UPDATES

ഇന്‍വെസ്റ്റിഗേഷന്‍

കൊച്ചി കേന്ദ്രീകരിച്ച് കോടികള്‍ കടത്തിയതെങ്ങനെ? അഴിമുഖം ഇന്‍വെസ്റ്റിഗേഷന്‍

സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്ന് കൊച്ചിയായിരിക്കുമ്പോഴും യുഎഇയില്‍ നിന്നും വരുന്ന കഥകള്‍ കൂടുതല്‍ ദുരൂഹത നിറഞ്ഞതാണ്

                       

ഇന്ത്യയില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക അഴിമതികളില്‍ ഒന്നിന് കൊച്ചിയുമായും അടുത്ത ബന്ധം. പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് രാജ്യത്തിന്റെ 6500 കോടി രൂപ അടിച്ചുമാറ്റിയ സംഘടിത ക്രിമിനല്‍ ഗൂഢാലോചനയിലൂടെയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് വായ്പ ക്രമക്കേട് നടന്നതെന്നാണ് അന്വേഷകരുടെ നിഗമനവും അഴിമുഖത്തിന് ലഭ്യമായ രേഖകളും ചൂണ്ടിക്കാണിയ്ക്കുന്നത്. ഈ ഗുഢാലോചനയില്‍ കൊച്ചിക്ക് ശക്തമായ ബന്ധമുണ്ട്.

രത്‌ന വ്യാപാരികളായ വിന്‍സം ഗ്രൂപ്പ്, 15 പൊതുമേഖല ബാങ്കുകളുടെ കൂട്ടായ്മയില്‍ നിന്നും 6581 കോടി രൂപയുടെ വായ്പ നേടിയെടുത്തതുമായി ബന്ധപ്പെട്ടാണ് വന്‍ അഴിമതി നടന്നതായി സംശയിക്കപ്പെടുന്നത്. ഈ തുക ഇനിയും തിരിച്ചടയ്ക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല ഇത് മുഴുവന്‍ പ്രവര്‍ത്തനരഹിത ആസ്തിയായി ബാങ്കുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു എന്നിടത്താണ് സംശയങ്ങള്‍ ഉയരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രവര്‍ത്തനരഹിത ആസ്തിയായ (Non-performing asset) കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടബാധ്യതയുമായി കിടപിടിയ്ക്കുന്നതാണ് ഈ കണക്കുകള്‍.

ഇങ്ങനെയാണ് കാര്യങ്ങള്‍: 15 പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ്മയില്‍ നിന്നും 6581 കോടി രൂപയുടെ വായ്പയാണ് വിന്‍സം ഗ്രൂപ്പ് നേടിയെടുത്തത്. മൂന്ന് കമ്പനികള്‍ക്കായാണ് ഈ വായ്പ നല്‍കിയിരിയ്ക്കുന്നത്. വിന്‍സം ഡയമണ്ട് ആന്റ് ജ്വല്ലേഴ്‌സിന് 4366 കോടി രൂപയുടെയും ഫോര്‍എവര്‍ പ്രഷ്യസ് ഡമണ്ട് ആന്റ് ജ്വല്ലേഴ്‌സിന് 1932 കോടി രൂപയുടേയും സൂരജ് ഡൈമണ്ട്‌സിന് 283 കോടി രൂപയുടേയും വായ്പയാണ് അനുവദിച്ചത്. 2013 മാര്‍ച്ച് മുതല്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഗ്രൂപ്പിന് പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി. 2013 ഒക്ടോബര്‍ 15-ന് സ്വയം പാപ്പരാണെന്ന് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍ ഈ ഗ്രൂപ്പിന് നോട്ടീസ് അയച്ചു. അതിനു ശേഷം അടുത്ത മാസങ്ങളില്‍ ഈ വായ്പ മുഴുവന്‍ പ്രവര്‍ത്തനരഹിത ആസ്തിയാണെന്ന് ബാങ്കുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഇതൊരു ക്രിമിനല്‍ കേസായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സിബിഐയ്ക്ക് കത്ത് നല്‍കിയത് അടുത്ത കാലത്താണ്. ബാങ്ക് സുരക്ഷയെയും ക്രമക്കേടുകളെയും കുറിച്ച് അന്വേഷിയ്ക്കുന്ന സിബിഐയുടെ വിഭാഗം ഇപ്പോള്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.

യുഎഇയില്‍ നിന്നും സ്വര്‍ണം വാങ്ങിക്കുന്ന ആളുകള്‍ ഗ്രൂപ്പിലേക്ക് തങ്ങളുടെ പണം അടയ്ക്കുന്നതില്‍ മുടക്കം വരുത്തിയെന്നും അതിനാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ തനിക്ക് സാധിക്കില്ലെന്നുമാണ് വിന്‍സം പ്രമോട്ടറായ ജതിന്‍ മെഹ്ത പറയുന്നത്. ഉല്‍പ്പന്നങ്ങളുടേയും അനുബന്ധ സാധനങ്ങുടേയും വാങ്ങലിലൂടെ ഒരു ബില്യണ്‍ ഡോളറിന്റെ (6000 കോടി) രൂപയുടെ നഷ്ടമാണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉണ്ടായതെന്ന് മെഹ്ത പറയുന്നു.

എന്നാല്‍ ഞങ്ങള്‍ക്ക് ലഭ്യമായ രേഖകള്‍ പ്രകാരം ഈ കഥ അത്ര ലളിതമല്ലെന്ന് വേണം മനസിലാക്കാന്‍. കൊച്ചി വിമാനത്താവളത്തില്‍ വിന്‍സം ഗ്രൂപ്പിന്റെ കയറ്റുമതികള്‍ കൈകാര്യം ചെയ്യുന്ന രീതിയിലേക്കും ഈ രേഖകള്‍ വിരല്‍ ചൂണ്ടുന്നു.

വിന്‍സം ഇടപാടുകളെ കുറിച്ച് ബാങ്കുകള്‍ക്ക് വേണ്ടി ഏര്‍ണസ്റ്റ് & യംഗ് നടത്തിയ ഓഡിറ്റ് പ്രകാരം കൊച്ചിയില്‍ അവര്‍ സമര്‍പ്പിച്ച ചെല്ലാനുകളില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായി കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഊന്നി പറയുന്നു. SEZ നല്‍കിയ ‘ഫോറെവര്‍ പ്രഷ്യസ് ജുവലറി ആന്റ് ഡമണ്ട്‌സ് ലിമിറ്റഡിന്റെ’ പേരിന് പകരം സൂരജ് ഡൈമണ്ട്‌സ് ആന്റ് ജ്വല്ലറുടെ പേര് ഉപയോഗിച്ചിരിക്കുന്നു എന്ന് മാത്രമല്ല പല ചെല്ലാനുകളിലും സൂരജ് ഡമണ്ട്‌സിന്റെ സീലാണ് പതിപ്പിയ്ക്കുകയും ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കൊച്ചിയില്‍ മാത്രം കുറഞ്ഞ പക്ഷം 60 ക്രമക്കേടുകളെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

‘ഇത് ഒരു ബോധപൂര്‍വമായ പ്രവര്‍ത്തിയാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്ന് ഞങ്ങള്‍ക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു,’ ഒരു മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കൊച്ചി, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി വിന്‍സം ഗ്രൂപ്പിന് അവിഹിത ബന്ധങ്ങള്‍ ഉള്ളതായി ഇതിനകം തന്നെ വെളിപ്പെട്ടതായും അദ്ദേഹം പറയുന്നു.

സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്ന് കൊച്ചിയായിരിക്കുമ്പോഴും യുഎഇയില്‍ നിന്നും വരുന്ന കഥകള്‍ കൂടുതല്‍ ദുരൂഹത നിറഞ്ഞതാണ്. വലിയ കാലതാമസമില്ലാതെ ഇത്രയും വലിയ തുക എങ്ങനെയാണ് ഇന്ത്യന്‍ ബാങ്കുകള്‍ വായ്പയായി നല്‍കിയതെന്ന ചോദ്യം ബാക്കിയാവുന്നു. വിന്‍സം പറയുന്ന കണക്കുകള്‍ പ്രകാരം അവരുടെ 80 ശതമാനം കയറ്റുമതിയും യുഎഇലും ഷാര്‍ജയിലുമുള്ള ആറ് കമ്പനികളിലേക്കാണ്. ഈ കമ്പനികളുടെയെല്ലാം ഉടമസ്ഥാവകാശം ഒന്നാണ് എന്നുള്ള സത്യം ദുരൂഹത വര്‍ദ്ധിപ്പിയ്ക്കുന്നു.

മധ്യേഷ്യയില്‍ വിന്‍സം ഗ്രൂപ്പിന് 13 വിതരണക്കാരാണുള്ളത്. അതില്‍ 12 എണ്ണം ഹൈത്തം സുലൈമാന്‍ അബു ഒബൈദ എന്ന ഒറ്റയാളുടെ ഉടമസ്ഥതയില്‍ ഉള്ളതും! ഇറ്റാലിയന്‍ Gold FZEയുടെ ഉടമയായ ഇദ്ദേഹത്തിന് മറ്റ് വിതരണക്കാരുടെ പവര്‍ ഓഫ് അറ്റോര്‍ണിയും ഉണ്ട്. രേഖകള്‍ പ്രകാരം വിന്‍സം ഗ്രൂപ്പിന്റെ എല്ലാ വിതരണക്കാരെയും നിയന്ത്രിക്കുന്നത് ഒബൈദാണ് എന്ന് മാത്രമല്ല ഇതില്‍ ഒരു വിതരണക്കാരുടെയെങ്കിലും പൂര്‍ണ ഉടമസ്ഥതയും അദ്ദേഹത്തിനാണുള്ളത്. അതും വിന്‍സം ഗ്രൂപ്പിന്റെ പ്രധാന വിതരണക്കാരായ അല്‍ നൂറ FZE-യുടേത്.

വിന്‍സം ഗ്രൂപ്പ് അവകാശപ്പെടുന്ന വിതരണ ശൃംഗലയെ കുറിച്ചും ഗൗരവമായ സംശയങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. രേഖകള്‍ പ്രകാരം അവരുടെ വിതരണക്കാരില്‍ പത്ത് പേരും 2012-ല്‍ മാത്രമാണ് പേര് ചേര്‍ക്കപ്പെട്ടിട്ടുള്ളത്. അതില്‍ അഞ്ച് വിതരണക്കാരും ഒരേ ദിവസം തന്നെയാണ് ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുള്ളത്- 2012 ജൂണ്‍ 25ന്.

അതിന്റെ ഔദ്യോഗിക വിതരണക്കാരെ കുറിച്ചുള്ള ദുരൂഹതയ്ക്കപ്പുറം മെഹ്തയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളത് എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ദുബായിലും മധ്യേഷ്യയിലുമുള്ള 28 സ്ഥാപനങ്ങളിലേക്ക് വിന്‍സം ഗ്രൂപ്പ് സ്വര്‍ണ ഉരുപ്പടികളും നാണയങ്ങളും കയറ്റുമതി ചെയ്തിട്ടുണ്ട്.പതിനൊന്നാമത്തെ വിതരണക്കാരായ അല്‍ മുഹിയദ് ജുവലറി FZE രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2010-ലാണ്. അല്‍ ആലം ജുവലറി FEZ എന്ന പന്ത്രണ്ടാമത്തെ വിതരണക്കാര്‍ 2010 ഗ്രൂപ്പില്‍ ചേരുകയും സുനില്‍ മെഹ്ത എന്നയാള്‍ അതില്‍ ഡയറക്ടറാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ആരാണ് ഈ മെഹ്ത എന്ന് വ്യക്തമല്ല. എന്നാല്‍ ഈ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥാവകാശം ബഹാമസിലെ നികുതി സംവിധാനത്തില്‍ അധിഷ്ഠിതമായ ഹെറാള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിക്കാണ് താനും. വിന്‍സം ഗ്രൂപ്പിന് ബന്ധുത്വമുള്ള ഒന്നാണ് അല്‍ ആലം എന്നും അല്ലാതെ ബാങ്കുകളില്‍ സമര്‍പ്പിയ്ക്കപ്പെട്ടത് പോലെ സ്വതന്ത്ര വിതരണക്കാരനായ മെഹ്തയുമായി അതിന് ബന്ധമൊന്നും ഇല്ലെന്നും ഒരു ബാങ്കിനെങ്കിലും ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്.

അബു ഒബൈദിന്റെ ഇറ്റാലിയന്‍ ഗോള്‍ഡ് അറിയപ്പെടുന്ന ഒരു വിതരണക്കാരല്ലെന്നും യുഎയിലോ സൗദി അറേബ്യയിലോ അവര്‍ക്ക് അറിയപ്പെടുന്ന ഒരു ശേഖരണ സംവിധാനവും ഇല്ലെന്നും ചില സ്വകാര്യ അന്വേഷകരോട് വിന്‍സം ഗ്രൂപ്പിലെ തൊഴിലാളികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റാലിയന്‍ ഗോള്‍ഡിനും മറ്റ് വിതരണക്കാര്‍ക്കും കൂടി ഒരു ബില്യണ്‍ ഡോളര്‍ നഷ്ടം വരുത്തി വയ്ക്കാനുള്ള ശേഷിയില്ലെന്ന് ഈ രംഗത്തുള്ളവര്‍ തന്നെ വ്യക്തമാക്കുന്നു. വായ്പ കുടിശിക വരുത്തിയപ്പോള്‍ വിന്‍സം ഗ്രൂപ്പ് അവകാശപ്പെട്ടതിന് കടകവിരുദ്ധമായ വിവരമാണിത്. എന്നുമാത്രമല്ല അതിന്റെ വിതരണക്കാര്‍ക്ക് ഇത്രയും വലിയ തുക ക്രെഡിറ്റായി വിന്‍സം ഗ്രൂപ്പ് നല്‍കിയിട്ടുണ്ടാവില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

സ്വര്‍ണം കൊണ്ടുപോകുന്നതിനായി വിന്‍സം ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ നാല് കപ്പല്‍ കമ്പനികള്‍, വിന്‍സം ഗ്രൂപ്പ് അവകാശപ്പെടുന്ന അത്രയും സ്വര്‍ണം ഇന്ത്യയില്‍ നിന്നും കൊണ്ടു പോയിട്ടില്ലെന്നും പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നു.

മാത്രമല്ല വിന്‍സം ഗ്രൂപ്പിന്റെ കയറ്റുമതി രേഖകളില്‍ മറ്റ് നിരവധി ക്രമക്കേടുകളും നടന്നിട്ടുണ്ട്. ഉദാഹരണത്തിന് ചെന്നൈ വിമാനത്താവളത്തില്‍ വിന്‍സം ഗ്രൂപ്പിന്റെ SEZ ചെല്ലാന്‍ കസ്റ്റംസ് സ്റ്റാമ്പ് ചെയ്തിരിയ്ക്കുന്നത് ഒരു തീയതിലാണെങ്കില്‍ അതിന്റെ കയറ്റുമതി ബില്ലില്‍ കസ്റ്റംസ് സ്റ്റാമ്പ് ചെയ്തിരിയ്ക്കുന്നത് നിരവധി ദിവസങ്ങള്‍ കഴിഞ്ഞുള്ള മറ്റൊരു തീയതിയിലാണ്.

ഇന്ത്യയിലെ സര്‍ക്കാര്‍ നിയന്ത്രിത ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ വളരെ ആസൂത്രിതമായി വിദേശത്തേക്ക് കടത്തുകയും അവിടെ മറ്റൊരു വ്യാപാരം നടത്തുന്നതിന് ഉപയോഗിക്കുകയും ചെയ്‌തോ എന്ന അസ്വസ്ഥജനകമായ ചോദ്യമാണ് വെളിയില്‍ വരുന്ന വിവരങ്ങള്‍ ഉണ്ടാക്കുന്നത്. വിന്‍സം ഗ്രൂപ്പിന്റെ പ്രമോട്ടറായ മെഹ്ത രാജ്യത്തില്ലെന്ന് മാത്രമല്ല അദ്ദേഹം സിംഗപ്പൂരില്‍ ഉള്ളതായാണ് സംശയിക്കപ്പെടുന്നത് എന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

അഴിമുഖത്തിന് ലഭ്യമായ രേഖകള്‍ പ്രകാരം ബാങ്കുകളില്‍ നിന്നും ശേഖരിച്ച പണം ദുബായിലും മുംബൈയിലും റിയല്‍ എസ്റ്റേറ്റ് രംഗത്തും നിക്ഷേപിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിന്‍സം ഗ്രൂപ്പിന്റെ പണം ഒഴുകി എന്ന് സംശയിക്കപ്പെടുന്ന, ഒരു പ്രധാന വ്യവസായ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഒരു പ്രധാന പദ്ധതിയെ കുറിച്ച് ഞങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ പിന്നീട് പുറത്തുവിടുന്നതാണ്. വായ്പ നല്‍കി വെട്ടിലായ ഒരു ബാങ്കിന്റെ രേഖകള്‍ അത് വ്യക്തമാക്കുന്നുണ്ടു താനും.

വെറും 250 കോടി രൂപയുടെ ആസ്തി ഈടാണ് വിന്‍സം ഗ്രൂപ്പ് സമര്‍പ്പിച്ചിരിയ്ക്കുന്നത്. മാത്രമല്ല, മെഹ്ത എന്ന വ്യക്തിക്ക് ഇന്ത്യയില്‍ വലിയ ആസ്തികളും ഇല്ല. വ്യാപാര കേന്ദ്രങ്ങള്‍ വാടകയ്ക്ക് എടുക്കുകയും വിശ്വസ്തരായ ജീവനക്കാരും മാനേജര്‍മാരും വഴി കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യുക എന്നതാണ് അയാളുടെ പ്രവര്‍ത്തനരീതി. അയാളുടെ കുടുംബത്തിന്റെ പേരിലുള്ള ഒരേ ഒരു ആസ്തി മാത്രമാണ് ഇതുവരെ അന്വേഷകര്‍ക്ക് കണ്ടെത്താനായത്. മുംബൈയിലെ മലബാര്‍ ഹില്‍സില്‍ അയാളുടെ അമ്മ ഗുണ്‍വന്തിബന്‍ മേഹ്തയുടെ പേരിലുള്ള ഒരു ഫ്ലാറ്റ്.

Share on

മറ്റുവാര്‍ത്തകള്‍