‘ഇന്ത്യന്‍ ദേശീയത ഒരിക്കലും ഇടുങ്ങിയതും മറ്റുള്ളവരെ പുറംതള്ളുന്നതുമാവാതിരിക്കാനും മറിച്ച് മനുഷ്യകുലത്തിന് സേവനം ചെയ്യാനുമുള്ള ഒന്നാവണമെന്ന് അദ്ദേഹം വിഭാവനം ചെയ്തു’ – രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ നിന്നുള്ള വരികളാണ്.
ദശകങ്ങളോളം ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടവെട്ടി സ്വാതന്ത്ര്യം നേടുമ്പോള്‍ നിരക്ഷരരും പട്ടിണിപ്പാവങ്ങളുമായ ജനങ്ങള്‍ നിറഞ്ഞ, അനേകം നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന ഒരു ഭൂവിഭാഗമായിരുന്നു ഇന്ത്യ. അവിടെ നിന്നാണ് എഴുതപ്പെട്ട ഒരു ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന റിപ്പബ്ലിക്കായി ഇന്ത്യ മാറിയത്. വിഭജന സമയത്ത് പാക്കിസ്ഥാന്‍ ഇസ്ലാം മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യമായി മാറാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ തീരുമാനിച്ചത് ഒരു മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാകാനാണ്. അവിടെയാണ് ഇന്ത്യയുടെ മഹത്വവും. അതുകൊണ്ടാണ് വിഭജന സമയത്ത് പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ സംവിധാനത്തിലും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അതിന്റെ സത്തയിലും വിശ്വസിക്കാനും ഇവിടെ തന്നെ ജീവിക്കാനും കോടിക്കണക്കിന് വരുന്ന മുസ്ലിങ്ങള്‍ തീരുമാനിച്ചത്. ഏതു മതത്തില്‍ വിശ്വസിക്കാനും ഏതു വിശ്വാസം പുലര്‍ത്താനും സ്വാതന്ത്ര്യമുള്ള, അതിന് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്ന, നിയമത്തിനു മുന്നില്‍ എല്ലാവരേയും തുല്യരായ കണക്കാക്കണമെന്ന് എഴുതി വച്ചിട്ടുള്ള ഭരണഘടനയുള്ള ഇന്ത്യ ലോകത്തിന് മുന്നില്‍ ഇത്രകാലവും തലയുയര്‍ത്തി നിന്നത് ഈ രാജ്യം മുന്നോട്ടുവച്ചിരുന്ന മാനവികതയുടെ പേരിലായിരുന്നു.
പാശ്ചാത്യ രാജ്യങ്ങളെ പോലെയോ ഇസ്ലാമിക് രാജ്യങ്ങളെ പോലെയോ ഭാഷയുടേയോ മതത്തിന്റെയോ ഒന്നും അടിസ്ഥാനത്തിലല്ല ഇന്ത്യ ഉണ്ടായത്. അത് ഇന്ത്യ എന്ന ആശയത്തിന്റെ പേരിലാണ്. മലയാളിക്കും തമിഴനും ബംഗാളിക്കും ഗുജറാത്തിക്കും കശ്മീരിക്കും പഞ്ചാബിക്കുമൊക്കെ തങ്ങളായി തന്നെ നിലനില്‍ക്കാനും ഭരണഘടനയാല്‍ ബന്ധിതമായി ഇന്ത്യ എന്ന അതിര്‍ത്തിക്കുള്ളില്‍ ഒരുമിച്ച് കഴിയാനും ജീവിതം പങ്കിടാനും അതുകൊണ്ടാണ് സാധിക്കുന്നത്. ആ ദേശവ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും സിക്കുകാരും പാഴ്സികളുമൊക്കെ ഒരേ ഭൂവിഭാഗം പങ്കിട്ടു, ഒരുമിച്ച് കഴിഞ്ഞു. കലാപങ്ങളും ശത്രുതകളും ഒക്കെയുണ്ടായിട്ടുണ്ട്. അത് മനുഷ്യകുലത്തിന്റെ ആരംഭം മുതല്‍ തുടരുന്നതാണ്. എന്നാല്‍ അതിനെ അതിജീവിക്കാനും മുന്നോട്ടു പോകാനും മാനവരാശിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയും അങ്ങനെ തന്നെയാണ്. നൂറുകണക്കിന് ഭാഷകളും ഉപഭാഷകളും ജാതികളും ഉപജാതികളും മതങ്ങളും, വ്യത്യസ്തമായ വസ്ത്രധാരണ രീതിയും ഭക്ഷണ ശീലങ്ങളുമൊക്കെയുള്ള നാം എന്ന ഇന്ത്യന്‍ ജനതയ്ക്ക് എന്നെങ്കിലും ഇന്ത്യയുടെ ഐക്യത്തില്‍ സംശയം തോന്നിയിട്ടുണ്ടോ? ഞങ്ങള്‍ക്ക് എന്തായാലും ആ സംശയമില്ല. കാരണം ഇന്ത്യ എന്ന ആശയം അത്രയേറെ കെട്ടുറപ്പുള്ളതാണ്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം കിട്ടുകയും 1950 ജനുവരി 26-ന് ഭരണഘടനയില്‍ അധിഷ്ഠിതമായ റിപ്പബ്ലിക്ക് ആയി മാറുകയും ചെയ്ത ഇന്ത്യയുടെ കെട്ടുറപ്പ്, അതിന്റെ നിലനില്‍പ്പ് എന്നെങ്കിലും അവതാളത്തിലായിട്ടുണ്ടോ? 2014 നു മുമ്പ് ആര്‍ക്കെങ്കിലും ആ സംശയം ഉണ്ടായിരുന്നോ? ഇല്ല.
സ്വാതന്ത്ര്യ പുലരിയിലേക്ക് ഇന്ത്യ കടന്നുവന്നത് രക്തത്തിലും മൃതദേഹങ്ങളിലും ചവിട്ടിയായിരുന്നു. ഒരു നേരത്തെ വിശപ്പടക്കാന്‍ മാര്‍ഗമില്ലാത്ത, അക്ഷരാഭ്യാസമില്ലാത്ത ആ ജനതയെ ഒരുമിപ്പിക്കാനും മുന്നോട്ടു നീങ്ങാനും ജവഹര്‍ലാല്‍ നെഹ്റുവും ഡോ. ബിആര്‍ അംബേദ്ക്കറുമൊക്കെ തെരഞ്ഞെടുത്ത മാര്‍ഗം ഈ രാജ്യത്തെ ഒരു മതേതര ജനാധിപത്യ രാജ്യമായി നിലനിര്‍ത്താനാണ്. അതിനായി ഒരു ഭരണഘടന ഉണ്ടാക്കാനാണ്. ഇതിനിടയില്‍ മതത്തിന്റേയും ജാതിയുടേയും വംശത്തിന്റേയുമൊക്കെ പേരില്‍ കലാപങ്ങളും കൂട്ടക്കൊലകളും അരങ്ങേറി. പക്ഷേ, ഇന്ത്യ എന്ന ആശയം ഒരിക്കലും വേരറ്റു പോവുകയോ ഇന്ത്യ വിഭജിക്കപ്പെടുകയോ ചെയ്തില്ല. അങ്ങനെ സ്വാതന്ത്ര്യത്തിനു ശേഷം ഏഴര പതിറ്റാണ്ടു പിന്നിട്ടു. ഇന്ന് നാം ഭക്ഷ്യ സ്വയംപര്യാപ്തത നേടി. വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലകളില്‍ മികവ് തെളിയിച്ചു. ലോകത്തിന്റെ മിക്കയിടങ്ങളിലേക്കും കുടിയേറി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു, അവര്‍ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി. സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.
ആ ഒരു അവസ്ഥയില്‍ നിന്ന് ഇന്ത്യയുടെ ഒരുമയെക്കുറിച്ച്, ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനെ കുറിച്ച് ആരാണ് സംശയം ഉയര്‍ത്തിത്തുടങ്ങിയത്. 2014 നു മുമ്പ് ഇന്ത്യയെ ഒന്നിപ്പിക്കണമെന്ന് ആരെങ്കിലും പറഞ്ഞ് നിങ്ങള്‍ കേട്ടിരുന്നോ? എവിടെയായിരുന്നു നമുക്ക് അനൈക്യം ഉണ്ടായിരുന്നത്? ആദ്യം വ്യാജമായ ഒരു നരേറ്റീവ് ഉണ്ടാക്കുക, അതിനെ ചുറ്റിപ്പറ്റി തങ്ങളുടെ ഭൂരിപക്ഷതാവാദം അടിച്ചേല്‍പ്പിക്കുക എന്ന ഫാസിസ്റ്റ് പ്രൊപ്പഗണ്ടയിലേക്ക് ഇന്ത്യ വീണു പോയത് എന്നാണ്? ഹിന്ദുക്കള്‍ എന്ന ഭൂരിപക്ഷം വരുന്ന സമുദായം നിലനില്‍പ്പ് ഭീഷണിയിലാണ് എന്ന വ്യാജ പ്രചരണം എന്തിനു വേണ്ടിയായിരുന്നു? ഇത്രയേറെ അധിനിവേശങ്ങള്‍ നടന്നിട്ടും ഇത്രയേറ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 130 കോടി ജനങ്ങളില്‍ ഇന്നും 80 ശതമാനം പേര്‍ ഹിന്ദുക്കളായി കഴിയുന്ന ഒരു രാജ്യത്ത് അവര്‍ ഭീഷണി നേരിടുന്നുവെന്ന് പറയുന്നത് എന്തിനു വേണ്ടിയാണ്? എങ്ങനെയാണ് നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിച്ചു വരുന്ന ഒരു പ്രത്യേക മതവിഭാഗം മാത്രം ഒരു ഭരണകൂടത്തിന്റേയും അവര്‍ക്ക് നേതൃത്വം നല്‍കുന്ന വിധ്വംസക പ്രത്യയശാസ്ത്രത്തിനും ശത്രുക്കളായി മാറിയത്? എന്തുകൊണ്ടാണ് മുസ്ലിങ്ങളെ അകറ്റി നിര്‍ത്തണമെന്ന് ആര്‍എസ്എസും സംഘപരിവാര്‍ കൂടാരത്തിലെ ഒട്ടുമിക്ക സംഘടനകളും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും അവരുടെ അനേകം പ്രൊപ്പഗണ്ട മിഷനറികളും പ്രചരിപ്പിക്കുന്നത്? അതിനായി ഇന്ത്യ എന്ന ആശയത്തേയും ഇന്ത്യന്‍ ഭരണഘടനയേയും നാം ബലി കൊടുക്കേണ്ടതുണ്ടോ? മതേതരത്വത്തില്‍, ജനാധിപത്യത്തില്‍, ഇന്ത്യയുടെ നാനാത്വത്തില്‍, ഭണഘടനയില്‍ വിശ്വസിക്കുന്ന ഓരോരുത്തരും ചോദിക്കേണ്ട നിര്‍ണായക സമയമാണിത്.
ഭരണഘടനയുടെ 14-ാം അനുച്ഛേദം പറയുന്നത് ഇങ്ങനെയാണ്: ‘ മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടേയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റേയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതെ, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഏതൊരാള്‍ക്കും നിയമത്തിനു മുന്നില്‍ തുല്യതയും നിയമം അനുശാസിക്കുന്ന തുല്യമായ പരിരക്ഷണവും നല്‍കണം’. ഇതിന്റെ പച്ചയായ ലംഘനമായിരുന്നു 2019 ഡിസംബര്‍ നാലിന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് 2024 മാര്‍ച്ച് 11 ന് പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്ന പൗരത്വ (ദേഭഗതി) ബില്‍. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതത്തിന്റേ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ളതാണ് ബില്‍. ഒപ്പം, 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയിട്ടുള്ള ഹിന്ദു, സിക്ക്, ബുദ്ധിസ്റ്റ്, ജയിന്‍, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു- മുസ്ലീങ്ങള്‍ക്ക് മാത്രം പ്രവേശനമില്ല. പുറത്തുള്ളവര്‍ക്ക് പ്രവേശിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണ്ട വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളും ഭരണഘടയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക സ്വയംഭരണ കൗണ്‍സിലുകള്‍ ഉള്ള അസമിലേയും മേഘാലയിലേയും ത്രിപുരയിലേയും ഗോത്ര പ്രദേശങ്ങളും പൗരത്വ (ഭേദഗതി)യുടെ പരിധിയില്‍ വരില്ല. ഈ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ പ്രദേശങ്ങള്‍ക്ക് പുറത്തും മണിപ്പൂരിലും മാത്രമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതുതായി എത്തുന്നവര്‍ക്ക് ഇനി താമസിക്കാന്‍ സാധിക്കൂ.
അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി)യുടെ മറപിടിച്ചാണ് 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും പൗരത്വം തീരുമാനിക്കരുതെന്ന് എഴുതി വച്ചിട്ടുള്ള ഭരണഘടയേയും അതിന്റെ സത്തയേയും പൂര്‍ണമായി നിരാകരിച്ചു കൊണ്ട് പാര്‍ലമെന്റില്‍ തങ്ങള്‍ക്കുള്ള മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഭേദഗതി നടപ്പുകയാണ് സര്‍ക്കാര്‍ ചെയ്തത്. അസമില്‍ നടത്തിയ എന്‍ആര്‍സിയെ തുടര്‍ന്ന് 19 ലക്ഷത്തോളം മനുഷ്യര്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ എന്ന വിധി കാത്തു കഴിയുകയാണ്. 26 -ല്‍ അധികംപേര്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ മരിച്ചു. എന്‍ആര്‍സിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ബംഗാളി ഹിന്ദുക്കളും ഉണ്ടെന്ന് കണ്ടതോടെ അസം എന്‍ആര്‍സി അംഗീകരിക്കാന്‍ കഴിയില്ലെന്നു സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ബഹളം വച്ചതോടെയാണ് രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചത്. പൗരത്വ ഭേദഗതി ബില്‍ പാസാക്കുകയും രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കുകയും ചെയ്യുക എന്നതിന്റെ ഏക ഉദ്ദേശം മുസ്ലിങ്ങളായ കുടിയേറ്റക്കാരെ ഇവിടെ നിന്ന് പുറത്താക്കുക എന്നതാണ്.
1985-ല്‍ അംഗീകരിക്കപ്പെട്ട അസം കരാര്‍ അനുസരിച്ചാണ് അസമില്‍ എന്‍ആര്‍സി നടപ്പാക്കിയത്. 1951-ലും അസമില്‍ ഇത്തരത്തില്‍ എന്‍ആര്‍സി നടപ്പായിട്ടുണ്ട്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നു എന്നതും ബംഗ്ലാദേശിന്റെ പിറവിയിലേക്ക് നയിച്ച ഇന്ത്യ-പാക് യുദ്ധകാലത്തും വറുതിയുടേയും ക്ഷാമത്തിന്റേയുമൊക്കെ കാലത്തും ഇന്ത്യയിലേക്ക് ബംഗ്ലാദേശില്‍ നിന്ന് വലിയ തോതില്‍ കുടിയേറ്റം നടന്നിരുന്നു. ഇത് അസമിന്റെ ഭൂമിശാസ്ത്രത്തെ തന്നെ മാറ്റിമറിക്കുന്നു എന്ന വംശീയ ഗ്രൂപ്പുകള്‍ ഉയര്‍ത്തിയ പരാതിയേയും കലാപങ്ങളെയും തുടര്‍ന്നാണ് പ്രത്യേക സാഹചര്യത്തില്‍ അസം കരാര്‍ ഉണ്ടാവുന്നത്. 1971 മാര്‍ച്ച് 25-നു മുമ്പ് ഇന്ത്യയിലെത്തിയിട്ടുള്ള ആര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് ഈ കരാര്‍ കൊണ്ട് ഉദ്ദേശിച്ചത്. അതിനെ പിന്തുണയ്ക്കുന്നവരാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. എന്നാല്‍ അതിന്റെ മറവില്‍ രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കണമെന്ന് പറയുന്നതിന്റെ ഉദ്ദേശം ഒരു മതവിഭാഗത്തെ മാത്രം രണ്ടാംകിടക്കാരായി മാറ്റിയെടുക്കുക എന്നതാണ്. അത് ലക്ഷ്യമിട്ടാണ് ഈ പൗരത്വ (ഭേദഗതി) കൊണ്ടുവരുന്നതും. അങ്ങനെയൊരു നിലപാടിനു പിന്നില്‍ ഭൂരിപക്ഷതാവാദത്തിന്റെയും മന:സാക്ഷിയില്ലായ്മയുടേയും, മനുഷ്യത്വത്തിലും മാനവികതയിലും വിശ്വസിക്കാത്തതിന്റേയും കുഴപ്പമാണ്.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കപ്പെടുമ്പോള്‍, അല്ലെങ്കില്‍ ഒരു മതം ഇന്ത്യന്‍ പൗരത്വത്തിന് യോഗ്യമല്ല എന്ന് ഇന്ത്യന്‍ മുസ്ലിങ്ങളോട് പറയുക എന്നതിന്റെ സൂചന വലുതാണ്. പാക്കിസ്ഥാന്‍ എന്ന ഇടുങ്ങിയ മതരാഷ്ട്രത്തിലേക്ക് പോകാതെ ഇന്ത്യയുടെ വൈവിധ്യത്തേയും ഇന്ത്യ എന്ന ആശയത്തേയും മുറുകെ പിടിച്ച് ഇവിടെ നിന്നവരാണ് വിഭജന സമയത്തെ മുസ്ലീങ്ങള്‍. അവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ല. അവര്‍ തെരഞ്ഞെടുത്തത് മതേതര ഇന്ത്യയാണ്. അല്ലാതെ പാക്കിസ്ഥാന്റെ ഒരു ഇന്ത്യന്‍ പതിപ്പല്ല. മുസ്ലിങ്ങള്‍ക്ക് പോകാന്‍ മറ്റു മുസ്ലിം രാജ്യങ്ങള്‍ ഉണ്ടെന്നും ഹിന്ദുക്കള്‍ക്ക് പോകാന്‍ വേറെ ഇടമില്ല എന്നുമൊക്കെ പൗരത്വ (ഭേദഗതി) ബില്ലിന്റെ കാരണമായി ഭരണകക്ഷി അംഗങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതായത്, നമ്മുടെ ലക്ഷ്യം ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആവുകയാണോ?
2018-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച രണ്ടു തരം പാസ്പോര്‍ട്ടിന്റെ കാര്യം ഓര്‍മയുണ്ടോ? സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാത്തവര്‍ക്ക് വിദേശരാജ്യങ്ങളില്‍ പോവുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണമെന്നതിനാല്‍ ഇങ്ങനെയുള്ളവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനം കടുത്ത എതിര്‍പ്പിനൊടുവിലാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇന്ത്യയെ പോലൊരു രാജ്യത്ത് ഒരാള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനും ലഭിക്കാതിരിക്കാനും നിരവധി കാരണങ്ങളുണ്ട്. അത്തരത്തില്‍ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നവരില്‍ കൂടുതലും ഇവിടുത്തെ ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമൊക്കെയാണ്. അവര്‍ക്കാണ് രണ്ടാം കിട പൗരന്മാരായി ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാനുള്ള ഓറഞ്ച് പാസ്പോര്‍ട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചത്. സ്വന്തം പൗരന്മാരെ ഈ വിധത്തില്‍ വിവിധ തട്ടുകളായി തിരിക്കുന്ന ആലോചന തന്നെ എവിടെ നിന്നാണ് വരുന്നത് എന്ന് ആലോചിച്ചു നോക്കൂ. അതിന് വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന മനുസ്മൃതിയോളം പഴക്കമുണ്ട്. ഇന്ന് മുസ്ലിങ്ങളെ പുറത്താക്കണമെന്ന ആക്രോശിക്കുന്നവരെ കാത്തിരിക്കുന്നതും ഇതേ വിധിയാണ്. നാളെ നിങ്ങളുടെ നിറത്തിന്റെ, വിദ്യാഭ്യാസത്തിന്റെ, കുലത്തിന്റെ, വംശത്തിന്റെ, ഭാഷയുടെ ഒക്കെ അടിസ്ഥാനത്തില്‍ ഓരോരുത്തേരും തരംതിരിക്കപ്പെടും. സെക്കന്റ് ക്ലാസ് പൗരന്മാരായ ജനിച്ച മണ്ണില്‍ കഴിയേണ്ടി വരും. ഇന്ത്യ എന്ന മഹത്തായ ആശയത്തിന് അന്ത്യകൂദാശ ചൊല്ലലാണ് ഇപ്പോള്‍ നടക്കുന്നത്.