UPDATES

വൈറല്‍

രാജ് നാഥ് സിംഗ്, നിങ്ങള്‍ക്ക് നാണമുണ്ടെങ്കില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കരുത്: സിആര്‍പിഎഫ് ജവാന്റെ വീഡിയോ

സുഖ്മയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫുകാരുടെ കുടുംബാംഗങ്ങളെ രാജ്‌നാഥ് സിംഗ് പോയി കാണണമെന്നും പങ്കജ് മിശ്ര ആവശ്യപ്പെടുന്നുണ്ട്.

                       

രാജ് നാഥ് സിംഗ് താങ്കളൊരു ഭരണാധികാരിയല്ല. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത് സിആര്‍പിഎഫ് ജവാന്‍ പങ്കജ് മിശ്രയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണിത്. ഛത്തീസ്ഗഡിലെ സുഖ്മയില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെ്ട്ടതിന്റെ പശ്ചാത്തലത്തിലുള്ള രോഷ പ്രകടനമാണ് പങ്കജ് മിശ്ര നടത്തുന്നത്. പശ്ചിമബംഗാളിലെ ദുര്‍ഗാപൂരില്‍ 221ാം നമ്പര്‍ ബറ്റാലിയനിലാണ് മിശ്ര നിയോഗിക്കപ്പെട്ടിരിക്കുന്നത്. സുഖ്മയിലെ ആക്രമണത്തില്‍ പങ്കജിന്റെ ബന്ധു കൊല്ലപ്പെട്ടിട്ടുണ്ട്. 2013ലാണ് പങ്ക് സിആര്‍പിഎഫില്‍ ചേര്‍ന്നത്.

താങ്കളുടെ ഭരണത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ക്ക് ഇരയാവുകയും കൊല്ലപ്പെടുകയുമാണ്. അമിത് ഷായെ പോലുള്ള നേതാക്കള്‍ക്ക് ഞങ്ങള്‍ സുരക്ഷ ഒരുക്കുന്നു. ഞങ്ങള്‍ മോദിക്ക് വോട്ട് ചെയ്തവരാണ്. രാജ്‌നാഥ് സിംഗിനെ പോലുള്ളവര്‍ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സിആര്‍പിഎഫ് ജവാന്‍ ആരോപിക്കുന്നു. സുഖ്മയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫുകാരുടെ കുടുംബാംഗങ്ങളെ രാജ്‌നാഥ് സിംഗ് പോയി കാണണമെന്നും പങ്കജ് മിശ്ര ആവശ്യപ്പെടുന്നുണ്ട്. പത്താന്‍കോട്ട് പോലുള്ള ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ താങ്കള്‍ എന്ത് ചെയ്യുകയായിരുന്നു. ലജ്ജയുണ്ടെങ്കില്‍ ജവാന്മാരുടെ പേരില്‍ നിങ്ങള്‍ ദുഖം നടിക്കരുത്. ജവാന്മാരുടെ പ്രശ്‌നം എന്തെന്ന് അവരോട് ചോദിച്ച് മനസിലാക്കണെന്നും അല്ലാതെ പ്രതിരോധ വിദഗ്ധന്മാരോടല്ല ചോദിക്കേണ്ടതെന്നും മാദ്ധ്യമങ്ങളോട് പങ്കജ് മിശ്ര പറയുന്നു. ആത്മഹത്യ ചെയ്ത സിആര്‍പിഎഫ് ജവാന്മാരുടെ ഗ്രാഫിക് ചിത്രങ്ങളും പങ്കജ് മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

എന്നാല്‍ പങ്കജ് മിശ്രയുടെ അഭിപ്രായങ്ങള്‍ സിആര്‍പിഎഫ് തള്ളിക്കളഞ്ഞു. വാസ്തവിരുദ്ധമായ കാര്യങ്ങളാണ് പങ്കജ് മിശ്ര പറയുന്നതെന്നും അച്ചടക്ക ലംഘനമാണ് നടത്തിയിരിക്കുന്നതെന്നുമാണ് സിആര്‍പിഎഫ് നിലപാട്. സേനാചട്ട പ്രകാരം കര്‍ശന നടപടിയുണ്ടാകുമെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്ന് പങ്കജ് മിശ്രയും വ്യക്തമാക്കി. ജനുവരിയില്‍ സൈനികര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്്ത ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ പിന്നീട് സേനയില്‍ നിന്ന് പുറത്താക്കിയിരുന്നു. സൈനികരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന്റെ പേരില്‍ മേലുദ്യോഗസ്ഥരുടെ പീഡനത്തിന് ഇരയായ കരസേനാ ഉദ്യോഗസ്ഥന്‍ ലാന്‍സ് നായിക് യഗ്യ പ്രതാപ് സിംഗ് ഇതേക്കുറിച്ച് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സിആര്‍പിഎഫിലും തേജ്പാല്‍ യാദവ് പറഞ്ഞ പോലുള്ള സാഹചര്യമാണുള്ളതെന്നും മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്നും പങ്കജ് മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍