താരങ്ങള്‍ക്കും ക്രിക്കറ്റ് വിദഗ്ധര്‍ക്കും പറയാനുള്ളത്
വേഗതയും കൃത്യതയും കൊണ്ട് എതിര്‍ ബാറ്റര്‍മാരെ വിറപ്പിച്ച മായങ്ക് യാദവിന്റെ കഥ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ആവേശം കൊള്ളിച്ച ഒന്നായിരുന്നു. 155.8 കിലോമീറ്റര്‍ വേഗതയിലാണ് മായങ്കിന്റെ കൈയില്‍ നിന്നും പന്ത് പാഞ്ഞത്. ഇതേ വേഗതയിലാണ് മായങ്ക് ഐപിഎല്ലിലേക്ക് വന്നതും. സയ്യീദ് മുഷ്താഖ് അലി ട്രോഫിയില്‍ 153 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിഞ്ഞതോടെയാണ് സിലക്ടര്‍മാരുടെ റഡാറില്‍ മായങ്ക് പതിഞ്ഞത്. മയങ്ക് യാദവ് എന്ന 21കാരന്‍ ഐപിഎല്ലില്‍ വെറും മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ കളിച്ചത്. പക്ഷെ, കളിച്ച ആദ്യ രണ്ട് മത്സരങ്ങള്‍കൊണ്ട് തന്നെ എതിര്‍ ടീം ബാര്‍മാരുടെ പേടി സ്വപ്നമായി മാറാന്‍ യുവതാരത്തിന് കഴിഞ്ഞു.
മായങ്കിന്റെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് പിതാവാണ്. കോര്‍ട്രലി ആംബ്രോസിന്റെ കടുത്ത ആരാധകനായ പ്രഭുവിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു മകന്റെ ശോഭനമായ ക്രിക്കറ്റ് ഭാവി. പൊലീസ്, അംബുലന്‍സ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സൈറണ്‍ നിര്‍മിക്കുന്ന ഫാക്ടറിയിലെ ജോലിക്കാരനാണ് പ്രഭു. ഡല്‍ഹി വെങ്കിടേശ്വര കോളേജിലെ സോണറ്റ് ക്ലബ്ബില്‍ നിന്നും തന്റെ മകനെയും കൂട്ടിയാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള മോട്ടിനഗറിലെ വീട്ടിലേക്ക് ആ പിതാവ് പതിവായി പോകാറുള്ളത്. യാത്ര മദ്ധ്യേ അദ്ദേഹം തന്റെ മകന് പറഞ്ഞു നല്‍കിയിരുന്നത് മുഴുവന്‍ ആംബ്രോസിന്റെ പന്തുകള്‍ തങ്ങളുടെ തല തകര്‍ക്കുമെന്ന മറ്റു കളിക്കാരില്‍ ഉളവാക്കിയ അതെ ഭയം കളിക്കളത്തില്‍ മറ്റുള്ളവരിലും ഉളവാക്കാന്‍ നിനക്കും സാധിക്കും എന്നായിരുന്നു. പിതാവിനോട് അനുസരണയുള്ള മകന്‍ അത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. ഇന്ന് എല്‍ എസ് ജിയുടെ തീപ്പൊരി ബൗളറാണ് 21 കാരന്‍ മായങ്ക് യാദവ്. വൈകാതെ ടീം ഇന്ത്യയിലേക്കും അവനെത്തിയേക്കും.
മായങ്കിനെ പോലെ കഥയുള്ളവര്‍ ഇനിയുമുണ്ട്. ഇന്ത്യയുടെ പുതിയ ബാറ്റിംഗ് സെന്‍സേഷന്‍ യശ്വസി ജെയ്സ്വാള്‍ അതിലൊരാളാണ്. പാനിപൂരിയും റൊട്ടിയും വിറ്റു ജീവിച്ചിരുന്ന യശ്വസി ഇന്ന് ഐ.പി.എല്‍ ലേലത്തില്‍ കോടിക്കണക്കിന് രൂപ മൂല്യമുള്ള മിന്നും താരമാണ്. സ്വന്തം അദ്ധ്വാനവും കൊണ്ടും കഠിന പ്രയത്നവും കൊണ്ടാണ് യശ്വസി വെട്ടിപ്പിടിച്ച ഈ ഉയരങ്ങള്‍ അത്രയും. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ താരം കൂടിയാണ് യശ്വസി.
റിങ്കു സിംഗ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, അംഗൃഷ് രഘുവംശി ഇങ്ങനെ നീണ്ടു പോകുന്നു ഐപിഎല്ലിലെ യുവ താരങ്ങളുടെ നിര. പല സംസ്ഥാനങ്ങളില്‍ നിന്നും സാമ്പത്തികമായി അത്ര ശക്തമല്ലാത്ത പശ്ചാത്തലത്തില്‍ നിന്നായിട്ടു കൂടി റിങ്കുവിനെയും യശ്വസിയെയും മായങ്കിനെയും പോലുള്ളവര്‍ ഐപിഎല്ലില്‍ തിളങ്ങി നില്‍ക്കുമ്പോഴും എന്തുകൊണ്ട് കേരളത്തില്‍ നിന്ന് ഇത്തരം പുത്തന്‍ താരോദയങ്ങള്‍ ഉണ്ടാകുന്നില്ലെന്നത് ഒരു ചോദ്യമാണ്.
കേരളത്തിലെ ക്രിക്കറ്റ് അന്തരീക്ഷം
ഈ ചോദ്യത്തിന് ഉത്തരമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി സി മാത്യു പറയുന്നത്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് വളര്‍ച്ച നിലവില്‍ മന്ദഗതിയിലാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്നാണ്. കേരളത്തിലെ സ്‌കൂളുകളില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് പറ്റിയ അന്തരീക്ഷം അല്ലെന്ന് കൂടി അദ്ദേഹം പറയുന്നു.
‘ക്രിക്കറ്റില്‍ എന്നും കേരളം വളരെ പുറകിലായിരുന്നു. സ്‌കൂളുകള്‍ വഴിയാണ് കൂടുതലായും ക്രിക്കറ്റ് കുട്ടികളിലേക്ക് എത്തുന്നതും പ്രചാരം ലഭിക്കുന്നതും. പക്ഷെ, കേരളത്തിലെ സ്‌കൂളുകളില്‍ ക്രിക്കറ്റില്‍ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നുന്നതിനും അവരെ വേണ്ടവിധം പരിശീലിപ്പിച്ചെടുക്കുന്നതിനും മതിയായ ക്രിക്കറ്റ് പശ്ചാത്തലത്തില്‍ നിന്നുള്ള കായിക അധ്യാപകര്‍ ഒരു ശതമാനം പോലുമില്ലെന്നുള്ളതാണ് വാസ്തവം. കേരളത്തിലെ സ്‌കൂളുകളില്‍ ഉള്ള കൂടുതല്‍ അധ്യാപകരും അത്ലറ്റിക് പശ്ചാത്തലമുള്ളവര്‍ ആയിരിക്കും. അവര്‍ അവരുടെ മേഖല ഏതാണോ അത് മാത്രമേ കുട്ടികളില്‍ കൂടുതലായി പരിശീലിപ്പിക്കുകയുള്ളു. ഈ അധ്യാപകരില്‍ ഭൂരിഭാഗം പേരും ക്രിക്കറ്റിനെ കാണുന്നത് മറ്റ് കായിക ഇനങ്ങളെ തകര്‍ക്കുന്ന ഒരിനമായാണ്, അതുകൊണ്ടു തന്നെ കേരളത്തില്‍ അവര്‍ ക്രിക്കറ്റിനെ അത്ര കണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല. കൂടാതെ മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം, കേരളത്തിലെ സ്‌കൂളുകളില്‍ ക്രിക്കറ്റിന് വേണ്ടുന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇല്ലെന്നുള്ളതാണ്. ബാഡ്മിന്റണ്‍, ഫുട്‌ബോള്‍ തുടങ്ങിയവയ്ക്ക് ക്രിക്കറ്റിനോളം സജ്ജീകരണങ്ങള്‍ വേണ്ട. പക്ഷെ കൃത്യമായ ക്രിക്കറ്റ് പരിശീലനം നടത്തണമെങ്കില്‍ മതിയായ സജ്ജീകരണങ്ങള്‍ കൂടിയേ തീരു’; ടി സി മാത്യു അഴിമുഖത്തോടു പറയുന്നു.
സ്‌കൂളുകളിലും കുട്ടികളിലും ഒരു പോലെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ മുന്‍പ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയിരുന്നുവെന്നും, അതെല്ലാം ഇപ്പോള്‍ ജീവനില്ലാത്ത അവസ്ഥയിലാണെന്നുമാണ് അദ്ദേഹം പറയുന്നത്.
‘ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടിയാണ് കെ സി എ മിഷന്‍ ട്വന്റി-20, ക്രിക്കറ്റ് അറ്റ് സ്‌കൂള്‍ തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. കൂടാതെ വനിത ക്രിക്കറ്റിന് പ്രത്യേക അക്കാദമിയും ആരംഭിച്ചിരുന്നു. അന്ന് ആരംഭിച്ച അക്കാദമിയിലൂടെ എത്തിയ പ്രതിഭകളാണ് മിന്നുമണിയും സജ്നയുമെല്ലാം. എന്നാല്‍ അതെല്ലാം ഇന്ന് നിര്‍ജ്ജീവാവസ്ഥയിലാണ്. തുടര്‍ച്ചയായ പരിശീലനം ഉണ്ടെകില്‍ മാത്രമേ കുട്ടികളിലെ പ്രതിഭയും വാസനയും വളര്‍ത്താന്‍ സാധിക്കുകയുള്ളു, അതുണ്ടാകുന്നില്ല ഇപ്പോള്‍. പത്തുകൊല്ലം മുന്‍പ് ഉണ്ടാക്കിയ പുരോഗമനമെല്ലാം നിലവിലെ കെ സി എ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് താറുമാറായിരിക്കുകയാണ്. 2013 നു ശേഷം ഒരു ഇന്റര്‍നാഷണല്‍ മത്സരമോ ഡൊമസ്റ്റിക് മത്സരമോ നടത്താന്‍ സാധിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടി കാണിക്കുന്നത് വീഴ്ച്ചകളെയാണ്. കുട്ടികളെ കഴിയുന്ന വിധം പ്രോത്സാഹിപ്പിച്ച മുന്നോട്ട് കൊണ്ട് പോയെങ്കില്‍ മാത്രമേ കേരളത്തിന്റെ ക്രിക്കറ്റ് ഭാവിയും ഐ പി എല്‍ സ്വപ്ങ്ങളും പൂവണിയുകയുള്ളൂ. അല്ലെങ്കില്‍ സന്ദീപ് വാര്യരെ പോലുള്ള കളിക്കാര്‍ കേരളം വിട്ട് പോയത് പോലെയുള്ള സ്ഥിതി വിശേഷങ്ങള്‍ ഇനിയും ഉണ്ടാകും.
കൈപിടിച്ചു കയറ്റുന്നുണ്ട് കേരളം
കേരള രഞ്ജി ടീം മുന്‍ നായകന്‍ സോണി ചെറുവത്തൂരിന് പറയാനുള്ളത് മറ്റൊരു വശമാണ്.
‘പ്രതിഭയുള്ളവരുണ്ടെങ്കില്‍ തീര്‍ച്ചയായും ഉയരങ്ങളിലേക്ക് കൈപിടിച്ച് കയറ്റാനുള്ള സംവിധാനം കേരളത്തിലുണ്ട്. അത്തരത്തിലുള്ള സംവിധാനം കേരളത്തില്‍ ഉള്ളത് കൊണ്ടാണ് ടിനു യോഹന്നാന്‍, ശ്രീശാന്ത്,സന്ദീപ് വാര്യര്‍ എന്നിവരെ പോലുള്ള താരങ്ങള്‍ ഉണ്ടായത്. മുംബൈയുടെയോ ഡെല്‍ഹിയുടെയോ പോലുള്ളത്രയും പാരമ്പര്യം പറയാനില്ലെങ്കില്‍ കൂടിയും ബേസില്‍ തമ്പിയെ പോലുള്ള ആറോ, ഏഴോ താരങ്ങളെ ഐ പി എല്ലിലേക്ക് സംഭാവന ചെയ്തിട്ടുള്ള സംസ്ഥാനമാണ് കേരളം. ക്രിക്കറ്റില്‍ കഴിവുള്ള ഒരാള്‍ ഉണ്ടെങ്കില്‍ അയാളെ കണ്ടെത്താനും വേണ്ട പരിശീലനം നല്‍കി ഉയര്‍ത്തി കൊണ്ടുവരാനും കഴിയുന്ന ഇടമാണ് കേരളം. പ്രശാന്ത് പരമേശ്വരനെ പോലെ, ഇത്തരത്തില്‍ അല്ലാതെ വന്ന താരങ്ങളും ഉണ്ടായിട്ടുണ്ട് എന്നതാണ് മറ്റൊരു സത്യം. കേരളം ചെറിയ സംസ്ഥാനം ആയത് കൊണ്ട് തന്നെ പ്രതിഭയുള്ള താരങ്ങളെ കണ്ടത്താനും അവര്‍ക്ക് ലഭിക്കുന്ന ശ്രദ്ധയും വളരെ വലുതാണ്. ക്രിക്കറ്റില്‍ കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളില്‍ ഒന്ന് കേരളത്തിലെ ക്രിക്കറ്റ് അക്കാദമികളായിരുന്നു. മിന്നു മണി, സജ്ന, ആശ ശോഭന പോലുള്ള താരങ്ങള്‍ അക്കാദമിയുടെ സംഭാവനകളാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ അക്കാദമി കുട്ടികളെ കണ്ടെത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം: സോണി ചെറുവത്തൂരിന്റെ വാക്കുകള്‍.
കേരളത്തിലെ സ്‌കൂളുകളില്‍ ക്രിക്കറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കുറഞ്ഞതിനു പ്രധാന കാരണം, ഇവിടുത്തെ സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്നത് കൊണ്ടുകൂടിയാണെന്ന് സോണി ചെറുവത്തൂര്‍ പറയുന്നു. ‘കായികപരമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്‌കൂളുകള്‍ വളരെ കുറവാണ്. പലപ്പോഴും അധ്യാപകര്‍ക്ക് കുട്ടികളിലെ കഴിവുകള്‍ കണ്ടെത്താനുള്ള സാഹചര്യമില്ലാതെ പോകുന്നു. അങ്ങനെ വരുമ്പോള്‍ പ്രതിഭകള്‍ അവഗണിക്കപ്പെടുന്നു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലുമുള്ളത്ര പ്രചാരം സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ കാര്യത്തില്‍ കേരളത്തിലില്ല. അത്തരം സ്‌കൂളുകള്‍ ഉണ്ടെങ്കില്‍ കൂടിയും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായിരിക്കില്ല’ സോണിയുടെ വാക്കുകള്‍.
ഐപിഎല്‍ വച്ച് പ്രതിഭ അളക്കരുത്
ക്രിക്കറ്റ് പരിശീലകന്‍ പി ബാലചന്ദ്രന്‍ പറയുന്നത്, ഐപിഎല്ലിനെ ഒരു ബിസിനസ് മാത്രമായേ കണക്കാക്കാന്‍ സാധിക്കു എന്നാണ്. ക്രിക്കറ്റിലെ പ്രതിഭയും ഐപിഎല്ലുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും ബാലചന്ദ്രന്‍ പറയുന്നു.
‘ഐപിഎല്ലില്‍ എത്തുന്ന താരങ്ങളുടെ എണ്ണമാണോ ക്രിക്കറ്റിന്റെ നിലവാരം നിര്‍ണയിക്കുന്നത് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കേരളത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാല്‍ സച്ചിന്‍ ബേബിയാണ്. സച്ചിന്‍ ബേബിയെ ഐപിഎല്‍ല്ലില്‍ ആരും വിളിക്കുന്നില്ലല്ലോ. ക്രിക്കറ്റിലെ ടാലന്റും ഐപിഎല്ലുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ രണ്ടാമത്തെ ഉയര്‍ന്ന ‘റണ്‍ ഗെറ്റര്‍’ ആണ് സച്ചിന്‍ ബേബി. അങ്ങനെ ഒരു കളിക്കാരനെ നമുക്ക് കാണാതിരിക്കാന്‍ പറ്റുമോ ? ഐപിഎല്‍ വേറെയാണ്. അതിനെ പറ്റി ഞാന്‍ സംസാരിക്കുന്നില്ല. അതില്‍ ഏജന്‍സി, ഫ്രാഞ്ചൈസി അങ്ങനെ പല കളികളും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ഐപിഎല്‍ ഒരു ബിസിനസാണ്. അതുകൊണ്ട് ഐപിഎല്‍ കളിക്കുന്ന താരങ്ങളുടെ എണ്ണം നോക്കി ഒരു സംസ്ഥാനത്തിന്റെ ക്രിക്കറ്റിനെ അളക്കുന്നതില്‍ അര്‍ത്ഥം ഇല്ല. ഐപിഎല്ലില്‍ കേരളത്തില്‍ നിന്നുള്ള ഒരു ടീം ഇല്ല എന്നതന്റെ കുറവ് കൂടി ഉണ്ട്. അതുകൊണ്ട് കൂടിയാണ് കുറെയൊക്കെ അവസരങ്ങള്‍ കുറഞ്ഞ് പോകുന്നത്’; ബാലചന്ദ്രന്റെ നിരീക്ഷണങ്ങള്‍.
കേരളത്തില്‍ ക്രിക്കറ്റിനു വേണ്ടിയുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ വളരെ മുന്നോട്ട് പോയിട്ടുണ്ടെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്. ‘1951 ല്‍ കേരളം രഞ്ജി ട്രോഫി കളിച്ചു തുടങ്ങിയെങ്കിലും, കഴിഞ്ഞ 20 വര്‍ഷം കൊണ്ടാണ് ക്രിക്കറ്റിന് ഇവിടെ പറയത്തക്ക പുരോഗതി ഉണ്ടായിരിക്കുന്നത്. അതിനു മുമ്പ് ‘ഒറ്റക്കും തെറ്റക്കുമുള്ള’ ചില മികച്ച പ്രകടനം അല്ലാതെ സ്ഥിരതയോടെ ചെയ്തു തുടങ്ങിയ ഒരു കാലം പിന്നീടാണ് വന്നിരിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികാസം വരുന്നത് ഈ കാലത്തിലാണ്.
ഞങ്ങളുടെ കാലത്ത് പരിമിതമായ സൗകര്യത്തിലായിരുന്നു കളിച്ചിരുന്നത്. കാലാവസ്ഥ പ്രധാന വെല്ലുവിളിയായിരുന്നു. കഴിഞ്ഞ 20 വര്‍ഷം കൊണ്ടാണ് ഇന്‍ഡോര്‍ സൗകര്യങ്ങള്‍ വന്നത്. അതുകൊണ്ട് മാച്ചില്ലെങ്കിലും പ്രാക്ടീസിന് മുടക്കം വരാതെ കളിക്കാന്‍ പറ്റും. അത്തരം സൗകര്യങ്ങളൊക്കെ ഇവിടെ വന്നിട്ട് അധികമായിട്ടില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടത്തെ പുരോഗമനം നോക്കിയാല്‍ കേരള ക്രിക്കറ്റിനെ പറ്റി കുറെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. 20 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കളിക്കാര്‍ അവരുടെ സ്വതസിദ്ധമായ കഴിവു കൊണ്ടാണ് വളര്‍ന്നു വന്നത്. കെ സി എ പോലുള്ള ഒരു പ്രത്യേക സിസ്റ്റത്തിന്റെ പ്രൊഡക്റ്റ് ആയിരുന്നില്ല അവരാരും: പി ബാലചന്ദ്രന്‍ പറയുന്നു.
ചെന്നൈ, മുബൈ പോലെ വലിയ സംവിധാനങ്ങള്‍ ഉള്ളവരുമായി കേരളത്തെ താരതമ്യപ്പെടുത്തരുതെന്നും പി ബാലചന്ദ്രന്‍ പറയുന്നു. ‘ ഇപ്പോഴുള്ള കളി രീതി നോക്കിയാല്‍ നല്ല മാറ്റം വന്നതായി കാണാന്‍ സാധിക്കും. ഗ്രൗണ്ട് ടര്‍ഫ് കളികളോടൊപ്പം ഇന്‍ഡോര്‍ സൗകര്യങ്ങളും വന്നതിന്റേതായ മാറ്റങ്ങളുണ്ട്. പഴയ ചരിത്രം വെച്ചുനോക്കി കഴിഞ്ഞാല്‍ കേരളം ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ ഇത്ര മതിയോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായിട്ടും പോരാ എന്നേ പറയാന്‍ സാധിക്കു. വര്‍ഷങ്ങളായി വളരെ ശക്തമായ സംഘടന സംവിധാനമുള്ള മുംബൈ പോലെയോ അല്ലെങ്കില്‍ ചെന്നൈ പോലുള്ള സ്ഥലങ്ങളുമായി കേരളത്തിനെ താരതമ്യപ്പെടുത്താന്‍ ആയിട്ടില്ല. അത്തരമൊരു താരതമ്യ പഠനത്തില്‍ അര്‍ത്ഥമില്ല. ചരിത്രപരമായി തന്നെ അവര്‍ക്കെല്ലാം ശക്തിയും സൗകര്യവും ഉള്ള ചുറ്റുപാടാണ്. മുംബൈ 44 വര്‍ഷം രഞ്ജി ട്രോഫി ജയിച്ചു, നമ്മള്‍ ഒരു വര്‍ഷം പോലും ജയിച്ചില്ലല്ലോ എന്ന രീതിയിലൊന്നും താരതമ്യപ്പെടുത്താന്‍ കഴിയില്ല. പക്ഷേ ഇപ്പോള്‍ കേരളവും അതിനോടൊപ്പം കിടപിടിച്ചു തുടങ്ങി എന്നതിനുള്ള ലക്ഷണങ്ങളാണ് വനിത ക്രിക്കറ്റിലും പുരുഷ ക്രിക്കറ്റിലും കൂടുതല്‍ കളിക്കാര്‍ ഉയര്‍ന്നു വന്നു തുടങ്ങിയത്. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി രോഹന്‍ പ്രേം ഇവരെല്ലാം അറിയപ്പെടുന്നവരും എല്ലാവരും ബഹുമാനിക്കുന്നവരുമായ താരങ്ങളാണ്. ആ ഒരു മാറ്റം തീര്‍ച്ചയായിട്ടും കാണേണ്ടതാണ്.
കേരള ക്രിക്കറ്റില്‍ കൂടുതല്‍ പ്രൊഫഷണല്‍ ആയ ഒരു സമീപനം വന്നിട്ടുണ്ടെന്നാണ് ബാലചന്ദ്രന്റെ നിരീക്ഷം. ‘ഇതുകൊണ്ട് ജീവിക്കാം എന്ന സ്ഥിതി വന്നിരിക്കുന്നത് അടുത്ത കാലത്താണ്. ഞങ്ങളെപ്പോലുള്ളവരൊക്കെ ക്രിക്കറ്റ് കളിച്ചിരുന്നത് ക്രിക്കറ്റിനോടുള്ള സ്‌നേഹം കൊണ്ടാണ്. അല്ലാതെ ലാഭം നോക്കിയല്ല. ഇപ്പോള്‍ അങ്ങനെയല്ല, അണ്ടര്‍ 19 കളിക്കുന്ന ഒരാള്‍ക്ക് തന്നെ വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാവുന്ന സാഹചര്യമുണ്ട്. അതിന്റേതായ മാറ്റം കളിക്കാരുടെ സമീപനത്തിലും വന്നിട്ടുണ്ട്. കേരളത്തില്‍ പരമ്പരാഗതമായി നോക്കിയാല്‍ ബൗളര്‍മാരാണ് എന്നും ‘സക്‌സസ്’ ആയി വന്നിട്ടുള്ളത്. അതിന് മാറ്റം വന്നു തുടങ്ങിയതും അടുത്ത കാലത്താണ്. ബാറ്റര്‍മാര്‍ നന്നായി പെര്‍ഫോം ചെയ്തു തുടങ്ങി. സഞ്ജു സാംസണ്‍ ആണെങ്കിലും വിഷ്ണു വിനോദ് ആണെങ്കിലും ഐപിഎല്ലിലും അതിനുമുകളിലുള്ള ടൂര്‍ണമെന്റ്കളിലും കളിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കാലഘട്ടം നോക്കിയാല്‍ എന്നും ബൗളര്‍മാരെ ഉണ്ടായിട്ടുള്ളൂ. അനന്തപത്മനാഭന്‍, ശ്രീശാന്ത്, ടിനു യോഹന്നാന്‍, അതിനും മുമ്പാണെങ്കില്‍ സി കെ ഭാസ്‌കരന്‍, രവിയച്ഛന്‍ പോലുള്ളവര്‍ എല്ലാം ബൗളിങ്ങിന്റെ പ്രാഗല്‍ഭ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. അന്ന് ടര്‍ഫുകളില്ല ബാറ്റ് ചെയ്ത് പരിശീലിക്കാന്‍. ഇവിടെയുള്ള മത്സരങ്ങള്‍ മുഴുവന്‍ 20 ഓവര്‍ 30 ഓവര്‍ മത്സരങ്ങള്‍ ആയിരുന്നു. പ്രാക്ടീസ് ചെയ്യാനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നു. ഇന്ന് അതെല്ലാം ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ കെ സി എ സംഘടന സംവിധാനം വളരെ ശക്തമാണ്. അതിനോടൊപ്പം കളിക്കാരുടെ മാനസികമായ നിലയിലും മാറ്റങ്ങള്‍ ഉണ്ടാകുന്നതിനനുസരിച്ച് റിസള്‍ട്ടിലും മാറ്റമുണ്ടാകും. ഇത്രയും വര്‍ഷമായി കോച്ചിംഗ് രംഗത്തുള്ള ഒരാള്‍ എന്ന നിലയ്ക്ക് കുട്ടികളുടെ സമീപനത്തിലെ പ്രകടമായ മാറ്റം കാണാതിരിക്കാന്‍ സാധിക്കില്ല’.
ഐപിഎല്ലിന്റെ സംഘടന സംവിധാനം വളരെ വ്യത്യസ്തമാണ്. അതിനെ ഒരു വാണിജ്യ ഉല്‍പ്പന്നം ആയിട്ടേ കാണാന്‍ കഴിയുകയുള്ളൂ എന്നും ബാലചന്ദ്രന്‍ പറയുന്നു. എല്ലാ കളിക്കാര്‍ക്കും അതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു. ‘ആത്യന്തികമായി പറഞ്ഞാല്‍, വിപണന മൂല്യമുള്ള ഒരു ഇവന്റ് ആണ് ഐപിഎല്‍. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ടൂര്‍ണമെന്റിനെ വിലയിരുത്തണമെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം രഞ്ജി ട്രോഫി എന്നേ പറയു’.
കേരളത്തിനൊരു ഐപിഎല്‍ ടീം ഉണ്ടായിരുന്നെങ്കില്‍…
പി ബാലചന്ദ്രന്‍ തുടരുന്നു; ”കേരളത്തില്‍ നിന്നും ഒരു ടീം ഉണ്ടെങ്കില്‍ അതിന് വ്യത്യാസം ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിശ്ചിത എണ്ണത്തിലുളള കളിക്കാര്‍ ടീമില്‍ ഉണ്ടാകും. കൊച്ചി ടസ്‌കേഴ്‌സ് ഉണ്ടായിരുന്ന സമയത്ത് പ്രശാന്ത് പരമേശ്വരനും ശ്രീശാന്ത് ഉള്‍പ്പെടെ രണ്ടോ മൂന്നോ കളിക്കാര്‍ ടീമില്‍ ഉണ്ടായിരുന്നു. അത് തുടര്‍ന്നു പോയിരുന്നെങ്കില്‍ താരങ്ങളുടെ എണ്ണം കൂടിയേനെ. കേരളത്തില്‍ നിന്നുള്ള ഒരു ടീമില്‍ ഐപിഎല്ലിനെ സംബന്ധിച്ചിടത്തോളം ഒരു പരിമിതിയായി കാണേണ്ടിവരും. ലോക്കല്‍ ടീമുണ്ടെങ്കില്‍ കാണികളെ കൂടുതലായി ആകര്‍ഷിക്കും. അതല്ലാതെ ഡല്‍ഹി ടീമിലും പഞ്ചാബ് ടീമിലും കേരളത്തില്‍ നിന്നുള്ള ഒരു താരത്തെ എടുക്കണം എന്നുണ്ടെങ്കില്‍ അത്രയും എക്‌സ്ട്രാ ഓര്‍ഡിനറി ആയിട്ടുള്ള ആളാകണം.ഇവിടെയുള്ള കളിക്കാരെ മറ്റു ഫ്രാഞ്ചൈസികള്‍ വിളിച്ചുകൊണ്ടുപോയി പ്രൊമോട്ട് ചെയ്യില്ല’.
വേഗത കൂട്ടണം
‘മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള പിന്തുണ കൂടി ഇപ്പോള്‍ ക്രിക്കറ്റിന് കൂടിയിട്ടുണ്ട്. കളിക്കാരെ കൂടുതലായി പ്രമോട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുള്ള കളിക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പുകള്‍ ലഭിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇനിയുള്ള കാലം പന്ത് കളിക്കാരുടെ കോര്‍ട്ടിലാണെന്ന് തന്നെ ഉറപ്പിച്ച് പറയാന്‍ സാധിക്കും. കാറ്റ് അനുകൂലമാണ്, ഇനി കളിക്കാരാണ് അവസരത്തിന് ഒത്ത് ഉയരേണ്ടത്. കേരള ക്രിക്കറ്റിന്റെ യാത്ര പുരോഗതിയിലേക്കാണെങ്കിലും അതിന്റെ വേഗത കൂട്ടണം എന്നാണ് എനിക്ക് ക്രിക്കറ്റ് സംവിധാനങ്ങളോട് പറയാനുള്ളത്’ പി ബാലചന്ദ്രന്റെ വാക്കുകള്‍.
പുതിയ താരങ്ങള്‍ വരും
വരും വര്‍ഷങ്ങളില്‍ പുത്തന്‍ താരോദയങ്ങള്‍ ഉയര്‍ന്നു വരുമെന്ന പ്രതീക്ഷയാണ് കേരള താരം എം ഡി നിധീഷിന്റെ വാക്കുകളില്‍.
‘കേരളത്തില്‍ ഒരുകാലത്തും പുതിയ താരോദയങ്ങള്‍ ഇല്ലാതിരുന്നിട്ടില്ല. മറ്റുള്ള ടീമിനെ അപേക്ഷിച്ച് നമ്മള്‍ ഫൈനല്‍ സെമിഫൈനല്‍ എന്ന നിലയില്‍ എത്തുന്നില്ല. പക്ഷെ വരും വര്‍ഷങ്ങളില്‍ ഇതെല്ലാം യാഥാര്‍ഥ്യമാകുക തന്നെ ചെയ്യും. അത്രയും ഉന്നതിയിലേക്ക് എത്താത്തത് കൊണ്ടാണ് മറ്റുള്ള പ്ലയേഴ്‌സിന് കിട്ടുന്ന ‘ഹൈപ്പ്’ കേരള താരങ്ങള്‍ക്ക് കിട്ടാത്തത്. നിലവില്‍ കേരളത്തില്‍ നിന്ന് നല്ല കളിക്കാരുണ്ട്. റോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ ഹിസാര്‍, സ്പിന്നറായ വൈശാഖ് ചന്ദ്രന്‍, ഐപിഎല്ലില്‍ കളിക്കുന്ന വിഷ്ണു വിനോദ് തുടങ്ങി എടുത്തു പറയത്തക്ക കുറെ കളിക്കാരുണ്ട് കേരളത്തിന് ഇപ്പോള്‍. പക്ഷേ പ്രശ്‌നം എന്തെന്നാല്‍ പരമാവധി ക്വാര്‍ട്ടര്‍ വരെ മാത്രമേ കളിക്കാന്‍ സാധിക്കുന്നുള്ളൂ എന്നതാണ്. അവിടെ നിന്ന് ഒരു പടി കൂടി കടന്ന് രഞ്ജി ട്രോഫി, മുഷ്താഖ് അലി, വിജയ് ഹസാരെ അങ്ങനെയുള്ള ടൂര്‍ണമെന്റ് ചാമ്പ്യന്‍ഷിപ്പുകള്‍ നേടിക്കഴിഞ്ഞാല്‍, വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. നിലവില്‍ ഒന്നോ രണ്ടോ പേര്‍ കളിക്കുന്നിടത്ത് കേരളത്തില്‍ നിന്ന് കുറഞ്ഞത് ഏഴു കളിക്കാരെങ്കിലും ഐപിഎല്ലില്‍ ഇടം പിടിക്കും’ നിധീഷിന്റെ വാക്കുകളില്‍ ആത്മവിശ്വാസം.
നിധീഷ് തുടരുന്നു; ‘ ഈയൊരു നിലവാരത്തിലേക്ക് എത്തി കഴിഞ്ഞാല്‍ മാത്രമേ മറ്റു താരങ്ങള്‍ക്ക് കിട്ടുന്നത്രയും മൂല്യം നമ്മുടെ കേരള താരങ്ങള്‍ക്ക് ലഭിക്കു. ഒരുദാഹരണം പറഞ്ഞാല്‍, മുംബൈ ടീം ഇത്തവണത്തെ രഞ്ജി ട്രോഫി ചാമ്പ്യന്‍സ് ആണ്. രഞ്ജി ട്രോഫി ലൈവ് ടെലികാസ്റ്റ് ആയി ഒരുപാട് പേര്‍ ടിവിയിലൂടെ കാണുന്നുണ്ട്. അതുകൊണ്ട് ആ കളിക്കാര്‍ ഇന്ത്യ ഒട്ടാകെ അറിയപ്പെടും. ടി-20, വണ്‍ ഡേ പോലുള്ള ഏതു ഫോര്‍മാറ്റ് കളി ആണെങ്കിലും ലൈവ് ടെലികാസ്റ്റ് ഉള്ള ഇത്തരം മാച്ചുകള്‍ കളിക്കുമ്പോള്‍, ജനശ്രദ്ധ നേടുന്നതിനൊപ്പം, സിലക്ടേഴ്‌സ് ശ്രദ്ധിക്കാനും ട്രയല്‍സ് നടത്താതെ തന്നെ അവസരങ്ങള്‍ നേടാനും സാധിക്കും’.
കേരളത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇല്ലാത്തതുകൊണ്ടല്ല കൂടുതല്‍ യുവ താരങ്ങള്‍ ഐപിഎല്ലിലേക്ക് എത്താത്തതെന്നാണ് നിധീഷ് പറയുന്നത്. ‘കേരളത്തിലുള്ള ഏക പ്രതികൂല സാഹചര്യം എന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ പകുതി വരെയുള്ള മഴക്കാലമാണ്. മഴ സമയങ്ങളില്‍ പുറത്ത് ഗ്രൗണ്ടുകളില്‍ ഒന്നും പ്രാക്ടീസ് ചെയ്യാന്‍ സാധിക്കില്ല. പക്ഷെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ല. അവിടങ്ങളില്‍ ഈ സമയത്തും മാച്ചുകളും പ്രാക്ടീസും എല്ലാം തുടര്‍ച്ചയായി നടക്കും. ഇത് ചെറിയൊരു പോരായ്മയാണ്. അതില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല, കാരണം കാലാവസ്ഥ നമ്മുടെ കയ്യിലുള്ള കാര്യമല്ലല്ലോ. കെ സി എയും കളിക്കാര്‍ക്കായി കുറേ ഗ്രൗണ്ടുകള്‍ സജ്ജീകരിക്കുകയും. ക്യാമ്പുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. കെ സി എയുടെ ഭാഗത്തുനിന്ന് 100% കളിക്കാര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്’.
കളിക്കാരും പ്രയത്‌നിക്കണം
പക്ഷേ അതു മാത്രം പോരാ കളിക്കാരുടെ ഭാഗത്തുനിന്നും അധിക പരിശ്രമം ഉണ്ടായാല്‍ മാത്രമേ പുത്തന്‍ താരോദയങ്ങള്‍ സംഭവിക്കു. 2017ല്‍ ഡേവ് വാട്‌മോര്‍ കോച്ചായി വന്നതിന് ശേഷമാണ് കേരള ടീം രഞ്ജി ട്രോഫി കോര്‍ട്ട് ഫൈനലും സെമിഫൈനലും കളിച്ചത്. കളിക്കാരെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനും ക്യാമ്പുകള്‍ സംഘടിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നുവെന്ന് നിധീഷ് പറയുന്നു. ‘ആ സമയം തൊട്ടാണ് കേരള ക്രിക്കറ്റിലെ ഇന്‍ഫ്രാസ്ട്രക്ചറിന് മാറ്റം സംഭവിച്ചു തുടങ്ങിയത്. അതിന്റെയെല്ലാം വ്യത്യാസം നമുക്കിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. കേരളം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിജയ് ഹസാരെ, മുഷ്താഖ് അലി, ടൂര്‍ണമെന്റുകളില്‍ ലീഗ് മാച്ചും കടന്ന് ക്വാര്‍ട്ടര്‍, സെമിഫൈനലുകള്‍ കളിക്കുന്നുണ്ട്’ നിധീഷ് ചൂണ്ടിക്കാണിക്കുന്നു.
‘സ്വന്തം നാട്ടില്‍ നിന്നും ഒരു ടീം ഉണ്ടെങ്കില്‍ കേരളം കളിക്കാരെ പിന്തുണയ്ക്കുന്നത് കൂടുതലായിരിക്കും. ഉദാഹരണത്തിന് ബാംഗ്ലൂര്‍ ടീം അവിടെ നിന്നുള്ള താരങ്ങളെ ടീമിനൊപ്പം പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ച് വളര്‍ത്തി കൊണ്ടുവരികയാണ്. നെറ്റില്‍ ബൗള്‍ ചെയ്യാന്‍ വരുമ്പോഴും മറ്റും ടീമുകളുടെ കോച്ചുകള്‍ ശ്രദ്ധിക്കുന്നുണ്ട്. ചെന്നൈ,മുംബൈ രാജസ്ഥാന്‍ തുടങ്ങിയ ടീമുകള്‍ എല്ലാം നെറ്റില്‍ ബോള്‍ ചെയ്യാന്‍ വരുന്ന പ്ലെയേഴ്‌സിനെ ശ്രദ്ധിക്കുകായും ടീമുകളിലേക്ക് തെരെഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്. അവരില്‍ പ്രഗല്‍ഭ്യമുള്ള പ്ലെയേഴ്‌സിനെ ശ്രദ്ധിച്ചു ടീമിനൊപ്പം ഉള്‍പ്പെടുത്തി പരിശീലനവും കോച്ചിങ്ങും നല്‍കി വളര്‍ത്തിയെടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഒരു ഹോം ടീം ഉണ്ടെങ്കില്‍ കളിയില്‍ വേരുറപ്പിക്കാത്ത കളിക്കാര്‍ക്ക് വളര്‍ന്നുവരാന്‍ മുതല്‍ കൂട്ടായിരിക്കും. എന്നാണ് നിതീഷ് പറയുന്നത്.
നമ്മളും ഐപിഎല്ലില്‍ തിളങ്ങും
ക്രിക്കറ്റ് താരം രോഹന്‍ കുന്നുമ്മലും പറയുന്നത് കേരളം ക്രിക്കറ്റിനും കളിക്കാര്‍ക്കും 100 ശതമാനം പിന്തുണ നല്കുന്നുണ്ടണെന്നും വേണ്ട സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ടെന്നാണ്.
‘കേരളത്തിലെ പ്രതിഭകള്‍ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കുന്നുണ്ട്. ബേസില്‍, വിഷ്ണു തുടങ്ങിയവര്‍ പലരും മത്സരങ്ങളില്‍ കളിക്കുന്നുണ്ട്. കൂടാതെ, മറ്റ് കളിക്കാര്‍ സെലക്ഷനും പോകുന്നുമുണ്ട്. കേരളത്തിന് പുത്തന്‍ താരോദയങ്ങള്‍ ഇല്ലെന്നോ ഐപിഎല്‍ പ്രതീക്ഷകള്‍ ഇല്ലെന്നോ ഒരിക്കലും പറയാന്‍ ആകില്ല. പുതിയ പ്രതിഭകള്‍ ഐപിഎല്ലില്‍ വരുന്നുണ്ട്. ഒരു പക്ഷെ അവര്‍ അധികം ശ്രദ്ധിക്കപെടാത്തത് കൊണ്ടാകാം അറിയപ്പെടാതെ പോകുന്നത്. പക്ഷെ അതിനധികം കാലതാമസം ഒന്നും എടുക്കില്ല എന്നാണ് എന്റെ പ്രതീക്ഷ’.
കേരളത്തിന്റെ ഐപിഎല്‍ ഭാവി ശോഭനമായിരിക്കും എന്നാണ് റോഹന്‍ കുന്നുമ്മലിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
English Summary; kerala cricketers less representation in indian premier league