ന് ബ്ലൂംബെര്‍ഗ് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ ഒരു ഊര്‍ജ്ജ പദ്ധതിക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതില്‍ അദാനി ഗ്രൂപ്പുമായി ബന്ധമുള്ള, ഗൗതം അദാനി അടക്കമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം പ്രോസിക്യൂട്ടര്‍മാര്‍ വിശദമായി അന്വേഷിക്കുന്നുണ്ടെന്നാണ് ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ള കേന്ദ്രങ്ങള്‍ ബ്ലൂംബെര്‍ഗിനെ അറിയിച്ചത്.

ന്യൂയോര്‍ക്ക് ഈസ്‌റ്റേണ്‍ ഡിസ്ട്രിക്ടിലെ യു എസ് അറ്റോണി ഓഫിസും ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലുള്ള വഞ്ചന കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗവും ചേര്‍ന്നാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. അദാനി ഗ്രൂപ്പിന് പുറമെ മറ്റൊരു ഇന്ത്യന്‍ കമ്പനിയായ അസ്യൂര്‍ പവര്‍ ഗ്ലോബലിനെതിരേയും അന്വേഷണം നടക്കുന്നുണ്ടെന്നു ബ്ലൂംബെര്‍ഗ് പറയുന്നു. പുനരുപയോഗ ഊര്‍ജ്ജ കമ്പനിയാണ് അസ്യൂര്‍ പവര്‍ ഗ്ലോബല്‍.

അതേസമയം, ഇത്തരമൊരു അന്വേഷണം കമ്പനിക്കും ചെര്‍മാനുമെതിരേ നടക്കുന്നുണ്ടെന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു വിവരവും ഇല്ലെന്നാണ് അദാനി ഗ്രൂപ്പ് ബ്ലൂംബെര്‍ഗിനോട് പ്രതികരിച്ചത്.

ഈ വിഷയത്തില്‍ അദാനി ഗ്രൂപ്പ്, അസ്യുര്‍ പവര്‍, യു എസ് നീതിന്യായ വകുപ്പ് എന്നിവരെ റോയിട്ടേഴ്‌സ് ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് അവര്‍ പറയുന്നു. യു എസ് അറ്റോര്‍ണി ഓഫിസിനെയും പ്രതികരണത്തിനായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്.

അദാനി ഗ്രൂപ്പിനെതിരെ 2023 ജനുവരിയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് ഓഹരി തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന പുതിയ തെളിവുകളാണ് ഒ സി സി ആര്‍ പി(സംഘടിത കുറ്റകൃത്യങ്ങളും അഴിമതികളും പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ) പുറത്തു കൊണ്ടിവന്നത്. ഓഹരി തട്ടിപ്പ്, നികുതി വെട്ടിപ്പ്, അനധികൃതമായി രീതികളിലൂടെ ഭരണകൂടത്തിന്റെ പിന്തുണ നേടിയെടുക്കല്‍ തുടങ്ങിയ ആരോപണങ്ങളായിരുന്നു ഗ്രൂപ്പിനെതിരേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിക്കുകയായിരുന്നു. ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അദാനി ഗ്രൂപ്പിനെതിരേ സെബി അന്വേഷണം ആരംഭിച്ചിരുന്നു. സെബിക്ക് പുറമെ മറ്റൊരു ഏജന്‍സി അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി വന്നെങ്കിലും അദാനിക്ക് ആശ്വാസമേകി സെബിയുടെ അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു കോടതി.

Related news


Share on

മറ്റുവാര്‍ത്തകള്‍