December 13, 2024 |
Share on

ഇത് അബൂബക്കര്‍; ഒരു മനുഷ്യായുസ്സില്‍ മൂന്ന് ജീവിതങ്ങള്‍ കടന്നുപോയ ഒരാള്‍

ശ്മശാനത്തില്‍ നിന്നും ഇറങ്ങിവന്ന ജീവനുള്ള ശവമാണ് അബൂബക്കറെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്കിടമില്ല

ഇത് ഒരു മനുഷ്യനെക്കുറിച്ചാണ്; നമുക്കിടയില്‍ ജീവിച്ച്, എന്നാല്‍ നമ്മള്‍ പോലുമറിയാത്ത ജീവിതം നയിച്ച ഒരാളെക്കുറിച്ച്; പക്ഷെ, അയാളെ നമുക്ക് വേറൊരു വിധത്തില്‍ അറിയാം: നമ്മളെ കരയിപ്പിച്ച സുബൈദ എന്ന പേരില്‍- ആ അബുബക്കറുടെ ജീവിതമാണിത്. 

ഇതാ… ഓണക്കിളിവയലുകാരുടെ മണ്ടനബു, രായ്ക്ക് രാമാനം നാടുവിട്ടവന്‍. പിന്നീടലഞ്ഞ തെരുവുകളുടേയും, മണല്‍ക്കാടുകളുടേയും മൂത്ര നാറ്റം തളം കെട്ടിക്കിടക്കുന്ന കറുത്തിരുണ്ട ജയിലറകളുടേയും കഥകള്‍ പറഞ്ഞ് കേരളക്കരയെ കണ്ണീരില്‍ മുക്കിയ ‘സുബൈദ’. സഹനത്തിന്റെ പര്യായമെന്നോ, അനുഭവങ്ങളുടെ ജീവനുള്ള സ്മാരകമെന്നോ വിശേഷിപ്പിക്കാവുന്ന കുറുവടി പോലെ മെലിഞ്ഞ് നീണ്ട ഒരു മനുഷ്യന്‍; അബൂബക്കര്‍.

മണ്ടനെന്നും, പൊട്ടനെന്നും നാടും വീടും ഒരുമിച്ച് കളിയാക്കിയപ്പോള്‍ മുറിവു വീണതായിരുന്നു, ആ ബാല്യം. നാലു ഭാഗത്തു നിന്നും അത്തരം വിളികള്‍ പതിവായപ്പോഴും ഉമ്മയായിരുന്നു സങ്കടങ്ങള്‍ ഒളിപ്പിക്കാനുള്ള മറ. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച മൂത്ത സഹോദരിയുടെ മരണശേഷം ചേച്ചിയുടെ മക്കളും കുടുംബത്തില്‍ അംഗങ്ങളായപ്പോള്‍, ഏഴുമക്കളില്‍ ഏറ്റവും ഇളയവനായ അബൂബക്കര്‍ വീട്ടുകാരുടെ ശ്രദ്ധ വേണ്ടത്ര ലഭിക്കാതെ കുറച്ചു കാലം കൂടി അവിടെ പിടിച്ചു നിന്നു. അവഗണനയുടേയും, പരിഹാസത്തിന്റെയും തീഷ്ണതയേറിയ ഒരു ദിവസം നീലേശ്വരത്തെ ഓണക്കിളിവയലില്‍ നിന്നും ആ ബാല്യം കണ്ണൂരേക്ക് രക്ഷപ്പെട്ടു. പരിചയക്കാരനെ തിരക്കിനടന്നൊടുക്കം വഴിയില്‍ നിന്നു പരിചയപ്പട്ട മറ്റൊരു സുഹൃത്ത് മൈസൂരിന് വണ്ടി കയറ്റി വിടുന്നു. യാത്ര അവിടെ തുടങ്ങി, പിന്നെ നിര്‍ത്താത്ത പാച്ചിലായിരുന്നു, സുബൈദയുടെ(അബൂബക്കര്‍) ജീവിതം. ഡല്‍ഹിയിലും, ലണ്ടനിലും, അബുദാബിയിലും, ജയിലറയിലും, ഹരിദ്വാറിലും.. അങ്ങനെയങ്ങനെ…

ശ്മശാനത്തില്‍ നിന്നും ഇറങ്ങിവന്ന ജീവനുള്ള ശവമാണ് അബൂബക്കറെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്കിടമില്ല. ദിവസങ്ങള്‍ വന്നും പോയും കൊണ്ടിരുന്നതിന്റെ അടയാളമായി വടിപോലെ നില്‍ക്കുന്ന ബനിയനും, മൂത്രനാറ്റമടങ്ങാത്ത പാന്റുമായി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ തന്നെ ഏതോ ജീര്‍ണിച്ച വസ്തുവിനെയെന്ന പോലെ ഉദ്യോഗസ്ഥര്‍ തള്ളിപ്പുറത്താക്കിയെന്ന് അബൂബക്കര്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ചെയ്ത തെറ്റെന്തെന്നറിയാതെ മാസങ്ങള്‍ നരകിച്ച ജയില്‍ ജീവിതത്തെക്കുറിച്ച് എഴുതിയ സുബൈദയുടെ പുസ്തകങ്ങള്‍ വായനക്കാരനെ അനുഭവത്തിന്റെ പൊള്ളലില്‍ നിന്ന് കനല്‍ക്കൂമ്പാരങ്ങളിലേക്കെടുത്തിടും. അനുഭവ യാഥാര്‍ത്ഥ്യത്തിന്റെ ചോര പൊടിഞ്ഞു നില്‍ക്കുന്ന ആ അക്ഷരങ്ങള്‍ക്ക് ജന്മം നല്‍കിയ മരിച്ചിട്ടും, മരിച്ചിട്ടും മരിക്കാതെ ജീവിക്കുന്ന അബൂബക്കറിനെ പരിചയപ്പെടാം.

നന്നേ നര ബാധിച്ച തലമുടിയും, മീശരോമങ്ങളും.. നടത്തത്തിലിടക്കിടെ വേച്ചുപോകുന്ന കാലുകള്‍, കാഴ്ച തീരേയില്ലേയെന്ന് ശങ്കതോന്നുന്നപേലെ കണ്ണുകള്‍… അവശതകള്‍ നിറഞ്ഞ സംസാരം.. അതേ.. സുബൈദയെന്ന പേരില്‍ അക്ഷരങ്ങള്‍ പടച്ച്, അനുഭവങ്ങളുടെ തീച്ചൂളയില്‍ വായനക്കാരനെ വലിച്ചിഴച്ച നീലേശ്വരത്തുകാരന്‍ അബൂബക്കര്‍ ഇപ്പോഴെന്റെ മുന്നിലുണ്ട്. കാഞ്ഞങ്ങാട് നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും അല്‍പം മാറി നഗരസഭയുടെ ലൈബ്രറി മുറ്റത്തിരുന്ന് ദശാബ്ദങ്ങങ്ങളുടെ പിറകിലേക്ക് അബൂക്ക ഊളിയിടുകയാണ്. മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ചും, സങ്കല്‍പങ്ങള്‍മാത്രമായി അവശേഷിച്ച ജീവിതത്തിന്റെ ശേഷിപ്പുകളെക്കുറിച്ചും വാര്‍ധക്യത്തിന്റെ അവശതകള്‍ മറച്ചുവെച്ചുകൊണ്ട് അബൂക്ക പറഞ്ഞു തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടുപുഴയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന് ചുമട്ടുതൊഴിലാളികളോട് തന്റെ കഥ പറഞ്ഞതുപോലെ…

ചെറുപ്പത്തില്‍ എനിക്ക് പ്രായത്തിന് പാകമായ ബുദ്ധിയുണ്ടായിരുന്നില്ല. എല്ലാം വളരെ പതുക്കെയായിരുന്നു. അപ്പോളെല്ലാരും മണ്ടന്‍ അബു, പൊട്ടനബൂബക്കര്‍ എന്നൊക്കെ വിളിച്ച് കളിയാക്കുമായിരുന്നു. പെങ്ങളുടെ മക്കളും കൂടി വന്നതോടെ ഉമ്മാക്കൊന്നിനും നേരമില്ലാണ്ടായി. പിന്നെ ഒന്നും ഓര്‍മ്മിച്ചില്ല. പതിനാലാമത്തെ വയസ്സില്‍ നാട് വിട്ടു. മൈസൂരിലെ ഹോട്ടലില്‍ ചെറിയ ചെറിയ ജോലികളൊക്കെയായി കൂടി. അവിടെ വരുത്താറുള്ള മലയാള മാസികകളെല്ലാം ഞാനെടുത്ത് വായിക്കുമായിരുന്നു. പിന്നെ കൗമാരമൊക്കെയായപ്പോഴേക്കും ഡല്‍ഹിയിലെത്തി. ഗുണ്ടകളും, കള്ളന്‍മാരും, അഗതികളും കഴിയുന്ന തെരുവില്‍ അവര്‍ക്കൊപ്പം ഞാനും കിടന്നുറങ്ങി. ധാരാവിയിലെ ആശ്രിതരായിരുന്നു, പലപ്പോഴും ഉറക്കസമയത്തെ കൂട്ടുകാര്‍. പച്ചക്കറിവിറ്റും, ലോഞ്ചില്‍ പണിതും അങ്ങനെയാക്കാലം കടന്നുപൊയ്‌ക്കൊണ്ടിരിക്കെ ദുബായ്ക്ക് പോകാന്‍ വല്ലാത്ത കൊതി. 500 രൂപയ്ക്ക് ലോഞ്ചിലും, 5000 രൂപയ്ക്ക് ഫ്‌ളൈറ്റിലും പോകാമെന്നറിഞ്ഞതോടെ നാട്ടിലെ സ്ഥലം വിറ്റ് ദുബായ്ക്ക് പറന്നു.

എന്തിനെന്നറിയാതെ മാസങ്ങളോളം തടവറ സമ്മാനിച്ച അറബിനാടിനെ മരണം വരെ മറക്കാനാകില്ലെനിക്ക്. ആരേയും കൊന്നിട്ടില്ല, കവര്‍ച്ച നടത്തിയിട്ടില്ല, ആരേയും ദ്രോഹിച്ചിട്ടില്ല. എന്നിട്ടും ഞാന്‍ ജയിലിലായി. ജോലി രാജി വെച്ചപ്പോള്‍ പാസ്‌പോര്‍ട്ടിലെ വിസ ക്യാന്‍സല്‍ ചെയ്ത് തരാമെന്ന് പറഞ്ഞാണ് കമ്പനി മാനേജറായ ജോര്‍ദ്ദാന്‍ സ്വദേശി അമീര്‍ തൗഫീഖ് എന്നെ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് കൊണ്ടുപോയത്. പിന്നെ ചെയ്ത കുറ്റമെന്തെന്നറിയാതെ അധികാരത്തിന്റെ പ്രായോഗിക കേന്ദ്രങ്ങളായ ജയിലറയിലെത്തി. ഉറക്കെ നിലവിളിച്ചിട്ടും, സങ്കടങ്ങള്‍ പറഞ്ഞിട്ടും എവിടെ നിന്നും അനക്കങ്ങള്‍ കണ്ടില്ല. അന്നാണ് ഞാന്‍ ഈ ലോകത്താര്‍ക്കും ചെവികളില്ലെന്ന് തിരിച്ചറിഞ്ഞത്.. നമ്മള്‍ പറയുന്നത് നമുക്കും ദൈവങ്ങള്‍ക്കും മാത്രമേ കേള്‍ക്കാനാവുകയുള്ളൂവെന്ന്. അല്‍ഐന്‍, അബുദാബി, ദുബൈ, ഷാര്‍ജ ജയിലുകളില്‍ കഴിഞ്ഞ നാലഞ്ച് മാസങ്ങള്‍ ഏറെ ദൈര്‍ഘ്യം ഉണ്ടായിരുന്നു.

ജയില്‍ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ലോഞ്ചില്‍ പോകാനുള്ള പേരുകാരെ ലിസ്റ്റില്‍ നോക്കി വിളിച്ചുകൊണ്ടിരുന്നു. പുറത്തുവരാതെ പലരും അടക്കിപ്പിടിച്ച് കരഞ്ഞു തുടങ്ങി. മരണത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. എന്റെ പേര് മാത്രം വിളിച്ചില്ല. പിന്നീടാണ് എന്റെ ടിക്കറ്റും ഔട്ട് പാസും ആരോ ശരിയാക്കിയിട്ടുണ്ടെന്നറിഞ്ഞത്. വീണ്ടും നാട്ടിലേക്ക്. നാട്ടിലെത്തിയ ശേഷം സായാഹ്ന പത്രങ്ങള്‍ വിറ്റും, മാസികകളില്‍ എഴുതിയും ഉപജീവനം നടത്തിതുടങ്ങിയ എന്നോട് ഉമ്മയാണ് കല്ല്യാണത്തെക്കുറിച്ച് പറഞ്ഞത്. രണ്ടേരണ്ട് നിബന്ധന മാത്രമാണ് ഞാന്‍ പറഞ്ഞത്. പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയായിരിക്കണം, പേര് സുബൈദ എന്നായിരിക്കണം. അങ്ങനെ കല്ല്യാണ വീടുകളില്‍ ഒപ്പനപ്പാട്ട് പാടി നടന്ന സുബൈദ എന്റെ ഭാര്യയും, രണ്ട് കുട്ടികളുടെ ഉമ്മയുമായി. ഇപ്പോള്‍ മക്കള്‍ രണ്ടുപേരും വിവാഹിതരായി കുടുംബസമേതം സന്തോഷത്തോടെ ജീവിക്കുന്നു. മകന്‍ ജര്‍മ്മനിയിലാണ്. മോള്‍ അടുത്ത് തന്നെ.

പിന്നേയും എന്നെ ചില ചോദ്യങ്ങള്‍ അലട്ടിക്കൊണ്ടിരുന്നു, വേദനിച്ചു തീരാന്‍മാത്രം എന്തിനായിരുന്നു, ഈ ജീവിതം? ദൈവത്തോട് ചോദിക്കാനുള്ള ചോദ്യങ്ങളുമായി പലപ്രാവശ്യം അലഞ്ഞു നടന്നു. ഹരിദ്വാര്‍, ബദരീനാഥ്, നിസാമുദ്ദീധഡ്ക്, രാജസ്ഥാന്‍, അജ്മീര്‍ ദര്‍ഗ, കാശ്മീര്‍ ദര്‍ഗ, കാശി… അങ്ങനെ എവിടെയും ദൈവത്തെ കണ്ടില്ല. പിന്നെ ഞാന്‍ പതുക്കെ തിരിച്ചറിഞ്ഞു. മനുഷ്യനും, ദൈവവുമെല്ലാം എന്റെ അകത്തുതന്നെയാണെന്ന്. അവിടെയാ അലച്ചില്‍ നിര്‍ത്തി.

സായാഹന പത്രങ്ങളില്‍ വന്ന ലേഖനങ്ങള്‍ വഴി പുതിയൊരു മാസികയില്‍ എഡിറ്ററായി കണ്ണൂര്‍ ഇരിട്ടിയില്‍ ജോലി കിട്ടി. അവിടെയൊരു മുറി അനുവദിച്ചു കിട്ടിയിരുന്നു. ഒരുദിവസം മാനേജര്‍ മുറി ഒഴിയാന്‍ ആവശ്യപ്പെട്ടു. അതോടെ കിടപ്പ് അടുത്തുള്ളൊരു ബസ് സ്‌റ്റോപ്പിലായി. ബസ് സ്‌റ്റോപ്പില്‍ കിടന്നുറങ്ങുന്ന എന്നോട് അവിടുത്തെ ചുമട്ടു തൊഴിലാളികള്‍ അടുപ്പത്തിലായി. അവരോടാണ് ഞാനെന്റെ കഥ ആദ്യമായി പറയുന്നത്. അവരാണ് എനിക്ക് അനുഭവങ്ങള്‍ പുസ്തകമാക്കാന്‍ പ്രചോദനം തന്നത്. അവര്‍ വാങ്ങിത്തന്ന നോട്ട് പുസ്തകത്തിലെഴുതിയ എന്റെ ജീവിത യാത്ര പല പത്രമാസികകളും തള്ളിക്കളഞ്ഞു. ഒടുക്കം മാധ്യമത്തില്‍ കുറച്ച് ഭാഗം അച്ചടിച്ചുവന്നു. ഗള്‍ഫിലെ സര്‍ക്കുലേഷനെ ബാധിക്കുമെന്ന് പറഞ്ഞ് പിന്നെ അതും നിന്നു.
പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്തും, മറ്റൊരു ചങ്ങാതിയും സഹായിച്ചതോടെ ആദ്യത്തെ പുസ്തകം ‘ജയില്‍ അനുഭവക്കുറിപ്പുകള്‍’പുറത്തിറങ്ങി. സുബൈദ എന്ന പേരില്‍ തന്നെ. മാസികകളിലൊക്കെ എന്റെ പേരില്‍ വരുന്ന കഥകള്‍ക്കെല്ലാം നല്ല സ്വീകാര്യതയായിരുന്നു. പലരും എനിക്ക്, സുബൈദയ്ക്ക് പ്രണയ ലേഖനങ്ങളയച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരുപതോളം പുസ്തകങ്ങള്‍ സുബൈദയുടേതായി ഇറങ്ങിയിട്ടുണ്ട്. പരിപ്പ് മുറിക്കുന്ന കത്തി, സീത ഹരിദ്വാര്‍, അസുര വാദ്യം, സൂര്‍, അലാമി, മണിമുത്തുകള്‍, ബെയ്‌രം നിലവിളി, ഇഖ്‌റ, എന്നിങ്ങനെ നീളുന്ന ആ നിരയുടെ ഏറ്റവും പുതിയതായി മാതൃഭൂമി ബുക്‌സ് ഈ വര്‍ഷം പബ്ലിഷ് ചെയ്ത ‘എന്റെ ജയിലനുഭവങ്ങള്‍’ വരെ എത്തി നില്‍ക്കുന്നു. ഇപ്പോള്‍, ദുബായില്‍ പ്രസിദ്ധീകരിക്കുന്ന ഒരു പ്രമുഖ മലയാളം ദിന പത്രത്തിന്റെ കാസര്‍ഗോഡ് ജില്ലാ വാര്‍ത്തകള്‍ കൈകാര്യം ചെയ്തുവരുന്നു.

എല്ലാം പറഞ്ഞു തീര്‍ത്ത് എന്നെ നോക്കി ചിരിക്കുകയാണ് അബൂക്ക. എന്നിട്ടും നിര്‍ത്താതെ ചോദിക്കുന്നു;

ഇനിയെനിക്കറിയേണ്ടത് ഞാനാരാണെന്നാണെന്ന്

 

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

×