UPDATES

സിനിമ

‘ഫെറാരി കാറില്‍ വന്നിറങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു പുലയനാണ് ഞാന്‍; വേണമെങ്കില്‍ സ്വര്‍ണ്ണകിരീടവും വെക്കും’-വിനായകന്‍

കമ്മട്ടിപ്പാടത്ത് ഇപ്പൊഴും വെളുപ്പിന് തൂറാന്‍ വരുന്നവനോടു വേദം പറഞ്ഞിട്ട് കാര്യമില്ല, അവനോടു സംസാരിക്കേണ്ട ഭാഷ അവിടെ തന്നെ വിളഞ്ഞതാണ്

                       

പരമ്പരാഗത ശൈലിയില്‍ അഭിമുഖം നടത്താന്‍ ഇരിക്കുന്ന അഭിമുഖകാരനുള്‍പ്പെടുന്ന മാധ്യമ വര്‍ഗ്ഗത്തിന്‍റെ മൊത്തം കള്ളത്തരങ്ങളെ നിങ്ങള്‍ പൊളിച്ചടുക്കുന്നു. വിനായകന്‍, മലയാളം ശരിക്കും ഒരു നായകനെ കാണുന്നത് ഇപ്പോഴാണ്.

വിനായകന്‍ സംസാരിച്ചുകൊണ്ടിരുന്ന ഇരുപത് മിനിട്ടുകള്‍ ശരിക്കും അയാളുടെ ഒച്ച മാത്രമേ കേട്ടുള്ളൂ. അതാകട്ടെ, കാലങ്ങളായി കലയുടെ അഭിജാത കുലത്തില്‍ നിന്നും അകന്നു നിന്ന അല്ലെങ്കില്‍ അകറ്റി നിര്‍ത്തപ്പെട്ടവന്‍റെ ശക്തമായ താക്കീത് പോലെയായിരുന്നു. കമ്മട്ടിപ്പാടത്ത് ഇപ്പൊഴും വെളുപ്പിന് തൂറാന്‍ വരുന്നവനോടു വേദം പറഞ്ഞിട്ട് കാര്യമില്ല, അവനോടു സംസാരിക്കേണ്ട ഭാഷ അവിടെ തന്നെ വിളഞ്ഞതാണെന്ന തിരിച്ചറിവും അതിലുള്ള അഭിമാനവുമാണ് വിനായകന്‍ വെളിവാക്കുന്ന മനുഷ്യന്‍ എന്ന അവസ്ഥ. ഒരാള്‍ക്ക് ജിവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ അയാള്‍ ഒന്നും ഉപേക്ഷിക്കേണ്ട, അയാളുടെ ജിവിതത്തിന്‍റെ  കേവലതകളെ കൈവിടാതിരുന്നാല്‍ മാത്രം മതിയാകും എന്ന് സുചിപ്പിക്കുന്ന വിനായകന്‍റെ പറച്ചില്‍ ഉപരിപ്ലവമായി മാത്രം കാണേണ്ട ഒന്നല്ല. കാരണം ഇന്ന് ലൈം ലൈറ്റില്‍ നില്‍ക്കുന്ന പലരും വെളിപ്പെടുത്താന്‍ മടിക്കുന്ന ചിന്തകള്‍ പലതും വെട്ടിത്തുറന്നു പറയാന്‍ വിനായകന് രണ്ടാമതൊന്നു ആലോചിക്കേണ്ടിവരുന്നില്ല. നാടന്‍ പാട്ടുകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുമ്പോഴും നാടിന്‍റെ മുന്‍പന്തിയില്‍ എത്താന്‍ മടിക്കുന്ന ശരാശരി ദളിതന്‍റെ അപകര്‍ഷതാബോധം, കറുപ്പ് രൂപം ഇവയെല്ലാം ഒന്നുമല്ലെന്നും അതിനെപ്പറ്റി ചിന്തിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നുമുള്ള തിരിച്ചറിവ് സ്വന്തം ജിവിതത്തിലൂടെ കാട്ടിത്തരുന്നിടത്താണ് വിനായകനെപോലൊരു ‘സെലിബ്രിറ്റി’ വ്യത്യസ്തനാകുന്നത്.

അയ്യന്‍‌കാളിയെ ആരാധിക്കുന്ന പുലയനാണ് ഞാന്‍, ഫെരാരി കാറില്‍ വന്നിറങ്ങാന്‍ ഇഷ്ടപ്പെടുന്നു, പറ്റുമെങ്കില്‍ ഒരു സ്വര്‍ണ്ണ കിരിടം കൂടി തലയില്‍ വെയ്ക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന് അറപ്പില്ലാതെ ശക്തമായ ഭാഷയില്‍ വിളിച്ചുപറഞ്ഞ നിങ്ങള്‍ തുറന്നു വച്ചത് ഒരു പുതിയ ലോകമാണ്. മടിച്ചും ഒളിച്ചും അപകര്‍ഷതയുടെ ഓരം പറ്റിയും തള്ളിക്കളയേണ്ടതല്ല ദളിത് യുവത്വം, നല്ല സ്വപ്നങ്ങളെ കാണാനും സ്വത്വത്തെ തള്ളിക്കളയാതിരിക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടതെന്നും ഓര്‍മ്മിപ്പിക്കുന്ന വിനായകന്റെ പറച്ചിലുകള്‍ സാമ്പ്രദായിക ദളിത്‌ ആക്റ്റിവിസ്റ്റുകള്‍ക്ക് ഒരു പക്ഷെ ദഹനക്കേടായി കിടക്കാം.

Also Read: അതെ, കറുത്തവനാണ് വിനായകന്‍
‘എനിക്ക് മാറാന്‍ പറ്റില്ല ഞാന്‍ വിനായകന്‍ തന്നെയാണ്’ / വീഡിയോ
നന്ദി പറഞ്ഞ് വിനായകന്‍; ഒരു ബ്ലാക്ക് & വൈറ്റ് വീഡിയോ
താര ജാഡകള്‍ക്ക് നൈസായി ഒരു പണി
ഗംഗ ഒരു മണ്ടന്‍, മരിച്ചുപോയി, ഈ അംഗീകാരം വിനായകനു കിട്ടിയതാണ്

ബിഗ്‌ സല്യുട്ട് വിനായകന്‍, ഇതുവരെ ഞങ്ങള്‍ കണ്ടത് ഒരു മണിയെ മാത്രമായിരുന്നു. ദളിതന്റെ അസ്തിത്വത്തിലൂടെ  ഉപരിവര്‍ഗ്ഗത്തിന്റെ പ്രതിനിധിയായി മാറിയ മണി. മലയാള സിനിമയിലെ ദളിത്‌ സാന്നിധ്യം നമ്മള്‍ കൊണ്ടാടിയിരുന്നത് കലാഭവന്‍ മണിയെന്ന നടനിലൂടെയായിരുന്നെങ്കില്‍ മണിയും വിനായകനും നില്‍ക്കുന്ന പ്ലാറ്റ്ഫോം തികച്ചും വ്യത്യസ്തമാണ്. സമൂഹത്തില്‍ മണിയെപ്പോലൊരാള്‍ പോലും അണിയേണ്ടിവന്ന ഹിപ്പോക്രസിയെയാണ് വളരെ ധൈര്യപൂര്‍വം നിങ്ങള്‍ പൊളിച്ചെടുത്തത്. ദളിത്‌ ശരിരം കോമഡിയല്ലെന്ന് നിങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ ഓര്‍മ്മ വന്നത് അതാണ്.

വിനായകന്‍, നമ്മുടെ സാമ്പ്രദായിക മാധ്യമ സംഘത്തിന്റെ സോകോള്‍ഡ് ഇന്‍റര്‍വ്യൂകള്‍ക്ക് നിങ്ങള്‍ കൊടുത്ത ശക്തമായ മറുപടി ശ്രദ്ധേയമാണ്. പിന്നെ ദളിതന്റെ ആ ശരീരവും ആത്മാവും പാട്ടിലും തുള്ളലിലും നിറയുന്നതാണെന്നും സംശയലേശമന്യേ പറഞ്ഞുവച്ചതും. എല്ലാത്തിനുമുപരി മലയാള സിനിമാ സെലിബ്രിറ്റികളുടെ ചരിത്രത്തില്‍ ഒളിച്ചുവയ്ക്കുന്ന ജാതിയും പ്രായവും പുല്ലുപോലെ നിങ്ങള്‍ വിളിച്ചു പറഞ്ഞു. തകര്‍ത്താടിയ വിഷ്വല്‍ മീഡിയയുടെ രാഷ്ട്രീയം പോലും വകവെയ്ക്കാതെ ആയിരുന്നു അത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

എഴുത്തുകാരന്‍, സമൂഹ്യനിരീക്ഷകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍