UPDATES

യാത്ര

കൂട്ടുകാര്‍ക്ക് ബാബുക്ക, നാട്ടുകാര്‍ക്ക് ഡോക്ടര്‍ ഭയ്യ; മണാലിയിലെ ഈ ജിന്ന് ആര്‍ട്ടിക് പോളാര്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്

‘ജീവിതത്തിന്റെ ടൈം ടേബിള്‍ തന്നെ മാറ്റിയെഴുതാന്‍ പോന്ന വിധമുള്ള യാത്രയായിരുന്നു അതെന്ന് ആരറിഞ്ഞു.’

ഷാരോണ്‍

ഷാരോണ്‍

                       

പലരും കൊതിക്കുന്നതാണ് കാടും മലയും കുന്നും പുഴയും കയറിയിറങ്ങി ഇങ്ങനെ യാത്ര ചെയ്യ്ത് നടക്കാന്‍. ജിവിതം തന്നെ യാത്രയാക്കി, ആ യാത്രകള്‍ ഒരു ആഘോഷമാക്കി മാറ്റിയ ഒരാളുണ്ട് .കോഴിക്കോട് ജില്ലയിലെ കടലുണ്ടി സ്വദേശി ബാബു സാഗര്‍. ബെംഗളൂരുവില്‍ ബിഎസ്സി മൈക്രോ ബയോളജി പഠിക്കുന്ന സമയത്തായിരുന്നു ബാബുക്കയുടെ മുന്നില്‍ യാത്രകളുടെ വഴി തെളിയുന്നത്. അന്ന് കൂട്ടുകാരുമൊത്ത് യമഹ RX100 ബൈക്കില്‍ ബാബുക്കയും കൂട്ടുകാരും ട്രിപ്പ് പോയത് ഇന്ത്യയുടെ വടക്കേയറ്റത്തുള്ള ലഡാക്കിലേക്ക് ആയിരുന്നു.കെട്ടുപൊട്ടിയ പട്ടം പോലെ പറക്കുന്ന പ്രായത്തില്‍ ഇമ്മാതിരി യാത്രകള്‍ പതിവല്ലേ. വീട്ടുകാര്‍ കാര്യമാക്കിയില്ല. പക്ഷേ ശിഷ്ടകാല ജീവിതത്തിന്റെ ടൈം ടേബിള്‍ തന്നെ മാറ്റിയെഴുതാന്‍ പോന്ന വിധമുള്ള യാത്രയായിരുന്നു അതെന്ന് ആരറിഞ്ഞു.

ആദ്യത്തെ ലഡാക്ക് യാത്രയ്ക്കിടയില്‍ മഞ്ഞുവീഴ്ച കനക്കുകയും തല്‍ഫലമായി കുറച്ചു ദിവസം മണാലിയില്‍ താമസിക്കേണ്ടി വരികയുമുണ്ടായി. ഒരു പാവം അമ്മൂമ്മയായിരുന്നു അന്ന് ബാബുക്കയ്ക്കും കൂട്ടുകാര്‍ക്കും തുണയായത്. ഭക്ഷണവും വഴിച്ചെലവിനുള്ള കാശുമൊക്കെ ആ അമ്മൂമ്മ അവര്‍ക്ക് നല്‍കി. മെഡിക്കല്‍ സ്റ്റുഡന്റ് ആയ ബാബു സാഗറിന്റെ യാത്രകള്‍ക്ക് തിരി കൊളുത്തിയത് ഈ അമ്മൂമ്മയായിരുന്നു. അവിടെ ജനിക്കുകയായിരുന്നു ബാബുക്ക എന്ന സഞ്ചാരികളുടെ ജിന്ന്.ഇനിയും ഇങ്ങനെ പോയാല്‍ ചെക്കനും ഒപ്പം വീട്ടുകാരുടെ ഡോക്ടര്‍ സ്വപ്നവും കൈവിട്ടു പോകും എന്നറിയാമെന്നതു കൊണ്ടാകണം വീട്ടുകാര്‍ ബാബുസാഗര്‍ എന്ന പതിനെട്ടുകാരനെ ഡോക്ടര്‍ കൂടിയായ ഉപ്പ മുഹമ്മദ് റഷ്യയിലേക്ക് പാക്ക് ചെയ്തു. 8 വര്‍ഷം കടന്നു പോയി, പക്ഷേ യാത്രയുടെ ഇഷ്ടം ഉള്ളിന്റെയുള്ളില്‍ നിന്നും തികട്ടി തികട്ടി വന്നു കൊണ്ടേയിരുന്നു. യൂറോപ്പ് ട്രിപ്പിന്റെ പേരില്‍ ഉപ്പയും ഉമ്മയും അറിയാതെ ഓരോ വര്‍ഷവും മണാലിയെന്ന സ്വപ്‌നനഗരം തൊട്ടറിഞ്ഞു കൊണ്ടേയിരുന്നു. ഒരു തീര്‍ത്ഥ യാത്ര പോലെ, ഒരു വര്‍ഷവും മുടക്കം വരുത്തിയില്ല. പഠനകാലത്ത് ഒരിക്കല്‍ മാത്രമാണ് ആ യാത്ര മുടങ്ങിയത്. 2013ല്‍ ഉപ്പയുടെ മരണകാലത്ത് .

 

പിന്നിട് ആരും സ്വപ്നം കാണുന്ന ഡോക്ടര്‍ ജോലിയും കുടുംബവും സ്വത്തുമൊക്കെ വിട്ട് മണാലിയിലെത്തിയ ഉടനെ കയ്യിലുണ്ടായിരുന്ന സമ്പാദ്യമൊക്കെ ചേര്‍ത്ത് അവിടെയൊരു റെസ്റ്റോറന്റ് ആയിരുന്നു അദ്ദേഹം തുടങ്ങിയത്. റെസ്റ്റോറന്റിന്റെ പേര് ‘ബാബുഷ്‌ക’ എന്നായിരുന്നു. റഷ്യന്‍ ഭാഷയില്‍ ‘മുത്തശ്ശി’ എന്നാണു ബാബുഷ്‌ക എന്ന വാക്കിന്റെ അര്‍ഥം. പണ്ട് മണാലിയില്‍ കുടുങ്ങിയ തന്നെയും കൂട്ടുകാരെയും രക്ഷിച്ച മുത്തശ്ശിയോടുള്ള ആദര സൂചകമായിട്ടായിരുന്നു ഈ പേര് തന്നെ റെസ്റ്റോറന്റിന് നല്‍കിയത്.അധികംനാള്‍ വേണ്ടി വന്നില്ല. ആ മണ്ണ് ബാബുക്കയ്ക്ക് എല്ലാം തന്നു, മരുന്നുകളുടെ അസഹ്യമായ ഗന്ധം മടുത്ത അദ്ദേഹം ആ നാടിനെ സ്‌നേഹിച്ചു തുടങ്ങി. ശരിക്കും ഒരു മണാലിക്കാരനായി. 13 ഏക്കര്‍ വിശാലമായ ഫാം ഹൗസ്, അവിടെ ചെറി, ആപ്പിള്‍, ജാതി തുടങ്ങിയ ഫല വൃക്ഷങ്ങള്‍. അതിഥികളായി പശു, കോഴി, ആട്, ചെമ്മരിയാട് എന്നിവ വേറെയും. അതെ ഇവിടം സ്വര്‍ഗമാണ്. പിന്നെ ബാബു സാഗര്‍ വിടുത്ത്കാര്‍ക്ക് ഡോക്ടര്‍ ഭയ്യ കൂടിയാണ്. ഇടയ്ക്കിടയ്ക്ക് ഇവിടുത്തുകാരെ ചികിത്സിക്കാന്‍ ഡോക്ടറുടെ കുപ്പായം അണിയാറുണ്ട്. അത് ഈ മണ്ണിനോടുള്ള സ്‌നേഹമാണ്. അതുകൊണ്ട് അദ്ദേഹം കാശുവാങ്ങാറില്ല.

ഈ സമയത്തായിരുന്നു ഫേസ്ബുക്കില്‍ വിവിധ സഞ്ചാര ഗ്രൂപ്പുകള്‍ പിറവിയെടുക്കുന്നത്. ഈ ഗ്രൂപ്പുകള്‍ വഴി ബാബു സാഗറിന്റെ കഥയും സഞ്ചാരപ്രേമവും എല്ലാം പുറംലോകം അറിയുവാന്‍ തുടങ്ങി. ചില സഞ്ചാരികള്‍ ബാബു സാഗര്‍ എന്ന ഈ സഞ്ചാരപ്രിയനെ നേരില്‍ക്കാണുവാനായി മണാലിയിലേക്ക് വെച്ചുപിടിച്ചു. തന്നെത്തേടി വന്നവരെ ബാബു സാഗര്‍ നന്നായി സല്‍ക്കരിച്ചായിരുന്നു അമ്പരപ്പിച്ചത്. അവര്‍ക്കെല്ലാം തന്റെയൊപ്പം ഭക്ഷണവും താമസവും ഒരുക്കുകയും അവരോടൊപ്പം യാത്രകളില്‍ ടീം ലീഡറായി പങ്കെടുക്കുകയും ചെയ്തതോടെ ബാബു സാഗര്‍ എന്ന മനുഷ്യന്‍ എല്ലാവര്‍ക്കും ‘ബാബുക്ക’ ആയി മാറി. ‘സഞ്ചാരികളുടെ ജിന്ന്’ എന്ന വിളിപ്പേരും ബാബുക്കയ്ക്ക് ലഭിച്ചു.കുടുതല്‍ ആളുകള്‍ കാണാന്‍ എത്താന്‍ തുടങ്ങിയതോടെ ബാബുക്ക വീടിനു മുന്നില്‍ ഒരു ബോര്‍ഡ് വെച്ചു. അതില്‍ ഇപ്രകാരമാണ് എഴുതിയിരുന്നത് – ‘കേറിവാടാ മക്കളേ..’ ഇത് കണ്ടാല്‍ ഏത് സഞ്ചാരിയാണ് കയറാത്തത്‌.

 

ബാബുക്ക ഇപ്പോള്‍ പുതിയൊരു സാഹസിക ചരിത്ര യാത്രയ്ക്ക് തയ്യാറെടുക്കുക ആണ്. ഫിയാല്‍ റാവന്‍ എന്ന സ്വീഡിഷ് കമ്പനി സംഘടിപ്പിക്കുന്ന ആര്‍ട്ടിക് പോളാര്‍ എക്‌സ്പിഡിഷനു ഒരുങ്ങുകയാണ്.മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ പ്രകടനമാണ് ഇത്. കഴിഞ്ഞ വര്‍ഷം മലയാളിയായ പുനലൂര്‍ സ്വദേശി നിയോഗ് ഈ മത്സരത്തില്‍ പങ്കെടുക്കുയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. അന്ന് നിയോഗിനു വേണ്ട നിര്‍ദ്ദേശങ്ങളും മറ്റും നല്‍കി ഒരു രക്ഷാധികാരിയെപ്പോലെ നിന്നയാളാണ് ബാബുക്ക. ഇപ്പോഴിതാ അതേ മത്സരത്തില്‍ ബാബുക്കയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ആയിരിക്കും ഇതില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രാജ്യങ്ങളെ 10 വിഭാഗങ്ങളായി തരംതിരിച്ചു ഓണ്‍ലൈന്‍ വോട്ടിങ് സംവിധാനം വഴി വോട്ടിങ്ങില്‍ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികള്‍ക്കാണ് ആര്‍ട്ടിക്ക് ദൗത്യത്തിന് ആദ്യം അര്‍ഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തില്‍ തിരഞ്ഞെടുക്കപ്പെടും.

‘മണാലിയിലെ ജിന്ന് ബാബു സാഗറി’ന് വോട്ട് ചെയ്യാം:  https://polar.fjallraven.com/contestant/?id=4934&fbclid=IwAR3k3r2H-vOTYpXXQXWQtwrcWDa7JhNPqEsMJ80Gb4oOV70E_TabuBOFvGc

29 സംസ്ഥാനങ്ങള്‍, 4 യൂണിയന്‍ ടെറിറ്ററീസ്; ലക്കും ലഗാനുമില്ലാതെ ഒരുത്തന്‍ ഒറ്റയ്ക്ക് ചുറ്റിയടിച്ച കഥ

ഒറ്റക്ക് ഭ്രാന്തന്‍ യാത്രകള്‍ നടത്തുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവങ്ങളും ചിന്തകളും

ഷാരോണ്‍

ഷാരോണ്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍