UPDATES

വായന/സംസ്കാരം

ഈ ധിക്കാരിയുടെ കവിത തന്നെയാണ് ജീവിതം

ധിക്കാരിയായ ഒരു മനുഷ്യന്‍ നടത്തിയ സമരങ്ങളായിവേണം പഴവിള രമേശന്റെ കാവ്യജീവിതത്തെ സമീപിക്കുവാന്‍.

                       

ധിക്കാരിയായ ഒരു മനുഷ്യന്‍ നടത്തിയ സമരങ്ങളായി വേണം പഴവിള രമേശന്റെ കാവ്യജീവിതത്തെ കാണുവാന്‍. മാനവീയ മൂല്യങ്ങള്‍ക്കുവേണ്ടി എന്നും കലഹത്തോടെ പോരാടുവാനായിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നത്. അരാജക ജീവിതത്തിന്റെ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുമ്പോഴും ചുറ്റുമുള്ളവരെ സൗഹാര്‍ദത്തോടെ ചേര്‍ത്തുനിര്‍ത്തുവാന്‍ പഴവിള രമേശനെന്ന മനുഷ്യ സ്‌നേഹിക്ക് കഴിഞ്ഞിരുന്നു.

ചങ്ങമ്പുഴ കവിതകളുടെ ബാധ കവികളില്‍ കുടികൊണ്ട സമയത്തുപോലും തന്റേതായ കാവ്യവഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന വ്യക്തിയായിരുന്നു പഴവിള. ജാതി മത വേര്‍തിരിവുകള്‍ക്കെതിരെ കലഹിച്ചും മാനവികതക്കുവേണ്ടി പോരാടിയുമാണ് പഴവിളയുടെ തൂലിക ശക്തിപ്പെട്ടത്.

ഒ.എന്‍.വിയും തിരുനല്ലൂരും കാക്കനാടനും കെ.പി അപ്പനും അടങ്ങുന്ന എഴുത്തുകാരുടെ ജന്മദേശമായ കൊല്ലത്താണ് പഴവിളയും ജനിച്ചത്. കവി, എഴുത്തുകാരന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ അദ്ദേഹം കേരളത്തില്‍ അറിയപ്പെടുന്നത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ച കാലയളവിലാണ്. അദ്ദേഹത്തിന്റെ പ്രതിഭയെ ഉത്തേജിപ്പിക്കാന്‍ പോന്ന പ്രതിഭാശാലികള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്നു. എസ്. ഗുപ്തന്‍ നായരും ഡോ. എ.എന്‍.പി ഉമ്മര്‍കുട്ടി, പുനലൂര്‍ ബാലന്‍, സി.പി. നാരായണന്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, എം.പി. പരമേശ്വരന്‍, ഡോ.കെ.എന്‍. എഴുത്തച്ചന്‍, ഡോ.കെ.എന്‍. ശ്രീനിവാസന്‍ തുടങ്ങിയവരുമായി ഇടപഴകിയുള്ള സംവാദത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം പഴവിളയുടെ പ്രതിഭയെ കൂടുതല്‍ വികസിതമാക്കി.

മലയാളത്തില്‍ അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും ആറ്റൂരും കെ.ജി.എസുമൊക്കെ ആധുനിക പ്രസ്ഥാനത്തിന്റെ വക്താക്കളായി മാറിയപ്പോള്‍ പഴവിള രമേശന്നെന കവി തനതു വഴിയിലൂടെ അവരോട് ഇണങ്ങിയും പിണങ്ങിയും സഞ്ചരിച്ചു.

‘എന്റെ സുഖ ദുഃഖങ്ങളും ശക്തി ദൗര്‍ബല്യങ്ങളും രോഗവും അല്‍പ്പത്തവും അമര്‍ഷങ്ങളും ആവലാതികളും അനന്തസൗഹൃദങ്ങളും കുടുംബവും സമൂഹവുമൊക്കെ ചേര്‍ന്നു ഞാനാകുന്ന അവസ്ഥയാണ് എന്റെ കവിത’യെന്ന്’പഴവിള രമേശന്റെ കവിതകള്‍’ എന്ന സമാഹാരത്തിന്റെ ആമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു.

വേണ്ടത്ര അംഗീകാരങ്ങളും ബഹുമതികളും പഴവിള കവിതകള്‍ക്ക് ലഭിക്കാതെ പോയത് അദ്ദേഹത്തിന്റെ രൂക്ഷമായ നിലപാടുകള്‍ കൊണ്ടാവാം. തന്റെ വിയോജിപ്പുകള്‍ നിര്‍ഭയം പ്രകടിപ്പിച്ച് ആരുടെയും ഔദാര്യത്തിനായി കാത്തുനിക്കാതെ കാതലുള്ള ധിക്കാരിയായി തന്നെ അദ്ദേഹം ജീവിച്ചു. കലഹങ്ങളിലൂടെ ജനാധിപത്യത്തിനായി പോരാടിയ ജീവിതമാണ് പഴവിള രമേശന്റെ ജീവിതത്തെ വിശേഷിപ്പിക്കാന്‍ കഴിയും.

മൗനത്തിന്‍ ഇടനാഴിയില്‍, ഒരു ജാലകം മെല്ലെ തുറന്നതാരോ, ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ, പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വനോ… തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളിള്‍ക്ക് പ്രീയപ്പെട്ട ഗാനങ്ങളൊരുക്കുവാനും പഴവിളക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ തൂലിക തുമ്പില്‍ നിന്നും ഇത്തരം നിരവധി ഹൃദയാര്‍ദ്രമായ ഗാനങ്ങളാണ് പിറവിയെടുത്തത്. മാനുഷിക മൂല്യങ്ങള്‍ക്കുവേണ്ടി പോരാടിയ തൂലികയാണ് ഇപ്പോള്‍ നിശ്ചലമായിരിക്കുന്നത്. എന്നാല്‍ ആ തൂലികയിലൂടെ പിറവിയെടുത്ത വാക്കുകള്‍ മലയാളികളുടെ ഹൃദയത്തില്‍ എന്നും നിലനില്‍ക്കും.

ബ്രിട്ടീഷുകാര്‍ എങ്ങനെ ഹൈറേഞ്ചില്‍ ആധിപത്യം സ്ഥാപിച്ചു? ‘അധിനിവേശത്തിന്‍റെ ഛായാപടങ്ങള്‍’

Share on

മറ്റുവാര്‍ത്തകള്‍