ദി ഹിന്ദു ഇന്റര്‌നാഷ്ണന്‍ അഫയേഴ്‌സ് എഡിറ്ററും കോളമിസ്റ്റുമായ ഡോ.സ്റ്റാന്‍ലി ജോണിയുടെ The ISIS Caliphate – From Syria to the doorsteps of India എന്ന പുസ്തകത്തിന് ജയറാം ജനാര്‍ദ്ദനന്‍ എഴുതിയ നിരൂപണം ഇന്നത്തെ ഫെയ്‌സ്ബൂക് ഡയറിയില്‍.
CAF World Giving Index എന്നത് വിവിധ രാജ്യങ്ങളുടെ generosity അളക്കുന്ന ഒരു സൂചികയാണ്. GDP, GNP, IMR എന്നൊക്കെ പറയുന്നതുപോലെ സാര്‍വദേശീയമായി അംഗീകാരം ഉള്ള ഒന്നല്ല CAF World Giving Index എന്നത്. എന്നിരുന്നാലും പൊതുവില്‍ സ്വീകാര്യമായി തോന്നുന്ന ചില കാര്യങ്ങള്‍ ഇതില്‍ ഉണ്ട്. പണം സംഭാവന ചെയ്യാനും അപരിചിതരെ സഹായിക്കാനും തയ്യാറാകുന്ന ഓരോ രാജ്യത്തെയും പൌരന്മാരുടെ ശതമാനം ആണ് ഈ സൂചികയില്‍ കാണിക്കുന്നത്.
അത് പ്രകാരം മിക്കവാറും ഒന്നാം സ്ഥാനത്ത് വരുന്ന രാജ്യമാണ് ഇറാഖ്. ഏതാണ്ട് ഇരുപത് വര്‍ഷത്തില്‍ അധികമായി അമേരിക്കന്‍ സഖ്യത്തിന്റെ ആക്രമണത്തിനും ഉപരോധത്തിനും ഇരയായ രാജ്യമാണ് ഇറാഖ്. ആവിധത്തില്‍ ഞെരിഞ്ഞു തകരുന്ന ഒരു സമൂഹം ഉദാരതയുടെ കാര്യത്തില്‍ മുന്നില്‍ എപ്പോഴും നില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കാം? തീര്‍ച്ചയായും അത് സിവിലൈസേഷനല്‍ ആയ ഒരു സംഗതി ആവണം. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ കാലവര്‍ഷം വളര്‍ത്തിയെടുത്ത മഴക്കാടുകള്‍ പോലെയാണ് സംസ്‌കൃതിയും. അത് ചെറിയ കാലയളവുകളില്‍ സംഭവിക്കുക പ്രയാസമായിരിക്കും. അത് തന്നെയാണ് ഒരു പക്ഷെ ഇറാഖും അമേരിക്കയും തമ്മിലുള്ള മുഖ്യ വ്യത്യാസവും. ഒരു കാര്യവും ഇല്ലാതെ ആളുകളെ കൊല്ലുക എന്നത് അമേരിക്കക്കാര്‍ക്ക് മാത്രം പറ്റുന്ന പണിയാവുന്നത് അതുകൊണ്ട് കൂടിയാണ്.
എന്തുകൊണ്ടായിരിക്കാം അത്രക്കും ഉദാരമായിരുന്ന, ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉന്നതമായ മനുഷ്യ സംസ്‌കാരം നിലനിന്ന ഒരു ഭൂപ്രദേശത്ത് ഐഎസ്‌ഐഎസ് പോലൊരു ഭീകര സംഘടന? അതും ക്രൂരതയിലും അക്രമാസക്തിയിലും ഇനി എത്തിപിടിക്കാന്‍ പറ്റാത്ത നിലവാരം കാഴ്ചവെച്ച ഒരു സംഘടന ഉണ്ടായി വന്നത്? ഒരു പക്ഷെ ഒരു സംസ്‌കൃതിയെ നാം തകര്‍ക്കുമ്പോള്‍ ഇതായിരിക്കും സംഭവിക്കുക. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാമൂഹിക ജീവിതത്തിലൂടെ ഇല്ലായ്മ ചെയ്ത,മെരുക്കിയെടുത്ത പ്രാകൃത വികാരങ്ങളെ പുറത്ത് കൊണ്ട് വന്നാല്‍ ഒരു പക്ഷെ ഇതായിരിക്കും സംഭവിക്കുക്കുക.
സ്റ്റാന്‍ലി ജോണിയുടെ ആദ്യ പുസ്തകം – THE ISIS CALIPHATE- From Syria to the doorsteps of India – അന്വേഷിക്കുന്നത് നാം ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും വലിയ സുരക്ഷ പ്രശ്‌നങ്ങളില്‍ ഒന്നായി മാറിയ ISISന്‍റെ ആവിര്‍ഭാവവും വളര്‍ച്ചയും ഒരു പ്രോട്ടോ സ്റ്റേറ്റ് എന്ന നിലയില്‍ അതിന്‍റെ ഒരുപക്ഷെ താല്‍ക്കാലികമായ തകര്‍ച്ചയും ആണ്. ഇത്തരമൊരു അന്വേഷണം എളുപ്പമുള്ള കാര്യമല്ല.
എന്തുകൊണ്ട് ISIS പോലുള്ള, അല്ലങ്കില്‍ സമാനമായ സംഘടനകള്‍ ഉണ്ടാകുന്നു, എന്തുകൊണ്ട് അത്തരം സംഘടനകളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു തുടങ്ങിയ ചോദ്യങ്ങള്‍ പുതിയതല്ല. മുസ്ലീം ഭൂരിപക്ഷ സമൂഹങ്ങളിലെ സാമൂഹികവും സാമ്പത്തികവും സൈനികവും ആയ അധിനിവേശം പൊതുവില്‍ ചൂണ്ടികാണിക്കപ്പെടുന്ന ഒരു ഉത്തരം ആണ്. അതേസമയം അത്തരമൊരു അവസ്ഥ നിലവില്‍ ഇല്ലാത്ത ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തങ്ങള്‍ മേല്‍പറഞ്ഞ ഉത്തരത്തെ അപൂര്‍ണ്ണമാക്കുന്നു.
ദാരിദ്രവും പട്ടിണിയും ആണ് ആളുകളെ തീവ്രവാദികള്‍ ആക്കുന്നത് എന്ന് വാദിച്ചാല്‍ സാമാന്യം നല്ല സാമ്പത്തിക നിലവാരമുള്ള യൂറോപ്യന്‍/അമേരിക്കന്‍ സമൂഹങ്ങളില്‍ നിന്ന് തീവ്രവാദികള്‍ ഉണ്ടാകുന്നത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാവും. അല്ലങ്കില്‍ മിഡില്‍, അപ്പര്‍ മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ നിന്ന് ആളുകള്‍ ഐഎസ്ഐഎസില്‍ ചേരുന്നത് മനസിലാക്കാന്‍ പ്രയാസമാവും. വേറൊരു വിശദീകരണം പടിഞ്ഞാറന്‍ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന വംശീയതയും അവിടെ കുടിയേറി എത്തുന്ന മുന്‍കോളനികളില്‍ നിന്നുള്ള ആളുകള്‍ നേരിടുന്ന അന്യവത്കരണം ആണ് അവരെ തീവ്രവാദികള്‍ ആക്കുന്നത് എന്നതാണ്. എല്ലാ മുന്‍കോളനികളില്‍ നിന്നും വരുന്ന കുടിയേറ്റക്കാര്‍ തീവ്രവാദികള്‍ ആയി തീരുന്നില്ല എന്നതുകൊണ്ട് തന്നെ ഈ ഉത്തരവും അപൂര്‍ണ്ണമാണ്.
സ്റ്റാന്‍ലി ജോണിയുടെ പുസ്തകത്തിലെ ആദ്യഭാഗം ISISന്റെ ഉത്ഭവവും വികാസവും ആണ് വിശദീകരിക്കുന്നത്. ഇറാക്കിലെ അമേരിക്കന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ കരിസ്മാറ്റിക് ആയ ഒരു മതപണ്ഡിതന്‍ എങ്ങനെയാണ് ISIS പോലുള്ള ഒരു മാരക പ്രഹര ശേഷിയുള്ള തീവ്രവാദ സംഘടനക്ക് രൂപം നല്‍കിയത് എന്നത് ഈ ഭാഗത്ത് വിശദമാക്കിയിട്ടുണ്ട്. The Karl Marx of al-Qaeda എന്നും The Maradona of Camp Bucca എന്നുമൊക്കേയാണ് നാം പിന്‍കാലത്ത് അബുബക്കര്‍ അല്‍ ബഗ്ദാദി എന്ന പേരില്‍ അറിഞ്ഞ മനുഷ്യന്‍ അന്ന് അറിയപ്പെട്ടിരുന്നത്.
ഈ കാലഘട്ടത്തില്‍ തീവ്രവാദത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്ലീങ്ങള്‍ തന്നെയാണ്. മുസ്ലീം ഭൂരിപക്ഷ സമൂഹങ്ങളിലെ കാര്യമാണ് ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നത്. ഇറാക്കിലെയും സിറിയയിലെയും പാക്കിസ്ഥാനിലെയും അനുഭവങ്ങള്‍ ഈ വസ്തുതയിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത്. വിവിധ മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുള്ള സെക്‌റ്റെറിയന്‍ കൂട്ടക്കൊലകള്‍ക്ക് എന്തുതരത്തിലുള്ള വിശദീകരണമാണ് നിലവിലുള്ളത് എന്നത് പലപ്പോഴും ആലോചിച്ചിട്ടുള്ള ഒരു കാര്യമാണ്.
ഇസ്ലാമിക് തിയോളജിയിലെ വിവാദപരമായ തക്ഫിര്‍ എന്ന സങ്കല്‍പ്പമാണ് ഇതിനായി വഹാബികള്‍ ഉപയോഗപ്പെടുത്തുന്നത്. ഒരു മുസ്ലീം മറ്റൊരു മുസ്ലീമിനെ അവിശ്വാസിയായി പ്രഖ്യാപിക്കുന്നതിനെയാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്ലാമിന്റെ വഹാബി വ്യാഖ്യാനം പിന്തുടരാത്തവര്‍ എല്ലാം, വാഹാബികളെ സംബന്ധിച്ചെടുത്തോളം അവിശ്വാസികള്‍ ആണ്. ഈ സമീപനം തക്ഫിര്‍ന് സിദ്ധാന്തപരമായ സാധുത നല്‍കുന്നു (പേജ് 59). മുസ്ലീം സമൂഹങ്ങള്‍ക്ക് എതിരെ ഭീകരാക്രമണം നടത്താന്‍ ഈ വിധത്തിലുള്ള വിഭജനം പുത്തന്‍ തലമുറ ജിഹാദികള്‍ക്ക് സഹായകരമാവുന്നുണ്ട്.
ചരിത്രപരമായി നോക്കിയാല്‍ മുസ്ലീങ്ങള്‍ തക്ഫിര്‍ എന്ന പ്രാക്ടീസില്‍ നിന്ന് ഒഴിഞ്ഞു നിന്നിട്ടുണ്ട്. കാരണം വേറൊരു മുസ്ലീമിനെ അവിശ്വാസിയായി പ്രഖ്യാപിക്കുന്നത് വളരെ ഗൌരവതരമായ നടപടിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇസ്ലാമിന്റെ പ്രവാചകന്‍ തന്നെ തക്ഫിര്‍നെതിരായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന് പല മുസ്ലീം നിയമപണ്ഡിതരും സൂചിപ്പിക്കുന്നുണ്ട്.
ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗം – The Periphery – നമ്മള്‍ മലയാളികള്‍ക്ക് കൂടുതല്‍ താല്‍പര്യം ഉണ്ടാക്കുന്നതാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും ഹിജ്‌റ പോയവരുടെ സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും മറ്റുമാണ് ഈ ഭാഗത്ത് ഉള്ളത്. ആട് മേയ്ക്കല്‍ എന്ന് മലയാളികള്‍ തമാശക്ക് പറയുന്ന പലായനത്തിന് കുറച്ചധികം മനുഷ്യരെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്നതാണ് ഇവിടുത്തെ അന്വേഷണ വിഷയം. അത്തരത്തില്‍ യാത്രപോയ രണ്ട് യുവാക്കളുടെ ബാപ്പയായ റഹ്മാന്‍ പറയുന്നു.
” They are calm and quiet boys. They simply couldn’t have joined ISIS’.
എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലൊരു വായനക്കായി ഞാന്‍ ഈ പുസ്തകം നിര്‍ദേശിക്കുന്നു.