UPDATES

വിദേശം

ഒബാമയുടെ ജനനത്തെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കിയ ട്രംപിനോട് പൊറുക്കില്ലെന്ന് മിഷേൽ തന്റെ പുസ്തകത്തിൽ; വിൽപന കൂട്ടാനുള്ള അടവെന്ന് ട്രംപ്

ആക്രാമകമായ ഭാഷയിലാണ് ട്രംപ് ഈ ആരോപണത്തോട് പ്രതികരിച്ചത്.

                       

ബാരക് ഒബാമയ്ക്കെതിരെ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പടച്ചുവിട്ട ഗൂഢാലോചനാ സിദ്ധാന്തങ്ങൾ താനൊരിക്കലും പൊറുക്കില്ലെന്ന് മിഷേൽ ഒബാമ തന്റെ പുസ്തകത്തിൽ എഴുതിയിട്ടുള്ളതായി റിപ്പോർട്ടുകൾ. 2008ൽ ഒബാമയുടെ തെരഞ്ഞെടുപ്പു പ്രചാരണകാലത്തും പിന്നീടും അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ട് ഉയർത്തിക്കൊണ്ടുവരപ്പെട്ട ചില സിദ്ധാന്തങ്ങളെക്കുറിച്ചാണ് മിഷേൽ ഒബാമ പറയുന്നത്. ബാരക് ഒബാമ ‘സ്വാഭാവിക രീതിയിൽ പിറന്ന അമേരിക്കൻ പൗരനല്ലെ’ന്നായിരുന്നു പ്രസ്തുത തിയറികള്‍ ആരോപിച്ചത്. ഇത് അമേരിക്കൻ പ്രസിഡണ്ടാകാനുള്ള ഒബാമയുടെ യോഗ്യത സംബന്ധിച്ച് സംശയങ്ങളുയർത്തി. അമേരിക്കൻ പ്രസിഡണ്ടാകുന്നയാൾ ‘സ്വാഭാവിക രീതിയിൽ പിറന്ന അമേരിക്കൻ പൗരനാകണം’ എന്ന് ഭരണഘടനാപരമായ നിർബന്ധമുണ്ട്.

ഈ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചവരിലൊരാൾ അന്ന് വെറുമൊരു റിയാലിറ്റി ഷോ അവതാരകനും ബിസിനസ്സുകാരനുമായിരുന്ന ഡോണള്‍‍ഡ് ട്രംപാണ്. ഇതാണ് മിഷേലിന്റെ ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിൽ. ഒബാമയുടെ ജന്മസ്ഥലം അമേരിക്കൻ സംസ്ഥാനമായ ഹവായ് അല്ലെന്നും കെനിയയാണെന്നും ഇവർ പറഞ്ഞു പരത്തി. ചിലർ അബാമ ജനിച്ചത് ഇന്തോനീഷ്യയിലാണെന്നു വരെ പറഞ്ഞുണ്ടാക്കി.

ഇതരദേശക്കാരോടുള്ള വെറുപ്പും വിദ്വേഷവുമാണ് ട്രംപിന്റെ പ്രചാരണത്തിനു പിന്നിലുണ്ടായിരുന്നതെന്ന് മിഷേലിന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. നിറതോക്കുമായി മനോരോഗിയായ ഒരാൾ നമുക്കിടയിലേക്ക് കടന്നുവരുന്നതിൽ തനിക്ക് അത്ഭുതം തോന്നുന്നില്ലെന്നും, അയാൾ നമ്മുടെ പെൺകുട്ടികളെ തേടിയെത്തുകയാണെങ്കിൽ അതിലും അത്ഭുതമില്ലെന്നും മിഷേൽ പറഞ്ഞു.

എന്നാൽ ആക്രാമകമായ ഭാഷയിലാണ് ട്രംപ് ഈ ആരോപണത്തോട് പ്രതികരിച്ചത്. പ്രസാധകരിൽ നിന്നും ഏറെ പണം വാങ്ങിയിട്ടാണ് മിഷേൽ പുസ്തകമിറക്കുന്നതെന്നും വിറ്റുപോകാൻ കുറച്ച് വിവാദം ആവശ്യമാണെന്നും ട്രംപ് പരിഹസിച്ചു. ബാരക് ഒബാമ അമേരിക്കൻ സൈന്യത്തോട് ചെയ്തത് താനും പൊറുക്കില്ലെന്നും ട്രംപ് പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍