UPDATES

വായന/സംസ്കാരം

‘സമകാലിക അശാന്തിയില്‍ എഴുതുവാന്‍ കഴിയുകയില്ല’; സി ആര്‍ പരമേശ്വരന്‍

എണ്‍പതുകള്‍വരെ ഭരണകൂടങ്ങളുടെയും മുഖ്യധാരാപാര്‍ട്ടികളുടെയും നുണകളെയും വ്യാജപ്രചാരണങ്ങളെയും തുറന്നുകാണിക്കാന്‍ ധാരാളം പേര്‍ ഉണ്ടായിരുന്നു. അക്കാലത്താണ് ഞാന്‍ കവിതയും കഥയും നോവലും എഴുതിയത്.

                       

ഫിക്ഷനെ അതിശയിപ്പിക്കുന്ന പ്രാദേശിക, ദേശിയ രാഷ്ട്രീയം വീക്ഷിക്കുന്ന ഒരു നിശബ്ദ പ്രേക്ഷകനാണ് താനെന്ന് സി ആര്‍ പരമേശ്വരന്‍. പ്രകൃതി നിയമത്തിനുശേഷം ഒരു നോവല്‍ പ്രസ്ദ്ധീകരിക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമകാലിക അനീതികള്‍ മനസിനെ അലയൊടുങ്ങാത്ത കടലാക്കുമ്പോള്‍ എഴുതാനാവില്ല സ്തബ്ധത മാത്രമേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി വാരന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സി ആര്‍ പരമേശ്വരന്‍ തന്റെ എഴുത്ത് ജീവിതത്തെ കുറിച്ച് സംസാരിച്ചത്. സമൂഹത്തില്‍ ആരെങ്കിലും വാക്കുകള്‍ കൊണ്ടെങ്കിലും അനീതിക്കെതിരെ കണക്ക് തീര്‍ക്കുന്നില്ലെങ്കില്‍ ഈ പറയുന്നത് നുണയാണ് എന്ന് പറയുന്നില്ലെങ്കില്‍ എനിക്ക് എഴുതാന്‍ കഴിയില്ലയെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

എണ്‍പതുകള്‍വരെ ഭരണകൂടങ്ങളുടെയും മുഖ്യധാരാപാര്‍ട്ടികളുടെയും നുണകളെയും വ്യാജപ്രചാരണങ്ങളെയും തുറന്നുകാണിക്കാന്‍ ധാരാളം പേര്‍ ഉണ്ടായിരുന്നു. അക്കാലത്താണ് ഞാന്‍ കവിതയും കഥയും നോവലും എഴുതിയത്. എണ്‍പതുകളോടെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളിലേക്കും മതമൗലികവാദ പ്രസ്ഥാനങ്ങളിലേക്കും ഉണ്ടായ നക്‌സലൈറ്റുകളുടെയും സ്വതന്ത്രചിന്തകരുടെയും കൂട്ടപ്രയാണം ഒരുപാട് നുണകളും ചതികളും കൈകാര്യം ചെയ്യപ്പെടാന്‍ ആളില്ലാതെ സമൂഹത്തില്‍ പെരുകാന്‍ ഇടയാക്കി. കണക്കുതീര്‍ക്കപ്പെടാത്ത ഓരോ അനീതിയും എന്നെ അശാന്തനാക്കി. രാജനും അഭയയും ചേകന്നൂരും ഷുക്കൂറും ടി.പി.യും വിനായകനും ജിഷ്ണു പ്രണോയും അഭിമന്യുവും സലോമിയുമെല്ലാം ഞാന്‍ കൂടിയാണ് അവരുടെ തലയിലെഴുത്തിനു കാരണമെന്ന മട്ടില്‍ എന്റെ ഉള്ളില്‍ പാര്‍പ്പാക്കും.

എന്റെ വിമര്‍ശകര്‍ പറയുന്നതുപോലെ സമൂഹത്തില്‍ ഞാന്‍ സക്രിയമായി ഇന്നേവരെ ഒന്നും ചെയ്തിട്ടില്ലായിരിക്കാം. പക്ഷേ, ‘പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവു പൊള്ളുന്നു’ എന്ന കെ.ജി. ശങ്കരപ്പിള്ളയുടെ വാക്കുകള്‍ എന്റെ ഒരു നിത്യയാഥാര്‍ഥ്യമാണ്. അത്തരം ഒരു അശാന്തിയില്‍ എന്റെ പ്രകൃതത്തിലുള്ള ഒരാള്‍ക്ക് സര്‍ഗാത്മക രചനകള്‍ അസാധ്യമാണെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ എഴുതിത്തുടങ്ങിയ സി.ആര്‍.പരമേശ്വരന്‍ 1969-ലും 70-ലും കേരള സര്‍വ്വകലാശാല നടത്തിയ കവിതാമത്സരങ്ങളില്‍ ഒന്നാം സമ്മാനം, 1971ലെ മാതൃഭൂമിയുടെ കവിതാ-നാടക മത്സരങ്ങളില്‍ ഒന്നാം സമ്മാനം എന്നിവ നേടിയിട്ടുണ്ട്. ആദ്യനോവലായ പ്രകൃതിനിയമം 1989-ലും സാഹിത്യവിമര്‍ശനഗ്രന്ഥമായ ‘വംശചിഹ്നങ്ങള്‍ ‘ 2015-ലും കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ നേടി. വിപല്‍ സന്ദേശങ്ങള്‍ (1989), അസഹിഷ്ണുതയുടെ ആവശ്യം (1999) എന്നീ ലേഖനസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇടതുപക്ഷത്തിന്റെ പ്രതിസന്ധിയും അതിന്റെ ഭാഗമായുള്ള പ്രത്യാശാനഷ്ടവുമാണ് സി.ആര്‍.പരമേശ്വരന്റെ കൃതികളിലെ പ്രധാനവിഷയം.

എന്താണ് ആർട്ടിക്കിൾ 370? നടപ്പിലാകുന്നത് ഏഴ് പതിറ്റാണ്ടായി ആര്‍ എസ് എസ് കൊണ്ടുനടന്ന ലക്ഷ്യം

Share on

മറ്റുവാര്‍ത്തകള്‍