UPDATES

അശ്വതി സേനന്‍

കാഴ്ചപ്പാട്

FOTOSTATS

അശ്വതി സേനന്‍

“ഞങ്ങള്‍ ആരുടേയും മാതാവല്ല”; ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ നവസമരം

ഒരു വിദ്യാർത്ഥി സംഘടനകളുടെയും ഭാഗമല്ലാത്ത, ഒരുപക്ഷേ അന്ന് വരെ ഒരു സമരത്തിൽ പോലും പങ്കെടുത്തിട്ടില്ലാത്ത അവരുടെ ആർജവം വിദ്യാർത്ഥി നേതാക്കളെ അൽപ്പം അമ്പരപ്പിക്കാതിരുന്നില്ല.

                       

കഴിഞ്ഞ ഒരാഴ്ചയായി ഡൽഹി യൂണിവേഴ്സിറ്റി ഇതുവരെ കണ്ടും പരിചയമില്ലാത്ത ഒരു രൂപത്തിലും നിറത്തിലും താളത്തിലുമായിരുന്നു. ഭീഷണിയുടെയും കൈയൂക്കിന്റെയും ഇഷ്ടികക്കട്ടയുടെയും മുന്നിൽ ശാന്തിയുടെയും സ്‌നേഹത്തിന്റെയും പ്രതിരോധത്തിന്റെയും പാട്ടും കവിതയും മുദ്രാവാക്യങ്ങളും മുഴച്ചുനിന്നു. ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള രാംജാസ് കോളേജിന്റെ ഇംഗ്ലീഷ് ഡിപ്പാർട്മെൻറ്റ് സെമിനാറിൽ പങ്കെടുക്കാനെത്തിയവരോട് അവർ ചെയ്തത് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് യൂണിയൻ ഭരിക്കുന്ന ബിജെപി വിദ്യാർത്ഥി സംഘടനയായ എബിവിപി പ്രതീക്ഷിച്ചുപോലും കാണില്ല!

രാജ്യത്തൊട്ടാകെ ഇരമ്പി നിൽക്കുന്ന പ്രതിഷേധത്തിന്റെ പല രൂപങ്ങളായ സിനിമ, നാടകം, യൂണിവേഴ്സിറ്റി സമരങ്ങൾ, കവിത എന്നിവയുടെ ചരിത്രവും പ്രസക്തിയും മനസിലാക്കാനും ചർച്ച ചെയ്യാനുമായാണ് രണ്ടു ദിവസം നീണ്ട സെമിനാർ രാംജാസിലെ wordcraft സൊസൈറ്റി ഫെബ്രുവരി 21-22 തീയതികളിൽ സംഘടിപ്പിച്ചത്. സെമിനാര്‍ തുടങ്ങി സിനിമ സംവിധായകൻ സഞ്ജയ് കാക് സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഒന്നാം നിലയിലുള്ള ഹാളിലേക്ക് ചില്ലു ജനാലകൾ തകർത്തു ഇഷ്ടിക കട്ടകൾ വന്നു വീണത്. ഭാരത് മാതാ കി ജയ് വിളികളും വന്ദേമാതരം ആക്രോശങ്ങളുമായി എബിവിപി വിദ്യാർത്ഥികൾ കോളേജിൽ അതിക്രമിച്ചു കയറുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ചുറ്റും വലയം തീർത്ത് അധ്യാകർ നിൽക്കുമ്പോൾ പോലും അവർ “ഹം ഹോംഗേ കാമ്യയാബ്” പാട്ടും, ‘പഠിക്കുവാനും സംവദിക്കുവാനും സ്‌നേഹിക്കാനുമുള്ള, മനോഹരമായ ആസാദി’ക്കു വേണ്ടി മുദ്രാവാക്യം ഉയർത്തി. അതിനു കിട്ടിയത് വീണ്ടും കല്ലും കട്ടയും, ഭീഷണിയും.

ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദിനും ഷെഹല റഷിദിനും നൽകിയ ക്ഷണം അധികൃതർ പിൻവലിച്ചിട്ടും സെമിനാര്‍ ക്യാൻസൽ ചെയ്തിട്ടും അവർ അടങ്ങിയില്ല. മണിക്കൂറുകളോളം അവിടെ ഭീകരണാന്തരീക്ഷം നിലനിന്നു. ഇത്തരത്തിലുള്ള അസഹിഷ്ണുതയിൽ പ്രതിഷേധിച്ച്  ചില വിദ്യാർത്ഥി സംഘടനകൾ അടുത്ത ദിവസം ഉച്ചയ്ക്ക് രാംജാസിന് മുന്നിലൂടെ മാർച്ച് നടത്താൻ ആഹ്വാനം ചെയ്തു. അന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അക്രമത്തിനായിരുന്നു അന്നുച്ചയ്ക്ക് ക്യാംപസ് സാക്ഷ്യം വഹിച്ചത്. അധ്യാപകരെ മുടിക്ക് പിടിച്ചു വലിക്കുകയും കഴുത്തു പിടിച്ചു ഞെരിക്കുകയും പൊതിരെ തല്ലുകയും പെൺകുട്ടികളെ റേപ്പ്‌ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും വിദ്യാർത്ഥികളെ ഒന്നടങ്കം തല്ലുകയും ചെയ്ത തലേന്നുണ്ടായതിനേക്കാൾ ഭീകരമായ അവസ്ഥയാണ് കാണാൻ സാധിച്ചത്. ആണ്‍കുട്ടികളെ മാന്തുക്കയും പെൺകുട്ടികളെ തല്ലുകയും ചെയ്യുന്ന പെണ്‍കുട്ടികളും ആ നിരയിലുണ്ടായിരുന്നു.

ഇതിനു മുൻപൊരിക്കൽ ജെഎൻയു സംഭവത്തെ ആസ്പദമാക്കി നടന്ന ഒരു തെരുവു നാടകത്തിനിടെ ഇവർ ഇങ്ങനെ ചെയ്തിരുന്നെങ്കിലും ഇത്രയധികം പേർ ഒരുമിച്ച് പെൺകുട്ടികളെ വരെ ആക്രമിക്കുന്ന കാഴ്ച ആദ്യമായാണ് പലരും കണ്ടത്. ഇതിനൊക്കെ സാക്ഷ്യം വഹിച്ച്, അക്രമികളെ പേരിനു തള്ളി നീക്കുകയല്ലാതെ അവരെ ഒന്ന് ശകാരിക്കുക പോലും ചെയ്യാതെ നൂറോളം വരുന്ന പോലീസ് സേന നോക്കി നിന്നു.

തങ്ങളുടെ കൂട്ടത്തിലുള്ള ഇത്രയധികം പേർ ആക്രമിക്കപെട്ടപ്പോൾ വിദ്യാർത്ഥികൾ ഡൽഹി ക്യാമ്പസ്സിലുള്ള മൗറിസ് നഗർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്യുകയും അതിനു മുന്നിൽ കുത്തിയിരുപ്പ് സത്യാഗ്രഹം തുടങ്ങുകയും ചെയ്തു. കുട്ടികളും അധ്യാപകരും ക്യാമ്പസ്സിൽ നടന്ന അക്രമത്തെ അപലപിച്ചും അതിൽ പ്രതിഷേധിച്ചും സംസാരിക്കുമ്പോൾ ഇഷ്ടികയും കല്ലുകളും മുട്ടയും കുപ്പികളും ചെരിപ്പും ഒക്കെ എറിയുകയായിരുന്നു എബിവിപിക്കാര്‍. എന്നാൽ അക്രമികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവ്യമായി വിദ്യാര്‍ഥികള്‍ സമരം തുടർന്നു.

പോലീസ് ബാരിക്കേഡുകൾക്കിടയിൽ സമരക്കാരുടെ മേൽ ഭീഷണിയും റേപ് ഭീഷണികളും മുഴക്കിയ അക്രമികളെ പക്ഷെ പോലീസ് കണ്ടതായി പോലും നടിച്ചില്ല.”വാദത്തിനും സംവാദത്തിനുമുള്ള ആസാദി”ക്കായുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിക്കൊണ്ടേയിരുന്നു. പിരിഞ്ഞു പോകാമെന്നും അടുത്ത ദിവസം ഇതിലും വലുതായി ഇവിടെ കൂടാമെന്ന് ചില വിദ്യാർത്ഥി നേതാക്കൾ പറഞ്ഞിട്ടും അവർ അവിടുന്ന് മാറാൻ  കൂട്ടാക്കിയില്ല. “ഇത് ഡൽഹിയിലെ ജെല്ലിക്കെട്ട് ആക്കണം. തങ്ങളുടെ  സുഹൃത്തുക്കളെ തല്ലിയവർക്കെതിരെ, ആധ്യാപകരെ ആക്രമിച്ചവർക്കെതിരെ, പെൺകുട്ടികളോട് അസഭ്യം പറഞ്ഞവരെ വെറുതെ വിടാൻ തങ്ങൾ അനുവദിക്കില്ലെ”ന്ന് അവർ പറഞ്ഞു. പാര്‍ളമെന്റിലോ ജന്തർ മന്തറിലോ അല്ല, ഈ ക്യാമ്പസ്സിൽ തന്നെ നിന്ന് സമരം ചെയ്യുമെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു.

ഒരു വിദ്യാർത്ഥി സംഘടനകളുടെയും ഭാഗമല്ലാത്ത, ഒരുപക്ഷേ അന്ന് വരെ ഒരു സമരത്തിൽ പോലും പങ്കെടുത്തിട്ടില്ലാത്ത അവരുടെ ആർജവം വിദ്യാർത്ഥി നേതാക്കളെ അൽപ്പം അമ്പരപ്പിക്കാതിരുന്നില്ല. സെന്റ്റ് സ്റ്റീഫൻസ് കോളേജ്, ദൗലത് രാം, വെങ്കിടേശ്വര, ലേഡി ശ്രീറാം കോളേജ്, ഹൻസരാജ്, സാക്കിർ ഹുസൈൻ അങ്ങനെ ഡൽഹി യൂണിവേഴ്സ്റ്റിലെ പല കോളേജുകളിൽ നിന്ന് കുട്ടികൾ വന്നു കൊണ്ടേയിരുന്നു. ഇരുണ്ടു തുടങ്ങിയപ്പോൾ പോലീസ് എല്ലാവരോടും പിരിഞ്ഞു പോകാൻ ആഹ്വാനം ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള മുദ്രാവാക്യം വീണ്ടും  ഉയർന്നപ്പോൾ ലാത്തി ചാർജ്. പെൺകുട്ടികളെ അടക്കം യാതൊരു മര്യാദയുമില്ലാതെ പോലീസ് അടിച്ചു ബസ്സിൽ കയറ്റുകയും പൊതിരെ തല്ലുകയും ചെയ്തു.

ഈ അവസരം  മുതലാക്കി ചുറ്റും നിന്ന എ ബിവിപി ഗുണ്ടകൾ (എന്ന് തന്നെ പറയയണം), കുട്ടികളെ മർദ്ദിച്ചു. പെൺകുട്ടികളെ ആക്രമിച്ചു. ഭാരത് മാതാ കി ജയ് വിളിക്കാൻ ആജ്ഞാപിച്ചു. അടി കൊണ്ട് ആ പോലീസ് വാനിൽ കയറ്റപ്പെട്ട ഒരാൾ എന്ന നിലയിൽ പറയട്ടെ, ഞങ്ങളെ ആക്രമിച്ചവരിൽ ഒരാൾ പോലും ഡീറ്റൈൻ ചെയ്യപെട്ടില്ല. നിലവിളിയും കരച്ചിലും പക്ഷെ വേഗം തന്നെ മുദ്രാവാക്യവും പ്രതിഷേധവുമായി. രണ്ടു മണിക്കൂറോളം ഡൽഹി ചുറ്റുമ്പോഴും ഓരോ സിഗ്നലിലും ഡൽഹി പോലീസിന്റെ ആക്രമണവും എബിവിപിയുടെ ഗുണ്ടായിസവും ഉറക്കെ ചൊല്ലപ്പെട്ടു.

അതിനിടയിലും ഒരു പെൺകുട്ടി രണ്ടു പോലീസുകാരോട് എന്ത് കൊണ്ട് തങ്ങൾ സമരം ചെയ്തു എന്നും, താങ്കൾ ആയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നും ചോദിക്കുന്നത് കേട്ടു. “ഓരോ അഞ്ചു വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുമ്പോഴും സർക്കാർ മാറുന്നുണ്ടല്ലോ, സർ. അപ്പോൾ കഴിഞ്ഞ സർക്കാരിനെയാണ് ഒരാൾ  പിന്തുണച്ചതെങ്കിൽ ഇപ്പോഴത്തെ സർക്കാരിനോട് അയാൾക്കു വിയോജിപ്പ് ഉണ്ടാവില്ലേ? അപ്പോൾ, സർക്കാരിന്റെ രീതികളെക്കുറിച്ചുള്ള അയാളുടെ ചോദ്യങ്ങൾ, ആശങ്കകൾ, എതിർപ്പുകൾ, അയാൾ എങ്ങനെ രേഖപ്പെടുത്തും? അതോ ആ അഞ്ചു വർഷങ്ങൾ അയാൾ വായ തുറക്കരുതെന്നാണോ? അങ്ങനെ എങ്കിൽ ഈ രാജ്യത്തു എത്ര പേർ ഓരോ അഞ്ചു വർഷവും മിണ്ടാതാവും? അത് ശരിയാണോ സർ?”

യൂണിവേഴ്സിറ്റി ചോദ്യങ്ങൾ ചോദിക്കാനും, ചിന്തിക്കാനും, ചർച്ച ചെയ്യാനുമുള്ള സ്ഥലമാണെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് സമരം ചെയ്യുന്നതെന്ന്, 20 വയസു പോലും തികഞ്ഞിട്ടില്ലാത്ത ആ പെണ്‍കുട്ടി, അവള്‍ വ്യക്തമാക്കുന്നു. നാട് ചുറ്റിച്ച ശേഷം രണ്ടു ബസ്സിലെ വിദ്യാർത്ഥികളെ മുഴുവൻ ഹോസ് ഖാസ് മെട്രോ സ്റ്റേഷനിൽ ഇറക്കി വിടുമ്പോഴും ക്യാമ്പസിലെ എബിവിപി ആക്രമങ്ങൾ തുടരുകയായിരുന്നു. സുഹൃത്തുക്കളുടെ വാക്കു കേട്ടു കുറെ പേർ ക്യാമ്പസിലേക്കു മടങ്ങാതെ സൃഹുത്തുക്കളുടെ വീട്ടിലേക്കു പോയി.

സ്വന്തം വീട്ടിൽ നിന്ന് പീഡിപ്പിച്ചു ഓടിപ്പിക്കപെട്ടവരുടെ സങ്കടത്തോടും ദേഷ്യത്തോടും തന്നെയാണ് അവർ  ഡൽഹി പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് അടുത്ത ദിവസം  മാർച്ചു നടത്തിയത്. അവർക്കു പിന്തുണയുമായി നഗരത്തിലെ മറ്റു യൂണിവേഴ്സിറ്റികളായ ജാമിയ മിലിയ ഇസ്ലാമിയ, അംബേദ്‌കർ യൂണിവേഴ്സിറ്റി, ജെ എൻ യു, ഐഐറ്റി മുതലായവരും എത്തി. വിദ്യാർത്ഥി നേതാക്കളുടെ സ്ഥിരം ഡെലിഗേഷന് ഉള്ളിൽ പോയി സംസാരിക്കുന്ന പതിവ് രീതിക്കു പകരം കമ്മീഷണർ പുറത്തു വന്നു അവരോട് നേരിട്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. മണിക്കൂറുകളോളം അവിടെ കാത്തിരുന്ന് 2 ദിവസം തങ്ങൾ നേരിട്ട ഭീകരതയെ കുറിച്ച് സംസാരിച്ചു. ഉമർ ഖാലിദും മറ്റും അവിടെ എത്തിയത് അവർക്കു കൂടുതൽ ആർജവം നൽകി.

ഒടുവിൽ പുറത്തു വന്ന പോലീസ് അധികൃതരെ നൂറു ചോദ്യങ്ങളോടെയാണ് കുട്ടികൾ നേരിട്ടത്. മൈക്ക് ഒരാളുടെ കയ്യിൽ  മാത്രമായിരുന്നില്ല. ഓരോ കോണിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു. ഒരു മണിക്കൂറോളം അത് തുടർന്നു. എഫ്ഐആർ കോപ്പി അവർക്കു നല്‍കുകയും, കേസിന് ആവശ്യമായ വീഡിയോ, ഫോട്ടോ അടക്കമുള്ള തെളിവുകൾ ശേഖരിക്കാനുള്ള സംവിധാനവും ഉണ്ടാക്കാമെന്നും പറഞ്ഞു. ഈ പശ്ചാതലത്തിലാണ് “SaveDu’ അഥവാ “DUagainstGundagardi” മാർച്ച് തീരുമാനിക്കപ്പെട്ടത്.

ഫെബ്രുവരി 28-ന്, ഡൽഹി യൂണിവേഴ്സിറ്റി ഖാൽസ കോളേജിന് മുൻപിൽ ആരംഭിക്കാനിരുന്ന മാർച്ച് അവിടെ തുടങ്ങുന്നതിന്റെ പ്രസക്തി ശ്രദ്ധിക്കേണ്ടതുണ്ട്. ഫെബ്രുവരി 23-ന് ഖൽസ കോളേജിൽ  നടക്കേണ്ടിയിരുന്ന തെരുവ് നാടകം എബിവിപിയുടെ ഭീഷണി മൂലം നിർത്തിവെക്കപെട്ടു. ഇത് ആദ്യമായല്ല ക്യാമ്പസ്സിൽ നടക്കുന്നത്. നകുൽ സാഹ്നവി നിർമിച്ച “മുസാഫർനഗർ ബാക്കി ഹേ” കഴിഞ്ഞ വര്‍ഷം കിരോലി മാൾ കോളേജിൽ തടസപ്പെടുത്തിയതും ഹരിയാന യൂണിവേഴ്സിറ്റിലെ  ദ്രൗപദി എന്ന നാടകം നടത്തിയതിന് അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞതും, ജൊധ്പൂര്‍ യൂണിവേഴ്സിറ്റിയിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ പോയ നിവേദിത മേനോനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്ന് പറഞ്ഞതും അവർ തന്നെ ആയിരുന്നു.

ഇത്തരത്തിൽ ഒന്നൊന്നായി തങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും തട്ടിയെടുക്കുന്നതിനെതിരെയാണ് വിദ്യാർത്ഥികൾ അണിനിരന്നത്. നേതാക്കൾ ഉണ്ടായിരുന്നില്ല. തീർച്ചയായും കലക്ടീവ് ലീഡര്‍ഷിപ്പ് എന്ന് പറയാവുന്ന ഒരു സമര രീതിയായിരുന്നു അത്. പെൺകുട്ടികളുടെ വലിയ പങ്കായിരുന്നു ഈ സമരത്തെ ജനാധിപത്യവത്കരിക്കുന്നതിൽ പ്രത്യേകമായി പറയേണ്ടത്. ഡൽഹി യുണിവേഴ്സിറ്റിയിലെ ഹോസ്റ്റലുകളിലും ക്യാമ്പസ്സുകളിലും ഉള്ള ലിംഗ വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന പിഞ്ച്രഥോട് എന്ന പെൺകൂട്ടായ്മ് ഈ സമരത്തിനു പുതിയ മാനങ്ങൾ നൽകി. “ഈ ക്യാംപസ് ഞങ്ങളുടേതുമാണ്, ആണുങ്ങളുടേതു മാത്രമല്ല”, “ഞങ്ങൾ ഭാരതത്തിന്റെ മാതാവല്ല”, “ഞങ്ങൾ പ്രേമിക്കുകയും, പൊളിറ്റിക്സ് ചെയ്യുകയും ചെയ്യും.” എന്ന് വീണ്ടും വീണ്ടും പ്രഖ്യാപിക്കുമ്പോൾ, പെൺകുട്ടികൾ വലതുപക്ഷ, സവർണ ആണത്തമെന്ന ഹുങ്കിനെ പാടെ നിസ്സാരവത്ക്കരിക്കുകയായിരുന്നു. We Won’t Mother India എന്ന പോസ്റ്റർ, സ്ഥിരം ‘അമ്മ-പെങ്ങൾ നരേറ്റീവിനെ പാടെ തൂത്തെറിഞ്ഞു.

ആടിയും പാടിയും മുദ്രാവാക്യം വിളിച്ചും മൂവായിരത്തോളം അധ്യാപകരും വിദ്യാർത്ഥികളും മറ്റു യൂണിവേഴ്സിറ്റി തൊഴിലാളികളും ആ ക്യാമ്പസിലൂടെ നടന്നപ്പോൾ ചിന്തിക്കാനും പ്രണയിക്കാനും ചർച്ചചെയ്യാനും സിനിമ കാണാനും ഉറക്കെ ചിരിക്കുവാനും ചോദ്യം ചെയ്യാനും നാടകം ചെയ്യാനും സംവദിക്കാനും ഇഷ്ടമുള്ള പുസ്തകം വായിക്കാനും ധൈര്യത്തോടെ സഞ്ചരിക്കാനും ഒക്കെയുള്ള ഓരോരുത്തരുടെയും  അവകാശമാണ് ഉയർത്തപ്പെട്ടത്; അത് ആ പെണ്‍കുട്ടികളുടെ ഓരോ ചലനത്തിലുമുണ്ടായിരുന്നു. അവിടെ നീൽ സലാമോ ലാൽ സലാമോ എന്നത്, വിഷയമായില്ല,  അതിൽ കൊടിയുടെ നിറമോ അണികളുടെ എണ്ണമോ നിരത്തപ്പെട്ടില്ല, ആര് ആദ്യം സംസാരിക്കുമെന്നോ, ആര് തീരുമാനങ്ങൾ എടുക്കുമെന്നോ പറയപ്പെട്ടില്ല.

വളരെ ഓർഗാനിക് ആയി, ഒറ്റക്കെട്ടായുള്ള, പല കൂട്ടങ്ങളായി, കൂട്ടായ്മകളായി അത് കാണപ്പെട്ടു. അതുകൊണ്ട് തന്നെ മറ്റു സമരങ്ങൾ പോലെ ഇവിടെ നിങ്ങള്‍ക്ക് നേതാക്കളെ കാണാൻ സാധിക്കില്ല. ഗുർമെഹർ കൗർ എന്ന ആ 20-കാരി പെൺകുട്ടിയെ ഭയപ്പെടുത്താൻ അവർ ശ്രമിക്കുമ്പോൾ, ആയിരം പെൺകുട്ടികൾ അവൾക്കു പകരം തെരുവിൽ എത്തുന്നു. ആ കൂട്ടത്തെ തകർക്കുക അത്ര എളുപ്പമല്ല. എതിര്‍പ്പുകള്‍ക്ക് നേ രേ ഉയരുന്നത് ഉയർത്തി പിടിച്ച ഒരു കൈയ്യല്ല. മുദ്രാവാക്യം ചൊല്ലിക്കൊടുക്കുന്നത് ഒരു  യുവനേതാവല്ല. അത് തന്നെയാണ് സർക്കാരിനേയും വലതുപക്ഷത്തെയും ഭയപ്പെടുത്തുന്നതും; അവരുടെ ഉറക്കം കെടുത്തുന്നതും അസഹിഷ്ണുത ആക്രമണത്തിലേക്ക് തിരിയുന്നതും.

എന്നാല്‍, ജെഎന്‍യുവില്‍ നടന്ന, നടക്കുന്നത് പോലെയൊരു സമര മുന്നേറ്റവുമായി ഈ സമരത്തെ താരതമ്യം ചെയ്യാന്‍ പറ്റില്ല. അവിടെ എതിരാളികള്‍ യൂണിവേഴ്സിറ്റി അഡ്മിനിസ്‌ട്രേഷനും ഭരണകൂടവും കരിനിയമങ്ങളും വിസിയുമൊക്കെ ആയിരുന്നെങ്കില്‍ ഇവിടെ അതല്ല, കയ്യൂക്ക് കൊണ്ട് കാര്യങ്ങള്‍ നടത്തുന്ന, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ ഗുണ്ടകളെയാണ് അവര്‍ക്ക് എതിരിടേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ, അവര്‍ ഏത് കൊടിയുടെ താഴെ നില്‍ക്കുന്നു, ഏത് മുദ്രാവാക്യം വിളിക്കുന്നു എന്നതിനേക്കാള്‍ തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന, തങ്ങളെ ആക്രമിക്കുന്ന ഒരു വലിയ കൂട്ടത്തിനെതിരെ ഇറങ്ങാന്‍ അവര്‍, അതും ഭൂരിഭാഗം വരുന്ന പെണ്‍കുട്ടികള്‍ അടക്കം തയാറായി എന്നതാണ് ഇവിടെ പ്രത്യേകത. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സഖാവ് യെച്ചൂരി പറഞ്ഞത് പോലെ, ഏത് കൊടിക്കീഴില്‍ നില്‍ക്കണം എന്നത് നിങ്ങളുടെ തെരഞ്ഞെടുപ്പാണ്; ഉന്നത വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ നില്‍ക്കുന്ന ഈ ഭൂരിഭാഗം വിദ്യാര്‍ഥികളും അത് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് തന്നെയാണ് ഈ സമരത്തിന്റെ വിജയവും; ഒപ്പം, സംഘപരിവാരത്തെ വിറളി പിടിപ്പിക്കുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അശ്വതി സേനന്‍

അശ്വതി സേനന്‍

ഡല്‍ഹി യുണിവേഴ്സിറ്റിയില്‍ ഗവേഷക. കത്തെഴുത്തും വായനയും യാത്രകളും ഇഷ്ട വിനോദങ്ങള്‍.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍