UPDATES

ഓഫ് ബീറ്റ്

റീമയെയും ആഷിഖിനെയും എന്ത് ചെയ്യണം?

അവരെ പരസ്യമായി പിന്തുണയ്ക്കാതെ വഴിയില്ല, എന്നാല്‍ അവരോട് അസൂയയും വിദ്വേഷവും പുകയുകയാണ്.

                       

ആഷിഖിനേയും റീമയേയും എന്തു ചെയ്യണം? ഞാനടക്കമുള്ള മലയാളികളുടെ (സോറി, എന്നെ പോലുള്ള ചില മലയാളിയാണുങ്ങളുടെ) മാനസിക പ്രശ്‌നമാണിത്. അവരെ പരസ്യമായി പിന്തുണയ്ക്കാതെ വഴിയില്ല, എന്നാല്‍ അവരോട് അസൂയയും വിദ്വേഷവും പുകയുകയാണ്. ഡാഡി കൂള്‍ എന്ന സിനിമയെടുത്ത ആഷിഖിനോടാണേല്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരു പ്രശ്‌നവുമില്ലായിരുന്നു. ദിലീപിനെയും ഉദയന്‍-സിബി.കെ.തോമസുമാരേയും ലാല്‍ജോസിനേയും ജിത്തു ജോസഫിനേയും സ്‌നേഹിക്കുന്നത് പോലെ ഉപാധികളില്ലാതെ അങ്ങു സ്‌നേഹിച്ചേനെ. കുറച്ചു കാലം കഴിയുമ്പോ ഇടത്പക്ഷത്തിന്റെ ശണേശവിഗ്രഹമായി ആരാധിച്ചേനെ. പക്ഷേ പറഞ്ഞിട്ടെന്താ, സൂപ്പര്‍ സ്റ്റാറുകളൊന്നുമില്ലാതെ പടമിടുത്തു ഹിറ്റാക്കി. അതു ന്യൂജനറേഷനാണെന്ന് വിചാരിച്ച് സഹിക്കുമ്പോ സ്റ്റാറുകളേ ഇല്ലാത്ത പടമെടുത്തു. പിന്നെ കഞ്ചാവുപടവും. അല്ല, ഞങ്ങളെന്നാ ചെയ്യും. അതിന് പുറമേ എന്തൊക്കയാ, ലോകത്തിയാള് ഇടപെടാത്ത പ്രശ്‌നങ്ങളില്ല. തിരഞ്ഞെടുപ്പ് മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെയുള്ള കാര്യങ്ങള്‍ക്ക് ഇയാള്‍ക്കഭിപ്രായമുണ്ട്. നിങ്ങള്‍ക്ക് മറ്റുള്ള സിനിമാക്കാരെപോലെ മിണ്ടാതിരുന്നൂടെ?

റീമയോ, കാണാന്‍ കൊള്ളാവുന്ന കൊച്ചല്ലേ, ലാലേട്ടനെന്നും മമ്മൂക്കയെന്നും ദിലീപേട്ടനെന്നും നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറഞ്ഞു നടക്കുന്നത് പകരം ഈ കൊച്ചെന്താ ചെയ്യുന്നേ? അഭിനയിക്കാനൊന്നും അറിയില്ലന്നേ, ചുമ്മാ കലണ്ടറില്‍ വയ്ക്കാന്‍ കൊള്ളാം, എന്നൊക്കെ പറഞ്ഞു കുറച്ചു കാലം ഞങ്ങള്‍ സമാധാനിച്ചു. അപ്പോഴിതാ അവാര്‍ഡും കോപ്പും കൊടച്ചക്രവും. പിന്നെ ഇന്റര്‍വ്യൂകളിലൊക്കെ സംസാരിക്കുന്നത് കേട്ടാ ഇതെന്താ വെള്ളരിക്കാ പട്ടണമാണോന്ന് വിചാരിച്ചു പോകും. അല്ല, ഈ കൊച്ചിനെന്താ, എന്റെ തീരുമാനങ്ങളൊക്കെ അപ്പനും അമ്മയുമാ എടുക്കുന്നേ, ദൈവസഹായം കൊണ്ട് ഇതു വരെ എത്തീ എന്നൊക്കെ നേരേം ചൊവ്വേം ജീവിക്കുന്ന നടികളെ പോലെ പറഞ്ഞൂടെ? ചുരുങ്ങിയ പക്ഷം റിമി ടോമിയേപോലെ പൊട്ടത്തരം പറഞ്ഞ് ഞങ്ങളേ പോലെ ബുദ്ധിയുള്ള ഒരാളല്ല നിങ്ങളെന്ന് ഒരു തോന്നലുണ്ടാക്കിക്കൂടെ?

ആഷിഖിനെതിരെ എന്തു ചെയ്യണമെന്ന് കാത്തിരുന്നപ്പോഴാ പുള്ളി കമലഹാസനെതിരെ എന്തോ പറഞ്ഞത്. കാര്യം കമലഹാസനെ അയാളുടെ കയ്യിലിരിപ്പുകൊണ്ട് നമുക്ക് വല്യ കാര്യമൊന്നുമില്ല, പക്ഷേ, അയാള്‍ക്കെതിരെ പറയാന്‍ ഇവനാര്. മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടേ? സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ജൂനിയര്‍ സിനിമക്കാര്‍ അഭിപ്രായം പറയാമോ? ‘ഹോ, കാസനോവയിലെ ലാലേട്ടന്റെ ലുക്ക്! ആരാണ് ഈ മനുഷ്യനെ പ്രേമിക്കാത്തത്!’ ‘സ്റ്റാര്‍ ആന്റ് സ്‌റ്റെലിന്റെ കവറില്‍ മഞ്ഞ ഡ്രെസില്‍ മമ്മുക്ക ചാടി നില്‍ക്കുന്ന ആ നില്‍പ്പ്, ദുല്‍ക്കറിന് പോലും അസൂയ തോന്നും’ എന്നൊക്കെയാണ് പരസ്യമായി അഭിപ്രായം പറയേണ്ടത്. അതിന് പകരം വല്യ ഡയലോഗടിക്കാന്‍ വന്നതാ, നമ്മള്‍ കണക്കിന് കൊടുത്തു. വല്യ, ഫെയ്‌സ് ബുക്ക്കാരനാ, നമ്മള് ഫെയ്‌സ് ബുക്കിലൂടെ തന്നെ പണികൊടുത്തു. പക്ഷേ അതുകൊണ്ടൊന്നും അടങ്ങുന്നില്ല. ആ സമയത്താണ് പതുക്കെ പതുക്കെ ഇയാളും റീമയുമായി പ്രേമത്തിലാണെന്ന് നമ്മളറിയുന്നത്. ഹാ,ഹാ,ഹാ. നമ്മുടെ പാപ്പരാസി ക്യാമറകള്‍ക്കിനി വിശ്രമമില്ല, നിഷേധിക്ക് പിള്ളേരെ, നിഷേധിക്ക്. നാറ്റിച്ച് കയ്യിത്തരും.. എന്ന പ്രതിജ്ഞയുമായി രാത്രി ഉറങ്ങി ഉണരുമ്പോ അതുങ്ങള് രണ്ടും കൂടി ഓ, എല്ലാം ശരിയാണ്, ഞങ്ങള് പ്രേമത്തിലാണ് എന്ന് പ്രഖ്യാപിച്ചിരിക്കണ്. അല്ല, ഇതെന്ത് തോന്നിവാസമാണ്. പേരാത്തതിന് അവരൊരുമിച്ച്, യൂറോപ്പില്‍ കറങ്ങാല്‍ പോയത്രേ, അതും കല്യാണം പോലും കഴിക്കാണ്ട്. അങ്ങനെ പലരും പോകാറുണ്ട്, പക്ഷേ രഹസ്യമായിട്ടല്ലേ, പോകാറ്. ആ രഹസ്യം അറിയുമ്പോഴല്ലേ, അതിനെ കുറിച്ച് പറഞ്ഞ് വിജ്രംഭിക്കുമ്പോഴല്ലേ ഞങ്ങളുടെ ഒരിത്?

അല്ല, പറ, ഞങ്ങളെന്ത് ചെയ്യും? യാത്രേം കഴിഞ്ഞ് തിരിച്ച് വന്ന് പിന്നേം ഇന്റര്‍വ്യൂ. അല്ല, നിങ്ങള് വല്യ ബുദ്ധിജീവികളാണെങ്കി, ഇന്റര്‍വ്യൂ ഒന്നും കൊടുക്കാതെ പൊതുജനങ്ങളുമായി ഞങ്ങക്കൊരു ബദ്ധമില്ലന്ന മട്ടിലിരുന്നു കൂടെ? ഇതിപ്പം അഞ്ചു സുന്ദരികളിലെ ഇയാളുടെ പടത്തെ കുറിച്ച് ഞങ്ങള്‍ നാലു ചീത്ത പറയാന്‍ തുടങ്ങയിപ്പോഴേയ്ക്കും ഇയാള്‍ തന്നെ അതിനെ കുറിച്ച് പറഞ്ഞു. അല്ല, മാഷെ നമുക്കൊരു അവസരമില്ലേ? നിങ്ങളിപ്പോ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. ആഷിഖല്ലേ, മുസ്ലീമല്ലേ, ഈ റീമയ്ക്ക് മതം മാറിക്കൂടെ. ലവ് ജിഹാദല്ലേ, അതല്ലേ നാട്ടു നടപ്പ്. അല്ല കല്യാണം കഴിക്കുന്നുണ്ടെങ്കി അതിന്റെ ഒരു രീതിയില്‍ ചെയ്തൂടെ. ഡയലോഗടിക്കേണ്ട കാര്യമുണ്ടോ? ഉള്ള മതം തന്നെ അധികമാണെന്നമട്ടിലുള്ള വര്‍ത്തമാനം അധികപ്രസംഗമല്ലേ? ഹും..കാന്‍സര്‍ വാര്‍ഡിന് പത്തുലക്ഷവും കൊടുത്തു. ഫെയ്‌സ് ബുക്കില്‍ ലൈക്ക് ചെയ്യുന്നൂന്ന് വച്ച്, ഞങ്ങളെ കൊച്ചുങ്ങളെ ഈ സൈസ് അവരാധിത്തരം ചെയ്യാനനുവദിക്കുമെന്ന് കരുതേണ്ടട്ടോ. പക്ഷേ, പൊതുവേ ആര് കാരുണ്യപ്രവൃത്തി ചെയ്താലും അംഗീകരിക്കുന്നത് ഞങ്ങളെ ശീലമാ.. അമ്മേ, ശരണം. (ആഷിഖേ, റീമേ, നിങ്ങളെ പിന്നെയിടുത്തോളാം)

Share on

മറ്റുവാര്‍ത്തകള്‍