UPDATES

ഫിനാന്‍സ്/ ബിസിനസ്‌

സ്വര്‍ണ വ്യാപാര മേഖലയില്‍ മതമേലങ്കി ചാര്‍ത്തി പുതിയ തട്ടിപ്പ് എന്നാരോപണം

മതപുരോഹിതരാണ് ഇതിനു പിന്നിലെന്നും എകെജിഎസ്എം

                       

മതത്തിന്റെയും ദൈവത്തിന്റെയും പേരു ദുരുപയോഗപ്പെടുത്തി സ്വര്‍ണവ്യാപര രംഗത്ത് ഒരു സംഘം കടന്നു കയറുന്നതായി പരാതി. ഇവര്‍ തുടങ്ങുന്ന ജ്വല്ലറികളുടെ മറവില്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്് അസോസിയേഷന്‍(എകെജിഎസ്എംഎ) പരാതിപ്പെടുന്നു.

പലിശ നിഷിദ്ധമായ ഒരു സമുദായത്തില്‍, മത പുരോഹിതന്മാരെ ഉപയോഗിച്ച് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പലിശയ്ക്ക് പണം സ്വരൂപിക്കുന്നു. കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലുള്ള പലിശയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. സമാനതകളില്ലാത്ത തട്ടിപ്പാണിത്. ആരാധനയ്ക്ക് നേതൃത്വം നല്‍കുന്ന ചിലപുരോഹിതന്മാരാണ് ഇതിന്റെ മുഖ്യ പ്രചാരണം ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിലെ ഒരു പ്രമുഖ മതപണ്ഡിതന്‍ ഇതിന്റെ മുഖ്യ സംഘാടകനായി പ്രവര്‍ത്തിക്കുന്നു. ഇദ്ദേഹത്തെ ബഹിഷ്‌കരിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്’; എകെജിഎസ്എംഎ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുള്‍ നാസര്‍ പറയുന്നു.

ശത്രു രാജ്യത്തിന്റെ പണവും ഇവര്‍ക്ക് അനധികൃതമായി ലഭ്യമാകുന്നു എന്നാണ് അറിയാന്‍ കഴിയുന്നതെന്ന ആരോപണവും എകെജിഎസ്എംഎ ഉയര്‍ത്തുന്നുണ്ട്. ‘ഇത്തരം തട്ടിപ്പുകാരെ തിരിച്ചറിയേണ്ട ബാധ്യത സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഉണ്ട്. ഒരിക്കലും നല്‍കാന്‍ കഴിയാത്ത സൗജന്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് വ്യാപാരം ചെയ്യുമ്പോള്‍ അത് തട്ടിപ്പാണെന്ന് തിരിച്ചറിയാനുള്ള ബാധ്യത ഉപഭോക്താക്കള്‍ക്കും ഉണ്ട്. നികുതി, എച്ച് യുഐഡി ചാര്‍ജ്, പ്രവര്‍ത്തന ചെലവ് എല്ലാം ചേര്‍ത്തു നോക്കിയാല്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പോലും ഇത്ര സൗജന്യങ്ങളും ഓഫറുകളും പ്രഖ്യാപിക്കാന്‍ കഴിയില്ല’; എന്നാണ് പ്രസ്താവനയില്‍ അഡ്വ. അബ്ദുള്‍ നാസര്‍ പറയുന്നത്.

കേരളത്തില്‍ തന്നെ പല ജ്വല്ലറി ഗ്രൂപ്പുകളും ഇതുപോലെ തട്ടിപ്പ് നടത്തി മുങ്ങിയിട്ടുണ്ട്. അതില്‍ അവസാനത്തെ ആളായിരിക്കാം ഇത്തരം തട്ടിപ്പുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇവരുടെ പരസ്യങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും, ഇത്തരം തട്ടിപ്പ് വീരന്മാര്‍ ജനങ്ങളുടെ പണവുമായി മുങ്ങിയതിനുശേഷം മാത്രമേ മാധ്യമങ്ങള്‍ അന്വേഷണവുമായി ഇറങ്ങിത്തിരിക്കു എന്നും അദ്ദേഹം പരാതിപ്പെടുന്നുണ്ട്. ഇവരുടെ തട്ടിപ്പ് ഉപഭോക്താക്കളും തിരിച്ചറിയണമെന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്് അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍