UPDATES

സയന്‍സ്/ടെക്നോളജി

എന്താണ് ഡീപ് ഫേക്ക്?

സ്‌കാര്‍ലെറ്റും രശ്മികയും കത്രീനയും മാത്രമല്ല, നാളെ നിങ്ങളും ഇരകളാകാം

                       

അത്ഭുതമായിരുന്നു തുടക്കത്തില്‍, പിന്നെയതൊരു ആവേശമായി, ഇന്നിപ്പോള്‍ മനുഷ്യന്റെ പ്രധാനപ്പെട്ട ആശങ്കയിലൊന്നായി; എ ഐ അഥവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചാണ് പറയുന്നത്. വിവരസാങ്കേതികവിദ്യ വാനോളം വളര്‍ന്ന കാലത്ത് സത്യമേത് മിഥ്യയേത് തിരിച്ചറിയാനാകുന്നില്ല. വീഡിയോ, ശബ്ദശകലങ്ങള്‍ എന്നിവ കൃത്രിമമായി നിര്‍മിച്ചെടുക്കാനും തെറ്റിദ്ധരിപ്പിക്കാനും, കബളിപ്പിക്കാനും അനായാസം കഴിയുന്ന തരത്തില്‍ സാങ്കേതിക വിദ്യ മനുഷ്യന്‍ സ്വായത്തമാക്കിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മനുഷ്യ ബുദ്ധിയും ഒന്നിച്ച് വര്‍ത്തിക്കുന്ന ഒരു ലോകത്ത് എന്തും നടക്കുമെന്നായി. ആകര്‍ഷകവും, അതുപോലെ അപടകടകരവുമായ ഇരുതല മൂര്‍ച്ചയുള്ള വാളായി എ ഐ മാറിയെന്നത് ശാസ്ത്രലോകം തന്നെ സമ്മതിക്കുന്നു. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പല രൂപത്തില്‍ പല ഭാവത്തില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെട്ടേക്കാം. നാളെ നിങ്ങള്‍ക്ക് വേണ്ടപെട്ടവരുടെ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും ഇത് നിങ്ങളെയും തേടിയെത്തിയേക്കാം.

സാധരണക്കാര്‍ മുതല്‍ സിനിമ-രാഷ്ട്രീയ മേഖലകളിലെ സെലിബ്രിറ്റികളും യൂട്യൂബ് താരങ്ങളും ഡീപ് ഫെയ്ക്കുകള്‍ മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അഭിനേത്രി രശ്മിക മന്ദാനയുടേത് എന്ന പേരില്‍ ഡീപ് ഫെയ്ക്കിന്റെ സഹായത്താല്‍ നിര്‍മിച്ച വ്യാജ വീഡിയോ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ് എ, ഐയും ഡീപ് ഫേക്കുകളും ഉപയോഗിച്ച് പ്രശസ്തരായ വ്യക്തികളെ തേജോവധം ചെയ്യുംവിധം അവരുടെ കൃത്രിമ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സറായ 26 കാരി ഗാബി ബെല്ല, നടിയും എഴുത്തുകാരിയുമായ സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ടോം ഹാങ്ക്‌സ് തുടങ്ങി പല പ്രശസ്തരും ഡീപ് ഫേക്കുകള്‍ക്ക് ഇരയായിട്ടുണ്ട്.

എന്താണ് ഡീപ് ഫേക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ഡീപ് ലേര്‍ണിംഗ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചുള്ള ഒരു സിന്തറ്റിക് മീഡിയയാണ് ഡീപ് ഫേക്ക്. യഥാര്‍ത്ഥ വ്യക്തികളുടേത് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഓഡിയോ, വീഡിയോ, ഇമേജുകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഡീപ് ഫേക്ക് ചെയ്യനായി തെരെഞ്ഞെടുത്തിരിക്കുന്ന വ്യക്തിയുടെ ചിത്രങ്ങള്‍, വിഡിയോകള്‍, ഓഡിയോ റെക്കോര്‍ഡുകള്‍ തുടങ്ങി വലിയ അളവില്‍ വിവരശേഖരണം നടത്തുന്നതാണ് ആദ്യത്തെ നടപടി. എത്രയധികം വിവരങ്ങള്‍ ശേഖരിക്കുന്നു അത്രയും പൂര്‍ണതയുള്ളതും കൃത്യവുമായ ഫലം ആയിരിക്കും ലഭിക്കുക.

‘ഡിജിറ്റല്‍ റെവല്യൂഷന്‍ സമയത്താണ് മാനിപുലേഷന്‍ എന്ന രീതി പ്രചാരത്തിലാകുന്നത്. അതോടു കൂടി ഏത് വര്‍ക്ക് ഓഫ് ആര്‍ട്ടും മാനിപുലേറ്റ് ചെയ്യാന്‍ കൂടുതല്‍ അനായാസമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മെഷീന്‍ ലേണിംഗ് ടെക്‌നോളജികള്‍ എന്നിവയുടെ മിശ്രിതമാണ് ഡീപ് ഫെയ്ക്കുകള്‍. ഇതു കൂടുതലായി പ്രചാരത്തിലാകുന്നത് അടുത്ത കാലത്താണ്. ഒരാള്‍ എങ്ങനെ ചിരിക്കുന്നു, സംസാരിക്കുമ്പോഴുള്ള ചുണ്ടുകളുടെ ചലനം, ഓരോ വ്യക്തികളുടെയും പെരുമാറ്റ രീതി, ഓരോ സാഹചര്യത്തിലും അവര്‍ എങ്ങിനെ പ്രതികരിക്കും തുടങ്ങിയോരോന്നും എ ഐയുടെ സാധ്യത(ഗ്രാഫിക് ജനറേറ്റഡ് ഔട്പുട്ട്‌സ്) പ്രയോജനപ്പെടുത്തി വ്യാജമായി നിര്‍മിക്കാന്‍ കഴിയും. സാവോ( zevo) പോലുള്ള ആപ്ലിക്കേഷനുകള്‍ ഇതിനൊരുദാഹരണമാണ്. സാങ്കേതികവിദ്യ വളരും തോറും വ്യാജ നിര്‍മിതകള്‍ കണ്ടെത്തുന്നത് കൂടുതല്‍ ദുഷ്‌കരമാവുകയാണ്. അതേസമയം തന്നെ ഇത്തരം വ്യാജ നിര്‍മിതികള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു; ഫറൂഖ് കോളജ് മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ അമീര്‍ സല്‍മാന്‍ പറയുന്നു.

എ ഐ ഉപയോഗിച്ചു നിര്‍മിക്കുന്ന ഭൂരിഭാഗം ചിത്രങ്ങളും വിഡിയോകളും അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. ചലച്ചിത്ര താരങ്ങളാണ് ഇതില്‍ കൂടുതലും ഇരകളാകുന്നത്. 2019 സെപ്റ്റംബറില്‍ ഓണ്‍ലൈനില്‍ 15,000 ഡീപ്‌ഫേക്ക് വീഡിയോകള്‍ കണ്ടെത്തിയിരുന്നു. അത് ഒമ്പത് മാസത്തിനിടെ ഇരട്ടിയായി വര്‍ധിക്കുകയും ചെയ്തു. 99% വനിതാ സെലിബ്രിറ്റികളുടെ അശ്ലീല വീഡിയോകളാണ്.

ഒരു ഫെയ്സ് സ്വാപ്പ് വീഡിയോ നിര്‍മിക്കുന്നതിന് ആദ്യം എന്‍കോഡര്‍ എന്ന് വിളിക്കുന്ന എ ഐ അല്‍ഗോരിതം വഴി രണ്ട് വ്യക്തികളുടെ മുഖ സാദൃശ്യമുളള ആയിരക്കണക്കിന് ഫേസ് ഷോട്ടുകള്‍ കണ്ടെത്തുന്നു. അതിനുശേഷം എന്‍കോഡര്‍ രണ്ട് മുഖങ്ങള്‍ക്കിടയിലുള്ള സമാനതകള്‍ കണ്ടെത്തുകയും പഠിക്കുകയും ചെയ്യുന്നു. ഒപ്പം അവയെ അവയുടെ പൊതുവായ സവിശേഷതകളിലേക്ക് മാത്രമായി ചുരുക്കുകയും ചിത്രങ്ങള്‍ കംപ്രസ് ചെയ്യുകയും ചെയ്യുന്നു. കംപ്രസ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് മുഖങ്ങള്‍ വീണ്ടെടുക്കാന്‍ ഡീകോഡര്‍ എന്ന് വിളിക്കുന്ന രണ്ടാമത്തെ എ ഐ അല്‍ഗോരിതത്തിന് നിര്‍ദേശം നല്‍കും. മുഖങ്ങള്‍ വ്യത്യസ്തമായതിനാല്‍, ആദ്യ വ്യക്തിയുടെ മുഖം വീണ്ടെടുക്കാന്‍ ഒരു ഡീകോഡറും രണ്ടാമത്തെ വ്യക്തിയുടെ മുഖം വീണ്ടെടുക്കാന്‍ മറ്റൊരു ഡീകോഡറും ഫ്രെയിം ചെയ്‌തെടുക്കും. ഫേസ് സ്വാപ്പ് നടത്താന്‍, എന്‍കോഡ് ചെയ്ത ചിത്രങ്ങള്‍ ‘തെറ്റായ’ ഡീകോഡറിലേക്ക് ഫീഡ് ചെയുന്നു. ഉദാഹരണത്തിന്, ‘എ’ എന്ന വ്യക്തിയുടെ മുഖത്തിന്റെ കംപ്രസ് ചെയ്ത ചിത്രം, ‘ബി’ എന്ന വ്യക്തിയില്‍ ഡീകോഡറിലേക്ക് ഫീഡ് ചെയ്യപ്പെടുന്നു. തുടര്‍ന്ന് ഡീകോഡര്‍ ‘ബി’ വ്യക്തിയുടെ മുഖം ‘എ’ യുടെ ഭാവങ്ങളും ചലനങ്ങളും ഉപയോഗിച്ച് പുനര്‍നിര്‍മിക്കുന്നു.

വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു ചെന്ന് അവരുടെ ചിത്രങ്ങളും ശബ്ദവും ദുരുപയോഗം ചെയ്യാനും അതുവഴി അവരെ ചൂഷണം ചെയ്യാനുമാണ് സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗം കാരണമാകുന്നത്. എ ഐ പോലുള്ള സാങ്കേതിക വിദ്യ പ്രതികാരം ചെയ്യാനും, വ്യക്തികളെ പൊതുമധ്യത്തില്‍ അപനിക്കാനുമൊക്കെ ഉപയോഗപ്പെടുത്തുന്നത് ലോകത്തിന് ഗുണകരമല്ല. രാഷ്ട്രീയ നേതാക്കളുടെയും, സെലിബ്രറ്റികളുടെയും യഥാര്‍ത്ഥ വിഡിയോയില്‍ തന്നെ കൃത്രിമമം കാണിക്കാന്‍ കഴിയുമെന്നതിനാല്‍ വലിയ തോതിലുള്ള ആശങ്കയാണ് ഉയരുന്നത്. സൈബര്‍ കുറ്റ കൃത്യങ്ങള്‍ വര്‍ദ്ധിക്കും. അവ തടയുന്നത് കൂടുതല്‍ ശ്രമകരവുമാകും.

വരും വര്‍ഷങ്ങളില്‍ എ ഐ സാങ്കേതിക വിദ്യ കൂടുതല്‍ പുരോഗമിക്കുമെന്നതിനാല്‍, ടെക്‌നോളജിയെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നതിലൂടെ മാത്രമെ ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാനാകൂ. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക, സ്വകാര്യതയിലേക്കു കടന്നു കയറുക തുടങ്ങിയ ദൂഷ്യവശങ്ങള്‍ ഇതിനുണ്ടെങ്കിലും പലതരത്തിലുള്ള വിനോദങ്ങള്‍ക്കും, സര്‍ഗാത്മകതയ്ക്കും പുതിയ മാനങ്ങള്‍ സൃഷ്ട്ടിക്കാനും എ ഐ സാങ്കേതികവിദ്യകള്‍ കൊണ്ട് കഴിയുന്നുണ്ട്. സത്യാനന്തര കാലഘട്ടത്തില്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയന്ത്രണ നടപടികള്‍ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ എ ഐ മേഖലയെ നിയന്ത്രിക്കാന്‍ നിലവില്‍ ഒരു നിയമവും പരിഗണനയില്‍ ഇല്ലെന്നാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം 2023 ഏപ്രിലില്‍ പറഞ്ഞത്.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍