യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് പിന്നാലെ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണുമായുള്ള ട്രംപിന്റെ രൂക്ഷമായ ഭിന്നത മറനീക്കി പുറത്തുവരുന്നു. ഇമ്മാനുവല്‍ മക്രോണിനെതിരെ ട്വിറ്ററിലൂടെ രൂക്ഷമായ വിമർശനമാണ് ട്രംപ് തുടരെത്തുടരെ ഉന്നയിക്കുന്നത്. രണ്ടാം ലോകയുദ്ധ കാലത്ത് പാരീസുകാരെ അമേരിക്ക, നാസി അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് മുന്‍പ് തന്നെ അവര്‍ ജർമൻ ഭാഷ പഠിക്കാൻ തുടങ്ങിയിരുന്നുവെന്നാണ് ട്രംപ് ആദ്യം അധിക്ഷേപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. രണ്ട് ദിവസത്തെ പാരിസ് സന്ദര്‍ശനം കഴിഞ്ഞ് വാഷിംഗ്ടണില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ട്രംപ് അപകീര്‍ത്തികരമായ ട്വീറ്റുകള്‍ ചെയ്യാന്‍ ആരംഭിച്ചത്.
മക്രോണിന്‍റെ പഴയ നിലപാടുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, അമേരിക്കയില്‍ നിന്നും സംരക്ഷണാര്‍ത്ഥമെന്നോണം യൂറോപ്പിന് ഒരു സൈന്യം സംരക്ഷണം മക്രോണ്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തുടര്‍ന്ന് ഫ്രഞ്ച്-യുഎസ് വൈൻ വിപണനത്തില്‍ ഫ്രാന്‍സ് അനധികൃത വ്യാപാര സമ്പ്രദായമാണ് പിന്തുടര്‍ന്നത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍, യൂറോപ്യന്‍ പ്രതിരോധ സംവിധാനത്തിനും വേറിട്ട സമീപനങ്ങള്‍ക്കുമിടയില്‍ ഫ്രാന്‍സിന് മറ്റ് വഴികളില്ലെന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ് സംബന്ധിച്ച ചോദ്യത്തോട് മക്രോണിന്‍റെ ഉപദേശകരുടെ മറുപടി.
യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും സ്വയം സംരക്ഷണാര്‍ത്ഥം യൂറോപ്പിന് സ്വന്തമായൊരു സൈന്യം ആവശ്യമാണെന്ന മക്രോണിന്‍റെ പ്രസ്താവന ‘അത്യധികം അപമാനകരമാണ് എന്നാണ്’ ട്രംപിന്‍റെ നിലപാട്. മക്രോണാകട്ടെ യൂറോപ്പിന്‍റെ സൈനികശക്തി വര്‍ദ്ധിപ്പിക്കുക എന്ന നിലപാടിലും ഉറച്ചു നില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ട്രംപിന്‍റെ ചില നയങ്ങള്‍ തന്നെയാണ് യൂറോപ്പില്‍ അത്തരമൊരു ചിന്തക്ക് സാഹചര്യമൊരുക്കിയത്.
നാറ്റോക്കുള്ള സൈനികസഹായം പരമാവധി വെട്ടിച്ചുരുക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും വലിയ രീതിയിലുള്ള സൈബർ ഹാക്കിംഗ് ഭീഷണിയാണ് യൂറോപ്പ് നേരിടുന്നതെന്ന് മക്രോണും പറഞ്ഞിരുന്നു. മാക്രോണിന് ജനങ്ങള്‍ക്കിടയിലുള്ള അംഗീകാരവും കുറഞ്ഞു വരുമ്പോള്‍ തന്നെ ഫ്രാൻസ് ഉയർന്ന തൊഴിലില്ലായ്മ അനുഭവിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ ഇത്തരം ട്വീറ്റുകളെകുറിച്ച് ഒന്നും പറയാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റിന്‍റെ ഓഫീസ് അറിയിച്ചു. അതേസമയം, യൂറോപ്യൻ സൈന്യത്തെക്കുറിച്ചും, യൂറോപ്യൻ പ്രതിരോധത്തെക്കുറിച്ചുമുള്ള തന്‍റെ നിലപാടുകൾ പാരീസിലെ ചർച്ചകളിള്‍ക്കിടയില്‍ ട്രംപിനോട് മാക്രോൺ വ്യക്തമാക്കിയിരുന്നുവെന്നും അവര്‍ അറിയിച്ചു. ദേശീയത രാജ്യസ്നേഹത്തിന്‍റെ ശത്രുവാണ് എന്ന് ട്രംപിനെ വേദിയിലിരുത്തി മക്രോണ്‍ പ്രസംഗിച്ചിരുന്നു. തങ്ങള്‍ മാത്രം നന്നായാല്‍ മതി മറ്റുള്ളവര്‍ എന്തായാലും കുഴപ്പമില്ല എന്ന് വിചാരിക്കുന്നവരുണ്ട് എന്നും മക്രോണ്‍ പറഞ്ഞിരുന്നു.
https://www.azhimukham.com/explainer-implications-of-us-midterm-elections-to-trump-and-the-world/