UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

അങ്കമാലി ഡയറീസ്; ഒരു കട്ട ലോക്കല്‍ പടം അഥവാ ഒരു ദേശത്തിന്റെ കഥ

പോപ്പുലര്‍ സിനിമയുടെ നടപ്പു രീതികളെ പൊളിച്ചെഴുതുക എന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അത് വളരെ ധൈര്യത്തോടെ ചെയ്യുന്ന പതിവ് രീതി ലിജോ ജോസ് ആവര്‍ത്തിച്ചിട്ടുണ്ട്

                       

സംവിധായകന്റെ സിനിമകള്‍ ആവാറുണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംരംഭങ്ങള്‍. പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ അവസ്ഥയോടു കോമ്പ്രമൈസ് ചെയ്യാറില്ല അദ്ദേഹം. വിജയ പരാജയങ്ങള്‍ക്കപ്പുറമുള്ള പരീക്ഷണങ്ങള്‍ ചെയ്യുന്ന രീതികള്‍ അദ്ദേഹത്തിന് ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ നേടിക്കൊടുത്തു. പക്ഷെ താരത്തിന്റെ സിനിമ ആയല്ല സംവിധായകന്റെ സിനിമയായാണ് ലിജോ ജോസ് സിനിമകള്‍ അടയാളപ്പെടാറ്, അത് സമകാലിക മലയാള സിനിമയില്‍ വളരെ വിരളമായി നടക്കുന്ന അടയാളപ്പെടുത്തലാണ്. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ഡബിള്‍ ബാരലിന് ശേഷം പുറത്തിറങ്ങുന്ന ലിജോ ജോസ് സിനിമയാണ് അങ്കമാലി ഡയറീസ്. ഒരു പരീക്ഷണ ചിത്രം എന്നു തന്നെ തോന്നും വിധത്തിലുള്ള ട്രെയിലറും പാട്ടുകളും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.

ഒരു കട്ട ലോക്കല്‍ പടം എന്നാണ് അങ്കമാലി ഡയറീസിന്റെ സബ് ടൈറ്റില്‍. അതിവിടെ എങ്ങനെ വിലപ്പോവും എന്നത് അറിയില്ലെങ്കിലും, ‘ഞങ്ങള്‍ പരിചയപ്പെടുത്തുന്ന 86 പുതുമുഖങ്ങള്‍’ എന്ന ധൈര്യം തന്നെയാണ് സിനിമയുടെ ഒരു യു.എസ്.പി. ഒരു ദേശത്തെ തന്നെയാണ് സിനിമ ആദ്യം മുതല്‍ കൃത്യമായി അടയാളപ്പെടുത്തുന്നത്. എന്താണ് മലയാള സിനിമയിലെ ദേശത്തിന്റെ അടയാളപ്പെടുത്തലുകള്‍? വിയറ്റ്‌നാം കോളനി പറഞ്ഞ കുടിയൊഴിപ്പിക്കലിന്റെ കഥയോ കമ്മട്ടിപ്പാടത്തിന്റെ കഥയോ ആണോ എന്ന് ചോദിച്ചാല്‍ അതില്‍ കൂടുതല്‍ അങ്ങനെ ചിതറാത്ത ലാന്‍ഡ്‌സ്‌കേപ്പിങ് നടന്നിട്ടില്ല എന്ന് പറയാം.

കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ കൊട്ടേഷന്‍ മലയാള സിനിമയുടെ ഇഷ്ടവിഷയം ആയെങ്കില്‍ പോലും അത് ഒരു നായകത്വത്തിന്റെ സാധ്യതയിലേക്കു മാത്രം ഒതുക്കുന്ന രീതിയാണ് കാണാറുള്ളത്. ഇവിടെ അങ്കമാലിയെ അവിടത്തെ ‘കട്ട ലോക്കല്‍ സെറ്റപ്പി’നെ അടയാളപ്പെടുത്തിയാണ് സിനിമ തുടങ്ങുന്നത്. പാരിസ് ഹോട്ടലിലും പോര്‍ക്കിലും ബാറിലും ബസ് മുതലാളിമാര്‍ അടങ്ങുന്ന കൊട്ടേഷന്‍ സംഘത്തിലും നിന്നാണ് ലിജോ ജോസ് ദേശ വര്‍ത്തമാനം തുടങ്ങുന്നത്.

ബൈ സെക്ഷ്വല്‍ ആയ ഒരാളുടെ പ്രതികാരത്തില്‍ നിന്നും സിനിമ പെട്ടന്ന് ആ നാട്ടിലെ ജീവിതങ്ങളിലേക്കു ഫോക്കസ് ചെയ്തിരിക്കുന്നു. ലീനിയര്‍, നോണ്‍ ലീനിയര്‍ നരേഷന്റെ പരിധികളില്‍ നില്‍ക്കുന്നില്ലെങ്കിലും സൂക്ഷ്മമായ കാഴ്ച പ്രേക്ഷകരില്‍ നിന്നും ആവശ്യപ്പെടുന്നുണ്ട്. ആന്റണി വര്‍ഗീസിന്റെ, വിന്‍സെന്റ് പെപ്പെ എന്ന നായക കഥാപാത്രത്തിന്റെ നരേഷനിലേക്കു കഥ വഴി മാറുന്നതും അപ്പോഴാണ്. അയാളുടെ ബാല്യത്തിന്റെ അവസാനം മുതല്‍ ഉള്ള ഓര്‍മകളാണ് അവിടെ. നാട്ടിലെ വലിയ അടിക്കാരുടെ വാലായി നടന്ന് അവരെ ആരാധിച്ചതു മുതലുള്ള ആണ്‍കുട്ടിക്കാലം തുടങ്ങുന്നു. വായ്‌നോട്ടം, കുളിസീന്‍, പ്രേമം, അടി, ഇടി, കുടി അങ്ങനെ നീളുന്ന യാത്രയാണത്. കൊട്ടേഷനും അടിയുമൊന്നും ‘ഹീറോയിസം – സ്ലോമോഷന്‍’ യാത്രകള്‍ അല്ല ഇവിടെ. അവനിലൂടെ വളരുന്ന നഗരപ്രാന്തത്തെയും കാലത്തെയും കൂടി അപ്പോള്‍ സിനിമ അടയാളപ്പെടുത്തുന്നു. പെപ്പെ പലപ്പോഴും പരാജിതനായ നായകന്‍ ആണ്, പ്രണയങ്ങളില്‍, ഇടികളില്‍, കുടുംബത്തില്‍ ഒക്കെ. അങ്ങനെ ഒരു കൊട്ടേഷന്‍ ടീം അംഗത്തിന്റെ പരാജയങ്ങളുടെ ഒരു നിരയിലൂടെ കൂടിയാണ് അങ്കമാലി ഡയറീസ് വികസിക്കുന്നത് എന്ന് പറയാം.

രണ്ടാം പകുതിയിലാണ് അങ്കമാലിയില്‍ നിന്ന് പെപ്പെയിലേക്കും മറ്റു കഥാപാത്രങ്ങളിലേക്കും കഥ വികസിക്കുന്നത് അല്ലെങ്കില്‍ ചുരുങ്ങുന്നത്. നമ്മുടെ സിനിമകളിലെ നായകന്‍/വില്ലന്‍, ജയം/തോല്‍വി, നല്ലവര്‍/കെട്ടവര്‍ തുടങ്ങിയ കൃത്യമായ വൈരുദ്ധ്യങ്ങള്‍ ഒന്നും സിനിമയില്‍ ഇല്ല. അടികളില്‍ ജയിക്കുന്നവരോ തോല്‍ക്കുന്നവരോ പോലുമില്ല. അങ്കമാലി ഭാഷയില്‍ പരസ്പരം സ്‌നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പഞ്ച് ഡയലോഗ് പറഞ്ഞു നിത്യജീവിത തുടര്‍ച്ചയില്‍ സിനിമ ഒഴുകി നീങ്ങുന്നു. ജീവിതത്തോടുള്ള അവരുടെ ലാഘവത്വവും ഇടക്ക് കയറി വരുന്ന ഭയങ്ങളുമാണ് അപ്പോള്‍ അങ്കമാലി ഡയറീസിന്റെ സാര്‍വലൗകികത. ഇങ്ങനെ ഒരു കട്ട ലോക്കല്‍ ചരിത്രം അല്ലെങ്കില്‍ വര്‍ത്തമാനം കൂടി ചേര്‍ന്നതാണല്ലോ ഓരോ ദേശത്തിന്റെയും കഥ.

പോപ്പുലര്‍ സിനിമയുടെ നടപ്പു രീതികളെ പൊളിച്ചെഴുതുക എന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അത് വളരെ ധൈര്യത്തോടെ ചെയ്യുന്ന പതിവ് രീതി ലിജോ ജോസ് ആവര്‍ത്തിച്ചിട്ടുണ്ട്. താരങ്ങള്‍ക്കു വേണ്ടി തിരക്കഥ എഴുതുന്ന, താരങ്ങള്‍ ആവര്‍ത്തിച്ചു കാണിക്കുന്ന ഒരേ തരം ഹീറോയിസങ്ങള്‍ നല്‍കുന്ന ബോക്‌സ് ഓഫീസ് വിജയ കഥകളില്‍ അഭിരമിക്കുന്ന ഒരിടത്താണ് 86 പുതുമുഖങ്ങളെ വച്ച് അദ്ദേഹം സിനിമ എടുക്കുന്നത്. അവിടെ പുതുമുഖ നായകനോ നായികയോ ഇല്ല, ഒരു കൂട്ടം പുതുമുഖങ്ങള്‍ ആണ്. രാഷ്ട്രീയ ശരികളുടെ നോട്ടങ്ങളില്‍ ബൈ സെക്ഷ്വലായ മനുഷ്യന്റെ ശരീര ഭാഷ ആവശ്യമുള്ള ഭാഗവും എക്‌സ്ട്രാ കുറച്ച് ഇറച്ചിയുമുള്ള സ്ത്രീയും പ്രശ്‌നവത്കരിച്ചെ പറ്റൂ. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോ സ്ത്രീകള്‍ക്കോ ഇടമില്ലാത്ത ആണ്‍ ലോകത്തിന്റെ മാത്രം കഥയുമാണിത്. പക്ഷെ ആ കഥയില്‍ താരങ്ങള്‍ അല്ല, മനുഷ്യര്‍ ആണുള്ളത്. സിനിമാ ലോകത്തു നിന്ന് കൊണ്ട് കാണിക്കുന്ന ഈ ധൈര്യം അംഗീകരിച്ചേ പറ്റൂ.

നായികയ്ക്ക് എന്താ മേക് അപ്പ് ഇല്ലത്തെ, നായകന്‍ എന്താ അയാളുടെ എതിരാളിയെ കുത്തിമലര്‍ത്താത്തെ എന്നൊക്കെ അത്ഭുതം കൊള്ളുന്ന കാണികള്‍ക്കിടയില്‍ ഇരിക്കുമ്പോള്‍ കൃത്യമായി അറിയാം, ആ ധൈര്യം എത്ര വലുതാണെന്ന്. സിനിമ എന്ന ക്രാഫ്റ്റിനോട് കാണിക്കുന്ന അതിസൂക്ഷ്മതയും ഇപ്പോള്‍ അപൂര്‍വമായ കാഴ്ചയാണിവിടെ. സൂര്യ ടിവിയിലെ ഏതാണ്ട് 20 കൊല്ലം മുന്നേ കാണുന്ന സിനിമയും ഇപ്പോള്‍ സൂര്യ മ്യൂസിക്കിലെ ഐ ലവ് യു മെസ്സജിന്റെ അകമ്പടിയോടെ ഉള്ള കാഴ്ചയും വരെ സൂക്ഷ്മതയുടെ അച്ചില്‍ വാര്‍ത്തതാണ്, വളരെ സൂക്ഷ്മതയോടെ അലസം എന്ന് നാം കരുതുന്ന വിദൂരമായ കാഴ്ചകളില്‍ പോലും സംവിധായകന്‍ അടയാളപ്പെട്ടിട്ടുണ്ട്… ചെമ്പന്‍ വിനോദിന്റെ തിരക്കഥയെ സാധാരണത്വത്തിലേക്ക് വഴുതി മാറാന്‍ സമ്മതിക്കുന്നേ ഇല്ല സംവിധായകന്‍. അപ്പോളൊക്കെ ക്രാഫ്റ്റ് കൊണ്ട് അതിനെ മറികടക്കുന്നു. ക്യാമറയും ശബ്ദവും കഥാപാത്രങ്ങള്‍ക്കിടയില്‍ സ്വാഭാവികമായി ഇറങ്ങി നടക്കുന്നു.

അവരുടെ പോര്‍ക്ക് സ്റ്റാളിന്റെയും അവിടുത്തെ പന്നികളുടെയും ചില ഷോട്ടുകളിലും ഒക്കെ സിനിമ പറയാന്‍ ഉദ്ദേശിച്ചത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവസാനത്തെ പന്നിക്കുഞ്ഞിന്റെ ചോരയില്‍ കുളിച്ചു പാല് കുടിക്കാന്‍ ചുണ്ടനക്കുന്ന ദൃശ്യം ഉദാഹരണമാണ്. ഇങ്ങനെ നൂറിലധികം പ്രതീകങ്ങള്‍ സിനിമയില്‍ ഉടനീളം ഉണ്ട്. ഒറ്റ ഷോട്ട് ക്ലൈമാക്‌സിന് 12 മിനിറ്റോളം ദൈര്‍ഘ്യം ഉണ്ട്.

ഒരു ജനപ്രിയ സമകാലിക മാസ്സ് കൊട്ടേഷന്‍ മലയാള സിനിമയുടെ ആരാധകര്‍ക്ക് ആസ്വദിക്കാന്‍ ഒന്നും തരാന്‍ ഇടയില്ല അങ്കമാലി ഡയറീസ്. താരാരാധകരെയും നിരാശപ്പെടുത്തും. ഹീറോയിസം ഒന്നും തന്നെ ഇല്ല. മൊബൈല്‍ വെളിച്ചത്തില്‍ മുഴുകിയ അലസ കാഴ്ചയിലും അങ്കമാലി ഡയറീസ് ഒന്നും തരില്ല. പക്ഷേ, പരീക്ഷണങ്ങള്‍ കൂടിയാണ് സിനിമ എന്ന് സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുന്നവരെ നിരാശപ്പെടുത്താത്ത ഒരു സിനിമയാണിത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

Share on

മറ്റുവാര്‍ത്തകള്‍