കാലാവസ്ഥ വ്യതിയാനം മൂലം കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പുതിയ അഭയാര്‍ത്ഥി വിസ പദ്ധതിയുമായി ന്യൂസിലാന്റ്. ഇതിനുവേണ്ടി പുതിയ തരം വിസ തന്നെ ആവിഷ്‌കരിക്കാനാണ് ന്യൂസിലാന്റിലെ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി അഭയാര്‍ത്ഥികളാകുന്നവര്‍ക്ക് വിസകള്‍ നല്‍കുമെന്ന ഗ്രീന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് പുതിയ കൂട്ടു കക്ഷി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ മുന്നോടിയായാണ് പുതിയ ലേബര്‍ സഖ്യ കക്ഷി സര്‍ക്കാരി കാലാവസ്ഥ വ്യതിയാന മന്ത്രിയായി ഗ്രീന്‍ പാര്‍ട്ടി നേതാവ് ജയിംസ് ഷായെ നിയമിച്ചത്.
പരീക്ഷണാര്‍ത്ഥം മനുഷ്യത്വപരമായ വിസ വിഭാഗം ആവിഷ്‌കരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഷാ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം പസഫിക് മേഖലയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. പസഫിക് ദ്വീപുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ന്യൂസിലന്റിന്റെ അഭയാര്‍ത്ഥി വിസകളുടെ എണ്ണം പ്രതിവര്‍ഷം 750ല്‍ നിന്നും 4000 ആയി വര്‍ദ്ധിപ്പിക്കുമെന്ന് ഗ്രീന്‍ പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നു. തുവാലുവില്‍ നിന്നുള്ള രണ്ട് കുടുംബങ്ങള്‍ കാലാവസ്ഥ വ്യതിയാനം മൂലം കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ന്യൂസിലന്റില്‍ അഭയാര്‍ത്ഥികളാവുന്നതിന് നല്‍കിയ അപേക്ഷ ന്യൂസിലാന്റ് ഇമിഗ്രേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ട്രിബ്യൂണല്‍ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഷായുടെ പ്രഖ്യാപനം വരുന്നത്.
ഉയരുന്ന സമുദ്രജലനിരപ്പും ശുദ്ധജലത്തിന്റെ അഭാവവും തുവാലുവിലെ ഉയര്‍ന്ന തൊഴിലില്ലായ്മയുമാണ് കുടിയേറ്റത്തിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ 1951ലെ അഭയാര്‍ത്ഥി പ്രമേയം പറയുന്ന തരത്തിലുള്ള വംശീയമോ, മതപരമോ, ദേശീയമോ, അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലോ മതസംഘടനയിലോ പ്രവര്‍ത്തിച്ചതിന്റെ പേരിലോ ഇവര്‍ പീഢിപ്പിക്കപ്പെടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രിബ്യൂണല്‍ അപേക്ഷ നിരസിച്ചത്. നിലവിലുള്ള അന്താരാഷ്ട്ര പ്രമേയം കാലാവസ്ഥ വ്യതിയാനത്തിന് ഇരകളാകുന്നവരെ അഭയാര്‍ത്ഥികളാകാന്‍ അനുവദിക്കുന്നില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധരും പറയുന്നത്. എന്നാല്‍ 2014ല്‍ ക്രിബാറ്റിയില്‍ നിന്നുള്ള ഈയോനെ ടെയ്റ്റിയോട്ട കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ ന്യൂസിലന്റില്‍ അഭയം നേടിക്കൊണ്ട് ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. പക്ഷെ ഈ തീരുമാനം ന്യൂസിലന്റ് സുപ്രീം കോടതി തള്ളിക്കളയുകയും തുടര്‍ന്ന് ടെയ്റ്റിയോട്ടയെ തൊട്ടടുത്ത വര്‍ഷം കയറ്റിവിടുകയും ചെയ്തിരുന്നു. ഏതായാലും ന്യൂസിലന്റിന്റെ പുതിയ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും വഴിവെച്ചേക്കുമെന്നാണ് അന്താരാഷ്ട്ര പാരിസ്ഥിതിക നിയമ വിദഗ്ധനും അസോസിയേറ്റ് ഡയറക്ടറുമായ ആല്‍ബര്‍ട്ട് കോസ്റ്റി ചൂണ്ടിക്കാണിക്കുന്നു.