UPDATES

വിദേശം

അമേരിക്ക ഉദാരതയില്ലാത്ത ജനാധിപത്യത്തിലേക്ക് മാറുമ്പോള്‍

വെറും ജനപ്രിയതയുടെയും വാചകക്കസര്‍ത്തിന്റെയും വഴിയില്‍ ഒരു സംരക്ഷണ തടകളുമില്ലാതെ അമേരിക്കന്‍ ജനാധിപത്യം എങ്ങനെയായിരിക്കും എന്നാണ് നാമിപ്പോള്‍ കാണുന്നത്

                       

ഫരീദ് സക്കറിയ

രണ്ടു പതിറ്റാണ്ടു മുമ്പ് അസാധാരണവും ആശങ്കപ്പെടുത്തുന്നതുമായ ഒരു പ്രവണതയെക്കുറിച്ച് ഞാന്‍ Foreign Affairs-ല്‍ എഴുതിയിരുന്നു: ഉദാരതയില്ലാത്ത ജനാധിപത്യത്തിന്റെ ഉയര്‍ച്ച. ലോകത്താകെ ഏകാധിപതികള്‍ നിലംപതിക്കുന്നു, തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. പക്ഷേ വോട്ടെണ്ണിയ മിക്കയിടങ്ങളിലും നിയമ വാഴ്ച്ച, ന്യൂനപക്ഷങ്ങളോടുള്ള ആദരവ്, മാധ്യമ സ്വാതന്ത്ര്യം, അതുപോലുള്ള മറ്റ് രീതികള്‍ എന്നിവയെല്ലാം അവഗണിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നു. ഇന്ന്, എന്നെ ആശങ്കപ്പെടുത്തുന്നത് യു.എസില്‍ ഉദാരതയില്ലാത്ത ജനാധിപത്യത്തിന്റെ ഉയര്‍ച്ചയാണ് നാം കാണുന്നത് എന്നാണ്-റിപ്പബ്ലിക്കനോ, ഡെമോക്രാറ്റോ, ഡൊണാള്‍ഡ് ട്രംപ് അനുകൂലിയോ, വിമര്‍ശകനോ ആരുമാകട്ടെ, സകലരെയും ആശങ്കപ്പെടുത്തേണ്ട ഒന്ന്.

ആധുനിക ലോകത്ത് ജനാധിപത്യം എന്നു നാം കരുതുന്നത് വാസ്തവത്തില്‍ രണ്ടു വ്യത്യസ്ത പാരമ്പര്യങ്ങളുടെ കൂടിച്ചേരലാണ്. ഒന്ന്, തീര്‍ച്ചയായും നേതാക്കളെ തെരഞ്ഞെടുക്കുന്നതിലെ പൊതുജന പങ്കാളിത്തം. പക്ഷേ പടിഞ്ഞാറന്‍ രാഷ്ട്രീയത്തില്‍, 1215-ലെ മാഗ്ന കാര്‍ട്ട മുതല്‍ വ്യക്തികളുടെ അവകാശങ്ങളെ ചുറ്റിപ്പറ്റി-ഏകപക്ഷീയമായ പിടികൂടല്‍, മതപരിവര്‍ത്തനം, ചിന്തകള്‍ക്ക് അധികാരികളുടെ നിയന്ത്രണം-ഏറെ പഴക്കമുള്ള ഒരു പാരമ്പര്യം ഉണ്ട്. ഈ വ്യക്തി സ്വാതന്ത്ര്യങ്ങള്‍ (സംസാരം, വിശ്വാസം, സ്വത്തുടമസ്ഥത, വിമതരായിരിക്കല്‍) ഏകാധിപതികളില്‍ നിന്നു മാത്രമല്ല, ജനാധിപത്യ ഭൂരിപക്ഷത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടു. അവകാശ ബില്‍ (Bill of Rights) എന്നത് എന്തായാലും ഭൂരിപക്ഷത്തിന് ചെയ്യാനാകാത്ത കുറെ കാര്യങ്ങളുടെ പട്ടികയാണ്.

പടിഞ്ഞാറ് ഈ രണ്ടു പാരമ്പര്യങ്ങളും കൂടിപ്പിണയുകയും-ഒരു വശത്ത് ഉദാരതയും നിയമവും, മറുവശത്തു ജനകീയ പങ്കാളിത്തവും-നാം ഇപ്പോള്‍ ഉദാര ജനാധിപത്യം എന്നു വിളിക്കുന്ന സംഗതി ഉണ്ടാവുകയും ചെയ്തു. നിരവധി രാജ്യങ്ങളില്‍-ഹംഗറി, തുര്‍ക്കി, റഷ്യ, ഇറാഖ്, ഫിലിപ്പൈന്‍സ്-ഈ രണ്ടു ധാരകളും വേര്‍പിരിഞ്ഞിരിക്കുന്നു. ജനാധിപത്യം നിലനില്‍ക്കുന്നുണ്ട് (പലയിടത്തും), പക്ഷേ സ്വാതന്ത്ര്യം ഉപരോധത്തിലാണ്. ഈ രാജ്യങ്ങളില്‍ ഉദാര ജനാധിപത്യത്തിന്റെ സമ്പന്നമായ അന്തഃസത്ത അപ്രത്യക്ഷമാകുന്നു, ജനാധിപത്യം എന്ന പുറന്തോട് മാത്രം ബാക്കിനിര്‍ത്തുന്നു.

ഈ പ്രക്രിയ ഉരുത്തിരിഞ്ഞപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം നിയമങ്ങളും ചട്ടങ്ങളും ഇത് തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണ്. മിക്ക രാജ്യങ്ങളും മികച്ച ഭരണഘടനകള്‍ സ്വീകരിച്ചിട്ടുണ്ട്, നിയന്ത്രണങ്ങളും പരിശോധനകളും സൃഷ്ടിച്ചിട്ടുണ്ട്, വികസിത ലോകത്തുനിന്നും മികച്ച രീതികള്‍ പിന്തുടര്‍ന്നിട്ടുണ്ട്. ജനാധിപത്യത്തെ നിലനിര്‍ത്തുന്നത് നിയമപരമായ സുരക്ഷകളും, ചട്ടങ്ങളും, രീതികളും, പ്രയോഗങ്ങളുമാണ് എന്നാണ് തെളിയുന്നത്.  ഉദാര ജനാധിപത്യത്തിന്റെ ഈ സംസ്കാരമാണ് യു.എസില്‍ ഇന്ന് ദുര്‍ബ്ബലമാകുന്നത്.

സ്ഥാപക പിതാക്കന്മാര്‍ ജനാധിപത്യത്തെക്കുറിച്ച് സംശയാലുക്കളായിരുന്നു. ഉദാരതയില്ലാത്ത ജനാധിപത്യത്തിന്റെ ചില അപകടങ്ങള്‍ ഒഴിവാക്കുന്ന റിപ്പബ്ലിക് ആയാണ് അമേരിക്കയെ രൂപപ്പെടുത്തിയത്. ബില്‍ ഓഫ് റൈറ്റ്സ്, സുപ്രീം കോടതി, സംസ്ഥാന സര്‍ക്കാരുകള്‍, സെനറ്റ് ഇവയെല്ലാം ഭൂരിപക്ഷ സമഗ്രാധിപത്യത്തിനെതിരെയുള്ള തടകളായിരുന്നു. പക്ഷേ സമാനമായ രീതികളില്‍ പ്രവര്‍ത്തിച്ച ചില അനൌദ്യോഗിക സംരക്ഷണ പരമ്പരകളില്‍ രൂപം കൊണ്ട ഒരു ജനാധിപത്യ സംസ്കാരം യു.എസിലും വികസിച്ചു. അലെക്സിസ് ഡി ടോക്ക്വെല്‍ ഇതിനെ ‘സംഘങ്ങള്‍’ (associations) എന്നു വിളിച്ചു-കൊയര്‍ സൊസൈറ്റികള്‍, റോട്ടറി ക്ലബ്ബുകള്‍, വിദഗ്ധ സംഘങ്ങള്‍. ഭൂരിപക്ഷത്തിന്റെ ധാര്‍മിക സാമ്രാജ്യത്തെ ദുര്‍ബലമാക്കാനാണ് ഇവ ശ്രമിക്കുന്നതെന്നും വാദിച്ചു. മന്ത്രിമാര്‍, അഭിഭാഷകര്‍, മറ്റ് വിദഗ്ധര്‍ എന്നിവര്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ പക്ഷപാതിതമില്ലാത്ത തീര്‍പ്പുകാര്‍ ആകണമെന്ന് അലക്സാണ്ടര്‍ ഹാമില്‍ട്ടന്‍ പറഞ്ഞു. സങ്കുചിതവും പ്രത്യേകവുമായ താത്പര്യങ്ങള്‍ക്ക് പകരം സമൂഹവും അതിന്റെ സര്‍ക്കാരും ദേശീയ താത്പര്യങ്ങളില്‍ ശ്രദ്ധിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യണം.

കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി അമേരിക്കന്‍ ജനാധിപത്യത്തില്‍ മേല്‍ക്കയ്യുള്ള വീക്ഷണങ്ങള്‍ വിശാലമായ ജനാധിപത്യ തുറസ്സിനും വിപണി കാര്യക്ഷമതയ്ക്കുമാണ്. അടഞ്ഞ, ശ്രേണീബദ്ധമായ സംവിധാനത്തില്‍ നിന്നും തുറന്നതും അയഞ്ഞതുമായ ഒന്നായി കോണ്‍ഗ്രസ് തീരുമാനമെടുക്കുന്ന സംവിധാനം മാറിയിരിക്കുന്നു. രാഷ്ട്രീയ കക്ഷികള്‍ക്ക് അവയുടെ ആന്തരിക ശക്തി നഷ്ടപ്പെടുകയും പ്രൈമറികളില്‍ വിജയിക്കുന്നവരുടെ കപ്പല്‍ മാത്രമായി മാറുകയും ചെയ്യുന്നു. വിദഗ്ധ സംഘങ്ങളും മറ്റും അവയുടെ ധാര്‍മിക സ്വാധീനം നഷ്ടപ്പെട്ടു വെറും മത്സരസജ്ജമായ അരക്ഷിതമായ സംഘങ്ങളായി മാറി. അവരുടെ അംഗങ്ങള്‍ക്ക് പൊതുതാത്പര്യത്തെ സേവിക്കാന്‍ സന്നദ്ധതയോ കഴിയായ്കയോ ആണ്. ഭരണഘടന നേരിട്ട് സംരക്ഷിക്കുന്ന ഏക വ്യവസായമായ മാധ്യമങ്ങള്‍, പൊതുതാത്പര്യത്തെ മുറുക്കിപ്പിടിക്കുന്നതും, പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ താത്പര്യമുള്ളതുമായ നടത്തിപ്പുകാര്‍ എന്ന പാരമ്പര്യം ഉപേക്ഷിച്ചിരിക്കുന്നു. ഇത് ഈ ഉപരിവര്‍ഗത്തിന്റെയും ശ്രേണീ ഘടനകളുടെയും പങ്കിനെക്കുറിച്ചുള്ള കാല്‍പനികമായ ഒരു കാഴ്ച്ചപ്പാടാണെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. ഒരു വിഭാഗം മാധ്യമങ്ങള്‍ തുടക്കം മുതലേ പക്ഷപാതികളും വിവാദ മോഹികളുമാണ്. അഭിഭാഷകര്‍ അവരുടെ സങ്കുചിത താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാറുണ്ട്. കണക്കപ്പിളമാര്‍ മിക്കപ്പോഴും തട്ടിപ്പുകാരുമായി ഗൂഢാലോചന നടത്താറുണ്ട്. കക്ഷി നേതാക്കന്മാരുടെ മുറികളില്‍ ഭീകരമായ തീരുമാനങ്ങള്‍ എടുക്കാറുമുണ്ട്.

വെറും ജനപ്രിയതയുടെയും വാചകക്കസര്‍ത്തിന്റെയും വഴിയില്‍ ഒരു സംരക്ഷണ തടകളുമില്ലാതെ അമേരിക്കന്‍ ജനാധിപത്യം എങ്ങനെയായിരിക്കും എന്നാണ് നാമിപ്പോള്‍ കാണുന്നത്. കക്ഷികള്‍ തകര്‍ന്നു വീണു, കോണ്‍ഗ്രസ് വഴിപ്പെട്ടു, വിദഗ്ധ സംഘങ്ങള്‍ ഏതാണ്ട് പല്ലുകൊഴിഞ്ഞവയായി, മാധ്യമങ്ങള്‍ അപ്രസക്തമാകുന്നു. 2003-ല്‍ ഞാന്‍ ‘ഉദാരതയില്ലാത്ത ജനാധിപത്യ’ത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയപ്പോള്‍, തെരഞ്ഞെടുപ്പില്‍, രാജ്യത്തെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ സ്ഥാപനങ്ങളോട് അമേരിക്കക്കാര്‍ അങ്ങേയറ്റത്തെ ബഹുമാനം കാണിക്കുന്നു എന്നെഴുതി; സുപ്രീം കോടതി, ഫെഡറല്‍ റിസര്‍വ്, സായുധ സേനകള്‍. ഇന്ന്, ആദ്യത്തെ രണ്ടെണ്ണത്തിനും അവയുടെ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു. അവസാനത്തേത് മാത്രമാണ് വ്യാപകമായി ആദരിക്കപ്പെടുന്നത്.

നമ്മളിന്ന് ഒരു തുറന്ന, കഴിവ് മാനദണ്ഡമാക്കിയ, മത്സരക്ഷമമായ സമൂഹത്തിലാണ്. എല്ലാവരും ഒരു സംരംഭകനാണ്, ഒരു കോണ്‍ഗ്രസ് അംഗം തൊട്ട് ഒരു കണക്കപ്പിള്ള വരെ, സ്വന്തം നേട്ടത്തിനായി നെട്ടോട്ടമോടുന്നു. പക്ഷേ ഒരു പൊതുവായ നല്ല പൌര ജീവിതവും ഉദാര ജനാധിപത്യവും വളര്‍ത്താനും സംരക്ഷിക്കാനും ആരാണ്, എന്താണ് അവശേഷിക്കുന്നത്?

 

Share on

മറ്റുവാര്‍ത്തകള്‍