ലണ്ടനോ വാഷിങ്ങ്ടണ്‍ ഡി സിയോ പോലുള്ള നഗരങ്ങളില്‍, തൊട്ടടുത്തെത്തുന്ന മുഖം കാണുമ്പോഴല്ലാതെ ഗവണ്‍മെന്‍റ് തലത്തിലെ ഉന്നതരായ ആളുകളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. അതിനു കാരണം അവരൊരിക്കലും പ്രത്യേക ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വണ്ടികളില്‍ വമ്പിച്ച സുരക്ഷാ പടയോടൊന്നിച്ചു യാത്ര ചെയ്യാറില്ല എന്നത് തന്നെ. ഏറ്റവും കുറഞ്ഞ ബഹളത്തില്‍ ഏറ്റവും ലളിതമായ രീതിയിലാണ് അവര്‍ യാത്ര ചെയ്യുന്നത്.
ഭീകരവാദത്തിന്‍റെയും മറ്റ് അരാജക സംഘങ്ങളുടെയും ഭീഷണിയുടെ കാലത്ത് യൂറോപ്പിലെയോ അമേരിക്കയിലേയോ നഗരങ്ങളില്‍ ഒട്ടും സുരക്ഷയില്ലാതെ അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ സുരക്ഷാ സംവിധാനത്തില്‍ യാത്ര ചെയ്യുന്ന ഒരു ഗവന്‍മെന്‍റ് മേധാവിയെ കണ്ടുമുട്ടുക എന്നത് ഒട്ടും അസാധാരണമായ കാഴ്ചയല്ല. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി തികച്ചും വ്യത്യസ്ഥമാണ്. ഏറ്റവും ചുരുങ്ങിയത് നമ്മുടെ പ്രാദേശിക നേതാക്കളുടെയൊപ്പം പോലും ഒന്നോ രണ്ടോ പോലീസുകാര്‍ അകമ്പടി സേവിക്കാന്‍ ഉണ്ടാവും. ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനവും അകമ്പടിക്കായ് ഒരു സംഘം ആളുകളും വേണം ഇത്തരക്കാര്‍ക്ക്. ഇത് അസംബന്ധവും ജീര്‍ണിച്ചതുമായ അധികാരത്തിന്‍റെ പ്രകടനമാണ്. ജനാധിപത്യത്തിന്‍റെ ഏറ്റവും അടിസ്ഥാനപരമായ ആശയത്തിന്‍റെ തികച്ചും തെറ്റായ വ്യാഖ്യാനമാണ്.
ഈ സന്ദര്‍ഭത്തിലാണ് ചുവപ്പും നീലയും ബീക്കണ്‍ ലൈറ്റുകള്‍ പിടിപ്പിച്ച വാഹനങ്ങളിലുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സുപ്രീം കോടതി ഉത്തരവ് ചരിത്രപ്രാധാന്യമുള്ളതായി മാറുന്നത്. എന്നാല്‍ നമ്മള്‍ ആശങ്കപ്പെടുന്നതുപോലെ, ശരിയായ വിധത്തില്‍ ഈ ഉത്തരവ് നടപ്പിലാക്കിയാല്‍ മാത്രം.
ചൊവ്വാഴ്ചത്തെ സുപ്രീം കോടതി ഉത്തരവ് ‘lal battis’ ഉപയോഗിക്കുന്ന ഡെല്‍ഹിയിലെ വി ഐ പി കാറുകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വെട്ടിച്ചുരുക്കല്‍ ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം യാത്രവകാശവുമായി ബന്ധപ്പെട്ട പ്രത്യേക പരിഗണന ലഭിക്കുക ഉന്നത ഭരണഘടന പദവികളില്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കുമെന്ന് വിധിക്കുകയും ചെയ്തിരിക്കുന്നു.
എന്തു തന്നെയായാലും തുല്യാവകാശങ്ങള്‍ നിലനില്‍ക്കുന്ന ഒരു ജനാധിപത്യ സമൂഹമായി നമ്മളെ മാറ്റുന്നതിന് ഈ കോടതി ഉത്തരവ് സഹായിക്കും. പക്ഷേ അത് ശരിയായ രീതിയില്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. കുറഞ്ഞ പക്ഷം പ്രാദേശിക നേതാക്കള്‍, എം എല്‍ എ അതുമല്ലെങ്കില്‍ കോര്‍പ്പറേഷന്‍ മെംബര്‍ തുടങ്ങിയവര്‍ ബീക്കന്‍ ലൈറ്റുകളുള്ള വാഹനം ഉപയോഗിക്കുന്ന തെറ്റായ സമ്പ്രദായം ഇത് അവസാനിപ്പിക്കുകയെങ്കിലും ചെയ്യും.
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണെങ്കില്‍ ഭരണ ഘടന സ്ഥാപനങ്ങളായ രാഷ്ട്രപതി, പ്രധാനമന്ത്രി, ക്യാബിനെറ്റ് മന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍, ഇന്‍ഡ്യയുടെ ചീഫ് ജസ്റ്റീസ്, സുപ്രീം കോര്‍ട് ജഡ്ജിമാര്‍, പാര്‍ലമെന്റിന്റെ രണ്ടു സഭകളുടെയും തലവന്‍മാര്‍ തുടങ്ങി വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാനുള്ള അവകാശം ലഭിക്കുകയുള്ളൂ.
അതോടൊപ്പം ബീക്കന്‍ ലൈറ്റുകള്‍ ഉപയോഗിക്കാന്‍ അവകാശമുള്ളവരുടെ പട്ടിക മൂന്നു മാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കിയിരിക്കുകയാണ് കോടതി. ഗവണ്‍മെന്‍റിന്റെ സ്വന്തം താല്‍പര്യത്തിനനുസരിച്ച് പട്ടിക വിപുലപ്പെടുത്തരുത് എന്നും കോടതി പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. എമര്‍ജന്‍സി വാഹനങ്ങള്‍, പോലീസ് ജീപ്പുകള്‍ എന്നിവയ്ക്കു നീല ഫ്ലാഷിംഗ് ലൈറ്റുകള്‍ ഉപയോഗിക്കാം എന്നു കോടതി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അധികാരത്തിന്‍റെ അടയാളമായി വി ഐ പികള്‍ പ്രദര്‍ശിപ്പിക്കുന്ന ചുവന്ന ബീക്കണ്‍ ലൈറ്റുകളുടെയും സൈറനുകളുടെയും വിവേചനരഹിതമായ ഉപയോഗം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വലിയ തോതിലുള്ള ട്രാഫിക് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന പൊതുതാല്‍പര്യ ഹരജിയുടെ വാദം കേള്‍ക്കുകയായിരുന്നു കോടതി.
പട്ടികയിലുള്ള ആളുകളെല്ലാം ഉന്നത പദവി അലങ്കരിക്കുന്നവരാണെന്ന സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനമെന്താണ്? അവരുടെ പ്രവര്‍ത്തന ശേഷിയെ ഏത് തരത്തിലാണ് ചുവന്ന ലൈറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുക തുടങ്ങിയ ചോദ്യങ്ങള്‍ കഴിഞ്ഞ ആഗസ്ത് മാസം തന്നെ ജഡ്ജിമാര്‍ ഉന്നയിച്ചിരുന്നു.
ചുവന്ന ബീക്കന്‍ ലൈറ്റുകളും സൈറെനും ഉപയോഗിക്കാന്‍ അവകാശമുള്ളവരുടെ പട്ടികയില്‍ ചില ‘നീക്കുപോക്കുകള്‍’ (exception) വേണമെന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ അവശ്യത്തെ തുടര്‍ന്നാണ് കോടതി മേല്‍പ്പറഞ്ഞ സംശയങ്ങള്‍ ഉന്നയിച്ചത്.
ഒരു സാദാ പോലീസുകാരനു എം എല്‍ എയോ കോര്‍പ്പറേഷന്‍ അംഗത്തെയോ തടഞ്ഞു നിര്‍ത്തി ചുവന്ന ലൈറ്റ് നീക്കം ചെയ്യാനുള്ള ധൈര്യം ഉണ്ടാവുമോ എന്നുള്ളതാണ് ഇവിടത്തെ ചോദ്യം. രാഷ്ട്രീയ നേതാക്കള്‍ മാടമ്പികളെപ്പോലെ ചുറ്റി നടക്കുമ്പോള്‍ സാധാരണക്കാര്‍ക്കു എന്തു ചെയ്യാന്‍ പറ്റും?