UPDATES

കേരളം

വെസ്റ്റ് നൈല്‍ പനി; വില്ലന്‍ കൊതുക്! തുരുത്താം പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ

ഈ രോഗത്തിന് മരുന്നില്ല, കൊതുകു നിവാരണമാണ് പ്രധാന പ്രതിരോധ മാര്‍ഗമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുകയാണ്.

                       

വെസ്റ്റ് നൈല്‍ പനി പടര്‍ന്ന് പിടിക്കുകയാണ്. അഞ്ചോളം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ രോഗത്തിന് മരുന്നില്ല, കൊതുകു നിവാരണമാണ് പ്രധാന പ്രതിരോധ മാര്‍ഗമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുകയാണ്. കൊതുകിനെ തുരത്താന്‍ വിപണിയില്‍ പലവിധ മാര്‍ഗ്ഗങ്ങളാണുള്ളത്. കൊതുകു തിരി, മാറ്റ്, ലിക്വിഡ് തുടങ്ങി വിവിധ കമ്പനികളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഏറെയാണ്. ശരീരത്തില്‍ പുരട്ടുന്ന ക്രീമും കൊതുകില്‍ നിന്നും രക്ഷ നേടാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയെല്ലാം ഏതെങ്കിലും വിധത്തില്‍ നമുക്ക് ദോഷം സൃഷ്ടിക്കുന്നവയാണ്. പുകയുന്ന കൊതുകുതിരിയില്‍ മാത്രമല്ല, പ്ലഗ്ഗ് ചെയ്ത് ഉപയോഗിക്കുന്ന മോസ്‌കിറ്റോ മാറ്റിലും, ലിക്വിഡിലുമെല്ലാം അടങ്ങിയിട്ടുള്ളത് മാരകമായ കീടനാശിനികള്‍ തന്നെയാണ്. കൊതുകിന്റെ പേരില്‍ ശ്വാസകോശങ്ങളില്‍ പുകയും കാടനാശിനിയും നിറക്കാതെ തന്നെ നമുക്ക് കൊതുകിനെ തുരത്താനാവില്ലേ. ഇവയൊന്നും ഉപയോഗിക്കാതെ തന്നെ നമുക്ക് കൊതുകിനെ തുരത്താനാകും. അതിന് ഏറെ മാര്‍ഗ്ഗങ്ങളുണ്ട്, പരീക്ഷിച്ച് ഫലപ്രദമെന്ന് തെളിഞ്ഞവയായി തന്നെ. കര്‍ഷകരും കാര്‍ഷിക വിദഗ്ധരുമാണ് ഇവ സാധാരണ ഉപയോഗിക്കാറ്. പ്രകൃതിദത്ത കൊതുകു തിരി മുതല്‍ കൊതുകിനെ തുരത്താനുള്ള മൊബൈല്‍ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ വരെ ഇതിലുള്‍പ്പെടും. അവയില്‍ ചിലതിനെ പരിചയപ്പെടാം.

കൂത്താടികള്‍ക്കായി ഒരു കെണി

കൊതുകുകളെ കൂട്ടത്തോടെ നശിപ്പിക്കാന്‍ സഹായിക്കുന്ന ഒരു സൂത്രപ്പണി ചിലര്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. തികച്ചും ജൈവരീതിയിലുള്ളതാണ് ഈ മാര്‍ഗം. ഒരു പാത്രത്തില്‍ ഒന്നോ രണ്ടോ കപ്പ് വെള്ളമൊഴിച്ച് അതില്‍ ഒരു കഷണം കാബേജ് ഇല അല്‍പ്പം ചതച്ചശേഷം ഇട്ടു വയ്ക്കുക. ഈ പാത്രം വീടിന്റെ പുറത്തെവിടെയെങ്കിലും മഴ കൊള്ളാത്തവിധം വേണം വയ്ക്കാന്‍. ഏതാനും ദിവസം കൊണ്ട് ഈ പാത്രത്തില്‍ കൊതുകു കൂത്താടികള്‍ വിരിഞ്ഞിറങ്ങുന്നത് കാണാം. മറ്റു വെള്ളക്കെട്ടുകളിലൊന്നും കാണാത്തത്ര കൊതുകുകുഞ്ഞുങ്ങള്‍ ഈ പാത്രത്തില്‍ കാണാം. ചീഞ്ഞ കാബേിന്റെ ഗന്ധം ആകര്‍ഷിക്കുന്നതിനാല്‍ കൊതുകുകള്‍ മറ്റെവിടെയും മുട്ടയിടാതെ ഇവിടെ മാത്രം മുട്ടയിടുന്നതിനാലാണിത്. കൂത്താടികളെ കണ്ടുതുടങ്ങിയാല്‍ പാത്രത്തിലെ വെള്ളം പൂര്‍ണമായി മറിച്ച് കളഞ്ഞ് കൊതുകുകളെ നശിപ്പിക്കാം. വീടിന്റെ പലഭാഗത്തുമായി ഇത്തരം പാത്രങ്ങള്‍ സ്ഥാപിക്കുന്നതും പ്രദേശത്തെ ഏതാനും വീട്ടുകാര്‍ ഒരേ ദിവസങ്ങളില്‍ ഈ തന്ത്രം പ്രയോഗിക്കുന്നതും ഏറെ ഫലപ്രദമാണ്. എന്നാല്‍ രണ്ടുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു കാരണവശാലും പാത്രം യഥാസമയം മറിച്ചുകളയാന്‍ മറക്കരുത്. അതു പോലെത്തന്നെ, പാത്രത്തിലെ വെള്ളം മറിച്ചുകളയുമ്പോള്‍ കൂത്താടികള്‍ മുറ്റത്തെ മഴവെള്ളച്ചാലുകളിലൂടെ ഒഴുകി രക്ഷപ്പെടാന്‍ അനുവദിക്കുകയുമരുത്.

സഹായത്തിന് ചെറുമീനുകള്‍

വെള്ളം വറ്റിച്ച് കൊതുകുകളുടെ വളര്‍ച്ച തടയാന്‍ പറ്റാത്ത സ്ഥലങ്ങളുമുണ്ടാകാം പരിസരങ്ങളില്‍. ഉപേക്ഷിക്കപ്പെട്ട വലിയ കോണ്‍ക്രീറ്റ് ടാങ്കുകള്‍, വലിയ വെള്ളക്കെട്ടുകള്‍ തുടങ്ങിയവ. ഇത്തരം സ്ഥലങ്ങളില്‍ ഒരൊറ്റ വഴിയേയുള്ളൂ കൊതുകുനശീകരണത്തിന്. മീനുകളെ നിക്ഷേപിക്കുക. കൊതുകു നശീകരണത്തിന് പേരു കേട്ട ഗപ്പി മീനുകളെയാണ് പലരും ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ കൊതുകുവേട്ടയില്‍ ഗപ്പികളേക്കാള്‍ വിദഗ്ദരായ ചെറുമീനുകള്‍ നമ്മുടെ നാട്ടില്‍ത്തന്നെയുണ്ട്. നാടന്‍ പരലുകളും മാനത്തുകണ്ണികളും. വേനലില്‍ വറ്റുന്ന ചെറുകുളങ്ങളില്‍ ഇവ മഴക്കാലാരംഭത്തോടെ തന്നെ മറ്റിടങ്ങളില്‍ നിന്നെത്തി കൊതുകുനിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു പണ്ടുകാലത്ത് പതിവ്. എന്നാല്‍ പറമ്പുകള്‍ പലതും മതില്‍കെട്ടി തിരിച്ചതോടെ ഇത്തരത്തില്‍ കുളങ്ങളിലേക്ക് മീനുകള്‍ക്ക് എത്തിപ്പെടാന്‍ പണ്ടേപ്പോലെ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ നമ്മള്‍ തന്നെ മീനുകളെ നിക്ഷേപിക്കേണ്ടതായി വരും. വിദേശമല്‍സ്യങ്ങളെ ഇത്തരത്തില്‍ നിക്ഷേപിക്കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ സമീപപ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന നാടന്‍ മീനുകളെ ഇത്തരത്തില്‍ ഒറ്റപ്പെട്ട വെള്ളക്കെട്ടുകളില്‍ നിക്ഷേപിക്കാം. എന്നാല്‍ ഇത് അത്ര എളുപ്പം സാധിക്കില്ല എന്നോര്‍ക്കണം. പരിസരത്തെ മറ്റു ജലശ്രോതസുകളുമായി ബന്ധമില്ലാത്ത, ടാങ്കുകളിലും പൂന്തോട്ട കുളങ്ങളിലും മറ്റും ആവശ്യമെങ്കില്‍ കൊതുവേട്ടയില്‍ പ്രഗല്‍ഭരായ അലങ്കാരമല്‍സ്യങ്ങളെ ഉപയോഗപ്പെടുത്താം. ഗപ്പികളേക്കാള്‍ കൊതുവേട്ടയില്‍ സാമര്‍ഥ്യമുളള സീബ്ര മല്‍സ്യങ്ങളെ ഇപ്പോള്‍ ചിലര്‍ ഇതിനായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. വെള്ളത്തിലെ ചെറു ചലനങ്ങള്‍ പോലും തിരിച്ചറിഞ്ഞ് ഞൊടിയിടയില്‍ കൂത്താടികളെ കണ്ടെത്തി അകത്താക്കാനുള്ള ഈ മല്‍സ്യങ്ങളുടെ കഴിവ് അപാരമാണ്.

പപ്പായ ഇല കൊതുകുതിരി

ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കൊതുകിനെ തുരത്താന്‍ ഉണങ്ങിയ പപ്പായ (കറുമൂസ, ഓമയ്ക്ക, കപ്പളങ്ങ) ഇല കത്തിക്കുന്ന പതിവുണ്ട്. ഇതിനെ ഒന്ന് പരിഷ്‌ക്കരിച്ച് നിര്‍മിക്കുന്ന കൊതുകുതിരി ഏറെ ഫലപ്രദമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദോഷ വശങ്ങളൊന്നുമില്ലാത്ത ഈ പരിസ്ഥിതി സൗഹൃദ കൊതുകുതിരി വളരെ കുറഞ്ഞ ചിലവില്‍ നിര്‍മിക്കാവുന്നതുമാണ്. ഉണക്കിയ പപ്പായ ഇല പൊടിച്ചു മെഴുകുമായി നിശ്ചിത അനുപാതത്തില്‍ ചേര്‍ത്താണ് ഈ മെഴുകുതിരി ഉണ്ടാക്കുന്നത്. പപ്പായ ഇലയില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക രാസവസ്തുവാണു കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്. ഈ മെഴുകുതിരി കത്തിച്ചുവയ്ക്കുന്ന മുറികളിലെ 86% കൊതുകുകളും ചത്തുവീഴും. പെട്ടെന്ന് മെഴുകുതിരി തയ്യാറാക്കാനായില്ലെങ്കില്‍ ഇല അടര്‍ത്തിയെടുത്ത പപ്പായ തണ്ടില്‍ മെഴുക് ഉരുക്കിയൊഴിച്ചോ, തണ്ടിനകത്ത് മെഴുതുതിരി വെച്ചോ കൊതുകുതിരി നിര്‍മിക്കാം. കൊതുകിന്റെ ലാര്‍വ്വകളെ നശിപ്പിക്കാനും പപ്പായ ഇല ഉത്തമമാണ്. കൊതുക് മുട്ടയിടാറുള്ള കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പപ്പായ ഇല പിഴിത്ത് നീര് വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ ലാര്‍വകള്‍ നശിക്കും. പിന്നെ കുറേ ദിവസത്തേക്ക് ഇതില്‍ കൊതുക് മുട്ടയിടില്ല.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോസ്‌കിറ്റോ റിപെല്ലന്റ്ുകളിലെ ലിക്വിഡില്‍ ഹാനികരമായ പലയിനം കീടനാശിനികളുണ്ട്. രാത്രി മുഴുക്കെ ഇത്തരം ലിക്വിഡുകള്‍ ഉപയോഗിക്കുമ്പോള്‍ കൊതുകിനെ അകറ്റാനാവുമെങ്കിലും വലിയ അളവില്‍ വിഷവാതകം നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ലിക്വിഡ് ഉപയോഗിക്കുകയാണെങ്കില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ കൊതുകുകളെ നിശിപ്പിക്കാനാകും. ഇതിന് വേപ്പെണ്ണയും കര്‍പ്പൂരവും മാത്രം മതി. കാലിയായ റിപ്പെല്ലന്റ് ലിക്വിഡിന്റെ കുപ്പിയില്‍ വേപ്പെണ്ണ ഒഴിച്ച് കുറച്ച് കര്‍പ്പൂരം അതില്‍ ചേര്‍ക്കുന്നതോടെ ലിക്വിഡ് തയ്യാറായി. ഇനിയിത് മെഷീനില്‍ വെച്ച് പ്ലഗ്ഗ് ചെയ്താല്‍ മാത്രം മതിയാകും. കടയില്‍ നിന്നും വാങ്ങുന്ന ലിക്വിഡുകളെക്കാള്‍ ഏറെ ആദായകരവും അതൊടൊപ്പം സുരക്ഷിതവുമാണ് വേപ്പെണ്ണ-കര്‍പ്പൂരം മിശ്രിതം.

കൊതുക് കെണി

മനുഷ്യശരീരമെന്ന് തെറ്റദ്ധരിപ്പിച്ച് കൊതുകിനെ ആകര്‍ഷിച്ച് കുപ്പിയിലെ വെള്ളത്തില്‍ വീഴ്ത്തുന്ന വിദ്യയാണ് കൊതുകു കെണി.പ്രയാസമില്ലാതെ ലഭിക്കുന് വസ്തുക്കള്‍ ഉപയോഗിച്ച് ലളിതമായി നിര്‍മ്മിക്കാവുന്ന കൊതുകു കെണി ഫലപ്രദവുമാണ്. ശീതളപാനീയങ്ങള്‍ ലഭിക്കുന്ന പെറ്റ്‌ബോട്ടില്‍ ആണ് ഇതിന് പ്രധാനമായും വേണ്ടത്. രണ്ട് ലിറ്ററിന്റെ ബോട്ടിലായാല്‍ നല്ലത്. 50 ഗ്രാം പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ്,മൂന്ന് ഗ്ലാസ് വെള്ളം എന്നിവ കൂടിയുണ്ടെങ്കില്‍ നമുക്ക് കൊതുകിനെ കെണിവെച്ചു വീഴ്ത്താം. ബോട്ടില്‍ എടുത്ത് അതിന്റെ മുകള്‍ ഭാഗം പകുതി കണ്ട് മുറിച്ച് മാറ്റുക. ഇപ്പോള്‍ മുകള്‍ ഭാഗം ഒരു ചോര്‍പ്പ് പോലെ ആയിട്ടുണ്ടാകും. മുറിച്ച ചോര്‍പ്പു പോലെയുള്ള ഭാഗം ബോട്ടിലിന്റെ മറുപാതിയില്‍ അടപ്പു ഭാഗം തെഴെയാക്കി ഇറക്കിവയ്ക്കുക. പാത്രത്തിലേക്ക് ചോര്‍പ്പ് വെക്കുന്നതു പോലെ. എന്നിട്ട് ഇവ രണ്ടും കൂടിച്ചേരുന്ന ഭാഗം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വിടവ് അടക്കുക. ഇനി ഇതിലേക്കുള്ള ലായനി തയ്യാറാക്കാം. പഞ്ചസാര പാത്രത്തില്‍ ഇട്ട് അടുപ്പില്‍ വച്ച് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക ,അതിലേക്കു ഒരുഗ്ലാസ് വെള്ളം ഒഴിച്ച് പഞ്ചസാര മുഴുവന്‍ അലിയുന്നത് വരെ ഇളക്കുക,അടുപ്പില്‍ മാറ്റിവെക്കുക. ഈ ലായനിയിലെക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് തണുപ്പിക്കുക. അതിനു ശേഷം ഒരു സ്പൂണ്‍ യീസ്റ്റ് ലായനിയില്‍ ചേര്‍ത്തിളക്കുക.തണുത്ത ശേഷം ഇത് നേരത്തെ തയ്യാറാക്കിയ ബോട്ടിലിലേക്ക് ഒഴിക്കാം.ഏകദേശം കുറച്ചു സമയത്തിനകം ഈ ലായനി കാര്‍ബണ്‍ ഡയോക്‌സൈഡ് പുറപ്പെടുവിക്കാനാരംഭിക്കും, കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഗന്ധം കിട്ടുന്ന കൊതുതുകള്‍ മനുഷ്യ സാമീപ്യമുണ്ടെന്നു കരുതി ചോര്‍പ്പിലൂടെ ബോട്ടിലിലെ ലായനിയിലേക്കു ഇറങ്ങും, അവിടെ നിന്നും പുറത്ത് കടക്കാനാകാതെ നശിക്കും. കൊതുകകള്‍ ഏറെ വരുന്ന ഭാഗത്തായിരിക്കണം കെണി വയ്‌ക്കേണ്ടത്. പല സ്ഥലങ്ങളിലായി കൂടുതല്‍ കെണി വെക്കാം. കെണിയിലെ ലായനി ദിവസവും മാറ്റിക്കൊണ്ടേയിരിക്കണം. കെണിയില്‍ നിന്നും കാര്‍ബണ്‍ ഡൈഓക്‌സൈഡാണ് പുറംതള്ളുന്നതെന്നതിനാല്‍ ഇത് കിടപ്പു മുറിയില്‍ വെക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മുറിയില്‍ യഥേഷ്ടം വായു ലഭിക്കുമെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

കൊതുകിനെ അകറ്റുന്ന മൊബൈല്‍ അപ്ലിക്കേഷന്‍

മൊബൈല്‍ ഫോണ്‍ ഇനി കൊതുകിനെ തുരത്താനും ഉപയോഗിക്കാം. കൊതുകിനെ തുരത്തുന്ന ‘ആപ്പ് ‘ തയ്യാറായി കഴിഞ്ഞു. കൊതുകിന് സഹിക്കാന്‍ കഴിയാത്ത ഫ്രീക്വന്‍സിയില്‍ ശബ്ദം പുറപ്പെടുവിച്ച് അവയെ അകറ്റി നിര്‍ത്തുക എന്നതാണ് ഈ അപ്ലിക്കേഷന്റെ സാങ്കേതിക സംവിധാനം. മനുഷ്യരുടെ കേള്‍വിക്ക് പ്രശ്‌നമാകാത്ത ശബ്ദമാണ് അപ്ലിക്കേഷന്‍ പുറപ്പെടുവിക്കുക. എം ട്രാക്കര്‍ എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. പ്ലേ സ്‌റ്റോറില്‍ എം ട്രാക്കര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ അപ്ലിക്കേഷന്‍ ലഭിക്കും.
ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആ മൊബൈലില്‍ പ്രത്യേക ഫ്രീക്വന്‍സിയില്‍ ശബ്ദം പുറപ്പെടുവിക്കും. ഈ ശബ്ദം എത്തുന്ന ഇടങ്ങളില്‍ കൊതുകുകള്‍ക്ക് നില്‍ക്കാന്‍ കഴിയില്ലെന്ന് അപ്ലിക്കേഷന്‍ വികസിപ്പിച്ചവര്‍ അവകാശപ്പെടുന്നത്. കൊതുക് ശല്യം കുറവുള്ള പ്രദേശത്തിന് അനുസരിച്ച് ഫ്രീക്വന്‍സി ലെവല്‍ ക്രമീകരിക്കാനും സൗകര്യമുണ്ട്. ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചെറിയ ബാറ്ററി ചാര്‍ജ് മാത്രമേ ആവശ്യമുള്ളൂ എന്നതും പ്രത്യേകതയാണ്. എന്നാല്‍ നിര്‍മ്മാതാക്കളുടെ അവകാശവാദമല്ല ഉപയോഗിക്കുന്നവരുടെ അഭിപ്രായമാണ് ആപ്ലിക്കേഷന്‍ എത്രത്തോളം ഫലപ്രദമാണെന്നതിന് തെളിവ്. നെറ്റില്‍ പലവിധത്തിലുള്ള അഭിപ്രായമാണ് എം ട്രാക്കറിനെ കുറിച്ച് പ്രചരിക്കുന്നത്. പ്രത്യേക ഫ്രീക്കന്‍സിയിലുള്ള ശബ്ദം പുറപ്പെടുവിച്ച് എലികളെ തുരത്തുന്നതുപോലെ കൊതുകിനെയും തുരത്തുമെന്ന് അവകാശപ്പെടുന്ന ഉപകരണങ്ങളും വിപണിയിലുണ്ട്. പക്ഷേ ഇവയുടെ പൂര്‍ണ്ണമായ വിജയ സാധ്യതകള്‍ ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.

 

English summary; West Nile Fever In Kerala:  High Alert, State Issues Advisory On Mosquito-Control Measures

Share on

മറ്റുവാര്‍ത്തകള്‍