അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 42ാം വാര്‍ഷികമാണ്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയേയും മനുഷ്യാവകാശങ്ങളേയും ചവുട്ടിയരച്ചും ഭരണഘടനയേയും ജുഡീഷ്യറിയേയും അപ്രസക്തമാക്കി കൊണ്ടും നടപ്പാക്കപ്പെട്ട ആഭ്യന്തര അടിയന്തരാവസ്ഥയിലേയ്ക്ക് നയിച്ചതില്‍ പല കാരണങ്ങളുണ്ടെങ്കിലും അതിന് ഏറ്റവും ഏറ്റവും ഒടുവിലത്തെ കാരണമായത് ഒരു കേസും അതിലെ വിധിയുമാണ്. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം ആരോപിച്ച് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രാജ് നാരായണ്‍ കൊടുത്ത കേസ്. ഇന്ദിര ഗാന്ധി വേഴ്‌സസ് രാജ് നാരായണ്‍. ഈ കേസിനെ കുറിച്ചാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്റെ ‘The Case That Shook India’ എന്ന പുസ്തകം. ഇന്ത്യയുടെ രാഷ്ട്രീയ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കേസിന്റെ വിശദാംശങ്ങളിലേയ്ക്ക് പോവുകയാണ് പ്രശാന്ത് ഭൂഷണ്‍. പെന്‍ഗ്വിന്‍ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുസ്തകത്തിലെ ചില ഭാഗങ്ങള്‍:
1971 ജനുവരി 19ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ദിരാ കോണ്‍ഗ്രസിനെതിരെ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുകയും രാജ് നാരായണിനെ റായ് ബറേലിയില്‍ ഇന്ദിര ഗാന്ധിക്കെതിരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ സഖ്യത്തിന്റെ ഭാഗമല്ലാതിരുന്ന ഭാരതീയ ക്രാന്തി ദള്‍ പോലുള്ള പാര്‍ട്ടികളും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ രാജ് നാരായണിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. തൊട്ടടുത്ത ദിവസം കോയമ്പത്തൂരിലെ പൊതുയോഗത്തില്‍ രാജ് നാരായണിനും പ്രതിപക്ഷത്തിനുമെതിരെ ഇന്ദിര ഗാന്ധി ആഞ്ഞടിച്ചു. അറിയപ്പെടുന്ന നെഹ്രു വിരോധി ആയതുകൊണ്ടാണ് രാജ് നാരായണിനെ റായ്ബറേലിയില്‍ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ഇന്ദിര അഭിപ്രായപ്പെട്ടു.
ജനുവരി 25ന് ഇന്ദിര കോണ്‍ഗ്രസിന് (കോണ്‍ഗ്രസ് ആര്‍) പശുവും പശുക്കുട്ടിയും, സംഘടനാ കോണ്‍ഗ്രസിന് (കോണ്‍ഗ്രസ് ഒ) ചര്‍ക്കയും സ്ത്രീയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. അതേസമയം പശുവും പശുക്കുട്ടിയും ഇന്ദിര കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതില്‍ സി രാജഗോപാലാചാരിക്ക് അതൃപ്തിയുണ്ടായിരുന്നു. ഹിന്ദുക്കളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്നമാണ് അതെന്നായിരുന്നു രാജഗോപാലാചാരിയുടെ വാദം. അദ്ദേഹം മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണുമായി ബന്ധപ്പെടുകയും ഇന്ദിര കോണ്‍ഗ്രസിന് ഈ ചിഹ്നം അനുവദിച്ചതിനെതിരെ കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന് ശാന്തിഭൂഷണ്‍ അറിയിച്ചു.
മാര്‍ച്ച് 3,5,7 തീയതികളിലായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. നാമനിര്‍ദ്ദേശ പ്രത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഫെബ്രുവരി മൂന്ന്. ഫെബ്രുവരി ഒന്നിന് വരണാധികാരിയായ റായ് ബറേലി ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ ഇന്ദിര ഗാന്ധി പത്രിക സമര്‍പ്പിച്ചു. യശ്പാല്‍ കപൂറി തന്റെ ഇലക്ഷന്‍ ഏജന്റായി ഇന്ദിര ഗാന്ധി നിയമിച്ചു. പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്ന യശ്പാല്‍ കപൂര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജോലി രാജി വച്ചിരുന്നു. 1967ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തും യശ്പാല്‍ ഇതുപോലെ രാജി വച്ച് ഇന്ദിരയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയായിരുന്നു എന്ന കാര്യം ശ്രദ്ധേയം. അന്ന് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു യശ്പാല്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുകയും ഇന്ദിര വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ അദ്ദേഹം പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
ഏതായാലും തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചു. ‘ഇന്ദിര ഹഠാവോ’ (ഇന്ദിരയെ തുടച്ചുനീക്കൂ) എന്നതായിരുന്നു അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം. അതേസമയം ഇതിനെ ശക്തമായും സമര്‍ത്ഥമായും ഇന്ദിര ഗാന്ധി തിരിച്ചടിച്ചു. അങ്ങനെയാണ് പ്രശസ്തമായ ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം തുടച്ചുനീക്കൂ) മുദ്രാവാക്യത്തിന്റെ പിറവി. “പ്രതിപക്ഷത്തിന് ആകെ വേണ്ടത് ഇന്ദിരയെ തുടച്ചുനീക്കലാണ്. എനിക്ക് വേണ്ടതാണെങ്കില്‍ ദാരിദ്ര്യം തുടച്ചുനീക്കലും. ഇതില്‍ ഏത് വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്” – ഇന്ദിര ഗാന്ധി പറഞ്ഞു. ബാങ്ക് ദേശസാത്കരണത്തിലൂടെയും രാജാക്കന്മാരുടെ പ്രിവി പഴ്‌സ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതിലൂടെയും മറ്റും സ്വയം ഒരു സോഷ്യലിസ്റ്റായി ചിത്രീകരിച്ച ഇന്ദിര, ജനപ്രീതിയും മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളുടെ കയ്യടിയും നേടിയിരുന്നു.
റായ്ബറേലിയില്‍ മാര്‍ച്ച് ഏഴിനായിരുന്നു വോട്ടെടുപ്പ്. മാര്‍ച്ച് ഒമ്പതിന് വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. തലേദിവസം അതായത് മാര്‍ച്ച് എട്ടിന് തന്നെ തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് റായ്ബറേലിയില്‍ രാജ്‌നാരായണ്‍ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. മാര്‍ച്ച് 10നാണ് ഫലം വന്നു തുടങ്ങിയത്. കോണ്‍ഗ്രസ് രാജ്യത്തുടനീളം വലിയ വിജയം നേടി. കോണ്‍ഗ്രസുകാര്‍ പ്രതീക്ഷിച്ചതിലും എത്രയോ വലിയ വിജയം. റായ്ബറേലിയില്‍ രാജ് നാരായണനെ ഒരു ലക്ഷത്തി 10,000ല്‍ പരം വോട്ടിന് ഇന്ദിര ഗാന്ധി പരാജയപ്പെടുത്തി. ഇന്ദിര ഗാന്ധിക്ക് 1,83,309 വോട്ട് കിട്ടിയപ്പോള്‍ രാജ്‌നാരായണിന് കിട്ടിയത് 71,499 വോട്ട് മാത്രം. ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് രാജ് നാരായണ്‍ വിജയാഹ്ലാദ പ്രകടനം നടത്തിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം രാജ് നാരായണിനെ ഞെട്ടിച്ചു.
ബാലറ്റ് പേപ്പറുകളില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമം നടത്തിയ പ്രചാരണം സജീവമായിരുന്നു. ഇത് രാജ് നാരായണ്‍ വിശ്വസിക്കുകയും ചെയ്തു. പല പ്രതിപക്ഷ നേതാക്കളും ഇങ്ങനെ കരുതിയിരുന്നു. ഒറിജിനല്‍ സ്റ്റാംപ് മാര്‍ക്ക് മാഞ്ഞുപോവുകയും പകരം മറ്റൊരു സ്റ്റാംപ് മാര്‍ക്ക് വോട്ടെടുപ്പിന് മുമ്പായി പ്രത്യക്ഷപ്പെടുകയും ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. ബാലറ്റ് പേപ്പറിലെ കൃത്രിമം സംബന്ധിച്ച സംശയമാണ് യഥാര്‍ത്ഥത്തില്‍ രാജ് നാരായണിനെ ഇന്ദിര ഗാന്ധിക്കെതിരെ കേസുമായി കോടതിയിലെത്തിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗവും അധികാര ദുര്‍വിനിയോഗവുമെല്ലാം ഇതിന്റെ കൂടെ ആരോപിച്ചിരുന്നു എന്ന് മാത്രം. ശാന്തി ഭൂഷണാണ് രാജ് നാരായണിന് വേണ്ടി ഹാജരായത്.
1975 ജൂണ്‍ 12ന്, ഇന്ദിര ഗാന്ധി അധികാര ദുര്‍വിനിയോഗം നടത്തിയതായും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതായുമുള്ള ആരോപണം ശരിവച്ച അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ആറ് വര്‍ഷത്തേയ്ക്ക് ഇന്ദിരയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ജഗ്‌മോഹന്‍ ലാല്‍ സിന്‍ഹയായിരുന്നു ജഡ്ജി. ഹൈക്കോടതി വിധിക്കെതിരെ ഇന്ദിര ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചു. ഇന്ദിരയ്ക്ക് പ്രധാനമന്ത്രിയായി തുടരാമെന്നും അതേസമയം എംപിയെന്ന നിലയില്‍ പാര്‍ലമെന്റില്‍ വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നുമായിരുന്നു ജൂണ്‍ 24ന് സുപ്രീംകോടതി ഇടക്കാല ബഞ്ചിന്‍റെ വിധി. ജസ്റ്റിസ് വിആര്‍ കൃഷയ്യരാണ് അലഹബാദ് ഹൈക്കോടതി വിധി ഭാഗികമായി സ്റ്റേ ചെയ്തുകൊണ്ട് വിധി പ്രസ്താവിച്ചത്. ഇന്ദിരയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ടും സമ്പൂര്‍ണ വിപ്ലവത്തിന് ആഹ്വാനം ചെയ്തുകൊണ്ടുമുള്ള സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണിന്റെ ആഹ്വാനവുമെല്ലാം ചേര്‍ന്നപ്പോള്‍ അധികാരം നഷ്ടപ്പെടാതിരിക്കാന്‍ ഇന്ദിര ഗാന്ധി ജനങ്ങള്‍ക്ക് മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുകയായിരുന്നു.
വായനയ്ക്ക്: https://goo.gl/1sg8rY