ഇന്നലെ രാത്രിയാണ് മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേയ്ക്ക് നയിച്ച ഫോണ്‍ സംഭാഷണം തങ്ങള്‍ മാധ്യമപ്രവര്‍ത്തകയെ വച്ച് ഒരുക്കിയ കെണിയായിരുന്നു എന്ന കുറ്റസമ്മതവുമായി മംഗളം ചാനല്‍ സിഇഒ ആര്‍ അജിത് കുമാര്‍ രംഗത്തെത്തിയത്. മംഗളം ചാനലിലൂടെ തന്നെയാണ് അജിത് കുമാര്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ ഇന്ന് പുറത്തിറങ്ങിയ മലയാള പത്രങ്ങളില്‍ ദേശാഭിമാനി ഒഴികെ ഒന്നിലും ഇത് സംബന്ധിച്ച വാര്‍ത്തയില്ല എന്നതാണ് ശ്രദ്ധേയം. ദി ഹിന്ദു പോലുള്ള ഇംഗ്ലീഷ് പത്രങ്ങളിലും ഈ വാര്‍ത്തയുണ്ട്. ദേശാഭിമാനിയുടേയും ഹിന്ദുവിന്റേയും മുന്‍പേജില്‍ തന്നെ.
എല്ലാവരും ഒറ്റക്കോളം വാര്‍ത്തയാണ് കൊടുത്തിരിക്കുന്നത്; അത് തന്നെ ധാരാളം. എന്നാല്‍ ഒറ്റക്കോളം വാര്‍ത്ത, അകത്തെ പേജുകളിലെങ്കിലും ഇത് സംബന്ധിച്ച് കൊടുക്കേണ്ടതാണ് എന്ന് മറ്റ് മലയാള പത്രങ്ങള്‍ക്കൊന്നും തോന്നാത്തത് വിചിത്രമായിരിക്കുന്നു. ഈ വാര്‍ത്ത കൊടുക്കേണ്ടതില്ല എന്നാണ് പത്രങ്ങളുടെ തീരുമാനം എന്നാണ് ഇത് വ്യക്തമാകുന്നത്. തങ്ങളുടെ ചാനല്‍ നടത്തിയ അധാര്‍മ്മിക പ്രവര്‍ത്തനം അജിത് കുമാര്‍ തുറന്നു പറഞ്ഞു എന്ന് പറയാന്‍ നമ്മുടെ പത്രങ്ങള്‍ക്ക് എന്താണ് ഇത്ര മടി? ഏതായാലും പത്രങ്ങള്‍ വാര്‍ത്ത മുക്കുന്നത് കൊണ്ട് ആളുകള്‍ കാര്യങ്ങള്‍ അറിയാത്ത കാലമൊക്കെ എന്നോ പോയിരിക്കുന്നു. പിന്നെ എന്തിനാണ് ഇവര്‍ വീണ്ടും വീണ്ടും ഇങ്ങനെ സ്വയം പരിഹാസ്യരാകുന്നത് എന്ന ചോദ്യമുണ്ട്. വാഹന പണിമുടക്ക് കാരണം വൈകി വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന ഒഴിവുകഴിവില്‍ കാര്യമില്ല. ദേശാഭിമാനിക്കും ഇത് ബാധകമാണല്ലോ.
ഒരു മാധ്യമ സ്ഥാപനത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മറ്റ് സ്ഥാപനങ്ങള്‍ പൊതുവേ വാര്‍ത്ത കൊടുക്കുന്ന പതിവ് കേരളത്തില്‍ ഇല്ല. എന്നാല്‍ ഇത് ഒരു സ്ഥാപനത്തില്‍ നടന്ന കാര്യം മാത്രമല്ല, സംസ്ഥാനത്തെ ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ച സംഭവമാണ്. മാധ്യമ നൈതികതയും ധാര്‍മികതയും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചു നടക്കുന്നു. സംസ്ഥാനത്തെ സാഹിത്യ, സാംസ്ക്കാരിക നായകരൊന്നടങ്കം പൊതുപ്രസ്താവന വരെ നടത്തുന്നു. എന്നിട്ടും മറ്റു മാധ്യമങ്ങള്‍ക്കൊന്നും അത് വാര്‍ത്തയായില്ല എന്നത് ചില തെരഞ്ഞെടുപ്പുകളെ സൂചിപ്പിക്കുന്നുണ്ട്. അത് മംഗളം മാപ്പ് പറഞ്ഞോ എന്നതിനേക്കാള്‍ ഇത്രയും വിവാദമായ ഒരു വിഷയത്തില്‍ എന്താണ് നടന്നത് എന്നറിയാനുള്ള വായനക്കാരുടെ അവകാശത്തെയാണ് നിഷ്ക്കരുണം തള്ളിക്കളഞ്ഞത് എന്നതാണ് പ്രധാനം.