UPDATES

വിദേശം

തുടങ്ങിയത് ഒരു മുത്തശ്ശി; പ്രസിഡണ്ട് ട്രംപിനെതിരെ വാഷിംഗ്ടണില്‍ നടന്ന ഏറ്റവും വലിയ ആദ്യ സ്ത്രീ പ്രതിഷേധ ജാഥയുടെ കഥ

ട്രംപ് വിരുദ്ധ ജാഥയല്ല ഇതെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും പുതിയ പ്രസിഡന്‍റിന്റെ അജണ്ടകളെ തുറന്നെതിര്‍ക്കുന്നവരാണ് പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും

                       

പെറി സ്റ്റെയിന്‍, സന്ധ്യ സോമശേഖര്‍

തെരേസ ഷൂക് ഒരു വലിയ സാമൂഹ്യ പ്രവര്‍ത്തകയോ സ്ത്രീവാദ സിദ്ധാന്തത്തില്‍ പരിചിതയോ ഒന്നുമല്ല. പക്ഷേ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ഹവായിയിലെ വിരമിച്ച അഭിഭാഷകയായ ഈ അമ്മൂമ്മ ഫെയ്സ്ബുക്കില്‍ ചോദിച്ചു: സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് വാഷിംഗ്ടണില്‍ സ്ത്രീകള്‍ക്ക് പ്രകടനം നടത്തിക്കൂടേ?

അവരുടെ ഫെയ്സ്ബുക് സുഹൃത്തുക്കള്‍ പരിപാടിക്കായി ഒരു പേജ് ഫെയ്സ്ബുക്കില്‍ ഉണ്ടാക്കിക്കൊടുത്തു. ഉറങ്ങാന്‍ കിടക്കുമ്പോക്കും പ്രകടനത്തില്‍ പങ്കെടുക്കാന്‍ തയ്യാറെന്ന് 40 പേര്‍  അറിയിച്ചു.

രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ അത് 10,000 ആയി പെരുകി.

ട്രംപിന്റെ അജണ്ടകളെ എതിര്‍ക്കുന്നവരുടെ ഏറ്റവും വലിയ പ്രകടങ്ങളില്‍ ഒന്നായി വാഷിംഗ്ടണില്‍ ശനിയാഴ്ച്ച നടന്നത്. ഒരു ലക്ഷത്തിലേറെപ്പേര്‍ ഫെയ്സ്ബുക് പേജില്‍ത്തന്നെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

വിവാദങ്ങളും പ്രകടനം സംഘടിപ്പിക്കാന്‍ തുടങ്ങിയത് മുതല്‍ ഉണ്ടായിരുന്നു. ന്യൂനപക്ഷങ്ങള്‍, ആഫ്രിക്കന്‍-അമേരിക്കക്കാര്‍ തുടങ്ങി മുഖ്യധാര സ്ത്രീവാദ മുന്നേറ്റങ്ങളില്‍ നിന്നും ഒഴിച്ചുനിര്‍ത്തുന്നു എന്നു കരുതുന്നവരെ അത് ഉള്‍ക്കൊള്ളുന്നുവോ എന്ന ചോദ്യവും ഉയര്‍ന്നു.

കുടിയേറ്റ അവകാശങ്ങള്‍ മുതല്‍ ആഫ്രിക്കന്‍-അമേരിക്കക്കാരുടെ പൊലീസ് കൊലപാതകങ്ങള്‍ വരെ മിക്ക ഉദാര വിഷയങ്ങളും ഇതില്‍ ഉയര്‍ന്നുവരും. പക്ഷേ കേന്ദ്രപ്രശ്നം, ആദ്യ വനിതാ പ്രസിഡണ്ടാകാനുള്ള അവസരം ഹിലാരി ക്ലിന്‍റന് നഷ്ടപ്പെട്ടതീന് പിന്നിലെ സ്ത്രീകളുടെ അവകാശ തുല്യതയായിരിക്കും.

“ഞങ്ങള്‍ നിശബ്ദരായിരിക്കില്ലെന്നും ഞങ്ങള്‍ പോരാടി നേടിയ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ രാജ്യത്തോടായി ഞങ്ങള്‍ നടത്തുന്നത്,” പ്രമുഖ സംഘാടകയും തോക്ക് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ടമിക മല്ലോരി പറയുന്നു.

ഏതാണ്ട് 1,000 ബസുകളാണ് വാഷിംഗ്ടണിലേക്ക് പ്രകടനത്തിനായി എത്തിയത്. 2 ലക്ഷം പേര്‍ക്ക് പങ്കെടുക്കാനുള്ള അനുമതിയായിരുന്നു അധികൃതര്‍ നല്കിയിരുന്നത്. എന്നാല്‍ 5 ലക്ഷം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു എന്നു സംഘാടകര്‍ അവകാശപ്പെട്ടു. രാജ്യത്താകമാനം 670 പരിപാടികളാണ് ഈ മാര്‍ച്ചിന്റെ ഭാഗമായി നടന്നത്. കൂടാതെ അമേരിക്കയ്ക്ക് പുറത്തു  ടെല്‍ അവീവ്, ബാഴ്സിലോണ, മെക്സിക്കൊ സിറ്റി, ബെര്‍ലിന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ 70 ഇടങ്ങളിലും പരിപാടികള്‍ നടന്നു.

ട്രംപ് വിരുദ്ധ ജാഥയല്ല ഇതെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും പുതിയ പ്രസിഡന്‍റിന്റെ അജണ്ടകളെ തുറന്നെതിര്‍ക്കുന്നവരാണ് പങ്കെടുക്കുന്നവരില്‍ ഭൂരിപക്ഷവും.

“ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായതോടെ നിരവധി സ്ത്രീകള്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ തുടങ്ങി എന്നത് വൈരുദ്ധ്യമാണ്. ഹിലാരി വിജയിക്കുന്നത് വലിയ പ്രചോദനമാകും എന്നു കരുതിയവരാണ് ഇവര്‍,” ചാതാം സര്‍വ്വകലാശാലയിലെ രാഷ്ട്രീയത്തിലെ സ്ത്രീകള്‍ക്കായുള്ള കേന്ദ്രത്തിലെ ഡയറക്ടര്‍ ഡാന ബ്രൌണ്‍ പറഞ്ഞു. “ഇതെന്റെ സമയമാണ്, ഞാനിനിയും നിശബ്ദയായിരിക്കാന്‍ പോകുന്നില്ല.”

വാഷിംഗ്ടണില്‍ നിന്നും 5000 മൈലുകള്‍ അകലെയുള്ള തന്റെ ആഹ്വാനം ഇത്ര വലിയ പ്രതികരണമുണ്ടാക്കിയതില്‍ അത്ഭുതമുണ്ട് ഷൂക്കിന്.

“ഞാനിങ്ങനെ സംഭവിക്കാന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഇങ്ങനെ പടര്‍ന്നുപിടിക്കുമെന്ന് കരുതിയില്ല,” ഷൂക് പറഞ്ഞു. “എങ്ങനെയാണ് ‘viral’ ആവുക എന്നുപോലും എനിക്കറിയില്ല.”

ആദ്യം എങ്ങനെ മുന്നോട്ടുപോകണം എന്ന സംശയത്തില്‍ കൂടെക്കൂടാന്‍ ആദ്യം തന്നെ സന്നദ്ധത പ്രകടിപ്പിച്ച ചില സ്ത്രീകളുടെ സഹായം അവര്‍ തേടി. പക്ഷേ പ്രകടനത്തിന്റെ സാധ്യത വിപുലമായതോടെ ഉദാരവാദ വിഭാഗങ്ങളില്‍ നിന്നും വംശീയ പ്രശ്നങ്ങളുയര്‍ത്തുന്ന സംഘങ്ങളില്‍ നിന്നുമൊക്കെ വലിയ തോതില്‍ ആളുകള്‍ കൂടെക്കൂടി. ആദ്യഘട്ടത്തില്‍ ഇതിന്റെ മുന്നിലുണ്ടായിരുന്നവര്‍ താനടക്കം എല്ലാവരും വെള്ളക്കാരായിരുന്നു എന്നു ഷൂക് പറഞ്ഞു.

പേരില്‍ത്തന്നെ ആദ്യം തര്‍ക്കങ്ങളുണ്ടായി. ഫിലാഡെല്‍ഫിയയില്‍ കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ മുന്നേറ്റത്തിന്റെ ഭാഗമായ Million Woman March എന്ന പേര് ഷൂക് തെരഞ്ഞെടുത്തതില്‍ എതിര്‍പ്പുകളുണ്ടായി. ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. ചില ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീകള്‍ പ്രത്യേകിച്ചും എതിര്‍പ്പ് പ്രകടിപ്പിച്ചു.

മറ്റേതെങ്കിലും മുന്നേറ്റത്തെ ഉള്ളിലാക്കുകയല്ല ഉദ്ദേശമെന്ന് ഷൂക് വിശദീകരിച്ചു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ സമ്മതമില്ലാതെ പിടിച്ചത് കേമത്തമായി പറഞ്ഞുനടക്കുന്ന ഒരാള്‍ പ്രസിഡണ്ടായതിലും അയാളെക്കാള്‍ എത്രയോ യോഗ്യതയുള്ള ഒരു സ്ത്രീ പരാജയപ്പെട്ടതിലുമുള്ള സാഹചര്യത്തിലാണ് തനിക്കീ ആശയം തോന്നിയതെന്ന് ഷൂക് പറയുന്നു. താന്‍ ആദ്യം സമീപിച്ച സ്ത്രീയുടെ വംശം തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു. അവരില്‍ മിക്കവരുടെയും ഫെയ്സ്ബുക് ചിത്രം ഹിലാരിയുടേതായിരുന്നു എന്നവര്‍ ഓര്‍ക്കുന്നു. എന്തായാലും പരിപാടിയുടെ വൈപുല്യത്തില്‍ അമ്പരന്ന ആദ്യ സംഘാടകര്‍ നിയന്ത്രണം ന്യൂ യോര്‍ക്കിലെ പ്രമുഖരായ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലുള്ള സാമൂഹ്യ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു. തോക്ക് നിയന്ത്രണ പ്രവര്‍ത്തക, മല്ലൊരി; ന്യൂ യോര്‍ക്കിലെ അറബ്-അമേരിക്കന്‍ സംഘടനയുടെ ഡയറക്ടര്‍ ലിന്‍ഡ സാര്‍സര്‍; കുറ്റകൃത്യ നീതി പരിഷ്കരണ സംഘമായ Gathering for Justice മേധാവി, കാര്‍മേന്‍ പേരെസ്; ഫാഷന്‍ സംരംഭക, ബോബ് ബ്ലാണ്ട് തുടങ്ങിയവര്‍.

അവര്‍ പുതിയ പേര് തീരുമാനിച്ചു “The Women’s March on Washington’ 1963-ലെ പൌരാവകാശ മുന്നേറ്റങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്ന്. മാര്‍ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ഇളയ മകള്‍ ബെര്‍ണീസ് കിംഗിന്റെ പിന്തുണയും അവര്‍ക്ക് കിട്ടി.

എന്നാല്‍ പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ അണിയറ രാഷ്ട്രീയത്തിലൊന്നും വലിയ താത്പര്യമില്ല. കൂടുതല്‍ കുടുംബ സൌഹാര്‍ദപരമായ നയങ്ങള്‍, സ്ത്രീകള്‍ക്ക് തുല്യ വേതനം, പ്രത്യുത്പാദന അവകാശങ്ങള്‍ എന്നിവയൊക്കെയാണ് അവരുടെ മുഖ്യ പ്രശ്നങ്ങള്‍. പലരും സ്ത്രീകള്‍ക്കെതിരായ ട്രംപിന്റെ നിലപാടുകളെ എതിര്‍ക്കാന്‍ വേണ്ടിയാണ് വരുന്നത്.

പ്രചാരണവേളയില്‍ ട്രംപ് നടത്തിയ “ വിദ്വേഷജനകവും സ്ത്രീവിരുദ്ധവുമായ” പ്രസംഗങ്ങളില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് ഓഹിയോവില്‍ നിന്നുള്ള വീട്ടമ്മയായ ലിന്‍ഡ്സെ ഷ്രീവര്‍, 27, പറയുന്നു. ശമ്പളത്തോടുകൂടിയ കുടുംബാവധി, താങ്ങാവുന്ന നിരക്കില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയും അവര്‍ ആവശ്യപ്പെടുന്നു.

“സ്വന്തം ജീവിതത്തില്‍ മാത്രം ഒരു സ്ത്രീവാദി ആകുന്നതുകൊണ്ടു എന്റെ പെണ്‍മക്കള്‍ക്ക് മതിയാകില്ല എന്നു ഞാന്‍ മനസിലാക്കി,” ഷ്രീവര്‍ പറഞ്ഞു.

“ട്രംപ് നിലകൊള്ളുന്നു എന്നു പറയുന്നതിനൊക്കെ എതിരാണ്” താനെന്ന് പറയുന്നു 15 കാരിയായ തന്റെ മകളോടൊപ്പം പ്രകടനത്തില്‍ പങ്കെടുക്കുന്ന 57-കാരിയായ കരോളിന്‍ റൂള്‍.

‘ആര്‍ക്കെങ്കിലും ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കാന്‍ ഞാന്‍ ഭയപ്പെടുന്നു’ ട്രംപിന്റെ അശ്ലീല പരാമര്‍ശത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഒരു സ്ത്രീ തമാശയായി പറഞ്ഞു.

രാജ്യവും നിയമങ്ങളും സ്ത്രീകളെ തുല്യരായി കണക്കാകുന്നതുവരെ സ്ത്രീകള്‍ പോരാട്ടം തുടരുമെന്നു പുതിയ പ്രസിഡന്റിനെ ബോധ്യപ്പെടുത്താനാണ് താന്‍ ഈ പ്രകടനത്തില്‍ അണി ചേര്‍ന്നതെന്ന് ഫ്ലോറിഡയില്‍ താമസിക്കുന്ന 61 കാരിയായ ജമൈക്കന്‍-അമേരിക്കന്‍ വംശജ സിന്ത്യ ഇംഗ്ലീഷ് പറഞ്ഞു. “ഞങ്ങളാണ് ആളുകളെ ഈ ഭൂമിയിലേക്ക് ജനിപ്പിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഏറ്റവും മോശമായി സ്ത്രീകള്‍ പരിഗണിക്കപ്പെടുന്നത്? ഞങ്ങളെ ആദരവോടുകൂടി കാണണം”

സ്ത്രീവാദത്തിന്റെ ഉയര്‍ന്നുവരുന്ന ഒരു കാഴ്ച്ചപ്പാടാണ് പ്രകടനത്തില്‍ പ്രതിഫലിക്കുന്നതെന്ന് പ്രമുഖ സ്ത്രീവാദ ചിന്തകര്‍ അഭിപ്രായപ്പെടുന്നു. പ്രസവ നിയന്ത്രണം, ഗര്‍ഭച്ഛിദ്രം തുടങ്ങിയ പ്രത്യുത്പാദന വിഷയങ്ങളെക്കാള്‍ ആഫ്രിക്കന്‍-അമേരിക്കക്കാര്‍, സ്വവര്‍ഗാനുരാഗികള്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ പ്രശ്നങ്ങളോട് ചേര്‍ത്ത് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കാണാനുള്ള പ്രവണതയാണത്.

ഹിലാരി ക്ലിന്‍റന്‍ മാര്‍ച്ചില്‍ പങ്കെടുത്തില്ലെങ്കിലും ട്വീറ്റിലൂടെ തന്റെ പിന്തുണ അറിയിച്ചു. “നമ്മുടെ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതിനും സംസാരിക്കുന്നതിനും മാര്‍ച്ച് നടത്തുന്നതിനും നന്ദി. ഇത് എന്നത്തേക്കാളും പ്രധാനമാണ്. ഒത്തൊരുമിച്ചു നില്‍ക്കുകയാണെങ്കില്‍ നമ്മള്‍ എപ്പോഴും ശക്തരായിരിക്കും എന്നു ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു.”

മഡോണ. ജാനെല്ല മോണ, സ്കാര്‍ലെറ്റ് ജോണ്‍സണ്‍, ആഷ്ലി ജൂഡ് തുടങ്ങിയ സെലിബ്രിറ്റികളും പ്രകടനത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

ഒരു സ്ത്രീ വ്യക്തിപരമായാണ് ഈ ജാഥയ്ക്ക് ആഹ്വാനം നല്‍കിയതെന്നും രാഷ്ട്രീയ സംഘടനകളല്ല എന്നതും വളരെ പ്രധാനമാണ് എന്നു പറയുന്നു കാലിഫോര്‍ണിയ സര്‍വകലാശാലയിലെ, രാഷ്ട്രീയ സംഘടനകളില്‍ പ്രത്യേക പഠനം നടത്തുന്ന രാഷ്ട്രതന്ത്ര വിഭാഗം അധ്യാപിക ഹാഹ്രീ ഹാന്‍.  നിലവിലുള്ള രാഷ്ട്രീയ സംഘടനകള്‍ കുറെയെങ്കിലും രാഷ്ട്രീയ ചരിത്രഭാരവുമായാണ് വരുന്നത്.

“ഒരൊറ്റ സംഘടനയുടെ പ്രതിച്ഛായ മുന്നില്‍ വരുമ്പോള്‍ ചിലര്‍ ആകൃഷ്ടരാകുമെങ്കിലും മറ്റ് പലരെയും അത് പിറകിലേക്ക് തള്ളും.”

Share on

മറ്റുവാര്‍ത്തകള്‍