UPDATES

സിനിമ

ആക്റ്റിവിസ്റ്റ് എന്നല്ല വേണേല്‍ ആര്‍ട്ടിവിസ്റ്റ് എന്നു വിളിച്ചോളൂ- അഭിജ/സംഭാഷണം

സ്ത്രീകള്‍ സാമ്പത്തിക സുരക്ഷിതത്വം ഉള്ളവരായിരിക്കുക എന്നതാണ് പ്രധാനം. അപ്പോള്‍ പിന്നെ അധികം പേര്‍ക്ക് ചെവികൊടുക്കേണ്ടി വരില്ല.

ലിഷ അന്ന

ലിഷ അന്ന

                       

സംഭാഷണം – അഭിജ/ലിഷ

അഭിജ ശിവകലയെന്ന തൊടുപുഴക്കാരിപ്പെണ്‍കുട്ടി മലയാളസിനിമയുടെ ഭാഗമായതെങ്ങനെയാണ്? നമ്മുടെ മറ്റ് അഭിനേതാക്കളില്‍ നിന്ന് അഭിജയെ വേറിട്ട് നിര്‍ത്തുന്നതെന്താണ്? എന്താണ് അവരുടെ ലോകം, കാഴ്ചപ്പാടുകള്‍, നിലപാടുകള്‍? അഭിജയുമായി ലിഷ അന്ന സംസാരിക്കുന്നു.  

സിനിമയില്‍ കാണുമ്പോള്‍ മിക്കവാറും ‘നാടന്‍’ പരിവേഷമാണ് അഭിജയ്ക്ക്. പക്ഷേ, ലോകത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകളും ധാരണകളുമുള്ള ‘മോഡേണ്‍’ പെണ്‍കുട്ടിയാണ് യഥാര്‍ത്ഥ അഭിജ. ആ അഭിജയെ സിനിമാലോകത്തിന് അധികം പരിചയവും കാണില്ല. നിലപാടുകള്‍ എപ്പോഴും വിളിച്ചുകൂവലുകളുടെയും ബഹളങ്ങളുടെയും പ്ലാറ്റ്‌ഫോമുകളില്‍ കിടന്നു ചൂളം വിളിച്ചു കൊണ്ടിരിക്കേണ്ടതല്ലെന്നും അവ നിലയ്ക്കാതെ ഓടിക്കൊള്ളട്ടെയെന്നും അഭിജ പറയുമ്പോള്‍ കണ്ണുകളില്‍ ദൃഢനിശ്ചയത്തില്‍ നിന്നുമുണ്ടായ ഒരുതരം നിസംഗത വിരിയും. സിനിമ, നാടകം, ജീവിതം, സമൂഹം, ബന്ധങ്ങള്‍, ഭാവി… സ്‌ക്രീനിലോ സ്റ്റേജിലോ നാം കാണാറുണ്ടായിരുന്ന അഭിജയല്ലായിരുന്നു അപ്പോള്‍. വെറുതേ സംസാരിക്കുകയായിരുന്നു ഞങ്ങള്‍. സമയമൊഴുകിപ്പോകുന്നത് അറിഞ്ഞേയില്ല. നാട്യങ്ങളും വച്ചുകെട്ടലുകളുമില്ലാത്ത പുതിയകാല സിനിമയുടെ പടവിലിരുന്ന് അഭിജ സംസാരിക്കുന്നു.

ലിഷ: ഏറെക്കുറെ വെട്ടിപ്പിടിച്ചതെന്ന് പറയാവുന്ന ഈ ഇടത്തിനെ അഭിജ കാണുന്നത് എങ്ങനെയാണ്?

അഭിജ: സെല്‍ഫ് മെയ്ഡ് ആവുന്നതില്‍ സന്തോഷമുണ്ട്. ആരും ഒന്നും തന്നിട്ടില്ല. ഇത്തരം ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും സീറോയില്‍ നിന്നും വണ്ണിലേയ്ക്കുള്ള ചെറിയ ട്രാന്‍സിഷന്‍ പോലും അത്യന്തം സന്തോഷം തരും. കിട്ടുന്നതില്‍ സാറ്റിസ്‌ഫൈഡ് ആയി ഒതുങ്ങി ജീവിക്കാന്‍ ഒന്നുമല്ല ഞാന്‍ പറയുക. ഒന്നില്‍ നിന്ന് രണ്ടിലേക്കായാലും ഒറ്റയടിക്ക് നൂറിലേക്കായാലും ഒറ്റയ്ക്കുള്ള പരിശ്രമത്തിന്റെ ഫലമാകുമ്പോള്‍ ഇരട്ടി സന്തോഷം തന്നെയാണ്. നല്ലതും ചീത്തയും എല്ലാം നമ്മള്‍ മാത്രം.

ലിഷ: കലാകാരി എന്ന നിലയില്‍, സ്വന്തം ജീവിതം സ്വയം ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍, ഇടയ്ക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന വൈകാരികമായ വെല്ലുവിളികള്‍ എങ്ങനെ അതിജീവിക്കുന്നു? എപ്പോള്‍ കാണുമ്പോഴും അഭിജ പോസിറ്റീവ് ആണ്. സന്തോഷവതിയാണ്.

അഭിജ: ഡീപ് ഇന്‍സെക്യൂരിറ്റീസ് ഒന്നും നമുക്ക് ഷെയര്‍ ചെയ്യാന്‍ ഉള്ളതല്ല എന്നൊരു തിരിച്ചറിവ് ഈയിടെ ഉണ്ടായി. ക്രിയേറ്റിവിറ്റി മുഴുവനും ഇരിക്കുന്നത് അതിലാണ്. നമ്മള്‍ സ്വയം നോക്കുന്നത്ര ട്രാന്‍സ്പരന്റായിട്ടോ ജഡ്ജ്‌മെന്റല്‍ അല്ലാതെയോ നോക്കാന്‍ ആര്‍ക്കുമാവില്ല. അപ്പോള്‍ അത് ഷെയര്‍ ചെയ്യാതിരിക്കുകയാണ് നല്ലത്. ഇതൊക്കെ ഷെയര്‍ ചെയ്യാന്‍ ഉള്ളതാണെന്നും കേള്‍ക്കുന്ന ആള്‍ നമ്മളെ മനസിലാക്കണമെന്നും നമുക്കെന്തോ കംഫര്‍ട്ട് തരണമെന്നും വിചാരിക്കുന്നത് അബദ്ധമാണ്. ഇത് നമ്മുടെ ഉള്ളില്‍ കുഴിച്ചിട്ടിരിക്കുന്ന നിധിയാണ്. ഇതില്‍ നിന്നാണ് നമ്മള്‍ ഉണ്ടാവുന്നത്. എത്ര നോക്കിയാലും കാണാന്‍ പറ്റാത്ത അപൂര്‍വ ഖനിയാണ് നമ്മള്‍. എത്ര ബോറടിയില്‍ പോയാലും നമുക്ക് തിരിച്ചു വരാന്‍ നമ്മള്‍ എന്ന് പറയുന്ന ഒരിടം ഉണ്ടെന്നറിയുന്നത് എത്ര ആഹ്‌ളാദകരമാണ്!

മണ്ട്രോത്തുരുത്ത്

 

ലിഷ: ഇന്നത്തെ അഭിജ പഴയ ജോലിയിലേക്ക് തന്നെ തിരിച്ചു പോകാനുള്ള സാധ്യത എത്രത്തോളമുണ്ട്?

അഭിജ: ഇതുവരെ അങ്ങനെ ആലോചിച്ചിട്ടില്ല. ഇനി ഉണ്ടായിക്കൂടെന്നുമില്ല. അത്യാവശ്യം നല്ല ഒരു ജോലി ഉപേക്ഷിച്ച് ഇവിടെ വന്നതിന്റെ ഉദ്ദേശ്യം ഇതുവരെ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ഇനിയും ഒരുപാടുണ്ട് ചെയ്യാന്‍. ഇനിയും ശ്രമങ്ങള്‍ നടക്കാനുണ്ട്. തൊടുപുഴയില്‍ നിന്ന് ബാംഗ്ലൂര്‍ വഴിയാണ് തിരുവനന്തപുരത്തെത്തുന്നത്. ഡിസൈനര്‍ ആയിട്ട് ജോലി ചെയ്യുകയായിരുന്നു ബാംഗ്ലൂരില്‍; യൂസര്‍ എക്സ്പീരിയന്‍സ് ഡിസൈനറായിട്ട്. ജോലി മടുത്തിട്ടൊന്നുമല്ല. എന്നും ഓഫീസില്‍ പോവാന്‍ ഇഷ്ടമില്ല. എന്നാല്‍ ഇപ്പോഴും ഡിസൈനര്‍ ആയിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്.

ലിഷ: പാഷനനുസരിച്ച പ്രതിഫലം -അതേതു രീതിയിലായാലും, പണമോ ഒരു വര്‍ക്ക് ചെയ്തു കഴിഞ്ഞുള്ള സാറ്റിസ്ഫാക്ഷന്‍ എന്നുള്ള രീതിയിലോ എത്രത്തോളം തിരിച്ചു ലഭിക്കുന്നുണ്ട് സിനിമയിലും നാടകത്തിലുമെല്ലാം?

അഭിജ: ഒരു ക്യൂരിയോസിറ്റിയുടെ പുറത്താണ് നാടക രംഗത്തേക്ക് വന്നത്. പക്ഷേ വന്നു കഴിഞ്ഞപ്പോള്‍ പാഷനായി മാറുകയാണ് ഉണ്ടായത്. സിനിമയില്‍
നീലാകാശത്തിനു ശേഷമാണ് നല്ല വേഷങ്ങളൊക്കെ കിട്ടിത്തുടങ്ങുന്നത്. പലതിലും കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൃത്യമായ പ്രതിഫലം പലതിലും കിട്ടാതെയായപ്പോള്‍ പിന്നീട് ഇനി ചെയ്താലെന്താ ചെയ്തില്ലെങ്കിലെന്താ എന്നൊരു ആലോചന വന്നു.

രാജീവ് രവിയുടെ കൂടെ കൂടിയപ്പോഴാണ് ആ ഒരു ചിന്ത മാറുന്നത്; ഞാന്‍ സ്റ്റീവ് ലോപ്പസ്. കാസ്റ്റിംഗില്‍ ഹെല്‍പ്പ് ചെയ്യാനായിട്ടാണ് എന്നെ വിളിക്കുന്നത്. തിരുവനന്തപുരം സ്ലാങ്ങില്‍ വര്‍ത്താനം പറയുന്നആളുകള്‍ വേണമെല്ലോ ആ സിനിമയില്‍. അങ്ങനെ എന്നേയും വിളിച്ചു. ക്യാരക്ടര്‍ ഡെവലപ്‌മെന്‍റില്‍ നമ്മളെക്കൂടി ഉള്‍പ്പെടുത്തി. അതില്‍ രണ്ടോ മൂന്നോ ദിവസത്തെ വര്‍ക്കാണ് ഉണ്ടായിരുന്നത്. പക്ഷെ ആ സിനിമ ശ്രദ്ധിക്കപ്പെട്ടു. ഗൌരവമായി സിനിമയെ കാണുന്ന ആളുകളാണ് അത് ശ്രദ്ധിച്ചത്. ആ സിനിമ അങ്ങനെ ഹിറ്റ് ആയില്ല. പക്ഷേ ഓണ്‍ലൈനില്‍ വന്നപ്പോഴാണ് കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചത്.

അപ്പോഴാണ് സിനിമയെ കൂടുതല്‍ ഗൌരവമായി കാണണമെല്ലോ എന്ന് ആലോചിക്കുന്നത്. തിയേറ്ററില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ പൊതുവേ കാശ് കിട്ടില്ല എന്നൊരു പ്രശ്‌നമുണ്ട്. മോശമല്ല എന്ന് തോന്നുന്ന ഒരു തുക എപ്പോഴും നമുക്ക് കിട്ടണം. സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി കുറെ സിനിമ ചെയ്തിട്ടുണ്ട്.

മണ്ട്രോത്തുരുത്ത് പോലെയുള്ള സിനിമകള്‍ പ്രതിഫലത്തേക്കാള്‍ ഉപരി നമുക്ക് സംതൃപ്തി തരും. നാടകത്തില്‍ നമുക്ക് എല്ലാവരെയും അടുത്തറിയാം. നമ്മളൊരാളെ നോക്കുമ്പോള്‍ ഇയാളെ എനിക്കറിയാം എന്നുള്ള രീതിയില്‍ ട്രാന്‍സ്പരന്‍റ് ആയിപ്പോവും അതില്‍. സിനിമയില്‍ ഇത് സംഭവിക്കാന്‍ വഴിയില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷേ ഈ സിനിമയുടെ സെറ്റില്‍ അതുണ്ടായിരുന്നു. അതിന്റെയകത്തുള്ള ആളുകള്‍ തമ്മില്‍ പരസ്പര ധാരണ ഉണ്ടായിരുന്നു. ആ സിനിമയ്ക്കുള്ളില്‍ രൂപപ്പെട്ട ആ പ്രോസസ് എന്നെന്നും ഞങ്ങളെല്ലാം ഓര്‍മ്മിക്കത്തക്ക വിധത്തിലുള്ളതാണ്.

ചില കാര്യങ്ങളുണ്ട്. നമ്മള്‍ എടുക്കുന്ന എഫര്‍ട്ടിന്റെയും അതിന്റെ പിന്നില്‍ ചെലവഴിക്കുന്ന സമയത്തിന്റെയും വില ആയിരിക്കണം എന്നില്ല ഔട്ട്പുട്ടിന്. ഒരു കാര്യം ചെയ്യുന്നു, അത് ക്ലിക്കാവുന്നു; വൈറലാകുന്നു. ആളുകള്‍ക്ക് പ്രഭ വരുന്നു. ഒരു സിനിമയില്‍ നായകനോ നായികയോ ആയാല്‍ ഒരു മാസത്തേയ്ക്ക് അയാളെ ആഘോഷിക്കുന്നു. അത് കഴിഞ്ഞാല്‍ വിടുന്നു.

ചിത്രം: അരുണ്‍ പുനലൂര്‍

 

ലിഷ: നാടകലോകം, അവിടുത്തെ  മാറ്റങ്ങള്‍ ഒക്കെ എങ്ങനെ കാണുന്നു?

അഭിജ: സിനിമ ചെയ്യാന്‍ പറ്റുന്നവര്‍ക്കെല്ലാം നാടകം ചെയ്യാന്‍ സാധിക്കണം എന്നില്ല. പല തരത്തിലുള്ള സപ്പോര്‍ട്ട് സിസ്റ്റങ്ങളുടെ സഹായത്തോടു കൂടിയാണല്ലോ സിനിമ വരുന്നത്. പക്ഷേ, സ്റ്റേജില്‍ നമ്മള്‍ നമ്മളായിട്ട് തന്നെ നിന്നേ പറ്റൂ.

വളരെ മുന്‍പേ തന്നെ ഇതെന്റെ ഒരു സ്ഥലമാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്, നാടകത്തെ പറ്റി. മുന്‍പരിചയം ഒന്നും ഇല്ലായിരുന്നു. പൊതുവേ പെര്‍ഫോമിംഗ് ആര്‍ട്‌സ്‌നോട് ഒരു താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ നാടകത്തോടും ഇഷ്ടം തോന്നി. അത് എന്റെ ഇടങ്ങളില്‍ ഒന്നാണ് എന്നെനിക്ക് തോന്നി. ഒരിക്കല്‍ ഞാന്‍ നാടകം ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു.

എം.ജി ജ്യോതിഷിന്‍റെ മാക്ബത്ത് ആയിരുന്നു ആദ്യനാടകം. ആദ്യമായി റിഹേഴ്‌സലിനു വന്നപ്പോള്‍ ഞാനോര്‍ത്തത് ഇങ്ങനെയാണ്. എനിക്ക് ഒന്നും അറിയാത്ത ഒരു പുതിയ സ്ഥലത്താണ്. ഒന്നും അറിയാം എന്ന് ഭാവിക്കേണ്ട ആവശ്യമില്ല. പൂര്‍ണമായും അവരുടെ മെത്തേഡില്‍ ആണ് അത് ചെയ്തത്. പിന്നീട് എനിക്ക് ഇതല്ല എന്റെ മെത്തേഡ് എന്ന് തോന്നിയിട്ടുണ്ട്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പ്ലേ ചെയ്ത നാടകം ആണത്.

ചിലപ്പോഴൊക്കെ ചില വര്‍ക്കുകള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത്ര ഇന്‍സ്പയറിംഗ് അല്ല ഇന്ത്യയിലെ അവസ്ഥ എന്ന് തോന്നിയിട്ടുണ്ട്. പുതിയ വര്‍ക്കുകള്‍ കിട്ടിക്കഴിഞ്ഞാല്‍ രാജ്യത്തിന് വെളിയില്‍ പോവണമെന്നുണ്ട്. ഒരിക്കല്‍ ഇറ്റ്ഫോക്കിന്റെ സമയത്ത് ലാറ്റിനമേരിക്കയില്‍ നിന്നൊരു ടീം വന്നു. പതിനഞ്ചു ദിവസത്തെ ക്യാമ്പ്. വിവിധ രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതോളം ആര്‍ട്ടിസ്റ്റുകള്‍. ഹ്യൂജ് പ്രൊഡക്ഷന്‍ ആയിരുന്നു അത്. ഏലിയാസ് കോഹന്‍ ആയിരുന്നു ഡയറക്ടര്‍. പല മേഖലകളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. സ്‌ക്രിപ്റ്റ് പോലും ഇല്ലാത്ത ഒരു നാടകം. പ്രോപ്പര്‍ട്ടി ഉപയോഗിച്ചുള്ള പ്ലേ ആദ്യം കാണുകയായിരുന്നു. അണ്‍റിയലിസ്റ്റിക്കായ കാര്യങ്ങള്‍ പോലും ചെയ്യാം. എല്ലാവരും ചെയ്ത ശേഷം സംവിധായകന്‍ അത് എഡിറ്റ് ചെയ്യുന്നു. എന്നെ സംബന്ധിച്ച് അത്ഭുതമായിരുന്നു അത്. ഹാര്‍ഡ് വര്‍ക്ക് തന്നെയായിരുന്നു. ആ പതിനഞ്ചു ദിവസം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ എഡ്യൂക്കേറ്റഡായ സമയമാണെന്ന് തോന്നിയിട്ടുണ്ട്. ഇപ്പഴും പള്ളിപ്പെരുന്നാള്‍, ഉത്സവം എന്നിവിടങ്ങളിലൊക്കെ കളിക്കുന്ന ഒന്നായാണ് നാടകം ഇവിടെ. പുറമേ നിന്ന് ആളുകള്‍ വരുമ്പോള്‍ ഇവിടെ സ്വാഭാവികമായും അത് സ്വീകരിക്കപ്പെടും.

ലിഷ: നവ സമരരൂപങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സമരങ്ങളോട് ആഭിമുഖ്യമുണ്ടോ? അഭിജയുടെ കലാജീവിതം ഇത്തരം പ്രതിഷേധരീതികളോട് എത്രത്തോളം സപ്പോര്‍ട്ടീവാണ്?

അഭിജ: അനുഭാവം തോന്നിയിട്ടുള്ള സമരങ്ങള്‍ ധാരാളം നടന്നിട്ടുണ്ട്. പക്ഷെ സമരത്തിന് ഇറങ്ങിയിട്ടില്ല. മറ്റുള്ളവരുടെ സ്വകാര്യതയില്‍ കയറി അനാവശ്യമായി ഇടപെടുന്ന കേരളത്തിലെ ഒരു വിഭാഗത്തിന് ചുംബന സമരത്തിലും നല്ലൊരു മറുപടി ഇല്ലായിരുന്നു എന്ന്‍ തോന്നിയിട്ടുണ്ട്. ആ സമരത്തെ തന്നെ ഒരു ആര്‍ട്ട് ഫോമായിട്ടാണ് എനിക്ക് തോന്നിയത്.

എല്ലാ ദിവസവും ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ ഓരോ ദിവസവും ഉണ്ടാകുന്നുണ്ട്. ഈ ചര്‍ച്ചകളിലെ പൊളിറ്റിക്‌സിനോട് ഐഡന്റിഫൈ ചെയ്യാന്‍ പറ്റാത്ത വിധം ചില ആളുകളുടെ ക്യാരക്ടര്‍ വ്യത്യസ്തമായിരിക്കും. നമുക്ക് വിട്ടുപോവാന്‍ പറ്റാത്ത ഒരു മേഖലയിലായിപ്പോവും നമ്മളെത്തുക. ഫേസ്ബുക്ക് ചര്‍ച്ചകള്‍ക്ക് നിങ്ങള്‍ക്കെത്ര സമയം ഇന്‍വെസ്റ്റ് ചെയ്യാനുണ്ട്, എത്ര എനര്‍ജി ഉപയോഗിക്കേണ്ടി വരുന്നുണ്ട് എന്നത് വലിയൊരു ചോദ്യമാണ്. പോസ്റ്റിനടിയില്‍ വരുന്ന കമന്റുകള്‍ മുഴുവന്‍ വായിക്കാന്‍ തന്നെ ഒരുപാട് സമയം വേണം. മുല്ലപ്പൂ വിപ്ലവം ഉണ്ടായതും ഡല്‍ഹി പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ വേണ്ടി ആളുകള്‍ ഒത്തു ചേര്‍ന്നതുമെല്ലാം ഇത്തരം ഓണ്‍ലൈന്‍ ചര്‍ച്ചകളിലൂടെ തന്നെയാണ്. അതുകൊണ്ടു തന്നെ അതിന്റെ പ്രാധാന്യം തള്ളിക്കളയാന്‍ സാധിക്കില്ല. പക്ഷേ, ഫേസ്ബുക്കില്‍ നടക്കുന്ന പല ചര്‍ച്ചകളെയും അത്ര ഗൌരവത്തില്‍ എടുക്കാത്ത ഒരു സ്റ്റേജിലേക്ക് എന്റെ മനസ്സ് മാറിത്തുടങ്ങിയിട്ടുണ്ട്; അത് വളരെ വ്യക്തിപരമായ കാര്യമാണ് കേട്ടോ.

ഒരു കാര്യത്തിന് വേണ്ടി പ്രതിഷേധിക്കാന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ആള് കൂടിയേ പറ്റൂ എന്നിരിക്കട്ടെ. നിങ്ങളുടെ പ്രെസന്‍സ് അവിടെ വേണം എന്ന രീതിയിലുള്ള ക്ഷണങ്ങള്‍ ലഭിക്കാറില്ലേ. ഞാന്‍ ഇതുവരെ അങ്ങനെ ഒരു സമരത്തിനു പോയിട്ടില്ല. പല പല കാര്യങ്ങള്‍ കൊണ്ടാണ് പോവാത്തത്. അങ്ങനെ പോയില്ലെങ്കില്‍ അതിനോട് അനുഭാവമില്ല എന്നൊന്നുമല്ല അര്‍ഥം. വ്യക്തിപരമായി എല്ലാവര്‍ക്കും നിലപാടുകള്‍ ഉണ്ട്. അതുപോലെ തന്നെയാണ് ഞാനും.

ലിഷ: ഫ്രീഡം, സ്‌പേസ് എന്നിവ അഭിജയുടെ ആവാസവ്യവസ്ഥയില്‍ എത്രത്തോളം പ്രാധാന്യമുള്ളതാണ്? ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ച്?

അഭിജ: ആളുകള്‍ തുരുത്തുകളായി മാറിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഒന്നും ചെയ്യാനുമില്ല. അപ്പോള്‍ ഒറ്റയ്ക്കാവുമ്പോള്‍ എത്ര ഹാപ്പിയായി ഇരിക്കാം എന്ന് ശ്രമിച്ചു കൊണ്ടേയിരിക്കുക. ഒരുപാട് സമയം ഒറ്റയ്ക്ക് ഇരുന്നാലൊക്കെയേ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുള്ളൂ. ഒറ്റയ്ക്ക് ആവുന്നത് രസമാണ്. ഒരുപാട് നേരം കുറെ ആളുകള്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ അസ്വസ്ഥത വരും. തിരിച്ചുമുണ്ട്.

മുന്‍പൊക്കെ കൂട്ട് വേണം എന്ന് തോന്നുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ആരെങ്കിലും വേണം എന്നൊക്കെ. എങ്ങനെ ഒറ്റയ്ക്ക് പോകുമെന്ന് കരുതി ഞാന്‍ ആദ്യം പോവാറേയില്ലായിരുന്നു. പിന്നെ, നമ്മള്‍ നമ്മളെ തന്നെ കൊണ്ടുപോയി ഭക്ഷണം വാങ്ങിച്ചു കൊടുത്ത് സന്തോഷിപ്പിച്ച് കൊണ്ടു വരുന്നു. രസമാണത്. നമ്മുടെ നാട്ടില്‍ കാണാത്ത കാഴ്ചയുമാണ്. പുരുഷന്മാരില്‍ പിന്നെയും കാണും. പക്ഷെ സ്ത്രീകളില്‍ ഉണ്ടാവില്ല അധികം. നമ്മള്‍ നമ്മുടെ ലൈഫിനെ own ചെയ്യുന്ന സന്തോഷമാണത്. ‘അനദര്‍ കൈന്‍ഡ് ഓഫ് ഫ്രീഡം’ എന്നാണ് എനിക്ക് അതിനെക്കുറിച്ച് തോന്നിയിട്ടുള്ളത്.

ഫ്രീഡത്തെക്കുറിച്ച് തന്നെ തെറ്റിദ്ധാരണകളുണ്ട്. ആരോ നമുക്ക് തരേണ്ട സാധനം ആണെന്നാണ് ഫ്രീഡം എന്നാണ് എല്ലാവരുടെയും വിചാരം. നമ്മള്‍ ജീവിക്കുന്ന കമ്മ്യൂണിറ്റി എത്ര റെസ്ട്രിക്റ്റഡാണോ അത്രയും കൂടുതല്‍ ധാരണകള്‍ സ്വതന്ത്രമായി ജീവിക്കുന്ന എന്നെപ്പോലൊരാള്‍ക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് വന്നുകൊണ്ടിരിക്കും. ആളുകളെ കൂടുതല്‍ മനസിലാവും. ബാംഗ്ലൂര്‍ പോലൊരു സിറ്റിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാവും. ചിലപ്പോള്‍ അങ്ങനെയുള്ള സംഭവങ്ങളോടൊക്കെയുള്ള നാച്ചുറല്‍ പ്രതികരണങ്ങള്‍ ആയിപ്പോവാം നമ്മുടെ വര്‍ക്കുകള്‍. പക്ഷേ അങ്ങനെയേ ആകാവൂ എന്നില്ല. നമ്മുടെ സ്റ്റാന്‍ഡേര്‍ഡ്‌സ് പരിസരങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ്‌സിനോട് തുലനം ചെയ്തു വെക്കേണ്ട കാര്യമില്ല. നമ്മള്‍ നമ്മളെത്തന്നെ ചുരുക്കി കളയുന്ന പോലെയായിരിക്കും അത്.

പിന്നെ എല്ലാം ഒരു എക്‌സ്പീരിയന്‍സ് മാത്രമായി കാണുക. അത്രയേ ഉള്ളു. വസ്ത്രധാരണത്തില്‍ പോലും മറ്റുള്ളവരുടെ അതിര് കടന്ന അഭിപ്രായ പ്രകടനങ്ങള്‍ അനുവദിക്കപ്പെടുന്നത് എനിക്ക് താല്പര്യം ഇല്ല.

സ്ത്രീകള്‍ സാമ്പത്തിക സുരക്ഷിതത്വം ഉള്ളവരായിരിക്കുക എന്നതാണ് പ്രധാനം. അപ്പോള്‍ പിന്നെ അധികം പേര്‍ക്ക് ചെവികൊടുക്കേണ്ടി വരില്ല.

ചിത്രം: അഞ്ജലി ഗോപന്‍ ഫോട്ടോഗ്രഫി

 

ലിഷ: പറഞ്ഞു പറഞ്ഞു പഴകിയ ഒന്നാണ്; ആര്‍ട്ടിസ്റ്റുകള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരായിരിക്കണോ? കലാകാരന്‍/കലാകാരി എപ്പോഴും പൊളിറ്റിക്കല്‍ ആയിരിക്കണം എന്ന് പൊതുവേ ഒരു അലിഖിത നിയമമുണ്ട്. സീരിയസ് സിനിമകളോ നാടകങ്ങളോ ചെയ്യുന്നവര്‍ ആകുമ്പോള്‍ പ്രത്യേകിച്ചും.

അഭിജ: എനിക്ക് അങ്ങനെയൊരു നിര്‍ബന്ധം ഒന്നുമില്ല. എല്ലാവരും സിനിമ കാണാന്‍ പോകുന്നു, സന്തോഷിക്കുന്നു, ചുമ്മാ ഒരു പാര്‍ക്കില്‍ ഇരിക്കുന്നു. ഈയൊരു ആറ്റിറ്റ്യൂഡ് ആര്‍ട്ടില്‍ വന്നാല്‍ എന്താണ് കുഴപ്പം? ഇടുങ്ങിയ ഒരു സമൂഹത്തില്‍ ജീവിക്കുന്നതു കൊണ്ട് ആര്‍ട്ടിനെ ഇങ്ങനെ മാത്രമൊക്കെയേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് ആളുകള്‍ക്ക് ഒരു തെറ്റിദ്ധാരണ പൊതുവേയുണ്ട്. സ്വയം ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരായിരിക്കുക. അങ്ങനെയുള്ള എന്നില്‍ എനിക്ക് വിശ്വാസമുണ്ട്. എന്റെ ആര്‍ട്ടിന് എന്റെ ഒരു ഛായ കാണുമല്ലോ എന്തായാലും.

എന്‍റെ നിലപാടുകള്‍ എപ്പോഴും ഇങ്ങനെ പൊതുവേദിയില്‍ കാണിച്ചു കൊണ്ടേയിരുന്നാലേ മതിയാവൂ എന്നൊന്നും വിശ്വസിക്കുന്നില്ല. എന്റെ സിനിമയിലോ നാടകത്തിലോ സ്ത്രീവിരുദ്ധമോ ദളിത് വിരുദ്ധമോ ആയ പരാമര്‍ശങ്ങള്‍ ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പുള്ളിടത്താണ് എന്റെ പൊളിറ്റിക്‌സ്. അത്രയേ ഞാന്‍ ഇപ്പോള്‍ കരുതുന്നുള്ളൂ.

ഒരു പ്രൊട്ടസ്റ്റിനു പോവുന്നതിനേക്കാള്‍ എന്റെ കൈയിലുള്ള മീഡിയം ശരിയായി ഉപയോഗിക്കുക എന്നതാണ് എന്റെ വഴി എന്ന് ഞാന്‍ കരുതുന്നു. അങ്ങനെ ചെയ്യാനേ എനിക്കറിയുകയുമുള്ളൂ. തിയേറ്റര്‍ ആക്റ്റിവിസ്റ്റ് എന്നൊക്കെ ചിലര്‍ ചിലപ്പോള്‍ വിളിക്കും. ഞാന്‍ പറയാറുണ്ട് ‘ഞാന്‍ തിയേറ്റര്‍ ആക്ടിവിസം അല്ല ചെയ്യുന്നത്, ആര്‍ട്ടാണ്’ എന്ന്. രണ്ടും രണ്ടു രീതിയാണല്ലോ. എന്റെ കയ്യിലുള്ള ഒരു വിഷയം കൈകാര്യം ചെയ്യുക മാത്രമാണ് സിനിമയിലൂടെയോ നാടകത്തിലൂടെയോ എല്ലാം ഞാന്‍ ചെയ്യുന്നത്. ആര്‍ട്ട് മീഡിയം എങ്ങനെ ഉപയോഗിക്കണം എന്നതിന് ഒരുപാട് പോസിബിലിറ്റീസ് ഉണ്ട്. അതുകൊണ്ടുതന്നെ തിയേറ്റര്‍ ആക്റ്റിവിസ്റ്റ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്. ‘വിസ്റ്റ്’ ഉപയോഗിച്ചേ വിളിക്കാന്‍ പറ്റൂ എന്നുണ്ടെങ്കില്‍ ‘ആര്‍ട്ടിവിസ്റ്റ്’ എന്ന് വിളിച്ചോളൂ എന്ന് ഞാന്‍ പറയാറുണ്ട്.

എപ്പോഴും ഒരു പ്രശ്‌നത്തെ ഫേസ് ചെയ്യുക എന്നതൊന്നുമല്ല നമ്മളിവിടെ ചെയ്യുന്നത്. ഒരു വിഷയം കൈകാര്യം ചെയ്യുക എന്നതൊന്നുമല്ല കലയുടെ ലക്ഷ്യവും. എപ്പോഴും ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയുമായിരിക്കില്ല അതിന്‍റെ വഴി. അങ്ങനെയൊന്നും ആവേണ്ട കാര്യവുമില്ല.

എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ ഉണ്ടാവാം. എല്ലാത്തിനെയും കൗതുകത്തോടെയാണ് ഞാന്‍ നോക്കുന്നത്. ഓരോ നിമിഷവും മനുഷ്യര്‍ മാറി മറിഞ്ഞു കൊണ്ടിരിക്കുകയല്ലേ.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ലിഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ലിഷ അന്ന

ലിഷ അന്ന

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍