UPDATES

ബ്ലോഗ്

മലയാള ഭാഷയ്ക്ക് വേണ്ടിയുള്ള സമരത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും ജനാധിപത്യപരമാണ്, അനുകൂലിക്കുന്നില്ലെങ്കിലും കൊഞ്ഞനം കുത്തരുത്!

നിലവില്‍ മാധ്യമം ഇംഗ്ലീഷ് മാത്രമായി നടത്തുന്ന തൊഴില്‍പരീക്ഷകളും കെ.എ.എസ്. പോലുള്ള പുതിയ സംരഭങ്ങളിലേക്കുള്ള പരീക്ഷകളും മലയാളമടക്കമുള്ള മാതൃഭാഷകളില്‍കൂടി നടത്തണം എന്നതാണ് എനിക്ക് മനസ്സിലായ സമരാവശ്യം.

                       

മാതൃഭാഷയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പി.എസ്.സി.ക്ക് മുമ്പില്‍ നടന്നുവരുന്ന സമരത്തേയും മറ്റും എതിര്‍ക്കുക മാത്രമല്ല, അവഹേളിക്കുകയും മന:പൂര്‍വ്വമായി തന്നെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധത്തില്‍ ഘോരഘോരം (മലയാളത്തില്‍!) എഴുതുകയും ചെയ്യുന്ന പണ്ഡിതരെ ഫേസ്ബുക്കിലും മറ്റും കാണാനുണ്ട്. കൈവിടാത്ത പുരോഗമനം, ഫാസിസത്തെ എതിര്‍ക്കാനുള്ള തീരാത്ത ത്വര, ആചാരലംഘനത്തിന് കൈകോര്‍ക്കാനുള്ള വിശാല മനസ്സ് തുടങ്ങി വാക്‌സാമര്‍ഥ്യവും (മലയാളത്തില്‍ !) പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുമുള്ള (മലയാളത്തില്‍ പുസ്തകമെഴുതി വിറ്റ് പ്രതിഫലം വാങ്ങുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍) ഈ വക മനുഷ്യരെക്കുറിച്ച് രണ്ടുവാക്ക് എഴുതാതിരിക്കുന്നതെങ്ങനെ?

സംഗതി വളരെ ലളിതമാണ്. ഏതൊരു വിഷയത്തിലായാലും മറ്റാരും പറയാത്തത് പറയുക, മറ്റാരുമെടുക്കാത്ത നിലപാട് സ്വീകരിക്കുക എന്നിവയാണ് സാമൂഹ്യമാധ്യമലോകത്തെ സ്വീകാര്യതയുടെ അടിസ്ഥാനമെന്ന് തെറ്റിദ്ധരിച്ച ഇക്കൂട്ടര്‍ ആ ഒരു വഴി തെരഞ്ഞെടുക്കുന്നു എന്നതാണ് സത്യാവസ്ഥ. അതുകൊണ്ട് നിങ്ങളവരോട് കമന്റ് ബോക്‌സില്‍പോയി വസ്തുതാപരമായ ചോദ്യങ്ങള്‍ ചോദിച്ചാലും ചപ്പടാച്ചി കൊഞ്ഞനം കുത്തലുകള്‍ മാത്രമായിരിക്കും മറുപടി കിട്ടുന്നത്. നിലവില്‍ മാധ്യമം ഇംഗ്ലീഷ് മാത്രമായി നടത്തുന്ന തൊഴില്‍പരീക്ഷകളും കെ.എ.എസ്. പോലുള്ള പുതിയ സംരഭങ്ങളിലേക്കുള്ള പരീക്ഷകളും മലയാളമടക്കമുള്ള മാതൃഭാഷകളില്‍കൂടി നടത്തണം എന്നതാണ് എനിക്ക് മനസ്സിലായ സമരാവശ്യം. ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ പാടില്ല എന്നോ ഇംഗ്ലീഷ് ഭാഷാനൈപുണി അളക്കുന്ന ചോദ്യങ്ങള്‍ പാടില്ല എന്നോ സമരക്കാര്‍ ആവശ്യപ്പെടുന്നില്ല. പരീക്ഷകളുടെ സിലബസ് മാറ്റണമെന്നും ആവശ്യമില്ല. പകരം ചോദ്യങ്ങള്‍ മലയാളത്തില്‍കൂടി നല്‍കണം എന്നാണ്. ഇതര ന്യൂനപക്ഷഭാഷകളില്‍ ജീവിക്കുന്നവര്‍ക്ക് അവരുടെ ഭാഷകളിലും നല്‍കണം എന്നാണ്. ഈ ജനാധിപത്യപരമായ ആവശ്യത്തെ പരിഹസിക്കുകയും സമരക്കാര്‍ മുന്നോട്ടു വെയ്ക്കാത്ത വിചിത്രമായ ആവശ്യങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് സമര,മലയാള വിരോധികള്‍ ചെയ്തു വരുന്നത്. മാത്രമല്ല ആദ്യഘട്ടത്തിലെ ഇമ്മാതിരി ശ്രമങ്ങള്‍ക്കുശേഷം അടുത്ത ഘട്ടമായി ഭാഷയെത്തന്നെ അപനിര്‍മ്മിക്കാനുള്ള ശ്രമത്തിലാണവര്‍.

എങ്ങനെയെന്നാല്‍ അവര്‍ ഒരു സാങ്കല്പിക മറുപക്ഷത്തായി നില്‍ക്കുകയും നിങ്ങളുടെ ഒരു മലയാളം എന്നിങ്ങനെയുള്ള തമാശകള്‍ ആരംഭിക്കുകയുമാണ് ഇപ്പോള്‍. ആദ്യം മലയാളം നന്നാക്ക് എന്നിട്ടാവാം സമരമെന്ന് പിന്നാലെ നിര്‍ദ്ദേശം വരും. എന്താണ് മലയാളത്തിന് കുഴപ്പം എന്നാണെങ്കില്‍ അനിശ്ചിതം, ഭരണം, ഭാഷ തുടങ്ങി അനവധി പദങ്ങള്‍ മലയാളമല്ല എന്നാണ് കണ്ടെത്തല്‍. സാധാരണ ഇജ്ജാതി ചിരിവിരുന്ന് പ്രായമെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ മക്കള്‍ക്കുവേണ്ടി കാട്ടിക്കൂട്ടുന്ന രണ്ടാംബാല്യ തമാശകളായാണ് മലയാളികള്‍ക്ക് കിട്ടി വന്നിട്ടുള്ളത്. ആവട്ടെ. പണ്ഡിതര്‍ക്കും വേണ്ടേ ചില കളിതമാശകള്‍!

മറ്റൊരുവാദം സാങ്കേതിക പദങ്ങള്‍ക്ക് തത്തുല്യമായ മലയാളമില്ല എന്നതാണ്. വസ്തുതാപരമാണത്. ഇനിയും ഭാഷയില്‍ സാമാന്യത്തിലധികം ജ്ഞാനമുള്ളവരും ഇത്തരം പദങ്ങളുടെ പൊരുളറിയുന്നവരുമായ ആളുകള്‍ ഇടപെടേണ്ട രംഗമാണത്. എന്നാല്‍ നിലവില്‍ മറ്റുപദങ്ങള്‍ ഉണ്ടായി വരുന്നതുവരെ തത്സമമായി മറ്റുഭാഷാ പദങ്ങളെ സ്വീകരിക്കുന്നതാണ് നല്ലത്. അതുകൊണ്ടു തന്നെ ആ വിഷയം ചോദ്യ പേപ്പര്‍ മലയാളത്തില്‍ക്കൂടി ആക്കുന്നതില്‍ സങ്കീര്‍ണ്ണതയുണ്ടാക്കുമെന്ന് പറയാനാവില്ല. പ്രചാരത്തിലില്ലാത്ത പകരപ്പദങ്ങള്‍ ഉപയോഗിക്കാതിരിക്കുക, വികലമായ തര്‍ജ്ജമകള്‍ക്ക് മുതിരാതിരിക്കുക എന്ന ഔചിത്യം മാത്രമേ ഇക്കാര്യത്തില്‍ വേണ്ടതുള്ളൂ എന്നര്‍ഥം. മറ്റൊന്ന് മറ്റൊരു ഭാഷാപദം പ്രചാരത്തിലായാല്‍ മാറ്റേണ്ടതുണ്ടോ എന്നതാണ്. അത് അതേപടി സ്വീകരിക്കുന്നതില്‍ ഒരു കുറച്ചിലുമുള്ളതായി കരുതേണ്ടതില്ല. അത്തരം അനേകം പദങ്ങള്‍ നിലവില്‍ മലയാളത്തിലുണ്ട്. മറ്റു ഭാഷകളിലുമതെ. അതുകൊണ്ട് ഇത് ഏതെങ്കിലും തരത്തിലുള്ള ശുദ്ധ,മൗലികവാദമല്ല എന്നത് എല്ലായ്‌പ്പോഴും ഓര്‍മിക്കേണ്ടതുണ്ട്.

തൊഴിലില്ലായ്മ, ലോകമാകുന്ന തൊഴിലിടം, നമ്മുടെ മക്കള്‍ തുടങ്ങിയ മറ്റൊരുതരം വാദവും സമാന്തരമായി നടക്കുന്നുണ്ട്. ഇംഗ്ലീഷോ മറ്റേതെങ്കിലും ഭാഷയോ പഠിച്ചാല്‍ മാത്രമേ ജോലി കിട്ടൂ, ഭാവിയുള്ളൂ എന്നൊക്കെ കരുതുന്നവര്‍ ആ വഴിക്കുതന്നെ പോകുന്നതില്‍ ഈ സമരംകൊണ്ട് എന്തെങ്കിലും തടസ്സമുള്ളതായി കാണുന്നില്ല. മറ്റുവാദങ്ങളില്‍ പലതും ഭാഷയുമായല്ല, സര്‍ക്കാര്‍ നയങ്ങളുമായും മുതലാളിത്തവുമായൊക്കെ ബന്ധപ്പെട്ടതാണ്. അത് ആ വഴിയ്ക്ക് നേരിടേണ്ടതുമാണ്.

പറഞ്ഞു വരുന്നത് ഇത്രയുമാണ്. സമരാവശ്യം മനുഷ്യാവകാശത്തെ മുന്‍നിര്‍ത്തുന്നതും യുക്തിസഹവുമാണ്. ലക്ഷ്യവും മാര്‍ഗ്ഗവും ജനാധിപത്യപരവുമാണ്. അതുകൊണ്ട് അനുകൂലിക്കുന്നില്ലെങ്കിലും കൊഞ്ഞനം കുത്തരുത്! എതിര്‍ക്കുന്നവര്‍ ചുരുങ്ങിയ അളവിലെങ്കിലും വസ്തുതകളുമായി വരിക.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


മലയാളത്തിന് വേണ്ടിയാണ് ഈ സമരം, ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല

Read: രൂപിമയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി, പ്രിയേഷ് നിരാഹാര സമരം തുടരുകയാണ്; പി എസ് സിയുടെ എല്ലാ മത്സര പരീക്ഷകളും മലയാളത്തിലും കൂടിയാക്കാനുള്ള പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോള്‍

ശിവപ്രസാദ് എളമ്പുലാശ്ശേരി

ശിവപ്രസാദ് എളമ്പുലാശ്ശേരി

അധ്യാപകൻ, എഴുത്തുകാരൻ, ഗവേഷകൻ

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍