ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ് കഫേ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച ആഹാരം വിളമ്പാന്‍ ‘രുചിമുദ്ര’ എന്ന ഹോട്ടലുമായി എത്തുകയാണ് കൊച്ചയിലെ ആറ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. സായ, രാഗരഞ്ജിനി, പ്രീതി, അദിതി, പ്രണവ്, മീനാക്ഷി, താര എന്നിവര്‍ ചേര്‍ന്നാണ് രുചിമുദ്ര യാഥാര്‍ത്ഥ്യമാക്കുന്നത്. കച്ചേരിപ്പടിയിലെ മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ഹോട്ടല്‍ തുടങ്ങുന്നത്.
പലതരം മാറ്റി നിര്‍ത്തലുകള്‍ക്കും അവഹേളനങ്ങള്‍ക്കും ഇരയാവുന്ന വിഭാഗമാണ് ട്രാന്‍സ്ജന്‍ഡേഴ്സിന് സ്ഥിരമായ വരുമാനം ഉണ്ടാവുന്നതോടെ ഇന്നനുഭവിക്കുന്ന ചില പ്രശ്നങ്ങള്‍ക്കെങ്കിലും പരിഹാരമാവുമെന്നാണ് ഇവരുടെ വിശ്വാസം. ഇവരില്‍ ചിലര്‍ കൊച്ചി മെട്രോയില്‍ ജോലിക്ക് പോയിരുന്നവരാണ്. എന്നാല്‍ അവിടെ നിന്ന് ലഭിക്കുന്ന വരുമാനം താമസമുറിയുടെ വാടക കൊടുക്കാന്‍ പോലും തികയാത്ത സാഹചര്യമുണ്ടായിരുന്നതിനാല്‍ ജോലിയുപേക്ഷിച്ചു.
സ്വയംതൊഴില്‍ പരിശീലനങ്ങള്‍ പലതുമുണ്ടായിരുന്നെങ്കിലും മുഴുവന്‍ സമയം ജോലി ചെയ്യാന്‍ പറ്റിയ തൊഴിലാണ് തങ്ങള്‍ അന്വേഷിച്ചതെന്ന് സായ പറയുന്നു. ‘ബ്യൂട്ടീഷന്‍ കോഴ്സിന് പോയിട്ടുണ്ട്, സ്റ്റിച്ചിങ് പരിശീലനം ഉണ്ട്. എന്നാല്‍ അതിനേക്കാള്‍ മുഴുവന്‍ സമയ ജോലികളാണ് ഞങ്ങള്‍ നോക്കിയത്. ഞാന്‍ കുറേക്കാലം ഫൈവ് സ്റ്റാര്‍ ഹോട്ടലിലടക്കം ജോലിയെടുത്തിട്ടുള്ളതാണ്. എന്നാല്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയതോടെ ആരും ജോലി തരാതെയായി. പിന്നീട് ബ്യൂട്ടീഷന്‍ കോഴ്സിന് പോയി. എന്നാല്‍ എന്റെ താത്പര്യം ഭക്ഷണം ഉണ്ടാക്കുന്നതിനും നല്‍കുന്നതിനുമായിരുന്നു.
തട്ടുകടയെങ്കിലും തുടങ്ങാമെന്ന് ഞാനെപ്പോഴും ആലോചിക്കാറുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു പദ്ധതി വന്നപ്പോള്‍ ഹോട്ടല്‍ തന്നെ ആരംഭിക്കാന്‍ തീരുമാനിച്ചത്. സെക്സ് വര്‍ക്ക് ചെയ്യാത്ത ട്രാന്‍സ്ജന്‍ഡേഴ്സിനെയാണ് ഞങ്ങള്‍ ഇതില്‍ കൂടെക്കൂട്ടിയത്. കാരണം രണ്ടും ഒന്നിച്ച് കൊണ്ട് പോവാന്‍ ബുദ്ധിമുട്ടാണ്. ഒന്ന്, ഹോട്ടല്‍ ബിസിനസില്‍ ഫുള്‍ടൈം ഡെഡിക്കേറ്റ് ചെയ്ത് നില്‍ക്കണം. രണ്ട്, സെക്സ് വര്‍ക്കിന് പോയാല്‍ നാളെ ഞങ്ങളെ ഹോട്ടലില്‍ വച്ച് കണ്ടാല്‍ ആളുകള്‍ അതെങ്ങനെ എടുക്കും എന്നറിയില്ല.’ സായ പറഞ്ഞു നിര്‍ത്തി.
‘രുചിമുദ്ര’: രാജ്യത്തെ ആദ്യ ട്രാന്‍സ് കഫേ / വീഡിയോ കാണാം..
ജില്ലാ പഞ്ചായത്ത് പാര്‍ശ്വവത്കൃത സമൂഹത്തിനായി മാറ്റിവച്ചിരിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഇവര്‍ സംരംഭം തുടങ്ങുന്നത്. 10 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിക്കുന്നത്. ഇത്തരത്തില്‍ പദ്ധതി ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഹോട്ടല്‍ തുടങ്ങുന്നതിനുള്ള ആലോചനകള്‍ ട്രാന്‍സ്ജന്‍ഡേഴ്സില്‍ തുടങ്ങുന്നത്. തുടക്കത്തില്‍ മുപ്പത് പേരോളം സംരംഭത്തില്‍ പങ്കാളികളാവാന്‍ എത്തിയിരുന്നെങ്കിലും പിന്നീട് ഇത് ആറ് പേരിലേക്ക് ചുരുങ്ങുകയായിരുന്നു. പിടി-കോഴിക്കറി, ചക്കപ്പുഴുക്കും ബീഫും, കള്ളപ്പം; കൊച്ചിയില്‍ ‘രുചിമുദ്ര’ ഒരുങ്ങുന്നു; രാജ്യത്തെ ആദ്യ ട്രാന്‍സ് കഫേ