UPDATES

വായിച്ചോ‌

വന്ദേമാതരം പാടാന്‍ വിസമ്മതിക്കുന്നവര്‍ ദേശവിരുദ്ധരല്ല: കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി

എന്നാല്‍ പാടാന്‍ വിസമ്മതിക്കുന്നത് അത്ര നല്ലതല്ലെന്നും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും നഖ്വി അഭിപ്രായപ്പെട്ടു.

                       

വന്ദേമാതരം പാടാന്‍ വിസമ്മതിക്കുന്നവര്‍ ദേശവിരുദ്ധരല്ലെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. വന്ദേമാതരം പാടണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും നിര്‍ബന്ധമായും ആലപിക്കണം എന്ന മദ്രാസ് ഹൈക്കോടതി വിധിയുണ്ടാക്കിയ വിവാദങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

പാടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്ദേമാതരം പാടാമെന്നും അല്ലാത്തവര്‍ പാടണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്നും കേന്ദ്ര പാര്‍ലമെന്ററി കാര്യ, ന്യൂനപക്ഷക്ഷേമ മന്ത്രി വിശദീകരിച്ചു. എന്നാല്‍ പാടാന്‍ വിസമ്മതിക്കുന്നത് അത്ര നല്ലതല്ലെന്നും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടിലെ ഉദാഹരണം മാതൃകയാക്കി മഹാരാഷ്ട്രയിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധിതമാക്കണമെന്നും സംസ്ഥാനത്തെ ബിജെപി എംഎല്‍എ രാജ് പുരോഹിത് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മഹാരാഷ്ട്ര നിയമസഭയില്‍ മു്‌ന്നോട്ടുവച്ച ഈ നിര്‍ദ്ദേശത്തെ സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസ്മിയും അഖിലേന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹദുള്‍ മുസ്ലീമീന്‍ എംഎല്‍എ വാരില്‍ പഥാനും എതിര്‍ത്തു. തുടര്‍ന്ന് നടന്ന വാദപ്രതിവാദങ്ങള്‍ക്കിടയില്‍ വന്ദേമാതരം പാടാനാവില്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ പഥാനോട് പുരോഹിത് ആവശ്യപ്പെട്ടിരുന്നു.

2017 ഏപ്രില്‍, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധിതമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹര്‍ജി അഭിപ്രായം അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഭരണഘടനയില്‍ ദേശീയഗാനം എന്നൊരു സങ്കല്‍പം ഇല്ലെന്നും 2017 ഫെബ്രുവരി ആദ്യം സുപ്രീംകോടതി പറഞ്ഞിരുന്നു. പൗരന്മാരുടെ അടിസ്ഥാന കടമകള്‍ നിര്‍വചിക്കുന്ന 51എ വകുപ്പില്‍ ദേശീയ ഗാനത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ദേശീയ പതാകയെ കുറിച്ച് പറയുന്നുമുണ്ട്. എന്നാല്‍ ഇതിന് വിരുദ്ധമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും മാസത്തില്‍ ഒരു തവണയെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. സാധുവായ കാരണങ്ങളുടെ പുറത്ത് വന്ദേമാതരം പാടാന്‍ വിസമ്മതിക്കുന്നവരെ നിര്‍ബ്ന്ധിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു.

വായനയ്ക്ക്: https://goo.gl/ASzZSH

Share on

മറ്റുവാര്‍ത്തകള്‍