ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണര്‍ പ്രമോഷനില്‍ 6.55 കോടി രൂപ സമ്മാനം മലയാളിയായ ഫ്രാന്‍സിസ് സേവിയര്‍ എന്ന നാല്‍പത്തിയാറുകാരന്. എന്നാല്‍ കോടീശ്വരനാകില്ല. സമ്മാനത്തുകയുടെ പത്തിലൊന്ന് മാത്രമേ ഫ്രാന്‍സിസ് സേവിയറിന് കിട്ടൂ. അതായത് ഏകദേശം 65 ലക്ഷം രൂപ. പത്തുപേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. അവര്‍ പത്തുപേര്‍ ചേര്‍ന്ന് സമ്മാനത്തുക തുല്യമായി പങ്കിട്ടെടുക്കും. ഭാഗ്യക്കുറി ടിക്കറ്റുകള്‍ പങ്കിട്ട് വാങ്ങുന്നത് ദുബായിലെ സാധാരണരീതിയാണ്.
ഷാര്‍ജയിലെ ഖാലിദ് തുറമുഖത്തെ വിവിധ മറൈന്‍ സെക്ഷനുകളില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. രണ്ട് കുട്ടികളുടെ പിതാവായ ഫ്രാന്‍സിസ് ടഗ്‌ബോട്ടിന്റ ക്യാപ്ടനാണ്. ഇത് ഏഴാം തവണയാണ് തങ്ങള്‍ പത്തുപേര്‍ ചേര്‍ന്ന് ടിക്കറ്റ് എടുക്കുന്നതെന്ന് ഫ്രാന്‍സിസ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ആറ് മാസം മുമ്പ് ആദ്യമായി ടിക്കറ്റെടുത്തപ്പോള്‍ ഏതാനും നമ്പറുകളുടെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത് എന്ന് ഫ്രാന്‍സിസ് പറയുന്നു. എന്നാല്‍ തോറ്റുപിന്മാറാന്‍ ഈ സംഘം തയ്യാറായില്ല.
മാറി മാറി ഒരോരുത്തരുടെയും പേരില്‍ ടിക്കറ്റെടുക്കുകയാണ് പതിവ്. ഇത്തവണ ഫ്രാന്‍സിസിന്റെ ഊഴമായിരുന്നു. തന്റെ ബൈക്കിന്റെ രജിസ്റ്റര്‍ നമ്പര്‍ ആ 3133ല്‍ എടുത്ത ടിക്കറ്റാണ് വലിയ ഭാഗ്യം കൊണ്ടുവന്നതെന്ന് ഫ്രാന്‍സിസ് പറഞ്ഞു. ഭാര്യയെയും മകനെയും കൂടെക്കൂട്ടാന്‍ 20,000 ദിര്‍ഹം വായ്പയെടുക്കാന്‍ ഉദ്ദേശിച്ചിരിക്കെയാണ് ഫ്രാന്‍സിസിന് ഭാഗ്യം തുണയായത്. ഒരു ടിക്കറ്റിന് 1000 ദിര്‍ഹ വിലയുള്ളതിനാല്‍ അത് ഒരാളെ കൊണ്ടു മാത്രം താങ്ങാന്‍ പറ്റാത്തതിനാലാണ് സംഘം ചേര്‍ന്ന് ടിക്കറ്റെടുക്കുന്നത്. അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് ഫ്രാന്‍സിസ് പറയുന്നു.
സാമ്പത്തിക ബാധ്യതയുള്ള മധ്യവര്‍ഗ്ഗത്തില്‍ പെട്ടവരാണ് ഈ പത്തുപേരും. പത്തിലൊന്നു വീതമേ ഓരോര്‍ത്തര്‍ക്കും ലഭിക്കൂവെങ്കിലും അതൊരു വലിയ തുകയാണ്. തന്റെ ഭാവി പരിപാടികളൊന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫ്രാന്‍സിസ് സേവിയര്‍ അറിയിച്ചു. കുട്ടികളുടെ ഭാവിക്കായി കുറച്ചു പൈസ സൂക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഫ്രാന്‍സിസ് സേവിയര്‍ അറിയിച്ചു.