UPDATES

സയന്‍സ്/ടെക്നോളജി

സ്‌പെയ്‌സെക്‌സിന്റെ സ്റ്റാർഷിപ്പിന് തീപ്പിടിച്ചു, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വിനോദ സഞ്ചാരം എന്ന എലോണ്‍ മസ്കിന്‍റെ സ്വപ്നത്തിന് ആദ്യ തിരിച്ചടി (വീഡിയോ)

എഞ്ചിൻ ഓണ്‍ ചെയ്ത് കേവലം നാലുമിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തീ പടരുകയായിരുന്നു

                       

എഞ്ചിൻ പരിശോധനയെത്തുടർന്ന് സ്‌പെയ്‌സെക്‌സിന്റെ അടുത്ത തലമുറ റോക്കറ്റിന്റെ പ്രോട്ടോടൈപ്പ് പതിപ്പിന് തീപിടിച്ചു. സ്‌പേസെക്‌സ് വാഹനത്തിന്റെ എഞ്ചിൻ ഓണ്‍ ചെയ്ത് കേവലം നാലുമിനിട്ടുകള്‍ക്കുള്ളില്‍ തന്നെ തീ പടരുകയായിരുന്നു. പെട്ടന്നുതന്നെ തീയണക്കാനായെങ്കിലും ഈ വാഹനത്തിന്‍റെ ആദ്യമിഷന്‍ നീട്ടിവച്ചേക്കുമെന്നാണ് കരുതുന്നത്.

സ്‌പെയ്‌സെക്‌സിന്റെ അടുത്ത വലിയ റോക്കറ്റായ ‘സ്റ്റാർഷിപ്പിന്‍റെ’ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച മോഡലിന്‍റെ ഹാർഡ്‌വെയറാണ് തകരാറിലായത്. ‘സ്റ്റാര്‍ഹോപ്പര്‍’ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ആളുകളെയും ചരക്കുകളെയും ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ ബഹിരാകാശ പേടകമാണ് സ്റ്റാർഷിപ്പ്.

കേപ് കനാവറൽ, ഫ്ലോറിഡ, ബോക ചിക്ക എന്നിവിടങ്ങളിലെ കമ്പനിയുടെ പരീക്ഷണ കേന്ദ്രങ്ങളിൽ ഈ റോക്കറ്റിന്റെ ഒന്നിലധികം പതിപ്പുകൾ നിർമ്മിക്കുന്നുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സഞ്ചാരികളെ അയക്കുക എന്ന എലോണ്‍ മസ്കിന്‍റെ സ്വപ്നത്തിന്‍റെ ആദ്യ പടിയാണ് സ്റ്റാര്‍ഷിപ്പ്.

പൂർണ്ണമായും പുനരുപയോഗിക്കാൻ‌ കഴിയുന്ന റോക്കറ്റ് സംവിധാനമായിരിക്കും സ്റ്റാര്‍ഷിപ്പ്. സാധാരണ വിമാനംപോലെ വീണ്ടുംവീണ്ടും ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. ഭാഗികമായി പുനരുപയോഗിക്കാൻ‌ കഴിയുന്ന സ്‌പെയ്‌സ് എക്‌സിന്റെ നിലവിലെ “ഫാൽക്കൺ” റോക്കറ്റുകളുടെ വികസിത പതിപ്പാണിത്. അതേസമയം, സ്റ്റാര്‍ഹോപ്പര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ സ്‌പെയ്‌സ് എക്സ് ഇതുവരെ തയ്യാറായിട്ടുമില്ല.

Share on

മറ്റുവാര്‍ത്തകള്‍