UPDATES

വായന/സംസ്കാരം

ട്രംപ് മുതൽ റോഹിങ്ക്യൻ അഭയാർഥിപ്രശ്‌നം വരെ; പുലിറ്റ്സർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സാഹിത്യത്തിനുള്ള പുരസ്‌കാരം റിച്ചാർഡ് പവേഴ്സിന്റെ ‘ദി ഓവർ സ്റ്റോറി’ സ്വന്തമാക്കി.

                       

അമേരിക്കയിലെ കൂട്ടക്കൊലകളുടെയും വെടിവെയ്പുകളുടെയും വ്യാപ്തിയിലേക്ക് വെളിച്ചം വീശി 2019 ലെ പുലിറ്റ്സർ പുരസ്‌കാര പ്രഖ്യാപനം. മാധ്യമ പ്രവർത്തനരംഗത്തെയും സാംസ്‌കാരിക രംഗത്തെയും മികവിന് യുഎസിൽ നൽകപ്പെടുന്ന പുലിറ്റ്‌സർ പുരസ്കാരത്തിലാണ് അമേരിക്കയിലെ കൂട്ടക്കൊലകളും വെടിവെയ്പുകളും മുതൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം വരെ ചർച്ച ചെയ്യപ്പെട്ടത്.

രാജ്യത്തെ രാഷ്ട്രീയ സാംസ്‌കാരിക അന്തരീക്ഷത്തെ കൃത്യമായി മനസിലാക്കികൊണ്ടാണ് വിധി നിർണ്ണയം ഉണ്ടായതെന്നും സത്യസന്ധമായി തൊഴിൽ ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുമേൽ നിരന്തരം ആക്രമണം നടക്കുന്ന ചരിത്ര സന്ധിയിൽ പുരസ്‌കാരം നിർണ്ണായകമാണെന്നും പുലിറ്റ്‌സർ അഡ്മിനിസ്ട്രേറ്റർ ഡാന കാൻഡി സൂചിപ്പിച്ചു.

ട്രംപിന്റെ മുൻ അഭിഭാഷകൻ മിഷേൽ കോഹനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും, ട്രംപിനെതിരെയുള്ള ലൈംഗികാരോപണങ്ങളെ തേച്ചുമാച്ച് കളയാനുള്ള ശ്രമങ്ങളെക്കുറിച്ചും റിപ്പോർട് ചെയ്തതിനാണ് ന്യൂസ് റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം വാൾ സ്ട്രീറ്റ് ജേർണലിന് ലഭിക്കുന്നത്. ട്രംപുമായി ബന്ധപ്പെട്ട നികുതി വിവരങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള വിശദീകരത്തിനാണ് ന്യൂയോർക്ക് ടൈംസ് പുരസ്‌കാരം നേടുന്നത്. പാര്‍ക്ക് ലാന്‍ഡ് വെടിവെയ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗിന് സൗത്ത് ഫ്ലോറിഡ സൺ എന്ന പത്രത്തിന് മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു.

പിറ്റസ്ബർഗ് വെടിവെപ്പിനെ കുറിച്ച് ലോകത്തെ ആദ്യം അറിയിച്ചതിന് പിറ്റസ്ബർഗ് പോസ്റ്റിനു ബ്രേക്കിംഗ് ന്യൂസ് ഗണത്തിലെ പുരസ്‌കാരം ലഭിച്ചു. ദക്ഷിണ കാലിഫോർണിയയിലെ ഒരു മെഡിക്കൽ സർവകലാശാലയിലെ ഗൈനക്കോളജിസ്റ്റിന്റെ ലൈംഗിക പീഡന കഥകൾ പുറത്ത്കൊണ്ടുവന്ന ലോസ് ഏഞ്ചലസ് ടൈംസിനാണ് ഇത്തവണത്തെ അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. സർവ്വകലാശാലയെ കുറിച്ചുള്ള ഈ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

യുദ്ധവുമായി ബന്ധപ്പെട്ട് യെമൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ പുറം ലോകത്തെ അറിയിച്ച അസോസിയേറ്റഡ് പ്രസ് മാധ്യമപ്രവർത്തകരും പുരസ്കാരം നേടി. റോഹിങ്ക്യൻ അഭയാർത്ഥിജീവിതത്തിന്റെ നേർക്കാഴ്ചകൾ ലോകത്തെ അറിയിച്ചതിനാണ് റോയിട്ടേഴ്‌സ് പുരസ്‌കാരം നേടിയത്. യെമൻ യുദ്ധ ദുരിതങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ നരിമാൻ എൽ മൊഫിറ്റിയ്ക്കും വീഡിയോഗ്രാഫർ മാഡ് അൽ സിക്രി യ്ക്കും പുരസ്കാരം ലഭിച്ചു.

സാംസ്‌കാരിക രംഗത്തെ മികവിന് നാടകകൃത്ത് ജാക്കി സിബ്‌ലീസ്‌ ദ്രൂരിയ്ക്ക് പുരസ്‌കാരം ലഭിച്ചപ്പോൾ സാഹിത്യത്തിനുള്ള പുരസ്‌കാരം റിച്ചാർഡ് പവേഴ്സിന്റെ ‘ദി ഓവർ സ്റ്റോറി’ സ്വന്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍