UPDATES

സിനിമ

ഹോളിവുഡ് സിനിമകളില്‍ സെക്‌സ് സീനുകള്‍ അപ്രത്യക്ഷമായത് എന്തുകൊണ്ട്?

ദശാബ്ദങ്ങളോളം ഇത്തരം രംഗങ്ങള്‍ ഭൂരിഭാഗം വാണിജ്യ ചിത്രങ്ങളുടേയും അവിഭാജ്യ ഭാഗമായിരുന്നു.

                       

മുഖ്യധാര ഹോളിവുഡ് സിനിമകളില്‍ അടുത്തകാലത്തായി ലൈംഗികബന്ധ രംഗങ്ങള്‍ ഇല്ലാതാകുന്നത് എന്തുകൊണ്ട് എന്നാണ് ദ ഗാര്‍ഡിയന്‍ പരിശോധിക്കുന്നത്. ദശാബ്ദങ്ങളോളം ഇത്തരം രംഗങ്ങള്‍ ഭൂരിഭാഗം വാണിജ്യ ചിത്രങ്ങളുടേയും അവിഭാജ്യ ഭാഗമായിരുന്നു. എഡ്വേര്‍ഡ് ഹെല്‍മോര്‍ ആണ് ഈ നിരൂപണ ലേഖനം എഴുതിയിരിക്കുന്നത്. നേരത്തെ Cut! Is this the death of sex in cinema? എന്ന പേരില്‍ കാതറിന്‍ ഷൊവാര്‍ഡിന്റെ സിനിമ ലേഖനവും ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചിരുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച വന്ന ലേഖനം ഇങ്ങനെ അഭിപ്രായപ്പെടുന്നു – “ബിഗ് സ്‌ക്രീനില്‍ നിന്ന് സെക്‌സ് അപ്രത്യക്ഷമാവുകയാണ്. അത് സിനിമകള്‍ കാണുമ്പോളുള്ള സന്തോഷം കുറക്കുന്നു”. യുഎസിലേയും ബ്രിട്ടനിലേയും മുഖ്യധാര മാധ്യമങ്ങളായ വാഷിംട്ഗണ്‍ പോസ്റ്റും ദ ഗാര്‍ഡിയനും ഹോളിവുഡിന്റെ ഈ സമകാലീന ‘ലൈംഗിക വിരക്തി’യെ വിമര്‍ശനാത്മകമായി വിശകലനം ചെയ്തിരിക്കുന്നത് ശ്രദ്ധേയമാണ്.

സ്വവര്‍ഗ ലൈംഗികതയോ (ഹോമോ സെക്ഷ്വാലിറ്റി) ദ്വിമാന ലൈംഗികതയോ (ബൈ സെക്ഷ്വാലിറ്റി) കൈകാര്യം ചെയ്ത അപൂര്‍വം ചില മ്യൂസിക്കല്‍ ഡ്രാമകള്‍ മാത്രമാണ് സെക്‌സ് സീനുകള്‍ അല്‍പ്പമെങ്കിലും ഉള്‍പ്പെടുത്തിയത്. ക്വീന്‍ ബാന്‍ഡിന്റേയും ഫ്രെഡി മെര്‍ക്കുറിയുടേയും കഥ പറഞ്ഞ ബൊഹീമിയന്‍ റാപ്‌സൊഡി, എല്‍ട്ടണ്‍ ജോണിനെക്കുറിച്ച് പുറത്തുവരാനിരിക്കുന്ന റോക്കറ്റ് മാന്‍ തുടങ്ങിയ സിനിമകള്‍.

ഹോളിവുഡിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അക്കാഡമിക്കുകള്‍ പറയുന്നത് സെക്‌സ് സീനുകള്‍ സിനിമകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിന് ബഹുമുഖ കാരണങ്ങള്‍ ഉണ്ട് എന്നാണ്. സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. അതേസമയം ഹോളിവുഡ് റിപ്പോര്‍ട്ടറിലെ കോളമിസ്റ്റായ സ്റ്റീഫല്‍ ഗാലോവി പറയുന്നത് കാരണം പ്രധാനമായും സാമ്പത്തികമാണ് എന്നാണ്. ഇടത്തരം ബജറ്റ് ഡ്രാമകളെ ഇപ്പോള്‍ ഹോളിവുഡ് പ്രോത്സാഹിപ്പിക്കുന്നില്ല. ശാരീരകബന്ധങ്ങള്‍ക്ക് പ്രസക്തിയുള്ള കഥകളല്ല വരുന്നത്. അതേസമയം ഹോളിവുഡിന് എല്ലാക്കാലവും ഒരു സദാചാര മുഖം മൂടി ഉണ്ടായിരുന്നു എന്നും ഇത് പുതിയ കാര്യമല്ലെന്നും സ്റ്റീഫന്‍ ഗാലോവി അഭിപ്രായപ്പെടുന്നു.

നിര്‍മ്മാതാവ് ഹാര്‍വീ വീന്‍സ്റ്റിനെതിരായ മീ ടൂ ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് ലോകവ്യാപകമായി വലിയ പ്രചാരണവും മീ ടൂ തരംഗവും ഉണ്ടായിരുന്നു. കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. അനാവശ്യമായ സെക്‌സ് സീനുകളും നഗ്ന രംഗങ്ങളും കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളിലേയ്ക്ക് നയിക്കുന്നതായി അഭിപ്രായപ്പെടുന്ന നിര്‍മ്മാതാക്കള്‍ ഇത്തരം രംഗങ്ങളെ നിരുത്സാഹപ്പെടുത്തുന്നതും കാരണമാണ്. സെക്‌സ് സീനുകള്‍ ലൈംഗികാതിക്രമത്തിനായി സഹനടന്മാര്‍ ചൂഷണം ചെയ്യുന്നതായി ആരോപണങ്ങളുയര്‍ന്നിരുന്നു.

വായനയ്ക്ക്: The end of erotica? How Hollywood fell out of love with sex

Share on

മറ്റുവാര്‍ത്തകള്‍