UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയില്‍ സമ്പത്തിന്റെ 53 ശതമാനവും ഒരു ശതമാനം പേരുടെ കയ്യില്‍

ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്

                       

ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനം പേര്‍ മൊത്തം സമ്പത്തിന്റെ 53 ശതമാനവും കൈവശം വച്ചിരിക്കുന്നതായി ഐക്യരാഷ്ട്രസഭ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു. മുന്‍ വര്‍ഷങ്ങളിലും ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസമത്വത്തെ കുറിച്ച് ലോക സംഘടന കണക്കുകള്‍ സഹിതം മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ വികസനം പ്രാദേശിക സന്തുലിതമായ രീതിയിലല്ല നടക്കുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.

സാമ്പത്തിക അസമത്വത്തില്‍ ലോക രാഷ്ട്രങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. റഷ്യയാണ് ഒന്നാമത്. യുണൈറ്റഡ് നേഷന്‍സ് ഗ്ലോബല്‍ കോമ്പാക്ടിന്റെ രണ്ട് ദിവസത്തെ യോഗത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘ദ ബെറ്റര്‍ ബിസിനസ്, ബെറ്റര്‍ വേള്‍ഡ്’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. 17 സുസ്ഥിര വികസന ലക്ഷ്യമങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ക്രിയാത്മക പരിഹാരങ്ങള്‍ എങ്ങനെ പുതിയ വ്യാപാര രീതികളിലൂടെ നേടിയെടുക്കാം എന്നതായിരുന്നു സംവാദത്തിന്റെ വിഷയം.

സുസ്ഥിര വികസന ലക്ഷ്യം വഴി ഇന്ത്യയിലെ സ്വകാര്യ മേഖലയ്ക്ക് ഒരു ട്രില്യണ്‍ ഡോളറിന്റെ വ്യാപാര മാതൃകകള്‍ വരെ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന് യുഎന്‍ജിസി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ലിസെ കിംഗോ പറയുന്നു. സുസ്ഥിരമായ വ്യാപാര മാതൃകകള്‍ പിന്തുടരുന്നതിലൂടെ 2030 ഓടെ 72 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

അസമത്വം കുറയ്ക്കുന്നതിനായി ഇന്ത്യ ഒരു ‘പ്രത്യേക സാമ്പത്തിക മാതൃക’ അവലംബിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കാര്‍ബണ്‍ വികിരണം കുറയ്ക്കുന്നതും എന്നാല്‍ ദാരിദ്ര്യവും അസമത്വവും സാമ്പത്തിക പ്രാപ്യതയുടെ അഭാവവും തിരിച്ചറിയുന്ന ഒന്നുമായിരിക്കണം അത്. ലോകത്തെ രണ്ടാമത്തെ ഭക്ഷ്യ കയറ്റുമതി രാജ്യം എന്ന നിലയില്‍ അതിന്റെ കാര്‍ഷിക മേഖലയുടെയും കാര്‍ഷികാധിഷ്ടിത ഉല്‍പന്നങ്ങളുടെയും വികസനത്തിലും പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അസമത്വം വര്‍ദ്ധിക്കുന്നത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ പ്രതികൂലമായി ബാധിക്കും. അസമത്വം വര്‍ദ്ധിക്കുന്നത് ഫലപ്രദമായി തടയിടാന്‍ രാജ്യത്തിന് സാധിച്ചില്ലെങ്കില്‍ 2019ഓടെ ഇന്ത്യയിലെ 90 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണിയിലേക്ക് തള്ളിയിടപ്പെടുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയിലെ ഗ്രാമീണ ജനങ്ങള്‍ക്ക് ആരോഗ്യരക്ഷയില്‍ മതിയായ പ്രാപ്യത ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാരുകള്‍ ശ്രദ്ധ പതിപ്പിക്കണമെന്നും യുഎന്‍ജിസി നിര്‍ദ്ദേശിക്കുന്നു.

ഇന്നത്തെ നിലയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഗ്രാമീണ വികസനം, നഗര സുസ്ഥിരത, ദേശീയ പശ്ചാത്തലസൗകര്യങ്ങള്‍, ജീവിതനിലവാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നേരിടുന്ന ഗുരുതര വെല്ലുവിളികള്‍ ഭാവിയിലും തുടരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. താഴ്ന്ന വരുമാനക്കാര്‍ക്കുള്ള ഭക്ഷ്യ കമ്പോളങ്ങള്‍, വിതരണ ശൃംഗലകളില്‍ ഉണ്ടാവുന്ന ഭക്ഷണവസ്തുക്കളുടെ പാഴാകല്‍ തടയല്‍, ചെറുകിട കൃഷിയിടങ്ങള്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കല്‍, ചെറുകിട ജലസേചന പദ്ധതികള്‍, വിഭവങ്ങള്‍ വീണ്ടെടുക്കല്‍, പിന്നോക്ക പ്രദേശങ്ങളിലെ രോഗികളുടെ പരിപാലനം, ദരിദ്രര്‍ക്കുള്ള ചികിത്സ ചിലവുകളിള്‍ കുറയ്ക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ദുഃസ്ഥിതി മറികടക്കുന്നതിനായി യുഎന്‍ റിപ്പോര്‍ട്ട് മുന്നോട്ട് വച്ചിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍