UPDATES

പൊട്ടിത്തകര്‍ന്ന ജീവിതങ്ങള്‍

പുതിയകാവ് വെടിമരുന്ന് സ്‌ഫോടനത്തിന്റെ ഇരകള്‍ സംസാരിക്കുന്നു

                       

പുതിയകാവ് സ്വദേശി രാധമ്മ പതിവ് പോലെ വീടിനു പുറുകവശത്തു വീട്ടു ജോലിയിലായിരുന്നു. ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ ആ 80 കാരി നിലത്തു വീണുപോയി. കുറച്ചു മാറി തീയും പുകയും ഉയരുന്നതാണ് പിന്നെ കാണുന്നത്. എന്താണ് നടന്നതെന്ന് തിരിച്ചറിയാന്‍ നിമിഷങ്ങളെടുത്തു. ശ്വാസ തടസവും, നെഞ്ച് വേദനയും അനുഭവപെട്ടതോടെ ആ വൃദ്ധയെയും മറ്റുള്ളവര്‍ക്കൊപ്പം ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം തിരികെ വീട്ടിലെത്തുമ്പോഴാണ് നാശനഷ്ടത്തിന്റെ ആഴം മനസിലാകുന്നത്. എറണാകുളം തൃപ്പൂണിത്തുറ പുതിയകാവില്‍ ഉണ്ടായ വെടിമരുന്ന് അപകടത്തിലെ ഇരകളിലൊരാളാണ് തോണ്ടി പറമ്പിൽ വീട്ടിൽ രാധ ഗോവിന്ദൻ.

രണ്ടു മുറികളും ഒരു ചെറിയ അടുക്കളയുമുള്ള ഓട് മേഞ്ഞ വീടാണ് രാധമ്മയുടെ ഏക സമ്പാദ്യം. ഭര്‍ത്താവിനും മക്കളുമൊപ്പം വര്‍ഷങ്ങളായി ആ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷവും, മക്കള്‍ സ്വന്തമായി വീട് വച്ചു മാറിയപ്പോഴും സ്വന്തം വീട് വിട്ടു പോകാന്‍ രാധമ്മ തയ്യാറായിരുന്നില്ല. തൃപ്പൂണിത്തുറ നഗരത്തില്‍ നിന്നു രണ്ടര കിലോമീറ്റര്‍ അകലെ ചൂരക്കാട്ട് തിങ്കള്‍ രാവിലെ പത്തരയോടെ നടന്ന സ്‌ഫോടനത്തില്‍ രാധമ്മയുടെ വീട് വാസയോഗ്യമല്ലാതായി.

 

 

 

 

 

 

 

സ്‌ഫോടനത്തിന്റെ പ്രകമ്പനം മൂലം ഭിത്തികളില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു. മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു താഴേക്ക് വീണു, ജനല്‍ ചില്ലുകളും പൊട്ടിനശിച്ചു. വീടിന്റെ മുന്‍വശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. 20 വര്‍ഷത്തിലധികമായി തനിച്ചു താമസിച്ചു പോരുന്ന ഈ വയോധികയ്ക്ക് ഏക വരുമാന മാര്‍ഗം പെന്‍ഷന്‍ തുകയാണ്. ആറുമാസത്തോളമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ തുക കൊണ്ട് മാത്രം വീടിന്റെ അറ്റകുറ്റപണികള്‍ തീര്‍ക്കാനുള്ള ചെലവുകള്‍ കണ്ടെത്താന്‍ സാധിക്കില്ല. എന്നാല്‍ അറ്റകുറ്റപണികള്‍ കൊണ്ടു മാത്രം വിള്ളലുകള്‍ക്ക് പരിഹാരം കാണാനും സാധിക്കില്ല. സ്ഫോടനത്തിന്റെ ആഘാതമോ, ശാരീരിക അസ്വസ്ഥതകളോ അല്ല, രാധമ്മയുടെ കണ്ണില്‍ തെളിഞ്ഞു നില്‍ക്കുന്ന ഭീതി ഏതു നിമിഷം വേണമെങ്കിലും നിലം പതിക്കാറായ വീടാണ്.

കനത്ത വേനലില്‍ പോലും വാടി കരിഞ്ഞു പോകാതെ സൂക്ഷിച്ചു കൊണ്ടുപോകുന്ന രാധമ്മയുടെ ഉദ്യാനം പോലും സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ ചിന്നിച്ചിതറി കിടക്കുകയാണ്. വീടിനു പുറത്തുള്ള മാവിന്‍ ചുവട്ടില്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തുന്ന നേതാക്കള്‍ തന്റെ ദുരിതം കേള്‍ക്കാന്‍ കൂടി വരുമെന്ന പ്രതീക്ഷയിലാണ് ഈ വൃദ്ധ.

‘വീടെന്ന ആശ്രയം അത്ര വേഗം തള്ളിക്കളയാനാവില്ലലോ?’ റെജിയുടെ ആകുലതയുമതാണ്. രാധമ്മയുടെതിനു സമാനമായ അവസ്ഥയിലാണ് കൂലിപണിക്കാരനായ റെജിയുടെ വീടും. കാലപ്പഴക്കം ചെന്ന രണ്ടു വീടുകളിലും വലിയ വിള്ളലുകളാണ് വീണിരിക്കുന്നത്. സംഭവ സമയത്ത് അടുക്കളയില്‍ പാചകം ചെയ്യുകയായിരുന്ന റെജിയുടെ ഭാര്യയും മകളും ശബ്ദം കേട്ട് വീടിനു വെളിയിലെത്തുമ്പോഴേക്കും ഓടുകള്‍ ഇളകി വീണു തുടങ്ങിയിരുന്നു. വാസയോഗ്യമല്ലാത്ത വീട് കൗണ്‍സിലര്‍ കാണാന്‍ വരുന്നതും കാത്തിരിക്കുകയാണ് ഈ കുടുംബം.

ചൂരക്കാട് ലൈനിലെ ഓരോ വീടിന്റെയും അവസ്ഥയിതാണ്. സേലത്ത് ബാങ്ക് ജീവനക്കാരനായ ഒരു നാട്ടുകാരന്‍ പുതിയ വീട് വച്ചു താമസം തുടങ്ങിയിട്ട് ഒരു വര്‍ഷം തികച്ചായിട്ടില്ല. ജനലുകളും വാതിലുകളും തകര്‍ന്നു, ജനലാകളുടെ കട്ടിളയടക്കം ഇളകിപ്പോയി. കഴിഞ്ഞ ഞായറാഴ്ച പാലുകാച്ചല്‍ നടത്തിയ മറ്റൊരു ഇരുനില വീടും തകരാറുകള്‍ സംഭവിച്ച നിലയിലാണ്. സ്‌ഫോടനം നടന്നു 300 മീറ്റര്‍ അകലെയുള്ള വീടുകള്‍ക്കാണ് ഇത്തരത്തില്‍ വലിയ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള മൂന്നുകൂട്ടുങ്കൽ ആൻഡ്രൂസിന്റെ ഭാര്യ ബീനയുടെ വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടസ്ഥലത്ത് നിന്നും തെറിച്ചൊരു പടക്കം വീടിനുളിലേക്ക് വീണു പൊട്ടിയതായി ദൃക്സാക്ഷികള്‍ പറയുന്നു. കുടുംബാംഗങ്ങളോടൊപ്പം വേളാങ്കണ്ണിയില്‍ തീര്‍ത്ഥയാത്രയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ ആൻഡ്രോസും, ഭാര്യ ബീനയും മക്കളും വിവരമറിഞ്ഞാണ് സഥലത്തെത്തുന്നത്. മിക്ക വീടുകളിലും ആളുകളില്ലാതിരുന്നത് ദുരന്തത്തിന്റെ ആക്കം കുറച്ചുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബീനയുടേതടക്കം നാലു വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു.

പടക്കപ്പുരയും പടക്കങ്ങള്‍ കൊണ്ടുവന്ന വാനും സമീപം നിര്‍ത്തിയിട്ട കാറും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. അര കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചു വീണിട്ടുണ്ട്. സ്‌ഫോടനം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുഞ്ഞുങ്ങളെയും വൃദ്ധരെയുമാണ്. പൊള്ളലോ മറ്റു പരിക്കുകളോ ഇല്ലെങ്കിലും സ്‌ഫോടനത്തിന്റെ ഉഗ്ര ശബ്ദവും, ഉയര്‍ന്നു പൊങ്ങിയ പൊടിയും നിരവധി പേര്‍ക്കു ദേഹാസ്വാസ്ഥ്യത്തിന് വഴി വച്ചിരിക്കുകയാണ്.

നങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയിലേക്കാണ് ഒരു ട്രക്ക് നിറച്ചും വെടിമരുന്നുകള്‍ സംഭരിക്കാന്‍ എത്തിച്ചത്. വെടിമരുന്ന് ശാലയെന്ന് അറിയപ്പെടുന്ന ഇവിടം പണ്ട് മുതല്‍ ഇത്തരം കാര്യങ്ങള്‍ക്കുപയോഗിച്ചിരുന്നതായി ഒരു സമീപവാസി പറയുന്നു. ”ആദ്യം മുതല്‍ ഇതിവിടെ ഉണ്ടായിരുന്നു. വീടുകളൊക്കെ വന്നത് പിന്നെയല്ലേ. കൊല്ലത്തുണ്ടായ(പരവൂര്‍ വെടിക്കെട്ടപകടം) അപകടം ഇതിലും വലുതായിരുന്നു. അതില്‍ ബാധിക്കപെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കി കഴിഞ്ഞോ എന്ന് സംശയമാണ്. അപ്പോള്‍ ഞങ്ങള്‍ക്കെന്ത് കിട്ടാനാണ്? അകെ ആയുസിന്റെ സമ്പാദ്യമെന്ന് പറയാനാവുന്നത് ഈ വീടാണ്. കാലപ്പഴക്കമുണ്ടെങ്കിലും ഇത്തരത്തില്‍ കേടുപാട് വരാതെ ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരം ഒന്നും ലഭിക്കാന്‍ പോകുന്നില്ല”- പേര് പറയാന്‍ വിസമ്മതിച്ച നാട്ടുകാരിലൊരാള്‍ പറയുന്നു.

പുതിയകാവ് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിയുടെ ഭാഗമായി വെടിക്കെട്ടു നടത്താനായി സംഭരിച്ച പടക്കങ്ങളാണു പൊട്ടിത്തെറിച്ചത്. സംഭരിച്ചതിലേറെയും ഉപയോഗിക്കാന്‍ അനുമതി ലഭിക്കില്ലെന്നുറപ്പുള്ള ഉഗ്രശേഷിയുള്ള പടക്കങ്ങളാണെന്നാണു നിഗമനം. സള്‍ഫര്‍, വെടിമരുന്ന് ഉള്‍പ്പെടെ 15 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് കൈകാര്യം ചെയ്യാന്‍ അനുമതിയുള്ളത്. ജനവാസ മേഖലയിലും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ആരാധനാലയങ്ങള്‍ എന്നിവയുടെ 250 മീറ്റര്‍ ദൂരപരിധിക്കുള്ളിലും സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കാനോ പൊട്ടിക്കാനോ അനുവാദമില്ലെന്നിരിക്കെയാണ് 300 മീറ്ററിലുള്ള വീടുകള്‍ക്ക് പോലും സാരമായ നാശനഷ്ടം ഉണ്ടാക്കിയ അപകടം നടന്നിരിക്കുന്നത്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍